ടിറ്റെയ്ൻ സിനിമയുടെ പോസ്റ്റർ |
ഐഎഫ്എഫ്കെയിൽ ഉറപ്പായും കാണേണ്ടതെന്നു നിരൂപകർ നിർദേശിക്കുന്ന രണ്ട് പെൺ ചിത്രങ്ങളുണ്ട്. അവയിലൊന്നിന്റെ അവസാന പ്രദർശനമാണ് മാർച്ച് 23ന്. രണ്ടാമത്തെ പടം ഇന്നും നാളെയും പ്രദർശനമുണ്ട്. ഈ രണ്ടു ചിത്രങ്ങളുടെ സംവിധായകരും ഐഎഫ്എഫ്കെ ചലച്ചിത്ര പ്രേമികൾക്ക് പരിചിതർ. ലോക സിനിമാ പ്രേക്ഷകർക്കിടയിലും ഇതിനോടകം പേരെടുത്തു കഴിഞ്ഞു അവർ. ഏതെല്ലാമാണ് ആ ചിത്രങ്ങൾ?
ഏതു തിയേറ്ററിൽ, എത്ര മണിക്കു കാണാം?
1) പെറ്റിറ്റ് മമൻ | Petite Maman (2021) | France | 1 മണിക്കൂർ12 മിനിറ്റ്
(മാർച്ച് 23ന് അജന്ത തിയേറ്ററിൽ ഉച്ചയ്ക്ക് 12.30ന് അവസാന പ്രദർശനം)
ടൈം ലൂപ്, ടൈം ട്രാവൽ ഇതൊന്നും മലയാളികൾക്കു പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ഒരു കാലത്ത് സയൻസ് ഫിക്‌ഷൻ സിനിമകളുടെ മാത്രം തീം ആയിരുന്ന ഇവ ഇന്ന് പ്രാദേശിക കഥകളിൽ വരെ നിർണായക സാന്നിധ്യമാകുന്നു. അപ്പോഴും ഇത്തരം സിനിമകളിൽ ഒരു ‘സയൻസ് എലമെന്റ്’ നമുക്കു കാണാം. അതെല്ലാം മാറ്റി നിർത്തി, തികച്ചും വ്യക്തിപരമായി ടൈം ട്രാവൽ എന്ന കൺസെപ്റ്റിനെ തന്റെ സിനിമയിലേക്ക് സ്വീകരിച്ചിരിക്കുകയാണ് സെലിൻ സിയാമ എന്ന സംവിധായിക, തന്റെ ‘പെറ്റിറ്റ് മമൻ’ എന്ന ഏറ്റവും പുതിയ ചിത്രത്തിൽ.
രണ്ടു വർഷം മുൻപ്, ഐഎഫ്എഫ്കെയിലെ പ്രേക്ഷകമനസ്സുകളെ തീ പിടിപ്പിച്ച ‘പോർട്രെയ്റ്റ് ഓഫ് എ ലേഡി ഓൺ ഫയർ’ എന്ന ചിത്രം സിനിമാപ്രേമികളൊന്നും അത്ര പെട്ടെന്നു മറക്കാനിടയില്ല. ആ ചിത്രത്തിന്റെ സംവിധായികയാണ് സെലിൻ. പെറ്റിറ്റ് മമൻ (2021) എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ആദ്യ പ്രദർശനം ബെർലിൻ രാജ്യാന്തര മേളയിലായിരുന്നു. രാജ്യാന്തര തലത്തിൽത്തന്നെ ഇതിനോടകം ചിത്രം പേരെടുത്തു കഴിഞ്ഞു. പല നിരൂപകരും ചിത്രത്തിനു നൽകിയിരിക്കുന്നത് പത്തിൽ പത്തു സ്റ്റാർ. IMDB റേറ്റിങ് പത്തിൽ 7.4.
അമ്മൂമ്മയുടെ മരണത്തെത്തുടർന്ന് അവരുടെ വീട്ടിലെത്തിയതാണ് നെല്ലി എന്ന എട്ടു വയസ്സുകാരി. അമ്മയും അച്ഛനും കൂടി വീടെല്ലാം വൃത്തിയാക്കുന്ന തിരക്കിലാണ്. അതിനിടെ അവൾ സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലേക്കൊന്നു നടന്നു. അവിടെ അവളുടെ അതേപ്രായത്തിലൊരു പെൺകുട്ടി ഒരു ചെറിയ മരവീടുണ്ടാക്കുന്നുണ്ടായിരുന്നു. ഇരുവരും പരിചയപ്പെട്ടു. മാരിയോൺ എന്നായിരുന്നു അവളുടെ പേര്. അവളുമായി പതിയെപ്പതിയെ അടുത്തു കഴിഞ്ഞപ്പോഴായിരുന്നു താൻ എത്തിപ്പട്ട സ്ഥലം എത്രത്തോളം അമ്പരപ്പിക്കുന്നതാണെന്നു മനസ്സിലായത്. അവളുടെ മുന്നിലിരിക്കുന്ന മാരിയോണും അവളെ ഞെട്ടിച്ചു കളഞ്ഞു. എന്താണ് മാരിയോൺ ഒളിച്ചു വച്ചിരിക്കുന്ന രഹസ്യം. ആ കഥയാണ് പെറ്റിറ്റ് മമൻ പറയുന്നത്.
