ഐഎഫ്എഫ്കെയിൽ ആദ്യം ഏതു സിനിമ കാണും? അറിയേണ്ടതെല്ലാം | മലയാളം സിനോപ്‍സിസ്, ട്രെയിലർ, മൂവി റേറ്റിങ്, റിവ്യൂ | IFFK 2022 Movies | Synopsis | Trailers | Review



കേരളത്തിന്റെ ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിവസമായ മാർച്ച് 18ന് നാലു തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത് 12 ചിത്രങ്ങൾ. ഇതിൽ 11ഉം ലോകസിനിമാ വിഭാഗത്തിൽപ്പെട്ടതാണ്. ഒരെണ്ണം ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽപ്പെട്ടതും. മേളയുടെ ആദ്യ ദിവസത്തെ ആദ്യ ഷോയിൽ ഉൾപ്പെട്ട നാലു ലോക സിനിമകളെ പരിചയപ്പെടാം.

1) ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ | 1 മണിക്കൂർ 46 മിനിറ്റ് | The Employer and the Employee 2021

(ഉറുഗ്വേ, അർജന്റീന, ബ്രസീൽ, ഫ്രാൻസ്)

സംവിധാനം: മനോലോ നീറ്റോ

കാർലോസിനും എസ്റ്റെഫാനിക്കും ഒരു പെൺകുട്ടിയാണ്. റോഡ്രിഗോയ്ക്കും ഫെഡെറിക്കയ്ക്കും ഒരു ആൺകുഞ്ഞും. റോഡ്രിഗോയുടെ ജോലിക്കാരനാണ് കാർലോസ്. കൃഷിയിടത്തിലാണു പണി. ഒരു ലാറ്റിനമേരിക്കന്‍ കുടുംബത്തിലെ യജമാനനും ജോലിക്കാരനും തമ്മിലുള്ള ബന്ധമാണ് ഇരുവരും തമ്മിൽ. റോഡ്രിഗോയ്ക്ക് തന്റെ ഇപ്പോഴത്തെ ജീവിതം തീരെ ഇഷ്ടപ്പെട്ടിട്ടില്ല. അയാൾ കുറച്ചുകൂടെ ആധുനിക ജീവിതം ആഗ്രഹിക്കുന്നയാളാണ്. എന്നാൽ കാർലോസിന് സ്വന്തം കുഞ്ഞാണ് എല്ലാം. ഒരു അപകടത്തിൽ ആ കുട്ടി മരിക്കുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. യജമാനൻ–തൊഴിലാളി ബന്ധത്തേക്കാൾ പാവപ്പെട്ടവും ധനികനും തമ്മിലുള്ള ചിന്താഗതിയുടെ ഏറ്റുമുട്ടൽ നമുക്ക് ചിത്രത്തിൽ കാണാം. യൂറോപ്യനായ വ്യക്തിയും ലാറ്റിനമേരിക്കക്കാരനും തമ്മിലും പഠിപ്പുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വേർതിരിവും ചിത്രം മുന്നോട്ടു വയ്ക്കുന്നു. അത്തരമൊരു ബന്ധത്തെ ആസ്പദമാക്കിയാണ് മനോലോ തന്റെ മൂന്നാമത്തെ ചിത്രമായ ‘ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ’ ഒരുക്കിയിരിക്കുന്നത്. 

ഐഎംഡിബി റേറ്റിങ്: 6.7/10

ചിത്രത്തിന്റെ മൂന്നു പ്രദർശനങ്ങളാണ് ഐഎഫ്എഫ്കെയിലുണ്ടാവുക. ആദ്യ പ്രദർശനം കൈരളി തിയേറ്ററിൽ മാർച്ച് 18നു രാവിലെ 10ന്.

(ഇവിടെ ക്ലിക്ക് ചെയ്ത് ഇംഗ്ലിഷ് നിരൂപണം വായിക്കാം)

2) വെതർ ദ് വെതർ ഈസ് ഫൈൻ | 1 മണിക്കൂർ 44 മിനിറ്റ് | Whether the Weather is Fine 2021

(ഫിലിപ്പീൻസ്)

