ശാന്തമായൊരു കുന്നിൻപുറം. സമീപത്തൊരു ചെറിയ അമ്പലം. അവിടെനിന്നു നോക്കിയാൽ ദൂരെ തടാകത്തിൽ കാണാം നിറയെ ചെറിയ മരവീടുകൾ കെട്ടിപ്പൊക്കിയിരിക്കുന്നു. ആരൊക്കെയോ കാറിലും വാനിലും ബൈക്കിലുമായി അവിടേക്കു വരുന്നുണ്ട്. കുന്നിൻപുറത്തു രണ്ടു പേർ ഇരിപ്പുണ്ട്. ഒരാൾ കറുത്ത ഉടുപ്പിട്ട ഒരു താടിക്കാരന്‍. രണ്ടാമൻ വെള്ളയും വെള്ളയും വസ്ത്രം ധരിച്ച് കറുത്ത കൂളിങ് ഗ്ലാസ് ധരിച്ച യുവാവ്. അവരെന്തോ പ്രതീക്ഷിച്ചിരിക്കുകയാണ്. അതു സംഭവിക്കണമെങ്കിൽ ഇനിയും സമയമുണ്ട്. താടിക്കാരൻ ചോദിച്ചു:
‘നമുക്കൊരു ലുഡോ ഗെയിം കളിച്ചാലോ?’
‘എന്താണു സാർ, എപ്പോ നോക്കിയാലും ഈ ലുഡോ..’ എന്ന് യുവാവ്.
‘അതങ്ങനെയാടോ, Ludo is life, Life is Ludo’ എന്ന താടിക്കാരന്റെ മറുപടി ഡയലോഗിൽനിന്നു തുടങ്ങുന്നു അനുരാഗ് ബസുവിന്റെ ദീപാവലി സ്പെഷൽ നെറ്റ്‌ഫ്ലിക്‌സ് ചിത്രം ‘ലുഡോ’.
റാഞ്ചിയിലെ സത്തു ത്രിപാഠിയെന്ന ഗാങ്സ്റ്ററിന്റെ താവളമാണ് നേരത്തേ പറഞ്ഞ തടാകത്തിലെ മരവീടുകൾ. ഒരു കൊലപാതകം കഴിഞ്ഞ് ഒരു സംഘം ആൾക്കാരുമായി തിരിച്ചെത്തിയിരിക്കുകയാണ് സത്തു. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, അദ്ദേഹം ചെയ്തതു കൊലപാതകമല്ല. ഒരു ആത്മാവിന് ശാന്തി നൽകിയതാണ്. അടുത്ത ജന്മത്തിൽ, കുട്ടിക്കാലം മുതൽ അടിച്ചുപൊളിച്ചു ജീവിക്കാനുള്ള അവസരം ലഭിക്കട്ടെ എന്ന അനുഗ്രഹവുമായിട്ടായിരുന്നു ഭിന്തേർ എന്ന ബിസിനസുകാരനെ അദ്ദേഹം കാലപുരിക്കയച്ചത്. കൊലപാതകത്തിനു സാക്ഷിയായ രാഹുൽ എന്ന സെയില്‍സ്മാനെയും സത്തുവിന്റെ സംഘം കൂടെക്കൂട്ടിയിട്ടുണ്ട്, തിരികെ വരുന്ന വഴി തനിക്ക് മുതലും പലിശയുമായി 90 ലക്ഷം രൂപ തിരിച്ചു തരാനുള്ള ഭാനുവിനെയും പൊക്കി വാനിലിട്ടു. ഭാനുവിന്റെ കിഡ്നി അടിച്ചു മാറ്റുകയാണ് ലക്ഷ്യം, പക്ഷേ യഥാർഥ ലക്ഷ്യം ഭാനുവിനെവച്ച്, ബിട്ടു എന്ന തന്റെ പഴയ കൂട്ടാളിയെ തിരികെ താവളത്തിലെത്തിക്കുകയെന്നതാണ്.
ബിട്ടു ജയിലിൽനിന്നിറങ്ങിയിട്ടേയുള്ളൂ. അവന്റെ ഭാര്യ ആഷയെയമാണ് ഇപ്പോൾ ഭാനു കല്യാണം കഴിച്ചിരിക്കുന്നത്. ആഷയ്ക്കു വേണ്ടി ബിട്ടു എന്തും ചെയ്യുമെന്ന് സത്തുവിനറിയാം. ആ കഥ അവിടെ നിൽക്കട്ടെ. അടുത്ത കഥ ആകാശ് ചൗഹാനും ശ്രുതി ചോക്സിയും തമ്മിലാണ്. ഇരുവരും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ഒരു വിഡിയോ ഇപ്പോൾ വൈറലാണ്. അഞ്ചു ദിവസത്തിനകം ശ്രുതിയുടെ വിവാഹമാണ്. ഒരു ധനികനുമായിട്ട്. അതിനിടെ ഈ വിഡിയോ എവിടെനിന്നാണു പുറത്തെത്തിയതെന്നു കണ്ടെത്തണം. വിഡിയോ ഇന്റർനെറ്റിൽനിന്നു മൊത്തം തുടച്ചുനീക്കാൻ ആകാശ് സഹായം തേടുന്നത് സത്തുവിന്റെയാണ്.
