നിങ്ങളുടെ കാൽച്ചുവട്ടിലുണ്ട് പ്രാണനു വീർപ്പുമുട്ടുന്ന ലക്ഷം തലയോട്ടികൾ!


60 ലക്ഷം ആത്മാക്കളുടെ ദീർഘനിശ്വാസങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരിടം, നിങ്ങളുടെ കാൽച്ചുവടിനു താഴെ! പ്രണയത്തിന്റെ നഗരമായ പാരിസിലുണ്ട്, പ്രാണന്റെ പിടിച്ചിലിനാൽ ഒരുപക്ഷേ ഇപ്പോഴും വീർപ്പുമുട്ടുന്ന ആത്മാക്കൾ. 240 വർഷങ്ങൾക്കു മുൻപ് പാരിസിലെ സെമിത്തേരികൾ നിറഞ്ഞു കവിഞ്ഞപ്പോൾ അധികൃതർ കണ്ടെത്തിയതാണ് ആ വഴി- ഖനനത്തിന്റെ ബാക്കിപത്രമായി നഗരത്തിനു താഴെക്കിടക്കുന്ന തലങ്ങും വിലങ്ങുമുള്ള തുരങ്കങ്ങളിൽ മൃതദേഹ അവശിഷ്ടങ്ങൾ സൂക്ഷിക്കാമെന്ന്. ഇന്ന് കാറ്റകോംബ്‌സ് (Catacombs of Paris) എന്ന പേരിൽ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഈ ഭൂഗർഭ കല്ലറകൾ. ‌

തലയോട്ടികളും എല്ലുകളും അടുക്കിയും നിരതെറ്റിയുമെല്ലാം സൂക്ഷിച്ചിരിക്കുന്നയിടം. ഈ ഭൂഗർഭ കല്ലറയിലെ ഏതോ ഇടനാഴിയുടെ അറ്റത്ത് ഒരു അദ്ഭുതമുണ്ട്. മനുഷ്യന്റെ മരണത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ കഴിവുള്ള ഒരു മാന്ത്രികക്കല്ല്-The Philosopher's stone. അതന്വേഷിച്ചു യാത്രയാകുകയാണ് ആറു പേർ-സ്കാർലെറ്റ്, ജോർജ്, പാപിലോൺ, ലൂസി, സെഡ്, ബെൻജി. തന്റെ അച്ഛനെ ഒരു ഭ്രാന്തനാക്കിയതും കൊന്നുകളഞ്ഞതും ആ കല്ലാണെന്നാണ് സ്കാർലെറ്റ് വിശ്വസിക്കുന്നത്. അവളുടെ നല്ലൊരു കൂട്ടാണ് ജോർജ്. പക്ഷേ കക്ഷിക്ക് ഇരുണ്ട ഗുഹകളും തുരങ്കങ്ങളുമെല്ലാം പേടിയാണ്. എന്നിട്ടും അയാൾക്ക് അവർക്കൊപ്പം പോകേണ്ടി വരുന്നു.



കല്ലറകളിലെ രഹസ്യങ്ങളിലേക്ക് അനധികൃതമായി കടന്നു കയറി പുതുവഴികൾ കണ്ടെത്തുന്നതിൽ ആവേശം കൊള്ളുന്നവരാണ് പാപിലോണും ലൂസിയും സെഡും. കാറ്റഫിൽസ് (Cataphiles) എന്നാണിവരുടെ വിളിപ്പേരു തന്നെ. ഈ യാത്ര ക്യാമറയിൽ പകർത്തുന്ന ഡോക്യുമെന്റേറിയനാണ് ബെഞ്ചി. ഓരോരുത്തരുടെ ഹെഡ്‌ലാംപിലുമുണ്ട് ഓരോ ക്യാമറകൾ. അവയിലൂടെയാണ് പ്രേക്ഷകൻ കാറ്റകോംബിലെ നിഗൂഢ കാഴ്ചകൾ കാണുന്നത്. ആ യാത്രയ്ക്കിടെ, പണ്ടെങ്ങോ തുരങ്കത്തിൽ ഇല്ലാതായെന്നു കരുതിയ ലാ തൂപിനെയും സംഘം കണ്ടെത്തുന്നു. പിന്നീട് അയാൾ പറഞ്ഞ വഴിയിലൂടെയാണ് യാത്ര. അതിനിടയിൽ സ്കാർലെറ്റ് കാണുന്നുണ്ട്, കണ്മുന്നിൽ തൂങ്ങിയാടുന്ന അച്ഛൻ. തുരങ്കത്തിന്റെ അഗാധതയിൽ മുഴങ്ങുന്ന ഒരു ടെലഫോൺ ശബ്ദം, അതിലൂടെ അവൾക്കു നേരെ വരുന്ന മരണം പോലെ തണുത്തുറഞ്ഞ ചോദ്യം-

‘എന്തു കൊണ്ടാണ് സ്കാർലറ്റ് അന്നു നീയെന്റെ ഫോണെടുക്കാതിരുന്നത്?’

