കോവിഡ്‌കാലം തൊട്ടടുത്തെന്നു പ്രവചിച്ച ചിത്രം: ഞെട്ടിക്കുന്ന ‘കണ്ടേജ്ൻ’



(Big Spoilers Ahead)
നിശബ്ദവും നിർജീവവുമായിരുന്നുനഗരം. റോഡിൽ വാഹനങ്ങൾ നിര്‍ത്തിയിട്ടിരിക്കുന്നു. എങ്ങും ചപ്പുചവറുകൾ. നാളുകളായി ആരും തൊട്ടിട്ടു പോലുമില്ല ഗാർബേജ് ബോക്സുകളിൽ. എങ്ങും ഒരാളനക്കവുമില്ല. അതിനിടയിലൂടെയാണ് അലൻ കുംവീഡെ നടന്നുവന്നത്. അയാളുടെ ദേഹമാകെ പ്രൊട്ടക്ടീവ് സ്യൂട്ട് കൊണ്ടു മൂടിയിരുന്നു. കയ്യിൽ ഒരു കെട്ട് നോട്ടിസ്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘സിഡിസി നുണ പറയുകയാണ്. മരുന്നു നിർമാണ കമ്പനികളുമായി കൂട്ടുകൂടിയിരിക്കുകയാണ് അവർ. എംഇവി 1 വൈറസിനെ പ്രതിരോധിക്കാൻ ഒരു മരുന്നുണ്ട്. അതാണ് ഫോർസിതിയ’ അലന്റെ ബ്ലോഗ് വിലാസവും ഉണ്ടായിരുന്നു ആ നോട്ടിസിൽ. ഏതാനും ദിവസം മുൻപാണ് അയാൾ ബ്ലോഗിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തത്. തനിക്ക് വൈറസ് ബാധയേറ്റെന്നും ഫോർസിതിയ മാത്രം കഴിച്ച് ഉറങ്ങാൻ പോവുകയാണെന്നുമായിരുന്നു അത്. പിറ്റേന്ന് മറ്റൊരു വിഡിയോയുമായി ഉണർന്നില്ലെങ്കിൽ അതിനർഥം മരുന്നേൽ‍ക്കാതെ താൻ മരിച്ചെന്നാണ്. 

പിറ്റേന്ന് പൂർണ ആരോഗ്യവാനായി അലൻ ഉറക്കമെണീറ്റു. ലോകം മുഴുവൻ അയാളുടെ വിഡിയോ പരന്നു. ഫോർസിതിയയ്ക്കു വേണ്ടി ജനം മരുന്നു കടകൾ തല്ലിത്തകർത്തു. പക്ഷേ അപ്പോഴും ദേഹമാകെ മൂടിയിട്ടേ അലൻ പുറത്തിറങ്ങിയിരുന്നുള്ളൂ. കാരണം അയാൾക്ക് വൈറസ് ബാധ ഏറ്റിരുന്നില്ല. രോഗമുണ്ടെന്നു പറഞ്ഞതുൾപ്പെടെ എല്ലാം ഫോർസിതിയയ്ക്കു ലാഭമുണ്ടാക്കാനും ബ്ലോഗിൽ ആളെക്കൂട്ടാനും ചെയ്ത തന്ത്രമായിരുന്നു. അതിനോടകം പക്ഷേ വൈറസിനേക്കാളും വേഗത്തിൽ ആ വിഡിയോയും അലന്റെ വാക്കുകളും ലോകം മുഴുവനുമെത്തിയിരുന്നു. പ്രതിരോധ മരുന്നു പോലും കഴിക്കാന്‍ തയാറാകാതെ ഫോർസിതിയ തേടി നടന്നവർ ഒന്നൊന്നായി മരിച്ചുവീഴാനും തുടങ്ങി.


