സൂര്യയെ തിരിച്ചുതന്ന ‘സൂരറൈ പോട്ര്’ | Tamil Movie Soorarai Pottru Malayalam Review | Ratings | Watch Online
Suriya and Aparna Balamurali in Soorarai Pottru Movie |
ആക്ഷൻ ഡ്രാമ ഫിലിം എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ അടി–ഇടി–വെട്ട്–കുത്ത്–കൊലപാതകങ്ങളുമായുള്ള ആക്ഷൻ ഈ ചിത്രത്തിൽ പ്രതീക്ഷിക്കരുത്. എന്തിനേറെപ്പറയണം, രോഷാകുലനായ സൂര്യയുടെ മാരക സ്റ്റണ്ട് പ്രകടനം പോലും പ്രതീക്ഷിക്കരുത്. പക്ഷേ ഇമോഷണലി ഈ മനുഷ്യൻ നമ്മെ സിനിമയോട് ഏറെ ചേർത്തു നിർത്തും. അത്രയേറെ മനോഹരമായാണ് സൂര്യയും സംവിധായിക സുധ കൊങ്കറയും സിനിമ മുന്നോട്ടു കൊണ്ടുപോകുന്നത്. ഒപ്പം അപർണ ബാലമുരളിയെപ്പറ്റിയുടെ അതിലളിതവും അസാധാരണവുമായ പ്രകടനവും. ബൊമ്മി ബേക്കറിയുടെ ഉടമയായ സുന്ദരിയായി, ഗ്രാമത്തിലെ ‘കിറുക്ക്’ പെണ്ണായി, നെടുമാരനൊത്ത പങ്കാളിയായി, നായകന്റെ നിഴലായി മാത്രം നിൽക്കാത്ത അത്രയേറെ മികച്ച പ്രകടനമാണ് അപർണ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്– കൺട്രോൾഡ് അഭിനയം. ചിത്രത്തിന്റെ അവസാന രംഗങ്ങളിലൊന്നിൽ, വിമാനത്തിൽനിന്നിറങ്ങി വരുന്നവർ അതിലെ ഭക്ഷണത്തെപ്പറ്റി പറയുന്ന ഒരു രംഗമുണ്ട്. അത് കേട്ടു നിൽക്കുന്ന സുന്ദരിയുടെ മുഖത്തുണ്ടാകുന്ന ഭാവവും, എന്തു പറയണമെന്നറിയാതെയുള്ള ആ നിൽപും കരച്ചിലുമെല്ലാം... അപർണ വേറെ ലെവലാണെന്നു തെളിയിച്ചിരിക്കുന്നു.
ബോക്സിങ് വിഷയമായുള്ള സിനിമയെപ്പോലും ‘ഇമോഷണലി ഹോണ്ടിങ്’ ആക്കിമാറ്റുന്ന സുധയുടെ പാടവം ‘ഇരുതി സുട്രു’വിൽ നാം കണ്ടതാണ്. ആയുധ എഴുത്തിൽ കണ്ടു മറന്ന മാധവനെയാണ് ആ ചിത്രത്തിലൂടെ പ്രേക്ഷകനു തിരികെ ലഭിച്ചത്. സമാനമായി വാരണം ആയിരത്തിനു ശേഷം നമ്മെ വിട്ടു പോയ സൂര്യയെയാണ് നെടുമാരനിലൂടെ ഇപ്പോൾ തിരിച്ചു കിട്ടിയിരിക്കുന്നത്. ചിത്രത്തിൽ കുതിച്ചുയരുന്ന വിമാനങ്ങളെപ്പോലെ, നടനെന്ന നിലയിൽ സൂര്യയുടെ കരിയർ ഗ്രാഫിലും കുത്തനെയൊരു കുതിച്ചുകയറ്റം സമ്മാനിക്കുന്നതാണ് നെടുമാരൻ എന്ന കഥാപാത്രം. ‘ധീരന്മാരെ വാഴ്ത്തുക’ എന്നതാണ് സൂരറൈ പോട്രിന്റെ അർഥം. ഇത്തരമൊരു സിനിമയെടുക്കുന്നതിലും അതിൽ വിട്ടുവീഴ്ചകൾ വരുത്താതിരിക്കാനും സുധയും സൂര്യയും കാണിച്ച ധൈര്യത്തെയും ഈയവസരത്തിൽ വാഴ്ത്തിയേ മതിയാകൂ.
