ദുൽഖർ ചിത്രം ‘കുറുപ്പ്’ റിലീസ് നെറ്റ്‌ഫ്ലിക്‌സിൽ? | Kurup Movie ready to Release in OTT


മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് ഒടിടി റിലീസ് ചിത്രമാകാനൊരുങ്ങി ദുൽഖർ സൽമാന്റെ ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന ചിത്രം ഇക്കഴിഞ്ഞ ഈദിന് റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ് ബാധയെത്തുടർന്ന് ചിത്രം വൈകിയതോടെ റിലീസും അനിശ്ചിതത്വത്തിലായി. ചിത്രത്തിന്റെ ഡബ്ബിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും തീർന്നു. അതിനിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചേർന്ന തിയറ്ററർ ഉടമകളുടെ യോഗത്തിൽ തിയറ്ററുകൾ തുറക്കാൻ ഇനിയും മാസങ്ങളെടുക്കുമെന്ന റിപ്പോർട്ടും വന്നു. 

ഏകദേശം 35–40 കോടി രൂപ ചെലവിലാണ് കുറുപ്പ് നിർമിച്ചത്. ഈ തുക നിലവിലെ സാഹചര്യത്തിൽ തിയറ്റർ റിലീസിലൂടെ തിരിച്ചു പിടിക്കാനാകില്ലെന്നതും ഏറെക്കുറെ ഉറപ്പായിരുന്നു. അതിനിടെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ വൻ തുക ഓഫർ ചെയ്തു രംഗത്തു വന്നത്. ആമസോൺ പ്രൈം, നെറ്റ്‌ഫ്ലിക്സ്, ഹോട്‌സ്റ്റാർ തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിനു വേണ്ടി രംഗത്തുവന്നത്. ഇവരിൽ ഏതെങ്കിലുമൊന്നിൽ ചിത്രം റിലീസ് ചെയ്യുകയാണെങ്കിൽ മലയാളത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കു വാങ്ങുന്ന ഒടിടി ചിത്രം കൂടിയാകും കുറുപ്പ്. 


നേരത്തേ ദുൽഖർ അഭിനയിച്ച ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രം നെറ്റ്‌ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ച് നെറ്റ്‌ഫ്ലിക്സിൽ തന്നെയായിരിക്കും കുറുപ്പും എത്തുകയെന്നാണു സൂചന. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായ ദുൽഖറും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്തിരുന്നതായാണു വിവരം. ചിത്രത്തിന്റെ റിലീസ് വിവരങ്ങൾ വൈകാതെ പുറത്തുവിടും. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കോവിഡിനു മുൻപും ലോക്‌ഡൗണിനു ശേഷവുമായി ഏകദേശം 105 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി മാത്രമായി ചെലവഴിച്ചത്. കേരളത്തിനു പുറമെ മുംബൈ, ദുബായ്, മംഗളൂരു, മൈസൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 


ശ്രീനാഥാണ് ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെയും സംവിധായകൻ. ജിതിൻ കെ.ജോസാണ് ചിത്രത്തിന്റെ കഥ. തിരക്കഥയും സംഭാഷണവും ഡാനിയൽ സായൂജ് നായരും കെ.എസ്.അരവിന്ദും. ലൂക്കയുടെ ഛായാഗ്രാഹകൻ നിമിഷ് രവിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് കുറുപ്പ്. സുഷിൻ ശ്യാമാണ് സംഗീതസംവിധാനം. ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ, വിനി വിശ്വലാൽ ക്രിയേറ്റിവ് ഡയറക്ടർ. എഡിറ്റിങ് വിവേക് ഹർഷൻ. ശോഭിത ധുലിപാല, ഇന്ദ്രജിത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, സുരഭി ലക്ഷ്മി തുടങ്ങിയവും ചിത്രത്തിൽ പ്രമുഖ വേഷങ്ങളിലുണ്ട്. ഇന്ദ്രജിത്താണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസറുടെ വേഷത്തിലെത്തുന്നത്. ജൂലൈയിൽ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു. യുട്യൂബിൽ മാത്രം ഇതുവരെ 18  ലക്ഷത്തിലേറെ പേരാണ് ടീസർ കണ്ടത്. 


ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ 1984ൽ ആലപ്പുഴ മാവേലിക്കരയിലെ കുന്നം എന്ന സ്ഥലത്തുവച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി കാറോടെ കത്തിച്ചുവെന്നതാണ് സുകുമാരക്കുറുപ്പിനെതിരെയുള്ള കേസ്. മരിച്ചത് താൻതന്നെയാണെന്നു വരുത്തിത്തീർത്ത് ഗൾഫില്‍ കുറുപ്പ് ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് എട്ടു ലക്ഷത്തോളം രൂപ ഇൻഷുറൻസ് ഇനത്തിൽ തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ തുടരന്വേഷണത്തിൽ, കൊല്ലപ്പെട്ടത് ചാക്കോയാണെന്നു തെളിഞ്ഞതോടെ സുകുമാരക്കുറുപ്പ് ഒളിവിൽ പോയി. 

36 വർഷമായി, ഇന്നും കേരള പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ മുൻനിരയിലാണ് സുകുമാരക്കുറുപ്പിന്റെ സ്ഥാനം. കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതാണു ചിത്രമെന്നു കാണിച്ച് ഇതിനെതിരെ ചാക്കോയുടെ ഭാര്യയും മകനും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ കഥാഗതിയെന്താണെന്നും ഇപ്പോഴും രഹസ്യം. ചാക്കോയായി നടൻ ടൊവിനോ തോമസാണ് അഭിനയിക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ബോളിവുഡ് താരം മനോജ് ബാജ്‌പേയിയും ചിത്രത്തിൽ നിർണായക വേഷത്തിലുണ്ട്.

Keywords: Kurup Movie, Dulquer Salman, Kurup Movie OTT Release, Dulquer Salmaan New Movies, Director Srinath Rajendran, Kurup movie case, kurup movie latest news, kurup updates, story of sukumarkurup, shien tom chacko, tovino thomas in kurup, sobhitha dhulipala, actress shobhitha, kurup movie real story, where is sukumarkurup, kurup movie in netflix, kurup movie in amazon prime, kurup movie in hotstar, malayalam ott releases, latest malayalam ott releases, halal love story, sufiyum sujathayum, ott latest news, kerala ott movie updates, dulquer salman photos, dulquer movies, Sobhita Dhulipala actress, kurup movie cast and crew, kurup movie nimish ravi, kurup movie release date, kurup movie wiki, kurup movie budget, kurup movie car, kurup movie poster, kurup movie trailer, kurup movie bgm download, kurup movie images

അഭിപ്രായങ്ങള്‍