ടാനിയയുടെ കഥ | ആകാശത്തെ അമ്പരപ്പിക്കുന്ന ‘വട്ടംചുറ്റൽ’, ജീവിതത്തിലെയും | I, Tonya Movie Explained


കുപ്രസിദ്ധമാണ് യുഎസിൽ 1994ലുണ്ടായ സ്കേറ്റിങ് വിവാദം. ആ വർഷം വിന്റർ ഒളിംപിക്സിൽ അമേരിക്കയുടെ മെഡൽ പ്രതീക്ഷകളായിരുന്ന രണ്ടു പേരായിരുന്നു വിവാദത്തിലെ താരങ്ങൾ– ടാനിയ ഹാർഡിങ്ങും നാൻസി കെരിഗനും. ഒളിംപിക് മെഡലിനു വേണ്ടി ടാനിയയുടെ അറിവോടെ ഭർത്താവ് ജെഫ് ഗുണ്ടകളെ ഉപയോഗിച്ച് നാൻസിയുടെ കാൽമുട്ട് തല്ലിയൊടിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. ഇതിന്റെ പേരിൽ ടാനിയയുടെ സ്കേറ്റിങ് കരിയർ തന്നെ എന്നന്നേക്കുമായി നഷ്ടമാവുകയായിരുന്നു. സത്യത്തിൽ ടാനിയ അറിഞ്ഞുകൊണ്ടാണോ നാൻസിക്കു നേരെ ആക്രമണമുണ്ടായത്? അതോ ടാനിയയുടെ ജീവിതം നശിപ്പിക്കാൻ ജെഫ് മനഃപൂർവം ചെയ്തതാണോ? 



ഈ ചോദ്യങ്ങൾ സംവിധായകൻ ക്രെയ്ഗ് ഗില്ലെസ്‍‌പി ടാനിയയോടും ജെഫിനോടുംതന്നെ ചോദിച്ചു. ഇരുവരും പറഞ്ഞത് വ്യത്യസ്തമായ കാര്യങ്ങൾ. ‘സംഗതി കൊള്ളാമല്ലോ’ എന്നാലോചിച്ച ക്രെയ്ഗ് ടാനിയയുടെ അമ്മ ആലിസനെയും കോച്ച് ഡയാനെയെയും ഭർത്താവിന്റെ സുഹൃത്തും കേസിലെ കൂട്ടുപ്രതിയുമായ ഷോണിനെയും 1990കളിലെ കുപ്രസിദ്ധ ടാബ്ലോയിഡായ ‘ഹാർഡ് കോപ്പി’യുടെ റിപ്പോർട്ടർ മാർട്ടിൻ മാഡോക്സിനെയുമെല്ലാം കണ്ടു സംസാരിച്ചു. അവരുടെ ഭാഗം കൂടി കേട്ടപ്പോഴാണ് അദ്ദേഹത്തിനു തോന്നിയത് ഇതൊരു സിനിമയ്ക്കുള്ള മരുന്നുണ്ടല്ലോയെന്ന്. അങ്ങനെയാണ് അമേരിക്കയുടെ ആദ്യ ട്രിപ്പിൾ ആക്സൽ ഫിഗർ സ്കേറ്ററായ ടാനിയയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നത്– ഐ, ടാനിയ എന്ന സിനിമയിലൂടെ.

(യഥാർഥ ടാനിയ)
മഞ്ഞിലൂടെ തെന്നിനീങ്ങി വിവിധ അഭ്യാസ പ്രകടനം കൊണ്ട് അത്ഭുതം തീർക്കുന്ന ഫിഗർ സ്കേറ്റിങ്ങിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗമാണ് ട്രിപ്പിൾ ആക്സൽ. മുന്നിലേക്ക് ഊന്നി ആകാശത്തേക്ക് ഉയർന്നു പൊങ്ങി മൂന്നരത്തവണ അന്തരീക്ഷത്തിൽ വട്ടംചുറ്റി നിലത്തുവീഴാതെ പ്രത്യേക പൊസിഷനിൽ തിരികെ കാൽ കുത്തുമ്പോഴാണ് ട്രിപ്പിൾ ആക്സൽ പൂർത്തിയാവുക. ഇന്നും ആകെ 11 പേർ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. അമേരിക്കയിൽ ആദ്യവും ലോകത്ത് രണ്ടാമതും ഈ നേട്ടം കൈവരിച്ച വനിതയാണ് ടാനിയ. സ്വപ്നതുല്യമായ ഈ നേട്ടം പക്ഷേ അത്ര എളുപ്പമായിരുന്നില്ല. 

