ഐഫോണിൽ ഇനി നിങ്ങൾക്കും സിനിമ പിടിക്കാം ​| What is Cinematic Mode in iPhone 13? | 10 Things to Know


1) സെപ്റ്റംബർ 14ന് ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ മാക്സ് എന്നിവയ്ക്ക് ഇന്ത്യയിലെ വില 69,990 രൂപ മുതലായിരിക്കും. സെപ്റ്റംബർ 24 മുതൽ ഇന്ത്യയിൽ ലഭ്യമാകും.

2) ഐഫോൺ13നിലൂടെ ആപ്പിൾ ഇത്തവണ സമ്മാനിച്ച ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നായാണ് ‘സിനിമാറ്റിക് മോഡി’നെ കണക്കാക്കുന്നത്. വിഡിയോ കണ്ടന്റ് സൃഷ്ടിക്കുന്ന രീതിയിൽത്തന്നെ വിപ്ലവം സൃഷ്ടിക്കുന്നതാകും ഈ ഫീച്ചർ.

2) ‘ഹുഡണ്ണിറ്റ്’ (Whodunnit) എന്ന പേരിൽ ആപ്പിൾ പുറത്തിറക്കിയ 87 സെക്കൻഡ് വിഡിയോയിലുണ്ട് എങ്ങനെയായിരിക്കും സിനിമാറ്റിക് മോഡ് വഴിയുള്ള ഷൂട്ടിങ്ങിന്റെ ഔട്ട്‌പുട്ടെന്ന്. ഗംഭീരമെന്നേ ഈ ഫീച്ചറിനെപ്പറ്റി പറയാനാകൂ. സംശയമുണ്ടെങ്കിൽ താഴെയുള്ള വിഡിയോ കണ്ടുനോക്കൂ. 


3) സിനിമയിൽ ഫോക്കസ് പുള്ളിങ് (Rack Focus) എന്നൊരു സംഗതിയുണ്ട്. ഫോക്കസ് ഷിഫ്റ്റ് ചെയ്യുന്നതാണു സംഗതി. അതായത് ഒരു വസ്തുവിൽനിന്ന് ക്യാമറയുടെ ഫോക്കസ് മറ്റൊന്നിലേക്കു മാറുമ്പോൾ ഒരു വസ്തു ‘ബ്ലർ’ ആയി മാറുന്നു. ഈ ഫോക്കസ് സെറ്റാക്കാൻതന്നെ മിക്ക സിനിമകളിലും ഛായാഗ്രാഹകന് ഒരു അസിസ്റ്റന്റിന്റെ സഹായം തേടേണ്ടി വരും. ഫോക്കസ് പുള്ളർ എന്നാണു പുള്ളിയുടെ പേര്. ഇതിനെയാണ് ഐഫോൺ13 എളുപ്പമാക്കിയത്.

4) ഒരു ഫ്രെയിമിലേക്ക് ഒരു സബജക്ട് കയറിവന്നുവെന്നിരിക്കട്ടെ, ഉടൻ ഐഫോണിലെ ക്യാമറ ഓട്ടോമാറ്റിക്കായി ആ സബ്ജക്ടിനു ഫോക്കസ് കൊടുക്കും. പശ്ചാത്തലത്തിലുള്ളത് ബ്ലർ ആയിപ്പോകും. ക്യാമറയുടെ മുന്നിലുള്ള ഒരാൾ തിരിഞ്ഞു നോക്കുകയാണെന്നിരിക്കട്ടെ, ഓട്ടോമാറ്റിക്കായി പിന്നിലുള്ള ആളോ വസ്തുവോ ഫോക്കസ് ചെയ്യപ്പെടും. പ്രഫഷണൽ ക്യാമറകളുടെ സഹായത്തോടെ സിനിമാക്കാർ ചെയ്യുന്ന ഈ രീതി എളുപ്പത്തിൽ ഇനി ഐഫോണിലൂടെ സാധിക്കുമെന്നു ചുരുക്കം. 



5) ഓട്ടോമാറ്റിക്കായി ക്യാമറതന്നെ ഫോക്കസ് മാറ്റുന്നതു പോലെ ഉപയോഗിക്കുന്നയാൾക്കും ഇഷ്ടമനുസരിച്ചു ഫോക്കസ് മാറ്റാം. അതിനുള്ള മാനുവൽ മോഡുമുണ്ട്.