യാത്രയ്ക്കിടെ ജോർജിന്റെ കണ്മുന്നിലെത്തുന്നത് പക്ഷേ പഴയൊരു പിയാനോയാണ്-അയാളും സഹോദരനും ചെറുപ്പകാലത്ത് കളിച്ചുകൊണ്ടിരുന്ന, കീബോർഡ് കട്ടകളിലൊന്ന് കേടായ അതേ പിയാനോ. 

‘എന്താണിതെല്ലാം...?’ ജോർജിന്റെ ആ ചോദ്യം എല്ലാവരും ഇപ്പോൾ സ്വയം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

ബെഞ്ചിയെയും പിന്തുടരുന്നുണ്ട് അയാൾ ബാറിൽ വച്ചു കണ്ട പ്രേതത്തെപ്പോലെ തോന്നിപ്പിക്കുന്ന ഒരു സുന്ദരി. സെഡിനു മുന്നിലൂടെ ഇടയ്ക്കിടെ ഒരു കൊച്ചുകുട്ടി നീങ്ങുന്നുണ്ട്. ‘തന്നെത്തേടി നീ വരരുതായിരുന്നു’ എന്നു ലൂസിയോടു പറയുന്നതെന്തിനാണ് ല തൂപ്? കാറിലിരുന്നു കത്തുന്ന അജ്ഞാതനെ നോക്കി ‘അല്ല, അതു ചെയ്തതു ഞാനല്ല എന്നലറുന്ന പാപിലോൺ. അതിനിഗൂഢവും ഭ്രമാത്മകവുമായ അവസ്ഥകളിലൂടെയാണ് കാറ്റംകോംബിലെത്തുന്ന ആ സഞ്ചാരികളുടെ യാത്ര. അതിനിടയിൽ ചിലർ കൊല്ലപ്പെടുന്നു, ചിലർ രക്ഷപ്പെടുന്നു...ആത്മാക്കൾ ആക്രമണകാരികളായി അവർക്കു നേരെ അലറിയെത്തുന്നു. കൊഴുത്ത ചോരയിൽ നിന്നുയർന്നു വരുന്ന കൈകൾ ശ്വാസം മുട്ടിക്കുന്നു... പക്ഷേ എല്ലാറ്റിൽ നിന്നും രക്ഷപ്പെട്ടവർ ഇപ്പോൾ പരസ്പരം കുറ്റവാളികളാണ്. എന്നിട്ടും ഒരു പുഞ്ചിരിയോടെ ഒരാൾ നടന്നു നീങ്ങുമ്പോൾ, രണ്ടു പേർ ഒരക്ഷരം പോലും മിണ്ടാനാകാതെ കെട്ടിപ്പിടിച്ചു കരയുന്നു.

Found Footage രീതിയിലൂടെ അവതരിപ്പിക്കപ്പെട്ട As above, so below എന്ന ഈ ഹൊറർ ത്രില്ലർ ചിത്രം ആരംഭം മുതൽക്കേ കാഴ്ചകൾ കൊണ്ടും ചിന്തകൾ കൊണ്ടും വിഭ്രമിപ്പിച്ചു കളയുന്നതാണ്. ഛായാഗ്രാഹകന്റെ കണ്ണിലൂടെ കാണുന്നതിനു പകരം കഥാപാത്രങ്ങൾ തന്നെ ക്യാമറ ഉപയോഗിക്കുന്ന രീതിയാണ് ഫൗണ്ട് ഫൂടേജ്. കമന്ററിയെന്ന പോലെയാണ് കഥാപാത്രങ്ങളുടെ ഡയലോഗുകൾ കേൾക്കുക. ഹാനിബാൾ ഹോളോകോസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഈ സാങ്കേതികത ലോകപ്രശസ്തമാകുന്നത്. പാരാനോർമൽ ആക്ടിവിറ്റി, ദ് ബ്ലെയർവിച്ച് പ്രോജക്ട്, REC തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾ ഉദാഹരണം. ഹൊറർ സിനിമകൾക്ക് ഏറ്റവും ചേരുന്ന സാങ്കേതികതകളിലൊന്നായിട്ടാണ് സിനിമാലോകം ഇതിനെ വിലയിരുത്തുന്നത്. 

