സനുഷ മാത്രമല്ല; ഇതാ ഡിപ്രഷൻ ലോകത്തോടു തുറന്നു പറഞ്ഞ 5 സെലിബ്രിറ്റികൾ


കോവിഡ് ലോക്ക്ഡൗൺ കാലത്ത് തന്നെ ബാധിച്ച ഡിപ്രഷനെപ്പറ്റി സ്വന്തം യുട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് നടി സനുഷ. തന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയുമൊക്കെ ആരോട്, എങ്ങനെ പറയുമെന്നു പോലും അറിയാത്ത അവസ്ഥയിലൂടെയാണ് മൂന്നു മാസത്തിനിടെ കടന്നു പോയതെന്നും സനുഷ പറയുന്നു. മാനസിക വിഷമങ്ങളുണ്ടാകുമ്പോൾ ഡോക്ടറോടോ സുഹൃത്തുക്കളോ സഹായം തേടുന്നതില്‍ ഒരു മടിയും വിചാരിക്കരുതെന്നും സനുഷ വ്യക്തമാക്കി. സെലിബ്രിറ്റികൾക്കും വിഷാദരോഗമുണ്ടാകുമോ എന്ന ആശ്ചര്യമാണ് ഈ വാര്‍ത്തയോടു പലരും പ്രകടിപ്പിച്ചത്. എന്നാൽ സെലിബ്രിറ്റികൾക്കിടയിൽ ഡിപ്രഷനെപ്പറ്റി തുറന്നുപറച്ചിൽ നടത്തിയ ഒട്ടേറെ പേരുണ്ട്. 

1) ദീപിക പദുക്കോൺ



2015ലാണ്, താൻ നേരിട്ട ഡിപ്രഷൻ അവസ്ഥയെപ്പറ്റി നടി ദീപിക പദുക്കോൺ മാധ്യമങ്ങൾക്കു മുന്നിൽ മനസ്സു തുറന്നത്. തനിക്ക് എന്താണു സംഭവിക്കുന്നതെന്നു പോലും മനസ്സിലാകാലാത്ത വിധം ഡിപ്രഷൻ തന്നെ പിടികൂടിയെന്നും അവർ പറയുന്നു. 2012ൽ തുടങ്ങി എട്ടു മാസത്തോളം ഇതു നീണ്ടു. പല്ലു തേയ്ക്കുക എന്ന ചെറിയ കാര്യം പോലും ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. കൗൺസിലിങ്ങിലൂടെയാണ് ഒടുവിൽ രക്ഷപ്പെട്ടതെന്നും നടി വ്യക്തമാക്കി. വിഷാദരോഗം ബാധിക്കുന്നവർക്കു തുണയായി ലിവ്, ലവ്, ലാഫ് എന്ന സംഘടനയും പിന്നീട് ദീപികയ്ക്കു തുടങ്ങാൻ പ്രചോദനമായത് താൻ കടന്നു പോയ നാളുകളാണ്.

2) ഷഹീൻ ഭട്ട്


നടിയ ആലിയ ഭട്ടിന്റെ സഹോദരി ഷഹീൻ ഭട്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് 13 വയസ്സ് മുതൽ താൻ നേരിട്ട ഡിപ്രഷനെപ്പറ്റി തുറന്നു പറഞ്ഞത്. തലയ്ക്കകത്ത് ലൈറ്റിടുന്നതും കെടുത്തുന്നതും പോലെയായിരുന്നു അത്. ചിലപ്പോൾ ഏതാനും മണിക്കൂർ, ചിലപ്പോൾ ദിവസങ്ങളോളം ഡിപ്രഷന്‍ തന്നെ വേട്ടയാടിയിരുന്നെന്നും ഷഹീൻ കുറിച്ചു.

3) ആഞ്ജലീന ജോളി

കൗമാര കാലത്ത് ഡിപ്രഷൻ വേട്ടയാടിയിരുന്നെന്ന ഏറ്റgപറച്ചിൽ ഹോളിവുഡ് താരം ആഞ്ജലീന ജോളി ഏറ്റു പറഞ്ഞത് 2015ലാണ്. ലൊസാഞ്ചലസിലെ ജീവിത ചുറ്റപാടുകളാണ് ഡിപ്രഷനിലേക്കു നയിച്ചത്. എന്തുകൊണ്ടാണ് താനൊരു ശല്യക്കാരിയായ, തല്ലിപ്പൊളി പെൺകുട്ടിയെപ്പോലെ വളരുന്നെന്നു മനസ്സിലായില്ലെന്നാണ് ആഞ്ജലീന വ്യക്തമാക്കിയത്. ജീവിതത്തിലെ നല്ല കാര്യങ്ങൾ തിരിച്ചറിയാനാകാത്ത അവസ്ഥയായിരുന്നെന്നും ജീവിതത്തെ മനസ്സിലാക്കാനായില്ലെന്നും ഡിപ്രഷൻ നാളുകളെപ്പറ്റി അവർ പറയുന്നു. 

4) വിനോന റൈഡർ

‘സ്ട്രെയ്ഞ്ചര്‍ തിങ്സ്’ സീരീസിലൂടെ ഇപ്പോൾ കുട്ടികൾക്ക് ഉൾപ്പെടെ സുപരിചിതയാണ് വിനോന. എന്നാൽ 19–ാം വയസ്സിൽ നടൻ ജോണി ഡെപ്പുമായി ബന്ധം പിരിഞ്ഞതിനു പിന്നാലെ താൻ മദ്യത്തിൽ അഭയം പ്രാപിച്ചതും ഡിപ്രഷൻ വന്നതുമെല്ലാം നടി 2000ത്തിലാണ് തുറന്നു പറഞ്ഞത്. ശരിക്കും ഭ്രാന്തു പിടിക്കുന്നതു പോലുള്ള അവസ്ഥ. ഒടുവിൽ മാനസിക വിദഗ്ധരുടെ സഹായത്താൽ മരുന്നു കഴിച്ചാണ് പ്രശ്നം മാറ്റിയെടുത്തതെന്നും വിനോന പറയുന്നു.

5) ലേഡി ഗാഗ

ബോൺ ദിസ് വേ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു കൂട്ടായ്മയ്ക്കു രൂപം നൽകിയിട്ടുണ്ട് നടിയും ഗായികയുമായ ലേഡി ഗാഗ. പാർശ്വവൽക്കരിക്കപ്പെടുന്ന യുവതലമുറയിൽപ്പെട്ടവർക്കു വേണ്ടിയാണത്. താൻ കടന്നു പോയ ഡിപ്രഷന്റെ അവസ്ഥ അറിയാവുന്നതുകൊണ്ടാണ് അത്തരമൊരു കൂട്ടായ്മ രൂപീകരിച്ചതെന്ന് ലേഡി ഗാഗ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ദിവസവും താൻ ഡിപ്രഷനിലൂടെ കടന്നു പോകുന്നുണ്ട്. ഇതെല്ലാവർക്കുമുള്ളതാണെന്ന് പുതുതലമുറയ്ക്കു മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിക്കൂടിയാണ് കൂട്ടായ്മ ഒരുക്കിയത്. പരസ്പരം ബന്ധങ്ങൾ കുറഞ്ഞ കാലത്ത് ഒരു പരിഹാരം കാണാനാണു തന്റെ ശ്രമമെന്നും ഗാഗ പറയുന്നു.

Photos Courtesy: Instagram


Keywords: Mallu Actress Sanusha Reveals her fighting with Depression during Lockdown.

Five Lady Celebrities who open up their battle with depression

അഭിപ്രായങ്ങള്‍