നന്മ നിറഞ്ഞ ‘മിഡിൽ ക്ലാസ് മെലഡീസ്’ | മലയാളം റിവ്യൂ


‘ഉമാമഹേശ്വര ഉഗ്രരൂപസ്യ’ എന്ന പേരു കേട്ട് കിടുങ്ങുമെങ്കിലും ചിത്രം നമ്മുടെ ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ തെലുങ്ക് വേർഷനാണ്. ചിത്രം നെറ്റ്‌ഫ്ലിക്സിൽ റിലീസ് ചെയ്തപ്പോൾ സൂപ്പർ ഹിറ്റായിരുന്നു. പറന്നുവന്നുള്ള ഇടിയും ബൈക്ക് റേസും ചേസിങ്ങുമെല്ലാം കണ്ട് രോമാഞ്ചം കൊള്ളുന്ന തെലുങ്ക് ചലച്ചിത്രാസ്വാദകർക്ക് വേറിട്ട അനുഭവമായിരുന്നു ആ ചിത്രം. പേരുപോലെയല്ല, തികച്ചും സിംപിളായ ചിത്രം. മലയാളത്തിൽ അത്തരം ചിത്രങ്ങളെടുക്കാൻ നമുക്ക് ദിലീഷ് പോത്തനും ലിജോ ജോസ് പെല്ലിശ്ശേരിയുമൊക്കെയുണ്ട്. ഇനിയിപ്പോള്‍ തെലുങ്ക് സിനിമയ്ക്കും അത്തരം ലാളിത്യമാർന്ന ചിത്രങ്ങളെടുക്കാൻ ഒരാളായി– വിനോദ് ആനന്ദജു. 



ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ‘മിഡിൽ ക്ലാസ് മെലഡീസ്’ എന്ന ആദ്യ ചിത്രത്തെ ‘സിംപിൾ’ എന്ന ഒറ്റ വാക്കിൽ അടയാളപ്പെടുത്താം. ചിത്രത്തിൽ നായകനായെത്തിയത് തെലുങ്ക് സൂപ്പർ സ്റ്റാർ വിജയ് ദേവരെക്കൊണ്ടെയുടെ അനിയൻ ആനന്ദ് ദേവരെക്കൊണ്ട. കന്നി സംവിധായകനും നായകനും എന്തായാലും മോശമാക്കിയില്ല. ആനന്ദാകട്ടെ ചേട്ടന് ചീത്തപ്പേര് കേൾപ്പിച്ചതുമില്ല. ആനന്ദിന്റെ രണ്ടാമത്തെ സിനിമയാണിത്. അതിഭീകരമായ ട്വിസ്റ്റോ മാസ് മസാലയോ ഐറ്റം ഡാൻസോ ഇക്കളിയിട്ടാൽ മാത്രം ചിരിക്കുന്ന തരം കോമഡിയോ ഒന്നുമില്ലാതെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മിഡിൽ ക്ലാസ് മെലഡീസ്. നവാഗത സംവിധായകന്റെ പകപ്പുകൾ ചിത്രത്തിൽ പലയിടത്തും വ്യക്തമാണ്, പക്ഷേ സിനിമ എവിടെക്കൊണ്ടുപോയി, എങ്ങനെ ഭംഗിയായി അവസാനിപ്പിക്കണമെന്ന ധാരണ കൃത്യമായുണ്ട് വിനോദിന്റെ മനസ്സിൽ. 

ഗുണ്ടൂരിൽ ഒരു ഹോട്ടൽ തുറക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിലെ നായകൻ രാഘവ. അതിനു വേണ്ടിയുള്ള സ്ഥലം അന്വേഷിച്ചു നടക്കുന്നതിനിടെയാണ് കോളജ് കാലത്തെ കാമുകി സന്ധ്യയുടെ അച്ഛനെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തിന് ഒരു ഷെഡുണ്ട്, നേരത്തേ ബാർബർ ഷോപ്പായിരുന്നു. അതിനെ ഹോട്ടലാക്കി മാറ്റിയെടുക്കാൻ രാഘവ തീരുമാനിച്ചു. രാഘവ എന്തു തീരുമാനമെടുത്താലും അതിനെ എതിർക്കുന്നതാണ് അച്ഛന്‍ കൊണ്ടൽ റാവുവിന്റെ രീതി. പക്ഷേ അവൻ കൂടി പ്രതീക്ഷിക്കാത്ത നേരത്ത് ഫുൾ സപ്പോർട്ടുമായി രംഗത്തു വരികയും ചെയ്യും. അമ്മയാകട്ടെ എല്ലായിപ്പോഴും രാഘവയുടെ സൈഡിലാണ്. 

