‘നിങ്ങളോട് കേസ് അന്വേഷിക്കാനാണ് പറഞ്ഞത്. എന്‍കൗണ്ടര്‍ നടത്താനല്ല...’
‘നിങ്ങള്‍ കൊന്നത് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെയല്ല, ഓഖ്‌ല യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെയാണ്...’
‘ഇന്‍സ്‌പെക്ടര്‍ കിഷോര്‍ കുമാറിനെ കൊന്നത് ഭീകരരല്ല, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചേരിപ്പോരാട്ടത്തിന്റെ ഇരയാണ് അദ്ദേഹം...’
ഇന്ത്യയിലെ ഏറ്റവും വിവാദപരമായ എന്‍കൗണ്ടര്‍ കേസ് എന്ന വിശേഷണത്തോടെ ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത ബട്‌ല ഹൗസ് എന്ന ചിത്രത്തിലെ ഡയലോഗുകളാണിവ. എല്ലാം തന്നെ കേള്‍ക്കേണ്ടി വന്നത് ഡിസിപി സഞ്ജീവ് കുമാറിനും അദ്ദേഹത്തോടൊപ്പം ഏറ്റുമുട്ടലിനുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും. അദ്ദേഹം ചെയ്ത ഒരേയൊരു തെറ്റ് ഡല്‍ഹിയിലെ തുടര്‍ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരെ പിടികൂടാന്‍ ശ്രമിച്ചുവെന്നതായിരുന്നു.
2008 സെപ്റ്റംബര്‍ 19നാണ് ഓപറേഷന്‍ ബട്‌ല ഹൗസ് എന്ന പേരില്‍ കുപ്രസിദ്ധമായ ഏറ്റുമുട്ടലുണ്ടാകുന്നത്. അതിനും ഏതാനും ദിവസം മുന്‍പായിരുന്നു ഡല്‍ഹിയെ വിറപ്പിച്ച തുടർബോംബ് സ്‌ഫോടനങ്ങൾ. ലഷ്‌കറെ തയിബയുടെ ഭാഗമായ ഇന്ത്യന്‍ മുജാഹിദീനാണ് അതിനു പിന്നിലെന്നും തെളിവുകള്‍ ലഭിച്ചു. ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ ആണ് കേസ് അന്വേഷിച്ചത്. അതിനിടെ ഡല്‍ഹിയിലെ ജാമിയ നഗറില്‍ പൊലീസ് അന്വേഷിക്കുന്ന ഭീകരരില്‍ ഒരാളുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. കെട്ടിട നമ്പര്‍ എല്‍-18ലായിരുന്നു സംശയസാപ്ദമായ സാഹചര്യത്തില്‍ ചിലരുണ്ടെന്ന തെളിവ് ലഭിച്ചത്. അവിടേക്കെത്തിയ പൊലീസിനെ പക്ഷേ കാത്തിരുന്നത് പിസ്റ്റളുകളില്‍ നിന്നും എകെ 47ല്‍ നിന്നുമുള്ള വെടിയുണ്ടകളായിരുന്നു.
യഥാര്‍ഥ സംഭവത്തില്‍ ഡല്‍ഹി പൊലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ മോഹന്‍ചന്ദ് ശര്‍മ വീരമൃത്യു വരിക്കുകയായിരുന്നു. ബട്‌ല ഹൗസ് സിനിമയില്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് കെകെ എന്നറിയപ്പെടുന്ന കിഷോര്‍ കുമാറാണ്. ഇന്നും ലോകത്തിനറിയില്ല എല്‍–18ലെ ആ മുറിയിൽ 2008 സെപ്റ്റംബര്‍ 19ന് എന്താണു സംഭവിച്ചതെന്ന്. ഡൽഹി പൊലീസ് കെട്ടിച്ചമച്ച വ്യാജ ഏറ്റുമുട്ടലായിരുന്നു അതെന്ന് ഇന്നും വിശ്വസിക്കുന്നവരേറെ. അന്നു സംഭവിച്ച കാര്യങ്ങള്‍ വെള്ളിത്തിരയില്‍ വിശദീകരിക്കാന്‍ സംവിധായകന്‍ നിഖില്‍ അദ്വാനി രൂപപ്പെടുത്തിയ സാങ്കല്‍പിക കഥാപാത്രമാണ് ബട്‌ല ഹൗസിലെ നായകന്‍ ഡിസിപി സഞ്ജീവ് കുമാര്‍.
രാജ്യസുരക്ഷയ്ക്കു വേണ്ടി നടത്തിയ ഒരു പോരാട്ടത്തിന്റെ പേരില്‍ പൊതുജനത്തിന്റെയും കുടുംബത്തിന്റെയും എന്തിനേറെ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരെ സംശയനിഴലിലായിപ്പോയ ഒരു കൂട്ടം പൊലീസുകാരുടെ പ്രതിനിധിയായാണ് ചിത്രത്തില്‍ സഞ്ജീവിനെ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഭാരിച്ച ഉത്തരവാദിത്തവുമായിരുന്നു ജോണ്‍ ഏബ്രഹാം എന്ന നായകനടന്. ആശ്വാസകരമെന്നു തന്നെ പറയാം ജോണിന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സഞ്ജീവ്. ആക്ഷന്‍ മാത്രമല്ല അഭിനയവും തനിക്കു വഴങ്ങുമെന്നു വ്യക്തമാക്കാന്‍ ആ ക്ലൈമാക്‌സ് രംഗം മാത്രം മതി.
