‘മലയാളി’ സീരിയൽ കില്ലറിനു പിന്നാലെ നയൻ താര; എത്തി ‘നെട്രിക്കൺ’ ടീസർ

 


‘ഹാപ്പി ബർത്ത് ഡേ തങ്കമേ...’ എന്ന ആശംസാട്വീറ്റുമായി ലേഡി സൂപ്പർ സ്റ്റാർ നയൻ താരയ്ക്ക് കാമുകൻ വിഘ്നേഷ് ശിവന്റെ പിറന്നാൾ സമ്മാനം. വിഘ്നേഷ് ഇതാദ്യമായി നിർമിക്കുന്ന ചിത്രം ‘നെട്രിക്കൺ’ ടീസർ റിലീസ് ചെയ്തു. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നെട്രിക്കൺ (മൂന്നാം കണ്ണ്) ടീസർ നയൻതാരയുടെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്. 1984 നവംബർ 18നാണ് നയൻതാര ജനിച്ചത്. സൗത്ത് കൊറിയൻ ചിത്രമായ ബ്ലൈൻഡ് ആണ് തമിഴിൽ നെട്രിക്കൺ ആയെത്തുന്നത്. എന്നാൽ ഇന്ത്യൻ പ്രേക്ഷകർക്കു രസിക്കുന്ന രുചിക്കൂട്ടുമായാണ് ചിത്രത്തിന്റെ വരവെന്ന് ടീസർ വ്യക്തമാക്കുന്നു.


ഒരു വാഹനാപകടത്തിൽ സഹോദരനെ നഷ്ടപ്പെടുന്ന വനിതാ പൊലീസ് ഓഫിസറുടെ കഥയാണ് ബ്ലൈൻഡ്. ഒപ്പം അവരുടെ കാഴ്ചശക്തിയും നഷ്ടപ്പെട്ടു. എന്നാൽ തന്റെ അസാധാരണ് കഴിവ് ഉപയോഗിച്ച്, മറ്റൊരു ഡിറ്റക്ടീവിന്റെ സഹായത്തോടെ അവർ ഒരു സീരിയൽ കില്ലറെ തേടിയിറങ്ങുന്നതാണ് ബ്ലൈൻഡിന്റെ കഥ. സമാനമായ കഥ തന്നെയാണ് നെട്രിക്കണ്ണിലെന്നും വിഷ്വലുകൾ വ്യക്തമാക്കുന്നു. എന്നാൽ ലേഡി സൂപ്പർ സ്റ്റാറിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ചിത്രത്തെ വേറെ ലെവലിൽ എത്തിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. 


മലയാളിയായ അജ്‌മലാണ് ചിത്രത്തിൽ സീരിയൽ കൊലയാളിയായി എത്തുന്നത്. രഹസ്യമായി നയൻതാരയുടെ കഥാപാത്രത്തെ പിന്തുടരുന്ന കൊലയാളി ഡോക്ടറുടെ വേഷമാണ് ചിത്രത്തിൽ അജ്‍മലിനെന്നാണു സൂചന. നവംബർ 18ന് രാവിലെ റിലീസ് ചെയ്ത് മൂന്നു മണിക്കൂറിനകം അഞ്ചു ലക്ഷത്തോളം പേർ ടീസർ കണ്ടു. നേരത്തേ ചിത്രത്തിന്റെ പോസ്റ്ററുകളും വൈറലായിരുന്നു. അജ്‌മലിന്റെ പിറന്നാളിനാണ് ഒരു പോസ്റ്റർ പുറത്തിറക്കിയത്. നയൻതാര ഒരു വൈറ്റ് കെയ്ന്‍ പിടിച്ച് നായ്ക്കുട്ടിക്കൊപ്പം നടക്കുന്ന ചിത്രവുമായെത്തിയ മറ്റൊരു പോസ്റ്ററും വൈറലായി. അന്ധയായ പൊലീസ് ഓഫിസറായെത്തുന്ന നയൻതാരയുടെ ഈ ചിത്രം അവരുടെ അറുപത്തഞ്ചാമത്ത് സിനിമ കൂടിയാണ്. 


അന്ധർ വായിക്കാൻ ഉപയോഗിക്കുന്ന ബ്രെയിലി ലിപിക്കു സമാനമായാണ് ചിത്രത്തിന്റെ ടൈറ്റിൽ ചെയ്തിരിക്കുന്നത്. 1981ൽ നെട്രിക്കൺ എന്ന പേരിൽ രജനീകാന്ത് ചിത്രവും പുറത്തിറങ്ങിയിരുന്നു. എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ ഉപയോഗിക്കാൻ നിർമാതാക്കൾ അനുമതി നൽകുകയായിരുന്നു. നാനും റൗഡി താൻ, പോടാ പോടി,താനാ സേർന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വിഘ്നേഷ് ആരംഭിച്ച ‘റൗഡി പിക്‌ചേഴ്സിന്റെ’ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അവൾ, ഗൃഹം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് മിലിന്ദ്. 2021ലായിരിക്കും നെട്രിക്കൺ പുറത്തിറങ്ങുക.


ദീപാവലിക്ക് ഹോ‌ട്സ്റ്റാറിൽ റിലീസ് ചെയ്ത ‘മൂക്കുത്തി അമ്മൻ’ ആണ് അവസാനമായിറങ്ങിയ നയൻസ് ചിത്രം. നേരത്തേ മിഷ്‌കിന്റെ സൈക്കോ എന്ന ചിത്രവും സമാനമായ വിഷയം കൈകാര്യം ചെയ്തിരുന്നു. അതിൽ അന്ധനായ യുവാവ് ഒരു സീരിയൽ കില്ലറിൽനിന്ന് തന്റെ കാമുകിയെ രക്ഷിക്കുന്നതാണു കഥ. 

News Summary: Nayanthara and Vignesh Shivan's New Tamil Movie Netrikann Teaser Released


Keywords:
Netrikann Movie, Happt Birthday Nayanthara, Latest Tamil Movies, Vignesh Shivan, Milind Rao, netrikann nayanthara movie cast, netrikann movie teaser, netrikann movie trailer, latest tamil teasers, nayantharana pictures, nayanthara latest photos, ajmal malayalam actor, serial killer movies tamil, latest crime thrillers tamil, nayanthara lover, crime thrillers to watch in tamil, latest malayalam movie news, movie techies, kerala vaartha, malayalam vaartha, nayanthara new releases, nayanthara 2021 releases, nayanthara ott movies

അഭിപ്രായങ്ങള്‍