അങ്ങനെയൊരുനാൾ നോട്ടിസ് വിതരണം കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചെത്തിയ അലനെ കാത്ത് വാതിൽക്കൽ ലൊറെയ്ൻ ഇരിപ്പുണ്ടായിരുന്നു. അയാൾക്കറിയാം അവളെ. ഒരു പത്രത്തിൽ ജോലിചെയ്യുന്നു. ഫ്രീലാൻസ് ജോലികൾക്കായി പലപ്പോഴും അവരെ പോയി കണ്ടിട്ടുമുണ്ട്. അലനെ കണ്ട് വീട്ടുപടിക്കൽ നിന്ന് അവർ വേച്ചുകൊണ്ട് എഴുന്നേറ്റു. വായിൽനിന്നു നുരയൊലിച്ചു പതിഞ്ഞ പാടുകൾ കെടാതെ കിടപ്പുണ്ട്. മുഖത്തേക്കു വീഴുന്ന സൂര്യരശ്മികളെ കൈകൊണ്ടു തടയാൻ പോലും അശക്തയായിരുന്നു അവൾ.

‘നീയെന്താണിവിടെ ലൊറെയ്ൻ..?’ അലൻ ചോദിച്ചു.

‘അപസ്മാരത്തിന്റെ അവസ്ഥയി‍‍‍‍‍‍ലെത്തിയിരിക്കുന്നു ഞാൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍... എനിക്ക്... എനിക്ക് ഒരു കടയിലും കണ്ടെത്താനായില്ല ഇത്, ഞാനേറെ തേടി നടന്നു...’ ലൊറെയ്ന്റെ കയ്യിൽ അലൻ പതിച്ച നോട്ടിസുകളിലൊന്നുണ്ടായിരുന്നു. ഫോർസിതിയ എന്ന വ്യാജമരുന്നന്വേഷിച്ചായിരുന്നു അവളും വന്നത്. മരണം അവളുടെ കണ്ണില്‍ നിഴലിട്ടുനിന്നിരുന്നു. പക്ഷേ അലൻ പറഞ്ഞു:

‘നോക്കൂ, എന്റെ കയ്യിലില്ല ഫോർസിതിയ.. വീട്ടിൽ അതിക്രമിച്ചു കയറിയവർ കൊണ്ടുപോയി..’

പണത്തോടുള്ള അലന്റെ ആർത്തി അറിയാവുന്നതുകൊണ്ടാകണം ലൊറെയ്ൻ ബാഗിൽ നിന്ന് കുറച്ചു നോട്ടുകളെടുത്തു. പിന്നെ നിറവയർ അമർത്തിപ്പിടിച്ചു പറഞ്ഞു–

‘അലൻ, ഞാൻ ഗർഭിണിയാണ്.. എന്റെ കയ്യിൽ കുറച്ചു പണമുണ്ട്.. നിനക്ക് ആ പണം ഞാൻ തരാം...എന്നെ രക്ഷിക്കണം’

തന്റെ വ്യാജപ്രചാരണത്തിന്റെ ഇരയെ നിരാശയായി പറഞ്ഞുവിടാനേ അന്നേരം അലന് സാധിച്ചുള്ളൂ. മരണത്തിലേക്ക് ലൊറെയ്ൻ നിറവയറും താങ്ങി വേച്ചുനടക്കുന്ന ആ ഫ്രെയിം അന്നേരം ഞെട്ടിക്കും പ്രേക്ഷകനെ.


2011ലിറങ്ങിയ കണ്ടേജ്ൻ (Contagion) എന്ന ഹോളിവുഡ് മെഡിക്കൽ ആക്‌ഷൻ ത്രില്ലറിലെ ഏറ്റവും വികാരനിർഭരമായ രംഗങ്ങളിലൊന്നാണ് ഇത്. 2003ൽ ലോകത്തു പടർന്ന സാർസ് വൈറസ് വിതച്ച ഭീതിയ്ക്കു പിന്നാലെയായിരുന്നു സ്റ്റീവൻ സോഡെർബെർഗിന്റെ ഈ ചിത്രം തിയറ്ററുകളിലെത്തിയത്. മെഡിക്കൽ വിഷയങ്ങളിൽ ഇതുവരെയിറങ്ങിയിട്ടുള്ളതിൽ ഏറ്റവും കൃത്യതയോടെ പഠനം നടത്തി, ഭാവന കലർത്താതെ ഒരുക്കിയ ചിത്രമെന്നാണ് നിരൂപകർ ‘കണ്ടേജ്നെ’ വിശേഷിപ്പിച്ചത്.

