ഇന്നു കാണാം, ബീനാപോൾ സജസ്റ്റ് ചെയ്ത 4 ചിത്രങ്ങൾ | Beena Paul Lists 4 movies that you Shouldn't Miss in IFFK 2022
1) എ ഹീറോ | A Hero (2021) | Iran
(2 മണിക്കൂർ 7 മിനിറ്റ്)
നിശാഗന്ധി: വൈകിട്ട് 6.30 (മേളയിൽ 3 പ്രദർശനമുണ്ട് ആദ്യ പ്രദർശനമാണ് മാർച്ച് 20ന്. നിശാഗന്ധിയിൽ റിസർവേഷനില്ലാതെ ചിത്രം കാണാം)
കയ്യടിയോടെയല്ലാതെ അസ്ഗർ ഫർഹാദിയുടെ ഒരു സിനിമയും ഐഎഫ്എഫ്കെയിൽ അവസാനിച്ചിട്ടില്ല. ഇത്തവണയുമുണ്ട് അദ്ദേഹത്തിന്റെ ഇറാനിയൻ അദ്ഭുതം– ചിത്രത്തിന്റെ പേര് ‘എ ഹീറോ’. സെപറേഷനും ദ് സെയിൽസ്‌മാനും ശേഷം ഫർഹാദി സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് റഹിം സുൽത്താനി എന്ന യുവാവിന്റെ കഥയാണ്. കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനാകാതെ ജയിലിലായ റഹിം രണ്ടു ദിവസത്തെ പരോളിൽ പുറത്തിറങ്ങിയതാണ്. താൻ പണം തിരികെ കൊടുക്കാനുള്ള ആളെക്കൊണ്ട് എങ്ങനെയെങ്കിലും പരാതി പിന്‍വലിപ്പിക്കുകയാണു ലക്ഷ്യം. പക്ഷേ കാര്യങ്ങൾ അയാൾ കരുതിയതു പോലെയല്ല മുന്നോട്ടു പോയത്. കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയിരുന്നു ഈ ചിത്രം. 2021ലെ ഏറ്റവും മികച്ച ലോകസിനിമകളിലൊന്നായും ഇതിനെ നിരൂപകർ വാഴ്ത്തുന്നു. ഇത്തവണത്തെ ഓസ്കറിൽ മികച്ച വിദേശഭാഷാ ചിത്രത്തിന് ഇറാനിൽനിന്നുള്ള എൻട്രിയും ‘എ ഹീറോ’യാണ്.
2) ടാബു | Tabu (2012) | | Portugal
(1 മണിക്കൂർ 58 മിനിറ്റ്)
ശ്രീപത്മനാഭ: വൈകിട്ട് 3.15 (രണ്ടു പ്രദർശനങ്ങളാണ് മേളയിലുള്ളത്. അതിൽ ആദ്യത്തേത്)
പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ഒരു പഴയ കെട്ടിടം. അറോറ താമസിക്കുന്നത് അവിടെയാണ്. വയസ്സായി അവർക്ക്. പെൻഷൻകൊണ്ടാണ് ജീവിതം. അവരുടെ വേലക്കാരി സാന്റയും അതേ അപാർട്മെന്റിലാണ്. അയൽക്കാരി പിലറുമുണ്ട്. മൂവരും നല്ല കൂട്ടാണ്. അന്ധവിശ്വാസം, ദൈവവിശ്വാസം ഇതെല്ലാമാണ് മൂവരെയും പരസ്പരം ബന്ധിപ്പിക്കുന്ന വിഷയങ്ങൾയ അറോറയാകട്ടെ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഒരിക്കൽ അവർക്ക് തീരെ വയ്യാതാകുന്നു. അറോറയുടെ ഭൂതകാലം അന്വേഷിക്കുന്ന സാന്റയും പിലറും എത്തുന്നത് ആഫ്രിക്കയിലെ മണ്ട് ടാബുവിന്റെ അടിവാരത്തിലാണ്. യുവതിയായിരിക്കെ അവിടെയായിരുന്നു അറോറയുടെ ജീവിതം. അവൾക്കവിടെ ഒരു പ്രണയമുണ്ടായിരുന്നു, കൂട്ടിന് ഒരു മുതലയും..!
2012ൽ ബെർലിൻ മേളയിൽ ഗോൾഡൻ ബെയർ പുരസ്കാരം സ്വന്തമാക്കിയിരുന്നു ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. മിഗ്വേൽ ഗോമസിന്റെ സിനിമാറ്റിക് സ്റ്റൈലിലെ വ്യത്യസ്തത കൊണ്ടു പേരെടുത്ത ചിത്രം. ഐഎഫ്എഫ്കെയിൽ ‘ഫിലിംമേക്കർ ഇൻ ഫോക്കസ്’ വിഭാഗത്തിലാണ് മിഗ്വേലിന്റെ ചിത്രം പ്രദർശിപ്പിക്കുന്നത്.