സാധാരണക്കാർക്കും പറക്കാൻ സാധിക്കുമെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതായിരുന്നു 2003ൽ ഇന്ത്യയിൽ ആരംഭിച്ച എയർ ഡെക്കാൻ എന്ന വിമാനക്കമ്പനി. അതിനു പിന്നിൽ പ്രവർത്തിച്ച ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ ജീവിതാനുഭവങ്ങൾ ആധാരമാക്കിയാണ് സൂരറൈ പ്രോട് ഒരുക്കിയത്. അക്കാലത്ത് ഇന്ത്യയിൽ ഒരു വ്യവസായം ആരംഭിക്കാൻ കഷ്ടപ്പെട്ട് ഒടുവിൽ ലക്ഷ്യം കാണാതെ പോയ ഒട്ടേറെ പേരുടെ അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും സംവിധായിക വ്യക്തമാക്കുന്നു. എന്നാൽ ചിത്രത്തിൽ ഏറെയും ഗോപിനാഥിന്റെ ഒരൊറ്റ ലക്ഷ്യത്തെ കേന്ദ്രീകരിച്ചായിരുന്നു–പണക്കാർക്കു മാത്രമല്ല പാവപ്പെട്ടവർക്കും പറക്കുകയെന്ന സ്വപ്നത്തെ. വ്യോമസേനയിലെ പഠനത്തിനു ശേഷം സ്വന്തമായി ഒരു വിമാനക്കമ്പനിയെന്ന സ്വപ്നവുമായി കഴിയുകയാണ് നെടുമാരൻ. ഗ്രാമത്തിനു വേണ്ടിയാണ് ആ ചെറുപ്പക്കാരന്റെ ജീവിതം. സമാന്തരമായി തന്റെ സ്വപ്നവും മുന്നോട്ടുകൊണ്ടു പോകുന്നുണ്ട്. എല്ലായിപ്പോഴും ഒപ്പം നിന്ന് കാളി, സെബാസ്റ്റ്യൻ, ചൈതന്യ തുടങ്ങിയ കൂട്ടുകാരും.
മരണത്തോടു മല്ലടിക്കുന്ന പിതാവിനെ കാണാനായി ഒരു നാൾ യാത്ര തിരിക്കുകയായിരുന്നു നെടുമാരൻ. കയ്യിൽ 6000 രൂപയേയുള്ളൂ. എക്കണോമി സീറ്റ് തീർന്നിരിക്കുന്നു. ബിസിനസ് ക്ലാസിൽ പോകണമെങ്കിൽ 6000 രൂപ കൂടി വേണം. അടുത്ത വിമാനമാണെങ്കിൽ ഇനി 2 ദിവസം കഴിഞ്ഞേയുള്ളൂ. അവിടെ നിന്നവരോടെല്ലാം ഒരു ഭിക്ഷക്കാരനെപ്പോലെ കെഞ്ചിച്ചോദിച്ചു മാരൻ. പക്ഷേ ആരും തിരിഞ്ഞുപോലും നോക്കിയില്ല. ഒടുവിൽ ട്രക്കിലും കാറിലും ബൈക്കിലും ട്രെയിനുമെല്ലാം കയറി വീട്ടിലെത്തുമ്പോഴേക്കും ആരോ ഒരാൾ പിതാവിന്റെ ചിതയ്ക്കു തീകൊളുത്തിയിരുന്നു. അച്ഛനോടുള്ള ദേഷ്യം കാരണം മാരൻ അത് മനഃപൂർവം ചെയ്തതാണെന്നു പറഞ്ഞ് അമ്മ അവനെ അന്ന് ഒരുപാട് വഴക്ക് പറഞ്ഞു, തല്ലി, കരഞ്ഞു. മാരൻ അന്നുറപ്പിച്ചതാണ്– സാധാരണക്കാർക്കും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാനാകുന്ന ഒരു വിമാനം. അതിനു വേണ്ടിയുള്ള യാത്രയ്ക്കിടെ സുന്ദരിയെന്ന പെൺകുട്ടിയുടെ ജീവിത പങ്കാളിയായി. പരേഷ് ഗോസ്വാമി എന്ന വില്ലന്റെ ശത്രുവായി. വിമാനക്കമ്പനി തുടങ്ങാനുള്ള ഓരോ നീക്കവും പരേഷ് തന്ത്രപൂർവം നശിപ്പിച്ചുകൊണ്ടേയിരുന്നു. ഓരോ നിമിഷവും തളരുമ്പോഴും ഒരു കുരുവിയെപ്പോലെ ചിറകടിച്ച് മാരൻ വീണ്ടും പറന്നുയർന്നുകൊണ്ടേയിരുന്നു. അയാൾക്കൊപ്പം അയാളുടെ പ്രിയപ്പെട്ടവരുമുണ്ടായിരുന്നു. ഒടുവിൽ മാരൻ ലക്ഷ്യം കൈവരിച്ചോ? അതിന്റെ ഉത്തരമാണ് സൂരറൈ പോട്ര് ക്ലൈമാക്സിൽ കാത്തുവച്ചിരിക്കുന്നത്.