സെയിൽസ്‌മാന്‍ രാഹുലിന്റെ കഥയാണ് ചിത്രത്തിൽ ഇനിയങ്ങോട്ട് ട്വിസ്റ്റാകാൻ പോകുന്നത്. കയ്യിൽ പത്തിന്റെ പൈസയില്ലാതെ, വാടകമുറിയിൽനിന്നു ചവിട്ടിപ്പുറത്താക്കപ്പെട്ട് തെരുവിൽ അലയുമ്പോഴായിരുന്നു അവൻ കൃത്യം സത്തുവിന്റെ മുന്നിൽച്ചെന്നു പെടുന്നത്. രാഹുലിന് പക്ഷേ ‘ഗ്രഹങ്ങൾ’ മറ്റൊരു ദൗത്യവും ഏൽപിച്ചിട്ടുണ്ട്– ഷീല തോമസ് എന്ന മലയാളി നഴ്സിന്റെ ജീവിതത്തിൽ പ്രകാശം പരത്തുക! ഇനിയൊരു നാലാമത്തെ കഥ കൂടിയുണ്ട്– പിങ്കിയും അലോക് കുമാർ അഥവാ ആലുവും തമ്മിലുള്ള പ്രണയത്തിന്റെ കഥ. എല്ലാ തേപ്പുകാരികളെയും പോലെ ആവശ്യം കഴിഞ്ഞപ്പോൾ ആലുവിനെ വലിച്ചെറിഞ്ഞവളാണ് പിങ്കി. പക്ഷേ ഇപ്പോൾ അവൾക്ക് അവനെ ആവശ്യമായി വന്നിരിക്കുകയാണ്. ഭിന്ദേറിന്റെ കൊലപാതകത്തിന് പിങ്കുയുടെ ഭർത്താവ് മന്നുവിനെയാണ് പൊലീസ് പിടിച്ച് അകത്തിട്ടിരിക്കുന്നതെന്നതാണു പ്രശ്നം.
ബിട്ടു–ഭാനു–ആഷ, ആകാശ്–ശ്രുതി, ആലു–പിങ്കി, രാഹുൽ–ഷീല എന്നിവരുടെ ജീവിതം ഒരു ലുഡോ ഗെയിം പോലെ പരസ്പരം കൂടിച്ചേരാൻ പോവുകയാണ്. നാല് നിറത്തിലുള്ള ഈ ‘കരുക്കളെ’ കൂട്ടിയോജിപ്പിക്കുന്ന ‘ഡൈസ്’ സത്തു ത്രിപാഠിയാണ്. നേരിട്ടോ അല്ലാതെയോ ഇവരുടെ ജീവിതത്തിൽ ഇപ്പോൾ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ് സത്തു. മുന്നേറിയും ഇടറിവീണും വീണ്ടും എണീറ്റോടിയും ചാടിയും ഇടിയുണ്ടാക്കിയും പറ്റിച്ചും ചതിച്ചും പ്രണയിച്ചുമെല്ലാം കഥ മുന്നേറുകയാണ്. അതിനിടെ പുതിയ കഥാപാത്രങ്ങളും എത്തുന്നുണ്ട്– ബിട്ടുവിന്റെ ജീവിതത്തിലേക്ക് മിനിയെന്ന കുട്ടി വരുന്നു, സത്തുവിന്റെ ജീവിതത്തിലേക്ക് ‘കുട്ടി’ എന്നു വിളിക്കുന്ന മലയാളി നഴ്സും. പിങ്കിയും ആലുവിന്റെയും ജീവിതം കീഴ്‌മേൽ മറിക്കുന്നത് സംഭവിയെന്ന മന്നുവിന്റെ കാമുകിയാണ്.
ഒരു സ്ഫോടനത്തിൽപ്പെട്ട് ആശുപത്രിയിലാണിപ്പോൾ സത്തു– നഷ്ടപ്പെട്ട കോടിക്കണക്കിനു രൂപയടങ്ങിയ പെട്ടി തേടി തന്റെ അനുയായികളെ അയച്ചിരിക്കുകയാണ് കക്ഷി. അതേസമയം മന്നുവിനെ ജയിലിൽനിന്നിറക്കാനുള്ള നെട്ടോട്ടത്തിലാണ് പിങ്കിയും ആലുവും. ബിട്ടുവാകട്ടെ സ്വന്തം മകളെ തിരികെ കിട്ടാനായി മറ്റൊരു കുട്ടിയെ തട്ടിയെടുത്തിരിക്കുന്നു. ഏതു ഹോട്ടലിൽവച്ചാണ് വിഡിയോ എടുത്തതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ശ്രുതിയും ആകാശും. കയ്യിൽക്കിട്ടിയ കോടികളുമായി രക്ഷപ്പെട്ടോടുകയാണ് ഷീലയും രാഹുലും.