നാലാം വയസ്സിൽത്തന്നെ അമ്മയുടെ നിർബന്ധ പ്രകാരമായിരുന്നു ടാനിയ സ്കേറ്റിങ് ആരംഭിച്ചത് (എഴുതുന്നത് Tonya എന്നായതിനാൽത്തന്നെ ടാനിയയുടെ പിതാവ് ഉൾപ്പെടെ വിളിക്കുന്നത് ‘ഹേയ് ടോണി’ എന്നാണ്) പണമില്ലാത്തതിനാൽത്തന്നെ സിനിമയിലെ പശ്ചാത്തല സംഗീതം ഉപയോഗിച്ചും സ്വയം തുന്നിയ ഉടുപ്പു ധരിച്ചുമെല്ലാമായിരുന്നു ടാനിയയുടെ ആദ്യകാല പ്രകടനങ്ങൾ. അതിനാൽത്തന്നെ ഗ്ലാമർ നിറഞ്ഞ ഫിഗർ സ്കേറ്റിങ്ങിൽ പിടിച്ചുനിൽക്കാൻ ഏറെ പാടുപെട്ടു. എന്നാൽ ഇരുപത്തിയൊന്നാം വയസ്സിൽ ട്രിപ്പിൾ ആക്സൽ റെക്കോർഡ് സ്വന്തമാക്കിയതോടെ പിന്നീട് ടാനിയയുടെ നാളുകളായിരുന്നു. രണ്ടു തവണ സ്കേറ്റ് അമേരിക്ക ചാംപ്യനുമായി അവർ. ഒളിംപിക്സിൽ ആദ്യ തവണ പങ്കെടുത്തെങ്കിലും എട്ടാം സ്ഥാനമാണു ലഭിച്ചത്. 


അതിനിടെ അമ്മയോട് തെറ്റിപ്പിരിഞ്ഞു. ഭർത്താവുമായി പിണങ്ങി. കോച്ചിനോടും തെറ്റി. 1992ലെ ഒളിംപിക്സിനു ശേഷം പ്രതീക്ഷകളെല്ലാം അസ്തമിച്ച് ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കുമ്പോഴായിരുന്നു പഴയ കോച്ച് ഡയാനെ വീണ്ടുമെത്തുന്നത്. അങ്ങനെ വീണ്ടും വിന്റർ ഒളിംപിക്സിലേക്ക്. കഠിനമായ പരിശീലനത്തിന്റെ നാളുകൾക്കിടെ ഭർത്താവ് ജെഫുമായും ടാനിയ യോജിപ്പിലായി. അതുപക്ഷേ അവസാനിച്ചതാകട്ടെ എന്നന്നേക്കുമായി കരിയർ അവസാനിപ്പിക്കുന്ന അവസ്ഥയിലേക്കും. ബ്ലാക്ക് കോമഡിയായാണ് ചിത്രത്തിന്റെ അവതരണമെങ്കിലും അവസാന രംഗങ്ങളാകുമ്പോഴേക്കും മികച്ച വൈകാരിക രംഗങ്ങളാണു പ്രേക്ഷകനെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് അവസാനത്തെ കോടതി രംഗങ്ങളിൽ. ‘എനിക്കു വിദ്യാഭ്യാസമില്ല. ആകെ അറിയാവുന്നത് സ്കേറ്റിങ്ങാണ്. എന്നെപ്പിടിച്ചു നിങ്ങൾ ജയിലിലിട്ടോളൂ, പക്ഷേ എന്റെ സ്കേറ്റിങ് തിരികെ തരൂ...’ എന്ന് ജഡ്ജിയോടു കരയുന്ന ടാനിയയുടെ രംഗം. 



യുഎസിലെ വെള്ളക്കാർക്കിടയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ‘വൈറ്റ് ട്രാഷ്’ എന്നു വിളിച്ചാണ് അപമാനിക്കാറുള്ളത്. ആ പേര് കുടുംബത്തിൽനിന്നു നീങ്ങാനാണ് അമ്മ ലവോണ ടാനിയയെ സ്കേറ്റിങ്ങിന് നിർബന്ധിച്ചു ചേർക്കുന്നത്. സിനിമയിലെ ഒരു ഘട്ടത്തിൽപ്പോലും ലവോണ മകളെ സ്നേഹിക്കുന്നില്ല. അമ്മ–മകൾ ബന്ധത്തിന്റെ ഏറ്റവും മോശം ഉദാഹരണമെന്നു പോലും ഇരുവരെപ്പര്റി പറയാം. മകൾക്കെതിരെ കാശു കൊടുപ്പിച്ച് അവൾ മത്സരിക്കാനിറങ്ങുന്നതിനു തൊട്ടുമുൻപ് ഒരു കുടിയനെക്കൊണ്ടു ചീത്ത പറയിപ്പിക്കുക, സ്നേഹം നടിച്ചെത്തി കുടുക്കാൻ ശ്രമിക്കുക തുടങ്ങി മകളോടുള്ള ലവോണയുടെ ‘പ്രതികാരം’ മുഴുനീളം കാണാം ചിത്രത്തിൽ. ലവോണയുടെ സ്വന്തം സ്വാർഥതാൽപര്യങ്ങളുടെ ഇര കൂടിയായിരുന്നു ടാനിയ. 