യാതൊരുവിധ വികാരവുമില്ലാത്ത മുഖമാണ് ജോണിന്റേതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. വികാരങ്ങളൊന്നും മുഖത്ത് ആവശ്യമില്ലാത്ത ഒട്ടേറെ സിനിമകള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ തന്റെ സെയ്ഫ് സോണായ ആക്ഷന്‍ ത്രില്ലര്‍ മേഖലയില്‍ ഓരോ സിനിമകളിലൂടെയും കഴിവ് തെളിയിക്കുന്നുണ്ട് ജോൺ. മദ്രാസ് കഫെ, പരമാണു, റോക്കി ഹാന്‍സം, റോ, സത്യമേവ ജയതേ സീരീസില്‍ ഉള്‍പ്പെടുത്താവുന്നതാണ് ബട്‌ല ഹൗസിനെയും. ഈ ലിസ്റ്റിലെ മിക്ക ചിത്രങ്ങളും യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പലതിന്റെയും നിര്‍മാണ പങ്കാളിത്തവും ജോണിനുണ്ട്. ഭൂരിപക്ഷം ചിത്രങ്ങളും ന്യൂനപക്ഷ വിഭാഗത്തെ പലപ്പോഴും മോശക്കാരായി ചിത്രീകരിച്ച സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതും. അത്തരം സെന്റിമെന്റ്‌സുകളെ വേദനിപ്പിക്കാതെ സിനിമയെടുക്കുകയെന്നത് സമകാലിക ഇന്ത്യൻ അവസ്ഥയിൽ ചലച്ചിത്രകാരന്മാരെ സംബന്ധിച്ചു ഭാരിച്ച ഉത്തരവാദിത്തവുമാണ്.
ചിത്രത്തിന്റെ ആരംഭത്തിലെ ഡിസ്‌ക്ലെയ്മറിലൂടെ അണിയറപ്രവർത്തകർ തങ്ങളുടെ ഭാഗം പരമാവധി വ്യക്തമാക്കാനും ശ്രമിച്ചിട്ടുണ്ട്. അത്തരം ചില ശ്രമങ്ങളാണു പക്ഷേ ചിത്രത്തെ ചിലയിടത്തെങ്കിലും വലിച്ചിഴയ്ക്കുന്നതും. പിടികൂടിയ ഭീകരരില്‍ ഒരാള്‍ക്ക് വിശുദ്ധ ഖുറാന്‍ വിശദീകരിച്ചു നല്‍കുന്നതു പോലുള്ള സീനുകളില്‍ പ്രത്യേകിച്ചും. ഇത്തരം ചിത്രങ്ങളില്‍ കാലങ്ങളായി കേള്‍ക്കുന്ന ക്ലീഷെ ന്യായീകരണം കൂടിയായി അത്. എല്ലായിപ്പോഴും നായകന്‍ വിജയിക്കുന്ന ത്രില്ലിങ് മൊമെന്റുകള്‍ വളരെ കുറവാണ് ചിത്രത്തില്‍. നല്ല ലക്ഷ്യത്തോടെ ചെയ്യുന്ന പല കാര്യങ്ങളും നായകന് ദോഷകരമായും ബാധിക്കുന്നുണ്ട്. ഏറ്റുമുട്ടലിനപ്പുറം സംഭവിക്കുന്ന പോസ്റ്റ്ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ തന്നെ അതില്‍ പ്രധാനം.
സ്വന്തം സര്‍വീസ് റിവോള്‍വര്‍ പല കഷ്ണങ്ങളാക്കി വീട്ടിലെ പലയിടത്തായി ഒളിപ്പിച്ചു വയ്ക്കാന്‍ ഭാര്യയോടു പറയുന്നതു വരെയെത്തി സഞ്ജീവിന്റെ ജീവിതം. മാധ്യമപ്രവര്‍ത്തകയായ ഭാര്യയുമൊത്തുളള ജീവിതം പോലും പലപ്പോഴും പാതിവഴിയില്‍ നിന്നുപോകേണ്ടതായിരുന്നു. ഇത്തരത്തില്‍ ബട്‌ല ഹൗസ് എന്‍കൗണ്ടറിനപ്പുറം, അതില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തിലും ഡിപ്പാര്‍ട്ട്‌മെന്റിലും അനുഭവിക്കേണ്ടി വന്ന മാനസിക സമ്മര്‍ദം എസ്റ്റാബ്ലിഷ് ചെയ്യാന്‍ ഏറെ സീനുകള്‍ ചെലവാക്കേണ്ടി വരുന്നുണ്ട് സംവിധായകന്. അതിനിടയ്ക്ക് ഒരു ഐറ്റം ഡാന്‍സും മികച്ച ചില ത്രില്ലിങ് മൊമെന്റ്‌സും സമ്മാനിക്കുന്നുമുണ്ട്.