ഹോങ്കോങ് സന്ദർശനം കഴിഞ്ഞ് യുഎസിലെത്തിയ ബെത്ത് എംഹോഫ് എന്ന യുവതി അജ്ഞാത വൈറസ് ബാധയേറ്റു മരിക്കുന്നിടത്തു നിന്നാണു സംഭവങ്ങളുടെ തുടക്കം. പിന്നാലെ അവരുടെ മകൻ ക്ലാർക്കും മരിച്ചു. അതിനോടകം കപ്പലിലൂടെയും ഫ്ലൈറ്റിലൂടെയും ഹോട്ടൽ മുറിയിലൂടെയും മനുഷ്യരുടെ കൂടിച്ചേരലുകളിലൂടെയും എന്തിനേറെപ്പറയണം വാതിൽപ്പിടിയിലെ കൈവിരൽപ്പാടുകളിലൂടെ വരെ എംഇവി 1 വൈറസ് പടർന്നുകഴിഞ്ഞിരുന്നു. ശ്വസനവ്യവസ്ഥയെയും നാഡീവ്യൂഹത്തെയും ബാധിക്കുന്ന വൈറസിന് മ്യൂട്ടേഷൻ സംഭവിച്ച് നാലിരട്ടിയായി പടരാനുള്ള കഴിവുണ്ട്. അതിനാൽത്തന്നെ മരണം അതിദാരുണവും. വായുവിലൂടെയും രോഗി തൊടുന്ന വസ്തുക്കളിലൂടെയുമാണ് രോഗം പടരുന്നത്.

സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) നിർദേശ പ്രകാരം എപ്പിഡമിക് ഇന്റലിജന്‍സ് സർവീസ് ഓഫിസർ (ഇഐഎസ്) ഡോ.എറിൻ മിയേഴ്സാണ് വൈറസിന്റെ ഉദ്ഭവം തേടി ബെത്ത് സഞ്ചരിച്ച വഴിയിലൂടെ പോകുന്നത്. കൊറിയൻ യുദ്ധകാലത്ത് ജൈവായുധ ഭീഷണി ശക്തമായപ്പോൾ അവയെക്കുറിച്ച് അന്വേഷിക്കാൻ സിഡിസിക്കു കീഴിൽ യുഎസ് തയാറാക്കിയതാണ് ഇഐഎസ്. ഡോ. എറിനെക്കൂടാതെ ലോകാരോഗ്യ സംഘടനയ്ക്കു കീഴിൽ സാംക്രമിക രോഗങ്ങളെക്കുറിച്ചു പഠിക്കുന്ന എപ്പിഡെർമിയോളജിസ്റ്റ് ഡോ. ലിയനോറ ഒറാന്റസും ബെത്ത് സ‍ഞ്ചരിച്ച വഴികളിലൂടെ യാത്രയാകുന്നുണ്ട്. അങ്ങനെയാണ് ഹോങ്കോങ്ങിലെ ഒരു ചൂതാട്ട കേന്ദ്രത്തിൽ അവരെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുന്നത്. അവിടെ നിന്നായിരുന്നു ബെത്തിൽ നിന്ന് പലരിലേക്കും വൈറസ് പടർന്നത്. പക്ഷേ ബെത്തിലേക്ക് എങ്ങനെ വൈറസെത്തി?