ഭർത്താവ് ജെഫ് ആകട്ടെ ഒരേസമയം ടാനിയയുടെ തല പിടിച്ച് ചുമരിലിടിക്കുകയും തൊട്ടുപിന്നാലെ വല്ലാതെ സ്നേഹിക്കുകയും ചെയ്യുന്ന ഒരാൾ. പിതാവിന്റെ സ്നേഹവും ലഭിച്ചിട്ടില്ല ടാനിയയ്ക്ക്. ഇങ്ങനെ ഒരാളു പോലും സംരക്ഷിക്കാനോ സ്നേഹിക്കാനോ ഇല്ലാതെ അരക്ഷിതാവസ്ഥയുടെ പടുകുഴിയിലാണു പലപ്പോഴും ടാനിയയുടെ ജീവിതം. പക്ഷേ ബോക്സിങ് റിങ്ങിൽ ഇടിച്ചിട്ട് ചോര തുപ്പിച്ചാലും തിരിച്ചുവരാനുള്ള വീര്യം തനിക്കുണ്ടെന്നു കാണിക്കുന്ന ടാനിയയുടെ ജീവിതകഥയാണ് ചിത്രത്തിൽ. 

അവരുമായി ബന്ധപ്പെട്ട പലരിലൂടെ കഥ പറഞ്ഞ് ഒരു കൺക്ലൂഷനിലെത്താൻ പ്രേക്ഷകനോട് ആവശ്യപ്പെടുകയാണ് സംവിധായകൻ. യഥാർഥ അഭിമുഖങ്ങളെ സിനിമയ്ക്കു വേണ്ടി ‘മോക്യുമെന്ററി’ പരുവത്തിലാക്കി അഭിനേതാക്കളെക്കൊണ്ട് പറയിപ്പിച്ചാണു സിനിമയുടെ ആരംഭം. ടാനിയയായി അഭിനയിച്ച മാർഗോ റോബി നാലു മാസത്തോളമാണ് സിനിമയ്ക്കു വേണ്ടി സ്കേറ്റിങ് പരിശീലിച്ചത്. 8 വിഎഫ്എക്സ് എന്ന കമ്പനിയുടെ ടെക്നിക്കൽ കരവിരുതുമുണ്ടായിരുന്നു ടാനിയയുടെ ട്രിപ്പിൾ ആക്സൽ പ്രകടനത്തിൽ ഉൾപ്പെടെ. 

I tonya Review

ടാനിയയുടെ അമ്മയായെത്തിയ ആലിസൻ ജാന്നിയ്ക്ക് ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഓസ്കർ ലഭിച്ചിരുന്നു. മികച്ച പ്രകടനവുമായിരുന്നു അവരെന്നും പറയാതെ വയ്യ. മാർഗോയ്ക്ക് മികച്ച നടിക്കുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. കൂടാതെ മികച്ച നടിക്കുള്ള ക്രിട്ടിക്സ് ചോയ്‌സ് മൂവി ആവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും. എഡിറ്റിങ്, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, സംഗീതം  എന്നിവയിലെല്ലാം മികവിന്റെ ഒട്ടേറെ പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട് ഈ ചിത്രത്തിനെ. സ്കേറ്റിങ്ങിനെക്കുറിച്ച് അറിവുണ്ടാകാൻ എന്താണ് ട്രിപ്പിൾ ആക്സലെന്നുവരെ സിനിമയ്ക്കിടയിൽ പറഞ്ഞു തരുന്നുണ്ട് സംവിധായകൻ. അങ്ങനെ സ്കേറ്റിങ് അറിയാത്തവരെയും സ്ക്രീനിലേക്ക് കൈപിടിച്ചെത്തിക്കുന്നു ക്രെയ്ഗ്. 

Climax Call: സ്ത്രീകൾ മുഖ്യകഥാപാത്രങ്ങളായ ചിത്രങ്ങളും മനുഷ്യന്റെ തിരിച്ചുവരവിന്റെയും അതിജീവനത്തിന്റെയും ഇൻസ്പിരേഷനൽ കഥകളും ഇഷ്ടപ്പെടുന്നവരാണു നിങ്ങളെങ്കിൽ ‘ഐ ടാനിയ’ കാണാം. സിനിമയുടെ അവതരണ രീതികളിലെ പരീക്ഷണം ഇഷ്ടപ്പെടുന്നവർക്കും ഒരു കൈ നോക്കാം. സ്പോർട്സ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വിരുന്നു കൂടിയാണ് ‘ഐ ടാനിയ’.


My Rating: 💗💗💗💛💛 3/5

I, Tonya (English -United States - 2017)
Duration: 1 Hour 59 Minutes
Direction: Craig Gillespie
Script: Steven Rogers
Starring: Margot Robbie, Sebastian Stan, Julianne Nicholson, Bobby Cannavale, Allison Janney
Music: Peter Nashel
Cinematography: Nicolas Karakatsanis
Editor: Tatiana S. Riegel
Budget: 1.1 Crore Dollars
Box office: 5.4 Crore Dollars 
Premiered at the 2017 Toronto International Film Festival on September 8, 2017


Keywords: I tonya movie, 1994 US Skating Scandal real story, Figure Skating, i tonya full movie, i tonya Malayalam movie review, Hollywood movie reviews in Malayalam, i tonya cast, i tonya Netflix, i tonya telegram link, i tonya trailer, i tonya imdb, I tonya awards






അഭിപ്രായങ്ങള്‍