സൂര്യയുടെ ‘സിങ്കം’ സ്റ്റൈൽ ആക്ഷൻ വിൽക്കാനുള്ള ഒട്ടേറെ അവസരങ്ങൾ സംവിധായികയ്ക്കു ലഭിച്ചിരുന്നു ചിത്രത്തിൽ. എന്നാൽ നെടുമാരനെ അവസാനം വരെ ദ്രോഹിച്ചുകൊണ്ടിരുന്ന വില്ലനെ ഒരൊറ്റ ചെറുഡയലോഗിലൂടെ മാത്രം മറുപടി പറഞ്ഞ് ഒതുക്കുന്നതായിരുന്നു സുധയുടെ രീതി. നെടുമാരൻ പണ്ട് അച്ഛനൊരു വാക്കു കൊടുത്തിട്ടുണ്ട്– ഇനിയൊരിക്കലും ജീവിതത്തിൽ ദേഷ്യപ്പെടില്ലെന്ന്. മഴയുള്ള ഒരു പകലിൽ അത്തരമൊരു ദേഷ്യപ്പെടലിലൂടെയാണ് ആ അച്ഛനും മകനും ആദ്യമായി അകന്നത്. പിന്നീട് അച്ഛൻ യാത്രയാകുമ്പോഴും അവന്റെ മനസ്സിൽനിറയെ പെയ്തിറങ്ങിയതും ആ മഴയുടെ അസ്വസ്ഥപ്പെടുത്തുന്ന തണുപ്പായിരുന്നിരിക്കണം. വിമാനത്താവളത്തിൽ പണത്തിനായി കരഞ്ഞു കെഞ്ചുന്ന നെടുമാരന്റെ മുഖവും പിതാവിന്റെ മരണശേഷം അമ്മയുടെ കാൽക്കൽ വീണു കരയുന്ന നിമിഷങ്ങളും അടുത്തകാലത്തൊന്നും പ്രേക്ഷകനെ വിട്ടുപോകില്ലെന്നത് ഉറപ്പ്.
വിമാനം കിട്ടാതെ ഒരു കാറിൽ പോകുമ്പോൾ പാതിവഴിയിൽ അത് ബ്രേക്ക് ഡൗണാകുന്നുണ്ട്. ‘എന്തു പറ്റി’യെന്ന് എല്ലാ വിഹ്വലതകളോടെയും ചോദിക്കുമ്പോൾ സൂര്യയുടെ മുഖത്തു നിറയുന്ന നിസ്സഹായത– ഇതെല്ലാമാണ് പ്രിയപ്പെട്ട അഭിനേതാവേ താങ്കളിൽനിന്ന് ഞങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പരേഷ് ഗോസ്വാമിയെന്ന വില്ലനായെത്തിയ പരേഷ് റാവൽ, തമിഴിൽ അട്ടഹസിക്കാതെയും കണ്ണുരുട്ടാതെയും വില്ലനാകാമെന്നു തെളിയിക്കുകയായിരുന്നു. ഇഞ്ചിഞ്ചായി പ്രതിയോഗികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന, അതിനായി എന്തു വൃത്തികെട്ട കളിയും കളിക്കാൻ തയാറാകുന്ന അത്തരമൊരു കഥാപാത്രവുമായിരുന്നു പരേഷിന്റേത്. കരുണാസ്, വിനോദിനി വൈദ്യനാഥൻ, പ്രകാശ് ബേലവാഡി, ഉർവശി, മോഹൻ ബാബു, രാമചന്ദ്രൻ ദുരൈരാജ്, വിവേക് പ്രസന്ന, ആർ.എസ്.ശിവാജി, കൃഷ്ണകുമാർ, കാളി വെങ്കട് തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിൽ മികച്ച പ്രകടനവുമായി രംഗത്തുണ്ട്.
