എന്തുകൊണ്ട് IFFK ഓപ്പണിങ് ഫിലിം ‘രെഹാന’ ഒരു മസ്റ്റ് വാച്ച് ആണ്? | IFFK Opening Film Rehana Maryam Noor | Preview


‘റോണി, ഇനിയും എന്റെ മോളെ സ്കൂളിനു മുന്നിൽ ഒറ്റയ്ക്കു നിർത്തിച്ച് കരയിപ്പിക്കാനാണ് നിന്റെ പരിപാടിയെങ്കിൽ നീ ശരിക്കും വലിയ പ്രശ്നത്തിലേക്കാണു വന്നു വീഴുന്നതെന്ന് ഓർത്തോളൂ..’ ഭീഷണിയുടെ ശബ്ദത്തിൽ രെഹാന അതു പറഞ്ഞത് സ്വന്തം സഹോദരനോടാണ്. അവളുടെ ഭാഷയിൽ പറഞ്ഞാൽ യാതൊരു ഉത്തരവാദിത്തബോധവുമില്ലാത്ത സഹോദരനോട്. തന്റെ പ്രിയപ്പെട്ടവർക്ക് സങ്കടം വരുന്ന എന്തെങ്കിലും സംഭവിച്ചാൽ വെറുതെ വിടുകയില്ല രെഹാന. ധാക്കയിലെ ഒരു മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണവൾ. കുട്ടികൾക്കോ സഹപ്രവർത്തകർക്കോ ഒന്നും അത്ര കാര്യമായ അടുപ്പമില്ല. അവളുടെ മുരടൻ സ്വഭാവം തന്നെ കാരണം. 

എന്നാൽ പ്രൊഫ. അർഫിനെ സ്കൂളിലുള്ള എല്ലാവർക്കും ഇഷ്ടമാണ്. അയാളുടേത് എല്ലാവരും ഇഷ്ടപ്പെടുന്ന ‘നല്ല’ പെരുമാറ്റവും. പക്ഷേ ഒരിക്കൽ രെഹാന അയാളുടെ യഥാർഥ സ്വഭാവം തിരിച്ചറിയുന്നു. കോളജിലെ ആനി എന്ന പെൺകുട്ടിയെ അയാൾ ലൈംഗികപീഡനത്തിനു വിധേയയാക്കുന്നത് അവൾ നേരിട്ടു കാണുന്നു. നേരത്തേ മിമി എന്ന കൂട്ടുകാരിക്കു വേണ്ടി പരീക്ഷയ്ക്കിടെ രെഹാനയോടു വാദിച്ചിട്ടുണ്ട് ആനി. മിമിയുടെ കോപ്പിയടി രെഹാന കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അത്. എന്നാൽ ആനി കുടുങ്ങിയിരിക്കുന്നത് വലിയൊരു പ്രതിസന്ധിയിലാണെന്നറിഞ്ഞപ്പോൾ അവളരെ സഹായിക്കാനാണ് രെഹാന ശ്രമിച്ചത്. ആനിയുടെ മറുപടി  പക്ഷേ ഞെട്ടിക്കുന്നതായിരുന്നു– പീഡനവിവരം പുറത്ത് ആരെങ്കിലും അറിഞ്ഞാൽ കെട്ടിടത്തിനു മുകളിൽനിന്നു താൻ ചാടി ജീവനൊടുക്കുമെന്നായിരുന്നു അവൾ പറഞ്ഞത്.