സംവിധാനം: കാർലോ ഫ്രാന്‍സിസ്കോ

സറ്റൈറിക്കൽ, സർ റിയൽ എലമെന്റ്സ് ചേർന്ന ഫിലിപ്പീൻസ് ചിത്രം–അതിൽനിന്നു തന്നെ വ്യക്തം ഇത് എല്ലാ തരം പ്രേക്ഷകരുടെയും ‘കപ് ഓഫ് ടീ’ അല്ല എന്നുള്ള കാര്യം. കാർലോ ഫ്രാൻസിസ്കോയുടെ കന്നിച്ചിത്രമായ ഇതിനെ ‘ഡിസാസ്റ്റർ മൂവി’യായാണു ലേബൽ ചെയ്തിരിക്കുന്നത്. 2013ൽ ഫിലിപ്പീന്‍സിൽ ആഞ്ഞടിച്ച ഹയ്യാൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ. തീരദേശമായ ടാക്ലോബാൻ കാറ്റിൽ തകർന്നടിഞ്ഞു. കഴിക്കാൻ ഭക്ഷണം പോലുമില്ല. അഭയാർഥി കേന്ദ്രങ്ങളെല്ലാം നിറഞ്ഞു കവിഞ്ഞു. എവിടെയും പരുക്കേറ്റവരുടെ കരച്ചിൽ മാത്രം. ആശയക്കുഴപ്പവും സങ്കടവും ആശങ്കയും നിറഞ്ഞ അന്തരീക്ഷം. സ്വന്തം തീരം വിട്ട്, തലസ്ഥാനമായ മനിലയിലേക്കു പോകാൻ പലരും ആഗ്രഹിച്ചു. മിഗ്വേൽ, അവന്റെ അമ്മ, കൂട്ടുകാരി ആൻഡ്രിയ എന്നിവർക്കു മുന്നിലും പലായനം ചെയ്യണോയെന്ന വലിയ ചോദ്യം ബാക്കിയാണ്. അതിനിടയിലാണ് അടുത്ത ചുഴലിക്കാറ്റ് വരുന്നെന്ന മുന്നറിയിപ്പെത്തിയത്. മനിലയ്ക്കു പുറപ്പെടാൻ ഒരു കപ്പൽ തയാറായി നിൽപ്പുണ്ട്. മൂവരും അതിൽ കയറുമോ? അത്രയെളുപ്പമാണോ അവർക്ക് പിറന്ന മണ്ണ് വിട്ടു പോകൽ? ആ ചോദ്യത്തിന്റെ ഉത്തരമാണ് ‘വെതർ ദ് വെഥർ ഈ ഫൈൻ’. ഫിലിപ്പീൻസിലെ പ്രാദേശിക ഭാഷയായ വാറായ്–വാറായ്‌യിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഐഎംഡിബി റേറ്റിങ്: 7.1/10

ചിത്രത്തിന്റെ മൂന്നു പ്രദർശനങ്ങളാണ് ഐഎഫ്എഫ്കെയിലുണ്ടാവുക. ആദ്യ പ്രദർശനം ശ്രീ തിയേറ്ററിൽ മാർച്ച് 18നു രാവിലെ 10.15ന്.

(ഇവിടെ ക്ലിക്ക് ചെയ്ത് ഇംഗ്ലിഷ് നിരൂപണം വായിക്കാം)

3) 107 മദേഴ്സ് | 1 മണിക്കൂർ 33 മിനിറ്റ് | 107 Mothers 2021

(സ്ലോവാക്യ, ചെക്ക് റിപബ്ലിക്, ഉക്രെയ്ൻ)

സംവിധാനം: പീറ്റർ കേരക്കെസ്


യുക്രെയ്നിനു നേരെ റഷ്യൻ മിസൈലുകൾ പായുന്ന ഈ യുദ്ധ കാലത്ത് റഷ്യൻ ഭാഷ സംസാരിക്കുന്ന ഒരു സ്ലൊവാക്യൻ ചിത്രം. യുക്രെയ്നിലെ ജയിലുകളിലെ അമ്മമാരുടെ കഥയാണ് 107 മദേഴ്സ് പറയുന്നത്. ജയിലിൽ അമ്മമാർക്ക് അവരുടെ കുഞ്ഞുങ്ങൾക്കൊപ്പം മൂന്നു വയസ്സാകുന്നതു വരെയേ കഴിയാനാവുകയുള്ളൂ. അതിനു ശേഷം അവരെ പുതിയൊരു രക്ഷിതാവിനെ ഏൽപിക്കും, അല്ലെങ്കിൽ അനാഥാലയത്തിലേക്കു മാറ്റും. ചെയ്ത കുറ്റത്തിനുള്ള ശിക്ഷയെന്ന പോലെ സ്വന്തം കുഞ്ഞിനെ ആലോചിച്ച് നീറിക്കഴിയാനാണ് അമ്മമാരുടെ വിധി. യുക്രെയ്നിലെ ഒഡേസ്സയിലെ ജയിലുകളിലൊന്നിലെ അമ്മമാരുടെ കഥയാണ് പീറ്റർ പറയുന്നത്. ഡോക്യുഫിക്‌ഷൻ രീതിയിൽ പറയുന്ന ചിത്രം യാഥാർഥ്യത്തിന്റെ നേർക്കാഴ്ചയാണെന്നു തന്നെ പറയാം. കഥയിൽ പറയും പോലെ മൊത്തം ട്രാജഡിയല്ല സിനിമ, കാഴ്ചക്കാരന്റെ മനസ്സിനെ നേർപ്പിക്കുന്നതാണു പല രംഗങ്ങളും. മികച്ച വിദേശഭാഷാ ചിത്രത്തിന് സ്ലോവാക്യയുടെ ഓസ്കറിലേക്കുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു 107 മദേഴ്സ്. യുക്രെയ്ൻ യുദ്ധം ചർച്ചയാകുന്ന കാലത്ത് തീർച്ചയായും കാണേണ്ട ചിത്രം.

