റിസബാവയെപ്പറ്റി നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം ഈ 10 കാര്യങ്ങള്‍!

 

1) നടൻ റിസബാവയ്ക്ക് ഒരൊറ്റത്തവണ മാത്രമേ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുള്ളൂ. അതുപക്ഷേ അഭിനയത്തിനല്ല, ഡബിങ്ങിനായിരുന്നു–2010ൽ.

2) കർമയോഗി എന്ന ചിത്രത്തിൽ തമിഴ്‌ നടൻ തലൈവാസൽ വിജയ്ക്ക് ശബ്ദം നൽകിയതിനാണ് റിസബാവയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്.

3) ബ്ലെസിയുടെ ‘പ്രണയം’ എന്ന സിനിമ കണ്ടിട്ടില്ലേ? അതിൽ അനുപം ഖേറിന്റെ കഥാപാത്രത്തിനു ശബ്ദം നൽകിയതും മറ്റാരുമല്ല, റിസബാവയാണ്.

4) മലയാളത്തിലെ മിക്ക മുൻനിര നടന്മാരെയും പോലെ റിസബാവയുടെ ആദ്യ ചിത്രവും തിയേറ്ററിലെത്തിയില്ല. 1984ൽ ഇറങ്ങിയ വിഷുപ്പക്ഷി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം.

5) ഒരിക്കൽ കാലിനു വയ്യാതായി വീട്ടിലിരിക്കേണ്ടി വന്നു നടൻ സായികുമാറിന്. അന്ന് അദ്ദേഹം സ്വാതി തിരുനാളായി അഭിനയിക്കുന്ന അതേ പേരിലുള്ള നാടകം സൂപ്പർ ഹിറ്റായി ഓടുന്ന സമയം. അന്ന് സായി കുമാറിനു പകരം ആ വേഷത്തിലെത്തിയത് റിസബാവയായിരുന്നു. നാടകത്തിലെ പുതിയ സ്വാതി തിരുനാളിനെയും നാടകപ്രേമികൾ ഏറ്റെടുത്തു. സ്വാതി തിരുനാളും റിസബാവയും സൂപ്പർഹിറ്റായി.

6) ഷാജി കൈലാസ് സംവിധാനം ചെയ്ത മിസ്റ്റർ പശുപതി ആയിരുന്നു റിസബാവയുടെ റിലീസായ ആദ്യ ചിത്രം. അതിലും സായികുമാറിനു പകരക്കാരനായാണ് റിസബാവ എത്തിയത്. മറ്റൊരു സിനിമയുടെ തിരക്കിലായിരുന്ന സായികുമാറാണ് ഷാജി കൈലാസിന് റിസബാവയെ പരിചയപ്പെടുത്തിക്കൊടുത്തത്. 

7) 1990ൽ റിലീസ് ചെയ്ത സിദ്ദിഖ്–ലാൽ ചിത്രം ഇന്‍ ഹരിഹര്‍ നഗറിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രമാണ് റിസബാവയെ പ്രശസ്തനാക്കിയത്. ഈ സിനിമ പിന്നീട് മറ്റു ഭാഷകളിലേക്കെടുത്തപ്പോൾ വില്ലനായി റിസബാവ തന്നെ വേണമെന്ന് നിർമാതാക്കൾ ശഠിച്ചു. പക്ഷേ അദ്ദേഹം അപ്പോഴേക്കും മലയാളത്തിൽ ഏറെ തിരക്കുള്ള വില്ലനായി മാറിക്കഴിഞ്ഞിരുന്നു!

8) മലയാളത്തില്‍ ഇതുവരെ 150ലേറെ സിനിമകളിലും വിവിധ ചാനലുകളിലായി ഇരുപതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് റിസബാവ.

9) കൊച്ചിക്കാരനാണ് റിസബാവ. 1966 സെപ്റ്റംബര്‍ 24-നായിരുന്നു ജനനം. മട്ടാഞ്ചേരിയിലായിരുന്നു താമസം. ജമീല ബീവിയാണ് ഭാര്യ. മകൾ: ഫിറൂസ സഹൽ, മരുമകൻ: സഹൽ

10) മമ്മൂട്ടി നായകനായ ‘വണ്‍’ ആയിരുന്നു അവസാനമായി പുറത്തു വന്ന റിസബാവ ചിത്രം. കൊച്ചിയിൽ മരിക്കുമ്പോൾ കോവിഡ് സ്ഥിരീകരിച്ചിരുന്നു അദ്ദേഹത്തിന്. അതിനാൽ പൊതുദർശനം ഒഴിവാക്കി കോവിഡ് പ്രോട്ടോക്കോളോടെ മൃതദേഹം ഖബറടക്കാനായിരുന്നു തീരുമാനം.

10 Things You Should Know About Malayalam Actor Rizabawa

അഭിപ്രായങ്ങള്‍