സൂരറൈ പോട്രിന്റെ ഹൈലൈറ്റുകളിലൊന്ന് അതിന്റെ കൊതിപ്പിക്കുന്ന ഛായാഗ്രഹണവും അടക്കവും ഒതുക്കവുമുള്ള, എന്നാൽ പരീക്ഷണങ്ങൾ ഏറെ നടത്തിയ സംഗീതവും കൊറിയോഗ്രഫിയുമാണ്. നികേത് ബൊമ്മിറെഡ്ഡിയാണ് ക്യാമറ. സംഗീതം ജി.വി.പ്രകാശ് കുമാർ. സതിഷ് സൂര്യയാണ് എഡിറ്റിങ്. സുധ, ശാലിനി ഉഷാദേവി, ആലിഫ് സുർതി, ഗണേഷ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിജയ് കുമാറാണ് സംഭാഷണം.
തിയറ്ററിൽ ഇറക്കിയാലും ഹിറ്റാകാൻ സാധ്യതയില്ലാത്ത സിനിമകളാണ് ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതെന്ന ഒരു തോന്നലുണ്ടായിരുന്നു ഇതുവരെ. എന്നാൽ സൂരറൈ പോട്രിലൂടെ അത് അവസാനിച്ചു. ഈ ചിത്രം തീർച്ചയായും ഒരു തിയറ്റർ റിലീസ് അർഹിക്കുന്നുണ്ട്. എന്നാലും എന്റെ കൊറോണേ, നശിപ്പിച്ചല്ലോ നീ ഒരു നല്ല സിനിമയുടെ തിയറ്റർ അനുഭവം!
Rating: 💗💗💗💗💛
Click Here and Watch Soorarai Pottru in Amazon Prime Video
Produced by Suriya, Guneet Monga
Written by Vijay Kumar (dialogues)
Screenplay by Sudha Kongara, Shalini Ushadevi, Aalif Surti, Ganesha
Story by Sudha Kongara
Starring Suriya, Paresh Rawal, Aparna Balamurali, Urvashi, Mohan Babu
Music by G. V. Prakash Kumar
Cinematography Niketh Bommireddy
Edited by Sathish Suriya
Release date 11 November 2020
Language: Tamil
Duration: 2 hours 33 Minute
Read Other Reviews Here:
India Today: Soorarai Pottru Movie Review: A gripping tale of hope, triumph and more
The Hindu: A splendid Suriya shoulders this rollercoaster ride
Indian Express: Suriya’s way, all the way
Firstpost: Sudha Kongara, Suriya tell a moving, poetic biopic without deifying the leading man
The News Minute: Suriya's best outing in a long time
Times of India: Soorarai Pottru is an inspiring tale with a robust performance from Suriya
Soorarai Pottru Wikipedia Data (Click Here)
Keywords: Soorarai Pottru Latest Tamil Movie, Soorarai Pottru Malayalam Review Explained, Soorarai Pottru Surya, Aparna Balamurali, Soorarai Pottru Movie Watch Online, Soorarai Pottru Review, Soorarai Pottru Release, Soorarai Pottru Ratings, Soorarai Pottru IMDB, Soorarai Pottru Images, Actor Surya Latest Movie News, Malayalam Actress Aparna latest, Suriya, Sudha Kongara, soorarai pottru review, OTT, maara, Captain GR Gopinath, Aparna Balamurali, suriya new movie, Where to watch Soorarai Pottru, Suriya Maara, Air Deccan air, Captain Gopinath book Simply Fly, Sudha Kongara, Soorarai Pottru Amazon Prime Video
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