ഐഎംഡിബി റേറ്റിങ്: 7/10

ചിത്രത്തിന്റെ രണ്ടു പ്രദർശനങ്ങളാണ് ഐഎഫ്എഫ്കെയിലുണ്ടാവുക. ആദ്യ പ്രദർശനം കലാഭവൻ തിയേറ്ററിൽ മാർച്ച് 18നു രാവിലെ 10.15ന്.

(ഇവിടെ ക്ലിക്ക് ചെയ്ത് ഇംഗ്ലിഷ് നിരൂപണം വായിക്കാം)

4) ലാംബ് | 1 മണിക്കൂർ 46 മിനിറ്റ്‌ | Lamb 2021

(ഐസ്‌ലൻഡ്, സ്വീഡൻ, പോളണ്ട്)

സംവിധാനം:  വാൾഡിമാർ ജൊഹാൻസൻ

ഐസ്‌ലൻഡിലെ കർഷക ദമ്പതികളായ മരിയയുടെയും ഇൻഗ്‌വാറിന്റെയും ചെമ്മരിയാടുകളിലൊന്ന് പ്രസവിച്ചപ്പോൾ  കുട്ടി പാതി മനുഷ്യനും പാതി ആടും ചേർന്നതായിരുന്നു. ശരീരത്തിലേറെയും മനുഷ്യന്റേതും മുഖവും വലതു കയ്യും മാത്രം ആടിന്റേതുമായ കുട്ടി. അതിനെ ആ ദമ്പതികൾ എടുത്തു വളർത്തി, സ്വന്തം കുഞ്ഞിനെപ്പോലെ നോക്കി. അഡ എന്നു പേരിട്ടു. മരിയയുടെ നേരത്തേ മരിച്ചു പോയ മകളുടെ പേരായിരുന്നു അത്. അഡയുടെ യഥാർഥ അമ്മയായ ചെമ്മരിയാട് ഇടയ്ക്കിടെ സ്വന്തം കുഞ്ഞിനെ തേടി അവർക്കു പിന്നാലെ വരും. ഒടുവിൽ അതിനെ മരിയ കൊലപ്പെടുത്തി കുഴിച്ചിട്ടു. അതിനിടെ ഇൻഗ്‌വാറിന്റെ സഹോദരന്‍ അവർക്കൊപ്പം താമസിക്കാനെത്തി. മരിയയോടു നേരത്തേ മുതൽ താൽപര്യമുണ്ട് അയാൾക്ക്. അവളുടെ ചില രഹസ്യങ്ങൾ അറിയാമായിരുന്ന അയാൾ ലൈംഗിക ബന്ധത്തിനും നിർബന്ധിക്കുന്നുണ്ട്. അതിനിടെ അഡയെ തേടി യഥാർഥ അവകാശിയെത്തുന്നു. ഭയപ്പെടുത്തുന്ന കാഴ്ചകളും സിനിമാറ്റിക് അനുഭവങ്ങളുമാണ് പിന്നീടങ്ങോട്ട്. പ്രകൃതിയെ വെല്ലുവിളിക്കുന്ന മനുഷ്യന്റെ ജീവിതാനുഭവങ്ങളുടെ പേടിപ്പിക്കുന്ന ദൃശ്യാവിഷ്കാരമാണ് ചിത്രം. വാൾഡിമാർ ജൊഹാൻസനിന്റെ കന്നിച്ചിത്രമാണ് ‘ലാംബ്’. ഫോക്ക‌്‌ലോർ ഹൊറർ വിഭാഗത്തിൽ ഉൾപ്പെട്ട ഈ ചിത്രം ഐസ്‌ലൻഡിന്റെ ഈ വർഷത്തെ, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ നോമിനേഷൻ കൂടിയായിരുന്നു. MUBI ഒടിടി പ്ലാറ്റ്‌ഫോമിലും ലഭ്യമാണ് ഈ സിനിമ. കാണാൻ ക്ലിക്ക് ചെയ്യുക: https://mubi.com/films/lamb-2020

ഐഎംഡിബി റേറ്റിങ്: 6.3/10

ചിത്രത്തിന്റെ രണ്ടു പ്രദർശനങ്ങളാണ് ഐഎഫ്എഫ്കെയിലുണ്ടാവുക. ആദ്യ പ്രദർശനം ടാഗോർ തിയേറ്ററിൽ മാർച്ച് 18നു രാവിലെ 10.00ന്.

(ഇവിടെ ക്ലിക്ക് ചെയ്ത് ഇംഗ്ലിഷ് നിരൂപണം വായിക്കാം)


IFFK 2022 Must Watch Movies Synopsis in Malayalam, Trailers, IFFK Movie Stills, IFFK 2022, iffk 2022, iffk registration, iffk 2022 films, iffk in, iffk reservation, iffk must-watch movies, iffk schedule download, iffk registration 2022, iffk 2022 inauguration, iffk first day movies, iffk booking

അഭിപ്രായങ്ങള്‍