ചിത്രത്തിലെ രണ്ട് ബാലതാരങ്ങളുടെ അഭിനയംതന്നെ മതി മനസ്സു നിറയ്ക്കാൻ.
(ചിത്രം MUBI ഒടിടി പ്ലാറ്റ്ഫോമിലും സബ്‌സ്ക്രൈബ് ചെയ്തു കാണാം)
ടിറ്റെയ്ൻ സിനിമയിലെ രംഗം |
2) ടിറ്റെയ്ൻ | Titane | French | 1 മണിക്കൂർ 48 മിനിറ്റ് `
(നിശാഗന്ധിയിൽ മാർച്ച് 23ന് രാത്രി 8.30ന് ആദ്യ പ്രദർശനം. റിസർവേഷനില്ല. മാർച്ച് 24ന് അജന്തയിൽ ഇച്ചയ്ക്ക് 12.15ന് അവസാന പ്രദർശനം)
ജൂലിയാൻ ഡ്യുകോർണോയെ അത്ര പെട്ടെന്നൊന്നും സിനിമാ പ്രേമികൾക്കു മറക്കാനാകില്ല. 2016ൽ ആദ്യ ചിത്രമായ ‘റോ’യിലൂടെ നരഭോജിക്കഥ പറഞ്ഞ സംവിധായികയാണ്. മെഡിക്കൽ കോളജ് പഠനത്തിനിടെ മുയൽ മാംസം കഴിക്കേണ്ടി വരുന്ന വെജിറ്റേറിയൻ പെൺകുട്ടി പിന്നീട് മാംസദാഹിയായി മാറുന്നതാണ് ചിത്രം. അവളുടെ കുടുംബത്തിന്റെ വേരുകളിലായിരുന്നു അതിന്റെ രഹസ്യം.
നായികാ കഥാപാത്രങ്ങൾക്കു ‘അതിക്രൂരമാംവിധം’ പ്രാധാന്യം നൽകുന്ന സിനിമാ രീതി തന്റെ പുതിയ ചിത്രമായ ‘ടിറ്റെയ്നി’ലും ജൂലിയാൻ പരീക്ഷിക്കുന്നുണ്ട്.
കാൻ മേളയിൽ പാം ദി ഓർ നേടിയ ഈ ചിത്രം ഹൊറർ–ത്രില്ലർ സിനിമയാണ്. കാൻ മേളയുടെ ചരിത്രത്തിലാദ്യമായാണ് ഒറ്റയ്ക്കൊരു വനിതയ്ക്ക് പാം ദി ഓർ ലഭിക്കുന്നത്. ‘കാറിനെ ബലാത്സംഗം ചെയ്യുന്നവളുടെ കഥ’യെന്നു പലരും കളിയാക്കിയെങ്കിലും ചിത്രം കണ്ട് പലരും അന്തംവിട്ട അവസ്ഥയായിരുന്നു. ദൃശ്യങ്ങളാലും ശബ്ദങ്ങളാലും അഭിനേതാക്കളുടെ മികവിനാലും അമ്പരപ്പിക്കുന്ന ചിത്രം.
ഒരു അപകടത്തിനു ശേഷം തലയ്ക്കു പിന്നിൽ മാരക മുറിവേറ്റിരുന്നു അലക്‌സിയയ്ക്ക്. എന്നാൽ മുതിർന്നു കഴിഞ്ഞപ്പോൾ അതിവിചിത്രമായ അവസ്ഥകളാണ് അവളെ കാത്തിരുന്നത്. കാറുമായി സെക്സിലേർപ്പെടുക, മറ്റുള്ളവരെ കൊലപ്പെടുത്തുക, അക്രമത്തിലേർപ്പെടുക... ദയയെന്ന വാക്കു പോലും അറിയാത്ത വിധമാണ് അവളുടെ പെരുമാറ്റം. മനുഷ്യമനസ്സിനെ യന്ത്രങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കാലത്തെപ്പറ്റിയുള്ള മുന്നറിയിപ്പും തരും ഈ ചിത്രം. അലക്സിയയെന്ന സീരിയർ കൊലയാളിയുടെ വ്യത്യസ്തതയാർന്ന കഥ!
MUBI ഒടിടി പ്ലാറ്റ്ഫോമിലും സബ്‌സ്ക്രൈബ് ചെയ്തു ചിത്രം കാണാം.
IFFK, iffk venue, iffk full form, iffk registration, iffk date, iffk film list, iffk latest news, iffk must watch movies, iffk bina paul, iffk women movies, titane in kerala, petite mamman, women movies in iffk, iffk reservation status, iffk movie reviews, iffk schedule, iffk updates, IFFK Movies 2022 Must Watch
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