അന്വേഷണം ഏകദേശം പൂർത്തിയാക്കി മടങ്ങാനൊരുങ്ങിയ ലിയനോറയെ ഹോങ്കോങ്ങിലെ സർക്കാർ ഉദ്യോഗസ്ഥരിലൊരാളുടെ സംഘം തട്ടിക്കൊണ്ടുപോകുന്നു. എംഇവി 1 വൈറസിനെതിരെയുള്ള വാക്സിൻ ഡബ്ല്യുഎച്ച്ഒ കണ്ടെത്തുമ്പോൾ ഏറ്റവുമാദ്യം അതു തന്റെ ഗ്രാമത്തിലുള്ളവർക്കു ലഭിക്കാൻ വേണ്ടിയായിരുന്നു അയാൾ ‘വിലപേശാൻ’ ലിയനോറയെ തട്ടിക്കൊണ്ടുപോയത്. മേൽപ്പറഞ്ഞ ഉദ്യോഗസ്ഥൻ വൈറസിന്റെ ഭീകരത കണ്ടതാണ്. അദ്ദേഹത്തിന്റെ അമ്മ മരിച്ചപ്പോൾ കാണാൻ പോലുമാകാതെ കൂട്ടക്കുഴിമാടത്തിൽ അടക്കുകയായിരുന്നു. അതിനാലാണ് സംസ്കാര ചടങ്ങുകളിൽ പോലും പങ്കെടുക്കാനാകാതെ അയാൾ ലിയനോറയ്ക്കൊപ്പം നിന്നതും വൈറസ് വന്ന വഴി തേടിപ്പോയതും.


സിഡിസിയിൽ അന്നേരം ഡോ.ആലി ഹെക്സ്ടോളിന്റെ നേതൃത്വത്തിൽ വാക്സിനു വേണ്ടിയുള്ള കഠിനശ്രമം നടക്കുകയായിരുന്നു. പക്ഷേ മൃഗങ്ങളിലും മനുഷ്യരിലുമൊക്കെ പരിശോധിച്ച് വാക്സിൻ തയാറാകുമ്പോഴേക്കും മാസങ്ങളെടുക്കും, ഇപ്പോൾത്തന്നെ മരണം ലക്ഷങ്ങൾ കടന്നു. അതിനിടയ്ക്ക് വൈറസ് പടർന്ന ഷിക്കാഗോ നഗരം അധികൃതർ ക്വാറന്റൈൻ ചെയ്യാൻ തീരുമാനിച്ചു. അതിനു മുൻപ് തന്റെ കാമുകിയോടു മാത്രം സിഡിസി തലവൻ ഡോ.എലിസ് ചീവർ അക്കാര്യം പറയുന്നുണ്ട്. അവരോട് എത്രയും പെട്ടെന്ന് നഗരം വിടണമെന്നും ആവശ്യപ്പെട്ടു. വൈറസിനെതിരെ വാക്സിൻ കണ്ടെത്തിയിട്ടും സർക്കാർ ഒളിച്ചുവച്ചിരിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒയും മരുന്നുകമ്പനികളും തമ്മിൽ‘അവിഹിത’മാണെന്നുമൊക്കെയുള്ള അലന്റെ പ്രസ്താവന അതിനിടെ കൊടുംസംഘർഷത്തിനാണു വഴിവെട്ടിയത്. ക്വാറന്റൈൻ കൂടിയായതോടെ ഭക്ഷണത്തിനു വേണ്ടി ജനം കൊള്ളയും തുടങ്ങി. ആർക്കെല്ലാം രോഗം ബാധിച്ചു? എങ്ങനെ രക്ഷപ്പെടും? എങ്ങനെ ഭക്ഷണം കണ്ടെത്തും? വാക്സിൻ ലഭിക്കുമോ? ചോദ്യങ്ങളാകെ നിറയുകയാണ് ചിത്രത്തിൽ.

ഇതിനെല്ലാമുള്ള ഉത്തരം ഒരുകൂട്ടം ആൾക്കാരുടെ നന്മയിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതിലൊന്നാമത്തെയാൾ ഡോ.എറിനാണ്. വൈറസിന്റെ ഉറവിടം തേടിയുള്ള യാത്രയിൽ അവർക്കും രോഗം ബാധിക്കുന്നു. അവശയായി കിടക്കുമ്പോഴും തനിക്കു തൊട്ടപ്പുറത്തു തണുത്തു വിറയ്ക്കുന്നയാൾക്ക് തന്റെ ജായ്ക്കറ്റ് കൊടുക്കുന്ന നന്മയ്ക്കൊടുവിലാണ് എറിന്റെ മരിച്ചുമരവിച്ച മുഖം നാം കാണുന്നത്.വാക്സിൻ കണ്ടെത്തിയ ഡോ. ആലി അതു പരീക്ഷിച്ചതു മറ്റെവിടെയുമായിരുന്നില്ല, സ്വന്തം ശരീരത്തിലായിരുന്നു. അതു കുത്തിവച്ച് അവര്‍ വൈറസ് ബാധിച്ച പിതാവിനെ കാണാൻ പോയി. അദ്ദേഹത്തിന്റെ നെറ്റിയിൽ  ചുംബിച്ചു. ഒന്നുകിൽ മരണം അല്ലെങ്കിൽ കോടിക്കണക്കിനു പേരുടെ ജീവൻ. അതായിരുന്നു ആ ചുംബനത്തിനൊടുവിൽ സംഭവിക്കേണ്ടത്. ഭാഗ്യം– ജീവനിലേക്കുള്ള ചുംബനമായിരുന്നു അത്. ആലിക്ക് രോഗം പകർന്നില്ല, വാക്സിൻ വിജയിച്ചു.


