മോഹൻ ലാലിന്റെ കാർ ഗുരുവായൂരില്‍ കയറ്റാൻ പാടില്ലേ? അറിയാം ഈ 10 കാര്യങ്ങൾ


1) സെപ്റ്റംബർ 9നായിരുന്നു ഗുരുവായൂരിൽ പ്രശസ്ത വ്യവസായി രവി പിള്ളയുടെ മകന്‍ ഗണേഷിന്റെയും അഞ്ജനയുടെയും വിവാഹം. ഇതിൽ നടൻ മോഹൻ ലാൽ ഭാര്യ സുചിത്രയ്ക്കൊപ്പം പങ്കെടുത്തത് വാർത്തകളിൽ ഇടംപിടിച്ചു. ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും എംഡിയുമാണ് രവി പിള്ള. വിവാഹത്തിനു മുന്നോടിയായി 90 പവനോളം വരുന്ന എമെറാൾഡ് പതിച്ച സ്വർണക്കിരീടം രവി പിള്ള ഗുരുവായൂർ കണ്ണന് സമർപ്പിച്ചിരുന്നു. 2.890 ഗ്രാം വരുന്ന എമെറാൾഡിനു മാത്രം ആറു ലക്ഷത്തോളമായിരുന്നു വില.

2) സെപ്റ്റംബർ 9നായിരുന്നു വിവാദം. എന്നാൽ വിവാഹത്തിനു വേണ്ടി ഗുരുവായൂരിലെ നടപ്പന്തലിൽ കൂറ്റൻ കട്ടൗട്ടുകളും സസ്യലതാദികളും പൂക്കളും കൊണ്ടുള്ള അലങ്കാരവും സ്ഥാപിച്ചിരുന്നു. ഇക്കാര്യം വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്ന സംശയത്തെത്തുടർന്നായിരുന്നു ഇത്. ദേവസ്വം അഡ്മിനിസ്ട്രേറ്ററോട് വിശദീകരണവും തേടി.

3) അതിനിടെ, മോഹൻലാലിന്റെ കാർ ഗുരുവായൂർ ക്ഷേത്ര നടയ്ക്കു മുന്നിലേക്കു കൊണ്ടുവരാൻ ഗേറ്റ് തുറന്നുകൊടുത്ത ക്ഷേത്രം ജീവനക്കാർക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടിസ് നൽകി. എന്തുകൊണ്ട് മോഹൻലാലിന്റെ കാറിനു മാത്രം അനുമതി നൽകി എന്നായിരുന്നു നോട്ടിസിലെ ചോദ്യം. മൂന്നു ജീവനക്കാരെ ജോലിയിൽനിന്നു മാറ്റി നിർത്താനും നിർദേശം നല്‍കി. മൂന്നു ഭരണസമിതി അംഗങ്ങൾ ഉള്ളതിനാലാണ് മോഹൻലാലിന് ഗേറ്റ് തുറന്നുകൊടുത്തതെന്ന് ജീവനക്കാരുടെ മറുപടി.

4) മോഹൻലാൽ സെപ്റ്റംബർ ഒൻപതിന് കൊച്ചിയിൽനിന്നു വാങ്ങിയ ഇന്നോവ ക്രിസ്റ്റയിലായിരുന്നു ഗുരുവായൂരിൽ എത്തിയത്.

5) വിവാഹത്തിന് ആൾക്കൂട്ടം വലിയ തോതിലുണ്ടായെന്നും കിഴക്കേ നടപ്പന്തലിൽ പല അലങ്കാരങ്ങളും കൊണ്ടുവന്ന് ഓഡിറ്റോറിയത്തിനു സമാനമാക്കി രൂപം മാറ്റിയെന്നും സെപ്റ്റംബർ 14ന് ഹൈക്കോടതി നിരീക്ഷിച്ചു. നടപ്പന്തലിന്റെ സുരക്ഷ സ്വകാര്യ ഏജൻസിയെ ഏൽപിച്ചോ എന്നന്വേഷിക്കാനും കോടതി നിർദേശിച്ചു.

6) ഗുരുവായൂർ സിഐ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ, തൃശൂർ എസ്‌പി എന്നിവർക്ക് കോടതിയുടെ കാരണം കാണിക്കൽ നോട്ടിസ്.

7) ഗുരുവായൂരിലെ മറ്റു കല്യാണങ്ങളും നിരീക്ഷിക്കാൻ കോടതി ഇതോടെ തീരുമാനിച്ചു. കഴിഞ്ഞ ഒരു മാസത്തെ വിവാഹങ്ങളുടെ വിവരങ്ങൾ നൽകാനാണ് ആവശ്യം.

8) കേസിന്റെ ആവശ്യത്തിലേക്കായി രവി പിള്ളയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും സൂക്ഷിച്ചുവയ്ക്കാൻ ഹൈക്കോടതി ബെഞ്ച് ആവശ്യപ്പെട്ടു.

9) നടപ്പന്തലിൽ പുഷ്പാലങ്കാരം നടത്താൻ ഫെബ്രുവരി മുതൽ ദേവസ്വം തീരുമാനിച്ചിരുന്നുവെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ നിലപാട്. വധൂവരന്മാർ ഉൾപ്പെടെ 14 പേരെ മാത്രമേ ചടങ്ങിന് അനുവദിക്കുന്നുള്ളൂവെന്നും അവർ സത്യവാങ് മൂലം നൽകി. പക്ഷേ അന്വേഷണവുമായി മുന്നോട്ടു പോകാനായിരുന്നു കോടതി നിർദേശം. 


10)  2015ൽ രവി പിള്ളയുടെ മകൾ ആരതിയുടെ വിവാഹവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്ന് വിവാഹത്തിനു മാത്രം 55 കോടിയാണു ചെലവിട്ടത്. ബാഹുബലിയുടെ സെറ്റൊരുക്കിയ സാബു സിറിൾ ആയിരുന്നു വിവാഹപ്പന്തലൊരുക്കിയത്. 30,000 അതിഥികളാണ് വിവാഹത്തിനെത്തിയത്.

What is the Controversy Related to Mohan Lal and Ravi Pillai's Son's Marriage at Guruvayoor Temple during Covid19

അഭിപ്രായങ്ങള്‍