വായനക്കാരെ തേടി വീണ്ടുമെത്തുമ്പോൾ...

Latest Movie Reviews Malayalam
(Scene from Silence of the Lambs)
2009 മാർച്ചിൽ ബ്ലോഗുകളുടെ സുവർണകാലത്തിലാണ് കേരള വാർത്ത എന്നു പേരിട്ട് ഈ ബ്ലോഗ് ആരംഭിക്കുന്നത്. 2012 ഒക്ടോബർ വരെ അതു ഭംഗിയായി കൊണ്ടുപോകാനും സാധിച്ചു. എന്നാൽ പിന്നീടുണ്ടായ സമൂഹമാധ്യമങ്ങളുടെ കുതിച്ചുകയറ്റത്തിൽ എല്ലാവരെയും പോലെ ഈ ബ്ലോഗിനെ ഞാനും മറന്നു. വർഷങ്ങൾക്കിപ്പുറം 2020 ജനുവരിയിൽ മലയാളം ബ്ലോഗുകൾക്കും ഗൂഗിൾ ആഡ്‌സെൻസ് ഉറപ്പാക്കുന്നുവെന്ന നല്ല വാർത്തയ്ക്കു പിന്നാലെയാണ് വീണ്ടും ‘കേരള വാർത്ത’ പൊടിതട്ടിയെടുക്കുന്നത്. 

കേരളത്തിലെ വാർത്തകളറിയാൻ ഇന്ന് എണ്ണിയാലൊടുങ്ങാത്ത വെബ്സൈറ്റുകളുണ്ട്. അതിനിടയിൽ ഒന്നായി അവസാനിക്കാൻ ആഗ്രഹമില്ലാത്തതിനാൽ എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ള Movies and Mysteries എന്ന വിഷയത്തിൽ ഒരു ശ്രമം നടത്താനാണ് ആഗ്രഹം. സിനിമാസ്വാദനം വ്യക്തിപരമാണെന്ന് എന്നും കരുതുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ ഒരുപാടു പേർ ഒരുപോലെ ആസ്വദിക്കുമ്പോൾ സിനിമ ക്ലാസിക്കും സൂപ്പർ ഹിറ്റുമാകുന്നു. ബഹുജനം പലവിധമാണ്, സിനിമാസ്വാദനവും അങ്ങനെത്തന്നെ.. 

പരമാവധി സത്യസന്ധമായ ചലച്ചിത്ര നിരൂപണങ്ങൾക്കും ക്ലാസിക് സിനിമകൾക്കുമായിരിക്കും ബ്ലോഗില്‍ മുഖ്യസ്ഥാനം. ഒപ്പം കാണേണ്ട സിനിമകളെപ്പറ്റിയുള്ള ചില പങ്കുവയ്ക്കലുകളും. 

കൗതുകങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. നിഗൂഢത നിറഞ്ഞ അത്തരം ചില കൗതുകവാർത്തകളും വിവരങ്ങളും ഇടയ്ക്കിടെ ഇവിടെ പ്രതീക്ഷിക്കാം. ‘വായനക്കാരെ പൂവിട്ടു തൊഴണം’ എന്നാണ് എം.പി.നാരായണ പിള്ളയുടെ ഒരു പുസ്തകത്തിന്റെ തലക്കെട്ടുതന്നെ. എഴുത്തുകാരനെ വളർത്താനും ഇല്ലാതാക്കാനും ഒരുപോലെ കഴിവുള്ള ആ വായനക്കാരാണു മുന്നിലുള്ളതെന്ന് ഓർത്തുതന്നെ തുടങ്ങട്ടെ..!

അഭിപ്രായങ്ങള്‍