3) ഫ്രാക്ചേഡ് | Fractured (2020) | Turkey
(1 മണിക്കൂർ 22 മിനിറ്റ്)
അജന്ത: രാവിലെ 9.45ന് (രണ്ടു പ്രദർശനങ്ങളാണ് മേളയിലുള്ളത്. അതിൽ ആദ്യത്തേത്)
ലോകത്തിലെ ഏറ്റവും സംഘർഷഭരിതമായ യുദ്ധഭൂമി ഏതാണെന്നു ചോദിച്ചാൽ അത് ഒരു വീടിന്റെ നാലു ചുവരുകൾക്കുള്ളിലാണെന്നു പറയാം. ഓരോ കുടുംബത്തിലും അത്രയേറെയാണ് പുകയുന്ന സംഘർഷങ്ങൾ. ഫിക്റെത് റെയ്ഹാന്റെ ‘ഫ്രാക്ചേഡ്’ എന്ന ചിത്രവും ഒരു കുടുംബ സംഘർഷത്തിന്റെ കഥയാണ്. യുകെയിൽ ഒരുമിച്ചു ജോലി നോക്കുകയാണ് ഫത്തീഹും അയ്ഹാനും. തുർക്കിയിലെ വീട്ടിലേക്ക് ഫത്തീഹ് പണം അയയ്ക്കുന്നത് ഇടയ്ക്കിടെ അയ്ഹാന്റെ കയ്യിൽനിന്നു കടം വാങ്ങിയാണ്. അതിനിടെ ഫത്തീഹ് തിരികെ തുർക്കിയിലേക്കു പോയി. അയ്ഹാനും തിരികെ നാട്ടിലെത്തി. ഒരു ദിവസം ഫത്തീഹിന്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു. ആ കുടുംബത്തിൽ പുകഞ്ഞുകൊണ്ടിരുന്ന സംഘർഷങ്ങളെയെല്ലാം വലിയൊരു ‘യുദ്ധ’ത്തിലേക്കു നയിക്കാൻ പോന്നതായിരുന്നു അയ്ഹാന്റെ ആ വരവ്. ഐഎഫ്എഫ്കെയിൽ ക്രിട്ടിക്സ് ചോയിസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
4) പ്രെയേഴ്സ് ഫോർ ദ് സ്റ്റോളൻ | Prayers for the Stolen (2021) | Mexico
(1 മണിക്കൂർ 50 മിനിറ്റ്)
നിശാഗന്ധി: രാത്രി 9.00ന് (മേളയിൽ ചിത്രത്തിന്റെ 2 പ്രദർശനമാണുള്ളത്. നിശാഗന്ധിയിൽ റിസർവേഷനില്ലാതെ ചിത്രം കാണാം. മേളയിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ്)
സംഘർഷഭരിതമായ ഭൂമികകളുടെ കഥ പറയുന്ന ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയയാണ് താത്തിയാ ഹ്യൂസോ എന്ന മെക്സിക്കൻ സംവിധായിക. അവരുടെ ആദ്യത്തെ ഫീച്ചർ ഫിലിമാണ് പ്രെയേഴ്സ് ഫോർ ദ് സ്റ്റോളൻ. മെക്സിക്കോയിലെ ഒരു വിദൂര ഗ്രാമത്തിലെ ജനം പേടിയോടെ മാത്രം ഓർക്കുന്ന ഒരു കൂട്ടരുണ്ട്. ലഹരി കടത്തുകാരും മനുഷ്യക്കടത്തുകാരും. രാത്രികളിൽ ഗ്രാമത്തിലേക്ക് ഇരച്ചെത്തുന്ന അവരുടെ വാഹനങ്ങളുടെ ശബ്ദത്തെപ്പറ്റിയുള്ള ഓർമ പോലും അവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. സംഘർഷങ്ങളും യുദ്ധങ്ങളും തകർത്ത യഥാർഥ പ്രദേശങ്ങളിലെ ഡോക്യുമെന്ററി അനുഭവങ്ങളിൽനിന്നാണ് താത്തിയാന സിനിമയ്ക്കു വേണ്ടിയുള്ള സാങ്കൽപിക ഗ്രാമത്തെ സൃഷ്ടിച്ചത്, അവിടത്തെ മൂന്നു പെൺകുട്ടികളെയും.
മൂവരും യൗവനത്തിലേക്കു കാലെടുത്തു വയ്ക്കുന്ന പ്രായം. അവരിലൂടെ ഗ്രാമത്തിന്റെ കഥ പറയുകയാണ് ചിത്രം. ഭരണകൂടവും മാഫിയയും തമ്മിലുള്ള പോരാട്ടം, മനുഷ്യാവകാശ ലംഘനങ്ങൾ, ലഹരിക്കച്ചവടം, സെക്സ് ട്രാഫിക്കിങ് ഇതെല്ലാം ചിത്രത്തിൽ വിഷയമാകുന്നു. ആയിരക്കണക്കിനു പേരെയാണ് നിന്നനിൽപിൽ കാണാതാകുന്നത്. പൊലീസാകട്ടെ എല്ലാറ്റിനും നേരെ കണ്ണടച്ചു. ആരും രക്ഷിക്കാനില്ലാത്ത ജനങ്ങളുടെ, സ്വപ്നങ്ങൾ തട്ടിയെടുക്കപ്പെട്ടവരുടെ പ്രാർഥനകൾ മുഴങ്ങിക്കേൾക്കും ചിത്രം നിറയെ. കാൻ ചലച്ചിത്ര മേളയിൽ ‘Un Certain Regard’ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയിരുന്നു ചിത്രം. ഇത്തവണത്തെ ഓസ്കറിൽ മികച്ച വിദേശഭാഷാ ചിത്രത്തിന് മെക്സിക്കോയിൽനിന്നുള്ള എൻട്രിയും ‘പ്രെയേഴ്സ് ഫോർ ദ് സ്റ്റോളൻ’ ആണ്.
IFFK 2022 Must Watch Movies Synopsis in Malayalam, Trailers, IFFK Movie Stills, IFFK 2022, iffk 2022, iffk registration, iffk 2022 films, iffk in, iffk reservation, iffk must watch movies, iffk schedule download, iffk registration 2022, iffk 2022 inauguration, iffk first day movies, iffk booking, Bina Paul Suggests IFFK Movies, IFFK Must Watch films 2022, A Hero, Prayers from the Stolen, Fractured Turkey Movie, Tabu Movie Portugal
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