ആരുടെയും പക്ഷം പിടിക്കുന്നില്ലെന്നു പലയിടത്തും എഴുതിക്കാണിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ചിത്രം പൊലീസിനൊപ്പമാണ്. എന്നാല്‍ അപ്പോഴും എതിര്‍പക്ഷത്തിന്റെ വാദങ്ങളെ കണ്ടില്ലെന്നു നടിക്കുന്നില്ല സംവിധായകൻ നിഖില്‍ അദ്വാനി. ബട്‌ല ഹൗസില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നു വിശ്വസിക്കുന്നവര്‍ക്കായി അവരുടെ വാദത്തെയും സിനിമാറ്റിക് ആയിത്തന്നെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. കഹാനി, പിങ്ക്, എയര്‍ലിഫ്റ്റ്്, റെയ്ഡ്, ഡി-ഡേ തുടങ്ങിയ ക്രൈം ത്രില്ലര്‍ സിനിമകളിലൂടെ ഇതിനോടകം കഴിവു തെളിയിച്ച റിതേഷ് ഷായുടെയാണ് ചിത്രത്തിന്റെ തിരക്കഥ. നിഖില്‍ അദ്വാനിയുടെ ഡി-ഡേ എന്ന ചിത്രത്തില്‍ സ്വീകരിച്ച സിനിമാറ്റിക് സമീപനം ബട്‌ല ഹൗസിലും പലയിടത്തും കാണാം. ആ ചിത്രത്തിലും നിഖിലിനൊപ്പം റിതേഷ് ഷായുടെ തിരക്കഥയുണ്ടായിരുന്നു. ഛായാഗ്രഹണം സൗമിക് മുഖര്‍ജി. മാഹിര്‍ സവേരിയുടേതാണ് എഡിറ്റിങ്.
മൃണാള്‍ ഠാക്കൂര്‍, രവി കിഷന്‍, രാജേഷ് ശര്‍മ, മനിഷ് ചൗധരി തുടങ്ങി അത്രയേറെ പ്രശസ്തരല്ലാത്ത താരനിരയാണ് ചിത്രത്തില്‍. അതിനാല്‍ത്തന്നെ സിനിമയെ മുന്നോട്ടു നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ജോണ്‍ ഏബ്രഹാമിന്റെ ചുമലിലായിരുന്നു. രാഷ്ട്രീയം നല്ലതുപോലെ വിളക്കിച്ചേർത്തിട്ടുള്ളതിനാല്‍ത്തന്നെ വെറുമൊരു ബോളിവുഡ് ത്രില്ലർ സിനിമയെന്ന നിലയില്‍ ബട്‌ല ഹൗസിനെ സമീപിച്ചാല്‍ നിരാശയായിരിക്കും ഫലം. അതിനകത്തെ ഓരോ കഥാപാത്രത്തിനു പോലും രാഷ്ട്രീയമുണ്ട്, അത് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ പലകാലങ്ങളിൽ യഥാര്‍ഥത്തില്‍ത്തന്നെ ഏറെ പ്രതിഫലിച്ചിരുന്നതുമാണ്. നാം കണ്ടു പരിചയിച്ച ഒട്ടേറെ രാഷ്ട്രീയ നേതാക്കളെയും അവരെടുക്കുന്ന ‘മോശം’ നിലപാടുകളെയുമെല്ലാം ചിത്രത്തില്‍ തിരിച്ചറിയാനാകും. ദേശസ്‌നേഹവും നിറയെയുണ്ട് ചിത്രത്തില്‍. സ്വാതന്ത്ര്യദിന റിലീസായാണ് ചിത്രം പുറത്തിറങ്ങിയതെന്നതും തികച്ചും സ്വാഭാവികം മാത്രം.
ലാസ്റ്റ് കട്ട്: നല്ലപോലെ ഹിന്ദി അറിയാത്ത മലയാളി പ്രേക്ഷകനാണെങ്കില്‍ സബ്‌ടൈറ്റിലോടെ സിനിമ കാണുക. രാഷ്ട്രീയവും ദേശീയതയും ഇന്‍വെസ്റ്റിഗേഷനുമൊക്കെയായതിനാല്‍ത്തന്നെ സംഭാഷണങ്ങള്‍ അല്‍പം കടുകട്ടിയാണ്. സമകാലിക സംഭവങ്ങളെ കൃത്യമായി നിരീക്ഷിക്കുന്ന, യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ആര്‍ക്കും ചിത്രം ധൈര്യമായി കാണാം, നിരാശപ്പെടുത്തില്ല. ജോണ്‍ ഏബ്രഹാമിനെ ഇഷ്ടപ്പെരാണെങ്കില്‍ പ്രത്യേകിച്ച്.
Keywords: Indian Movie Reviews, Latest Indian Movies, John Abraham Movies, Bollywood Movie Reviews, John Abraham Movie List, Johna Abraham New Movie, Batla House Encounter, Batla House Cast, Batla House Movie Review in Malayalam, Latest Malayalam Movie Reviews
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