ജോൺ എറിക് ഡവ്‌ഡ്ൽ എഴുതി സംവിധാനം ചെയ്ത ‘ആസ് എബോവ്, സോ ബിലോ’ പാരിസിലെ യഥാർഥ ഭൂഗർഭ കല്ലറകളിൽതന്നെയാണു ഷൂട്ട് ചെയ്തത്. As above, so below എന്നത് ‘മാജിക്കിന്റെ’ അടിസ്ഥാനമന്ത്രമാണെന്നാണു പറയപ്പെടുന്നത്. അതായത് കൺകെട്ടിന്റെ, ചെപ്പടിവിദ്യയുടെ എല്ലാം അടിസ്ഥാനം. ഭൂമിയിൽ ദൈവത്തിന്റെ പ്രതിരൂപമാണ് മനുഷ്യരെന്നു പറയുന്നു, സ്വർഗത്തിൽ മനുഷ്യന്റെ പ്രതിരൂപമാണ് ദൈവമെന്നും- ഈ ചിന്തയും ഇതോടൊപ്പമുണ്ട്. എല്ലാം ഒന്നിനോടൊന്നു ചേർന്നു നിൽക്കുന്നുവെന്ന ചിന്ത. ദൈവവും മനുഷ്യനും തുല്യനാണെന്ന ചിന്ത. ചിത്രത്തില്‍ സ്കാർലെറ്റിനും സംഘത്തിനോടുമൊപ്പം തുരങ്കയാത്ര ചെയ്യുമ്പോഴും നാം ഇതെല്ലാം ആലോചിച്ചു പോകും. യഥാർഥത്തിൽ എന്തായിരുന്നു ‘ഫിലോസഫേഴ്സ് സ്റ്റോൺ’ എന്ന തിരിച്ചറിവിൽ വ്യക്തമാണ് ഈ സിനിമയുടെ തലക്കെട്ടിനു പിന്നിലെ രഹസ്യവും. ഒരു മനുഷ്യൻ ഒരിക്കലും മരിക്കാതെയാകുന്നതെങ്ങനെയെന്ന തിരിച്ചറിവ്. ജീവിതത്തിൽ ഒരു രഹസ്യങ്ങളുമില്ലാതെയാക്കപ്പെടുന്നതിന്റെ ആശ്വാസം. രക്ഷയുടെ കവാടം തേടിയുള്ള യാത്രയിൽ നാം കണ്ടെത്തുന്ന ഒരു ചെറുദ്വാരത്തിന്റെ അടപ്പ് വലിച്ചടയ്ക്കുകയാണോ അതോ തള്ളിത്തുറക്കുകയാണോ ചെയ്യുന്നതെന്നു മനസിലാക്കാനാകാത്ത ആശയക്കുഴപ്പം...! ജീവിതം തലകീഴായി മറിയുന്നതിന്റെയും പെട്ടെന്നൊരു നിമിഷത്തിൽ അതെല്ലാം നേരെയായി കണ്മുന്നിൽ തെളിയുന്നതിന്റെയും ആശ്വാസം വല്ലാത്തൊരു ഭീതിയോടെ തന്നെ അനുഭവിപ്പിച്ചാണ് As above, so below അവസാനിച്ചത്. നമുക്ക് നമ്മുടേതായ നിഗമനങ്ങളിലെത്താം ചിത്രത്തിനൊടുവിൽ...


മനുഷ്യനിർമിതമായ തുരങ്കങ്ങളെ മനുഷ്യന്റെ തന്നെ മനസ്സിലെ നിഗൂഢ ഇടനാഴികളാക്കിയിരിക്കുകയാണ് സംവിധായകൻ. വഴിയിൽ കാത്തിരിക്കുന്ന ആത്മാക്കളെല്ലാം അവന്റെ ഭൂതകാലത്തിലുള്ള വേട്ടയാടുന്ന ഓർമകളാണ്-ലോകത്തിൽ നിന്ന് അവൻ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ. അമരത്വമാണ് സ്കാർലെറ്റും സംഘവും തേടിപ്പോകുന്നത്. പക്ഷേ അതിലേക്കെത്തുന്നതിനു മുൻപ് വേട്ടയാടുന്ന കാലത്തെയും കാഴ്ചകളെയുമെല്ലാം തട്ടിയെറിയേണ്ടതുണ്ട്. അതിനിടയിൽ ദുർബലർ ഒരുപക്ഷേ വിധിക്കു മുന്നിൽ കീഴടങ്ങിയേക്കാം. പക്ഷേ ലക്ഷ്യം ഉറപ്പിച്ചവർക്ക് മുന്നേറിയേ പറ്റൂ, അവരുടെ യഥാർഥ പ്രതിബിംബം കണ്മുന്നിൽ തെളിയുന്നതുവരെ...! ഇന്നും നെറ്റ്‍ലോകത്തെ തർക്കങ്ങളേറെയുള്ള ചർച്ചയിലൊന്നാണ് As above, so below എന്ന പേരിനെച്ചൊല്ലിയുള്ളത്. സൂചനകളേറെയുണ്ട് ചിത്രത്തിലുടനീളം. ഒരുപക്ഷേ ചിത്രത്തിൽ സ്കാർലെറ്റിന്റെ അന്വേഷണം അവസാനിക്കുന്നിടത്തു നിന്നാണ് പ്രേക്ഷകന്റെ അന്വേഷണം ആരംഭിക്കുന്നതുതന്നെ...

Keywords: Hollywood Movie Reviews in Malayalam, As Above So Below Review in Malayalam, Classic Movie Reviews, Found Footage Movie, Catacombs of Paris, Mysteries of Paris, Horror Thriller Hollywood Movies, Horror Movies Online, as above so below meaning, as above so below ending, as above so below explanation, Director John Erick Dowdle

അഭിപ്രായങ്ങള്‍