നേരത്തെ ‘ലൈഫ് ഇൻ എ മെട്രോ’ എന്ന ആന്തോളജി ചിത്രത്തിലൂടെ മികച്ച സിനിമാനുഭവം നമുക്ക് സമ്മാനിച്ചിട്ടുണ്ട് അനുരാഗ് ബസു. അതുപക്ഷേ മികച്ച സംഗീതവും പ്രണയനിമിഷങ്ങളുമെല്ലാമായി തികച്ചും കാൽപനികമായ ഒരു ചിത്രമായിരുന്നു. പക്ഷേ ഇത്തവണ സംഗതി ഡാർക്കാണ്. സ്വന്തം ജീവിതം ഭദ്രമാക്കാൻ വേണ്ടി മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്നവരാണ് ചിത്രത്തിൽ മിക്കവരും. തികച്ചും സ്വാർഥമായ താൽപര്യമുള്ളവർ. അതിനിടെ ആലുവിനെയും ആകാശിനെയും പോലുള്ള ഇമോഷനൽ ഫൂൾസും. ആലുവിന്റെ വാക്കുകൾ കടമെടുത്താൽ ‘ചില ബന്ധങ്ങളിൽ യാതൊരു ലോജിക്കും ആർക്കും കണ്ടെത്താനാകില്ല. പക്ഷേ അത്തരം പ്രണയങ്ങളിൽപ്പെടുന്നവരും ഒരു മാജിക് പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്..’ ആ മാജിക്കാണ് ചിത്രത്തിന്റെ ക്ലൈമാക്സ് തീരുമാനിക്കുന്നതും.
ക്ലൈമാക്സിലെ കൂട്ടപ്പൊരിച്ചിൽ കഥയ്ക്ക് മാന്യമായ ഒരു അന്ത്യം നൽകിയിട്ടില്ലെന്നതു വ്യക്തം. പക്ഷേ പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാത്തിമ സന ഷെയ്ഖ്, സാനിയ മൽഹോത്ര, രോഹിത് സുരേഷ്, പേളി മാണി തുടങ്ങിയ വൻ താരനിരയെ അണിനിരത്തിയതിൽ ഒട്ടും പിഴച്ചിട്ടില്ല സംവിധായകന്. ആദിത്യയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ആകാശ് ചൗഹാൻ. ഇമോഷനൽ രംഗങ്ങളിൽ പ്രതീക്ഷിച്ചത്ര ഉയരാനാകുന്നില്ലെങ്കിലും അഭിഷേക് ബച്ചൻ ചിത്രത്തിൽ മടുപ്പിക്കുന്നില്ല. പങ്കാജ് ത്രിപാഠിയാകട്ടെ പതിവു പോലെ അഭിനയമികവു കൊണ്ട് അമ്പരപ്പിച്ചു കളയും. രാജ്കുമാർ റാവുവിന്റെ കഥാപാത്രത്തിന്റെ തമാശയും മാനറിസങ്ങളും ലുഡോ കണ്ടു കഴിഞ്ഞാലും ചെറിയൊരു ചിരിയുമായി മനസ്സിൽ നിൽക്കും. പിങ്കിയായെത്തുന്ന ഫാത്തിമയുടെയും ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പ്രേക്ഷകനു കാണാനാവുക. സാനിയയും ഗംഭീരം.