ഇവരുടെ കഥയ്ക്കു സമാന്തരമായി രാഘവുടെ സുഹൃത്ത് ഗോപാലിന്റെ പ്രണയവും മുന്നോട്ടു പോകുന്നുണ്ട്. ഒപ്പം ഗ്രാമത്തിലെ പാൽക്കാരനായ അഞ്ജയ്യയുടെയും കോൺട്രാക്ടറായ മല്ലികാർജുൻ റാവുവിന്റെയും ഗോപാലിന്റെ കാമുകി ഗൗതമിയുടെയുമെല്ലാം കഥയും. അമ്മയിൽനിന്നു പഠിച്ച ബോംബെ ചട്ണിയുടെ ബലത്തിലാണ് രാഘവ ഹോട്ടൽ തുറക്കാൻ ശ്രമം ആരംഭിച്ചത്. ഗുണ്ടൂരിൽ വേറെ എവിടെയും കിട്ടാത്തത്ര രുചിയുള്ള ചട്‌ണി തന്റെ ‘രാഘവ ടിഫിൻ സെന്ററിൽ’ ലഭിക്കുമെന്നാണ് വാഗ്ദാനം. പക്ഷേ ഹോട്ടലിനു മുന്നിലെ ഒരു മാവ് കാരണം അതിന്റെ ബോർഡ് പോലും ആരും കാണാത്ത അവസ്ഥ. മാത്രവുമല്ല, സമീപത്തെ മാലിന്യപ്പറമ്പും ഭീഷണിയായുണ്ട്. അതിനിടെ സന്ധ്യയെ പെണ്ണുകാണാൻ വരുന്നവരുടെ ശല്യം വേറെ. 

എന്തു വില കൊടുത്തും ഹോട്ടൽ വിജയിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രാഘവയുടെ ഓട്ടവും അതിനിടെ അവനുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെങ്കിലും ഒട്ടേറെ ജീവിതങ്ങളെയും പരിചയപ്പെടുത്തിയാണ് ചിത്രം മുന്നോട്ടു പോകുന്നത്. രസകരവും ആഴത്തിൽ മനസ്സിൽ പതിയുന്നതുമായ ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ട്. തിരിച്ചറിവുകളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഗോപാലിന്റെ അമ്മാവന്റെ ആത്മഹത്യ എങ്ങനെയാണ് ആ ചെറുപ്പക്കാരന്റെ പ്രണയത്തിൽ മാറ്റം വരുത്തുന്നതെന്നത് അതിൽ ഒരുദാഹരണം മാത്രം. 

ചിത്രത്തിൽ ഓരോ രംഗത്തിലുമുണ്ടാകുന്ന ചെറിയ ട്വിസ്റ്റുകളാണ് അതിലെ കഥാപാത്രങ്ങളുടെ സ്വഭാവമാറ്റത്തിൽ പോലും പ്രതിഫലിക്കുന്നത്. ഗ്രാമത്തിലെ തന്റെ ഹോട്ടലിൽ ചുമ്മാ പത്രം വായിച്ചിരിക്കുന്ന ‘വയസ്സന്മാരാണ്’ രാഘവയെ സംബന്ധിച്ചിടത്തോളം അവിടത്തെ കസ്റ്റമർമാർ. പക്ഷേ അവനു പരിചയമില്ലാത്ത ഒരു ലോകമുണ്ട്. അവിടെ പരസ്പരം സഹായിക്കുന്ന നല്ലവരായ സുഹൃത്തുക്കളാണ് അവരെല്ലാവരും. യുവത്വം എങ്ങനെ ലോകത്തെ കാണുന്നുവെന്നും മുതിർന്നവർ എങ്ങനെ അവരുടെ ലോകത്തിലെ നന്മ നിലനിർത്തുന്നുവെന്നും ചിത്രം പറഞ്ഞു തരും. ഒപ്പം ഗ്രാമത്തിന്റെ ചെറിയ തട്ടിപ്പുകഥകളും. വർഷയുടെ അച്ഛൻ പോലും അത്തരത്തിലൊരു ചെറിയ ‘ഉഡായിപ്പ്’ കക്ഷിയാണ്. ചിത്രത്തിന്റെ സിംപ്ലിസിറ്റി അതിന്റെ തിരക്കഥയിലും അഭിനേതാക്കളിലുമുണ്ട്. 