തട്ടിക്കൊണ്ടുപോയെങ്കിലും ഗ്രാമത്തിൽ സന്തോഷവതിയായിരുന്നു ഡോ. ലിയനോറ. അവരെ മോചിപ്പിക്കാൻ ഡബ്ല്യുഎച്ച്ഒ ഗ്രാമത്തിലേക്ക് ഒരു പെട്ടി വാക്സിൻ അയച്ചു. തിരികെ പോകാൻ വിമാനത്താവളത്തിലിരിക്കുമ്പോഴാണ് ലിയനോറ അറിഞ്ഞത്. ആ വാക്സിൻ വ്യാജമായിരുന്നു. ആ നിമിഷം അവിടെ നിന്ന് ലിയനോറ ഇറങ്ങിയോടി. മുഖാവരണം പോലുമില്ലാതെ, മുഖം തുണികൊണ്ടു ചുറ്റിക്കെട്ടി നടക്കുന്ന പാവങ്ങളുള്ള ആ ഗ്രാമത്തിനെ വൈറസിൽ നിന്നു രക്ഷിക്കേണ്ടത് തന്റെകൂടി ചുമതലയാണെന്ന് അതിനോടകം അവർ തിരിച്ചറിഞ്ഞിരുന്നു. പ്രിയപ്പെട്ടവർ പോലും നഷ്ടമായിട്ടും ആ വൈറസിന്റെ ഉറവിടം കണ്ടെത്താൻ, ലോകത്തെ രക്ഷിക്കാൻ ഒപ്പം നിന്നവരാണ് ആ ഗ്രാമത്തിലുള്ളവരെന്നത് അവളെങ്ങനെ മറക്കും?

ഡോ. ചീവറിനും ലഭിക്കുന്നുണ്ട് രണ്ട് ബോട്ടിൽ വാക്സിൻ. അതിലൊന്ന് അദ്ദേഹം കാമുകിക്ക് കൊടുത്തു. തനിക്കു കിട്ടിയ വാക്സിന്‍ അദ്ദേഹം സിഡിസിയിലെ തൂപ്പുജോലിക്കാരൻ റോജറിന്റെ മകനാണു നൽകിയത്. ചീവർ പലപ്പോഴും അറിഞ്ഞിട്ടുണ്ട്, റോജർ എത്രമാത്രം ആശങ്കയോടെയാണ് മക്കളുടെ ഭാവിയെപ്പറ്റി സംസാരിക്കുന്നതെന്ന്. ഷിക്കാഗോയിലെ കാമുകിയോട് ക്വാറന്റൈൻ വരികയാണെന്നു രഹസ്യമായി ചീവർ വിളിച്ചുപറഞ്ഞ കാര്യം കേട്ടത് മറ്റാരോടും പറയാതെ സൂക്ഷിച്ചതിനു റോജറിനോടുള്ള നന്ദിപ്രകടനം കൂടിയായിരുന്നു അത്.