6) വിഡിയോ എടുത്തതിനു ശേഷം അതിൽ ഫോക്കസ് മാറ്റാൻ സാധാരണ ക്യാമറകളിൽ സാധിക്കില്ല. എന്നാൽ പുതിയ ഐഫോണിൽ അതും സാധിക്കും. അതായത് അപെർചർ, എഫ്–സ്റ്റോപ് എന്നിവ മാറ്റാനാകും. അതുവഴി ഡെപ്ത് ഓഫ് ഫീൽഡും. 

7) ഐഫോൺ 13ലെ എ15 ബയോണിക് പ്രോസസറാണ് സിനിമാറ്റിക് മോഡ് ഇത്രയേറെ എളുപ്പത്തിലാക്കാൻ സഹായിക്കുന്നതെന്നാണ് ആപ്പിൾ പറയുന്നത്. ഐഫോൺ 12 പ്രോ മാക്സിലുണ്ടായിരുന്ന ഇമേജ് സ്റ്റെബിലൈസേഷൻ സാങ്കേതികതവിദ്യയും പുതിയ മോഡലിലുണ്ട്. കൂടാതെ പലയിനം സെൻസറുകളും. എല്ലാം ചേർന്നപ്പോൾ സിനിമാറ്റിക് മോഡില്‍ ഹോളിവുഡ് സ്റ്റൈലിൽ ഷൂട്ടു ചെയ്യാൻ പറ്റുമെന്നായി.

8) ഫോക്കസിൽ കൃത്യത വരുത്തുന്നതിനായി പ്രൊഫഷണൽ വിഡിയോഗ്രാഫർമാരുടെയും ചലച്ചിത്ര ഛായാഗ്രാഹകന്മാരുടെയും രീതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് അതനുസരിച്ചാണ് ആപ്പിൾ സിനിമാറ്റിക് മോഡിനുള്ള അൽഗോരിതം രൂപപ്പെടുത്തിയിരിക്കുന്നത്.

9) സിനിമാറ്റിക് മോഡിൽ ക്യാമറ മുന്നിലുള്ള വ്യക്തിയെയോ വസ്തുവിനെയോ ആണ് ഫോക്കസ് ചെയ്തിരിക്കുന്നതെന്നിരിക്കട്ടെ. പെട്ടെന്ന് പിന്നിലുള്ള ആളിലേക്കു ഫോക്കസ് മാറണണെങ്കിൽ അയാളുടെ ചിത്രത്തിൽ വിരലുകൊണ്ടൊന്നു ‘ടാപ്’ ചെയ്താൽ മതി. ഫോക്കസ് മാറും. ഈ ഫോക്കസ് തുടരണമെങ്കിൽ ഒരു തവണ കൂടി ടാപ് ചെയ്താൽ മതി.

10) നിലവിൽ സിനിമാറ്റിക് മോഡ് 1080p at 30frames per second ലാണ് ലഭിക്കുക. ഡോൾബി വിഷൻ എച്ച്ഡിആർ മോഡിലും സിനിമാറ്റിക് മോഡ് ലഭ്യമാണ്. ഇത് വിഡിയോയുടെ ഔട്ട്പുട്ടിന്റെ ഭംഗി കൂട്ടാനും സഹായിക്കും. പ്രൊഫഷണൽ വിഡിയോഗ്രാഫർമാർക്കു മാത്രം സാധ്യമെന്നു കരുതിയിരുന്ന സൗകര്യങ്ങളാണ് പുതിയ ഐഫോണിലൂടെ ആപ്പിൾ സാധാരണക്കാരനിലേക്കും എത്തിച്ചിരിക്കുന്നതെന്നു ചുരുക്കം.

What is Cinematic Mode in Apple iPhone 13 Mini and 13 Pro Max? How Cinematic Mode Works?

Keywords: iPhone Features in Malayalam, iPhone things to know, Apple Latest News iPhone latest news in Malayalam, iPhone explained in Malayalam, Can we shoot a movie with iPhone 13? 

അഭിപ്രായങ്ങള്‍