ഗ്ലാമർ വിൽക്കുന്ന ഒരു രംഗം പോലും ചിത്രത്തിൽ കാണാനാകില്ല. വർഷ പതിവു പോലെ തന്റെ വലിയ കണ്ണുകളും ഭംഗിയുള്ള അഭിനയനവുമായി ഈ ചിത്രത്തിലും നിറഞ്ഞുനിൽക്കുന്നുണ്ട്. വിജയ് ദേവരെക്കൊണ്ടയുടെ ‘ലൈറ്റ് വേർഷൻ’ എന്നു തോന്നിപ്പിക്കും വിധമാണ് ആനന്ദിന്റെയും ശബ്ദം. അഭിനയത്തിലും കൃത്രിമത്വമില്ല. സ്വീകർ അഗസ്തിയും ആർഎച്ച് വിക്രമുമാണ് ചിത്രത്തിന്റെ സംഗീതം. മികച്ച ബാക്ക് ഗ്രൗണ്ട് സ്കോറാണ് ചിത്രത്തിന്റെ പ്രത്യേകതകളിലൊന്ന്. പലയിടത്തും അനാവശ്യമായ വലിച്ചു നീട്ടൽ ചിലപ്പോഴൊക്കെ ചിത്രത്തെ പിന്നോട്ടു വലിക്കുന്നുവെന്ന പ്രശ്നവുമുണ്ട്. 


സാധാരണ സിനിമകളിലേതു പോലെ നായകൻ പെട്ടെന്നൊരു നാൾ സൂപ്പർ സ്റ്റാറായി മാറുന്ന തരം കാഴ്ചയൊന്നും മിഡിൽ ക്ലാസ് മെലഡീസിൽ പ്രതീക്ഷിക്കരുത്. ഇതിൽ കഥയും തിരക്കഥയുമാണ് താരം. ചിത്രത്തിന്റെ ടൈറ്റിൽ കാർഡ്സ് മുതൽ ക്ലൈമാക്‌സ് വരെ ആ ലാളിത്യം അനുഭവപ്പെടുത്തുന്ന തരം, രസിപ്പിക്കുന്ന, ചിരിപ്പിക്കുന്ന കാഴ്ചകളാണ്. തനി ഗുണ്ടൂർ ഭാഷയാണ് ചിത്രത്തിൽ, അതിനാൽത്തന്നെ സബ്ടൈറ്റിലോടെ കാണുമ്പോൾ മലയാളി പ്രേക്ഷകർ അൽപം പാടുപെടും.  എന്നിരുന്നാലും നല്ല സിനിമ ഇഷ്ടപ്പെടുന്ന ആർക്കും രണ്ടേകാൽ മണിക്കൂർ നേരം സ്വസ്ഥമായിരുന്നു കാണാം മിഡിൽ ക്ലാസ് മെലഡീസ്. പണക്കാരേക്കാളും പാവപ്പെട്ടവരേക്കാളും നമുക്കേറെ പരിചയം മിഡിൽ ക്ലാസിനെയാണ്. അതാണ് ഇന്ത്യയുടെ മുഖമുദ്രതന്നെ. അവരുടെ കഥയെന്ന നിലയിലും സംഗതി ലളിതം, സുന്ദരം.

Story Highlights: Middle Class Melodies Telugu Movie Malayalam Review

Directed by Vinod Ananthoju

Written by Janardhan Pasumarthi (Dialogue)

Screenplay by Janardhan Pasumarthi, Vinod Ananthoju

Story by Janardhan Pasumarthi

Starring Anand Devarakonda, Varsha Bollamma

Music by Sweekar Agasthi, RH Vikram

Cinematography Sunny Kurapati

Edited by Ravi Teja Girijala

Release date 20 November 2020

Duration 2 Hours 15 Minutes

Keywords: Where to watch Middle Class Melodies Telugu Movie, Middle Class Melodies Telugu Movie Actor, Middle Class Melodies Telugu Movie Actress, Vijay Deverakonda Brother Anand, Middle Class Melodies Telugu Movie review, Middle Class Melodies Telugu Movie cast, Middle Class Melodies Telugu Movie trailer, middle class melodies review in malayalam, middle class melodies download, middle class melodies release date, middle class melodies amazon prime, middle class melodies netflix, latest telugu movies, latest movie news telugu, vijya devarakonda brother age, vijya devarakonda brother name anand, vijay Deverakonda brother new movie, varsha bollamma latest movies, varsha bollamma malayalam movies, varsha bollamma new movies, amazon prime latest movies

അഭിപ്രായങ്ങള്‍