കാരണം അതോടെ അവളുടെ മെഡിക്കൽ പഠനം അവസാനിക്കും. ജീവിതം തന്നെ അവസാനിക്കും. പ്രൊഫസർ അർഫിൻ പീഡിപ്പിച്ചെന്നു പറഞ്ഞാൽ ഒരാളും വിശ്വസിക്കുക പോലുമില്ല. പക്ഷേ, ഇതൊന്നും രെഹാന കേൾക്കുന്നില്ല, ആനിക്ക് നീതി നേടിക്കൊടുക്കേണ്ടത് അവളുടെ ആവശ്യമാണ്. അതിനായി ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് അവൾ ചെയ്യുന്നത്. അതോടെ ഒരു ത്രില്ലർ സ്വഭാവത്തിലേക്കു ചിത്രം മാറുന്നു. ഡാർക്ക് ടോണിലാണ് സംവിധായകൻ അബ്ദുല്ല മുഹമ്മദ് സാദ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കാഴ്ചകളും സംഭാഷണങ്ങളും ശബ്ദവിന്യാസവും പോലും പല രീതിയിൽ പ്രേക്ഷകന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കും. 

ഇരയ്ക്കു പോലും പരാതിയില്ലാഞ്ഞിട്ടും എന്തുകൊണ്ടാണ് രെഹാന നീതിക്കു വേണ്ടി പോരാടുന്നതെന്ന സംശയം ചിത്രത്തിന്റെ തുടക്കം മുതൽ പ്രേക്ഷകർക്കുണ്ടാകും. പക്ഷേ വിവാഹമോചിതയായ ഒരമ്മയായി, മകളായി, സഹോദരിയായി, അധ്യാപികയായി എല്ലാമുള്ള രെഹാനയുടെ ജീവിത പോരാട്ടം തന്നെ അതിന് ഉത്തരം നൽകും. ആനിയുടെ പ്രശ്നത്തിനൊപ്പം തന്നെ സ്വന്തം മകളുമായി ബന്ധപ്പെട്ട സ്കൂളിലെ പ്രശ്നത്തിലും രെഹാനയ്ക്ക് ഇടപെടേണ്ടി വരുന്നുണ്ട്. പലപ്പോഴും ഇതു രണ്ടും തമ്മിലുള്ള പോരാട്ടം സൃഷ്ടിക്കുന്ന മാനസിക സംഘർഷം അവളെ വല്ലാതെ വേട്ടയാടുന്നു. 

ഇരയെ നിശബ്ദയാക്കാൻ വേണ്ടി വേട്ടക്കാരനും സമൂഹവും പല വിധ സമ്മർദങ്ങളുമായി ചുറ്റിലും നിറയുന്ന കാഴ്ചകൾ കാണുന്ന ഇക്കാലത്ത് രെഹാനയെന്ന ചിത്രം വലിയൊരു ഓർമപ്പെടുത്തലാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ Un Certain Regard വിഭാഗത്തിൽ ആദ്യമായി പ്രദർശിപ്പിച്ച ബംഗ്ലദേശ് ചിത്രമാണ് ‘രെഹാന മരിയം നൂർ’. ഇത്തവണ ഓസ്കറിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ബംഗ്ലദേശിന്റെ ഔദ്യോഗിക എൻട്രിയുമാണു ചിത്രം. ഇരവാദങ്ങൾ അടിച്ചമർത്തപ്പെടുന്ന ഇക്കാലത്ത്, പോരാട്ടങ്ങളുടെ നേർത്ത ശബ്ദത്തിനു പോലും ഒരു തീപ്പൊരിയുടെ വീര്യമുണ്ട്. ആ വീര്യമറിയുന്നതിന് തീർച്ചയായും കാണണം ഐഎഫ്എഫ്കെയിലെ ഈ ഉദ്ഘാടന ചിത്രം. യുട്യൂബിലും ഈ ചിത്രം അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അനധികൃതമായാണ് അപ്‌ലോ‌ഡിങ്. 

ദൈർഘ്യം: 1 മണിക്കൂർ 47 മിനിറ്റ്.

IMDB Rating: 7.6/10

(ഐഎഫ്എഫ്കെയിൽ ചിത്രത്തിന്റെ മൂന്നു പ്രദർശനമുണ്ട്. ആദ്യ പ്രദർശനം നിശാഗന്ധിയിൽ മാർച്ച് 18നു വൈകിട്ട് 5.30ന്)

അഭിപ്രായങ്ങള്‍