കൂട്ടത്തിലെ ചെറുകഥാപാത്രങ്ങളെപ്പറ്റിയും പറയാതെ വയ്യ– പ്രത്യേകിച്ച് മിനിയെന്ന കുട്ടിയായെത്തിയ ഇനായത് വർമ. എത്ര മനോഹരമാണ് ആ കുരുന്നിന്റെ അഭിനയം. ഇൻസ്പെക്ടർ സുകുമാറായെത്തുന്ന ഇഷ്തിയാഖ് ഖാനാണ് മറ്റൊരു മുത്ത്– കോമാളിത്തമാണു കൈമുതലെങ്കിലും ചിത്രത്തിലെ ഏറ്റവും സീരിയസ് ഇദ്ദേഹമാണെന്നു തോന്നിപ്പോകും പലപ്പോഴും. പേളി മാണിയുടെ ഷീലയെന്ന കഥാപാത്രത്തിനു മലയാളമല്ലാതെ വേറൊന്നും അറിയില്ല. അതിനാൽത്തന്നെ മലയാളം ഡയലോഗുകൾ നിറയെയുണ്ട് ചിത്രത്തിൽ. ഇടയ്ക്ക് തട്ടുപൊളിപ്പൻ മലയാളം പാട്ടും (പക്ഷേ പേളിയോട് ഓടെടി പെണ്ണേ പുലിയേ എന്നും പറഞ്ഞുള്ള ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക് അൽപം കടന്നകയ്യായിപ്പോയി)
സമകാലിക സമൂഹത്തിൽ പ്രകടമായ ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന മുദ്രാവാക്യമാണ് ചിത്രത്തിന്റെ കാതൽ. അങ്ങനെയല്ലാതെ ജീവിക്കുന്നവരുടെ ഇടപെടലാണ് ചിത്രത്തെ മുന്നോട്ടു നയിക്കാൻ സഹായിക്കുന്നതും. ‘ഇന്ത്യയിൽ പശു പാൽ മാത്രമല്ല വോട്ടും തരും’ പോലുള്ള സൈഡ് കിക്കുകളുമായി മികച്ച തിരക്കഥയാണ് ലുഡോയുടേത് –അനുരാഗ് ബസുവും സാമ്രാട്ട് ചക്രവർത്തിയുമാണ് തിരക്കഥ. പ്രീതമാണ് സംഗീതം. ഡാർക്ക് കോമഡിക്ക് ചേരുന്ന, ഓരോ സീനിനുമൊപ്പം ഒരിടവേള പോലുമില്ലാതെ ചേർന്നുപോകുന്ന സംഗീതമാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. അനുരാഗ് ബസുവും, രാജേഷ് ശുക്ലയുമാണ് ഛായാഗ്രഹണം–കളർഫുള്ളും മികവുറ്റതുമാണ് ഓരോ ഫ്രെയിമും. എഡിറ്റിങ് അജയ് ശർമ.
‘ലുഡോ’യിലെ കഥകളെയെല്ലാം ഭംഗിയായി കോർത്ത് ക്ലൈമാക്സിലെത്തിക്കാൻ അനുരാഗിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ പല ഘട്ടത്തിലും കഥാപാത്രങ്ങൾ പരസ്പരം കണ്ടുമുട്ടുന്നുണ്ട്. ചിലർ പരസ്പരം തിരിച്ചറിയുകയും ആശ്ചര്യം കൊള്ളുകയും ചെയ്യുന്നു. ചിലരാകട്ടെ അവരുടെ ജീവിതംതന്നെ മാറിമറയാൻ ഇടയായവർ തൊട്ടടുത്തു കൂടി നടന്നു പോയിട്ടും ഒന്നും മനസ്സിലാകാതെ നിൽക്കുന്നു. ഇങ്ങനെ സത്തുവെന്ന ‘ഡൈസിന്റെ’ തീരുമാനപ്രകാരം പരസ്പരം അറിഞ്ഞു അറിയാതെയും കണ്ടുമുട്ടിയും വെട്ടിവീഴ്ത്തിയും സഹായിച്ചും സഹതപിച്ചും ഓരോ കഥാപാത്രവുമെന്ന കരുക്കൾ മുന്നോട്ടു പോവുന്ന ചിത്രമാണ് ലുഡോ. ലോജിക് ചിത്രത്തിൽ പ്രതീക്ഷിക്കരുത്, പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളിൽ. പക്ഷേ സിനിമാറ്റിക് മാജിക്കുകള്‍ ഏറെ പ്രതീക്ഷിക്കാം. പൂർണമായും ഡാർക്ക് കോമഡിയല്ല, മികച്ച ഇമോഷനൽ രംഗങ്ങളും ചിത്രം കാത്തുവച്ചിട്ടുണ്ട്. പ്രത്യേകിച്ച് അഭിഷേക് ബച്ചനും ഇനായത്തും ഉൾപ്പെട്ട രംഗങ്ങളിൽ. ഡൽഹി ബെല്ലി, ഉഡ്താ പഞ്ചാബ് പോലുള്ള ആന്തോളജി സിനിമകളുടെ ആരാധകരാണ് നിങ്ങളെങ്കിൽ LUDO is waiting for u... :)
Keywords: ludo movie 20202, ludo movie review in malayalam, ludo movie explained in malayalam, ludo movie online, ludo movie release date on netflix, ludo movie torrent, ludo movie netflix, ludo movie download, ludo movie wiki, ludo movie trailer, ludo movie imdb, ludo movie song, ludo movie cast, ludo movie amazon prime, ludo movie actress, ludo movie actor, ludo movie asha negi, ludo movie all song, ludo movie actor name, Ludo Movie Malayalam Review, ludo the movie
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