മലയാളത്തിൽ ‘കണ്ടേ‌ജ്‌നു’ സമാനമായിട്ടാണ് ‘വൈറസ്’ എന്ന ചിത്രം ആഷിഖ് അബു ഒരുക്കിയിരുന്നത്. ചിത്രങ്ങളുടെ ക്ലൈമാക്സുകളിൽ പോലുമുണ്ട് സാമ്യം. ജൈവായുധവും ഭീകരതയും ഭരണകൂട–ഡബ്ല്യുഎച്ച്ഒ ഗൂഢാലോചനയും വരെ വൈറസിനു പിന്നിലുണ്ടെന്ന് ആരോപിക്കപ്പെടുന്നുണ്ട് ചിത്രത്തിൽ. എന്നാൽ പന്നിയുടേയും വവ്വാലിന്റെയും വൈറസ് കൂടിച്ചേർന്ന് ജനിതകപരമായ മാറ്റം സംബന്ധിച്ചാണു യഥാർഥത്തിൽ വൈറസ് രൂപപ്പെടുന്നത്. ഒരു പാരിസ്ഥിതിക വശവും ചിത്രത്തിൽ സ്റ്റീവൻ സോഡെർബെർഗ് കൊണ്ടുവരുന്നുണ്ട്. ചിത്രത്തിനൊടുവിൽ ആ വൈറസിന്റെ ഉദ്ഭവം നമുക്കു കാണാം.

ബെത്ത് ജോലി ചെയ്തിരുന്ന നിർമാണക്കമ്പനിയുടെ കീഴിലുള്ള ജെസിബി ഒരു കാട് തകർക്കുകയാണ്. അവിടെ നിന്നു ഭയന്നു പറക്കുന്ന വവ്വാലുകളിലൊന്ന് ചെന്നിരിക്കുന്നത് ഒരു വാഴക്കുലയിൽ. വായിൽ ഭക്ഷണവുമായി പറന്നുയരുന്നതിനിടെ വവ്വാൽ ചെന്നുപെടുന്നത് ഒരു പന്നി ഫാമിൽ. അവിടെ വീഴുന്ന വാഴപ്പഴത്തിന്റെ കഷ്ണം ഒരു പന്നി തിന്നുന്നു. ആ പന്നി പിന്നീടെത്തുന്നത് ഹോങ്കോങ്ങിലെ ഒരു ഹോട്ടലിൽ. അതിനെ പാചകത്തിനായി തയാറാക്കുന്നതിനിടെയാണ് ബെത്ത് താൻ കഴിച്ച ഭക്ഷണത്തിന്റെ ഷെഫിനു നന്ദി പറയാൻ വരുന്നത്. പന്നിയിൽ നിന്ന് ഷെഫിലേക്ക് അതിനോടകം വൈറസെത്തിയിരുന്നു. അയാള്‍ക്ക് കൈകൊടുത്ത് ചിത്രം പകർത്തുമ്പോൾ ബെത്തിലേക്കും പിന്നീട് കണ്ടേജ്ന്റെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളിലേക്കും...

അതിഗംഭീരമായ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. ഒപ്പം കേറ്റ് വിൻസ്‌ലെറ്റ്, മേരിയോൺ കോട്ടിയാഡ്, മാറ്റ് ഡേമൻ, ലോറൻസ് ഫിഷ്ബേൺ, ജൂഡ് ലോ, ഗ്വനിത്ത് പാൾട്രോ, ജെനിഫർ ഈൽ, ചിൻ ഹാൻ തുടങ്ങിയ വൻ താരനിരയുടെ സാന്നിധ്യവും. 1 മണിക്കൂർ 46 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മൾട്ടി നരേറ്റീവ് ഹൈപ്പർ ലിങ്ക് സ്റ്റൈലാണ് സംവിധായകൻ പ്രയോഗിച്ചിരിക്കുന്നത്. പലയിടത്തായുള്ള പലതരം കഥാപാത്രങ്ങൾ, പലതരം സംഭവങ്ങൾ... ഇവയെ അവതരിപ്പിച്ച് ഒടുവിൽ ഇവ തമ്മിലുള്ള ബന്ധം, അല്ലെങ്കില്‍ സംഭവങ്ങളെ സ്വാധീനിക്കുന്ന ഒരു പൊതുവിഷയം എന്നത് പതിയെപ്പതിയെ അനാവരണം ചെയ്യുന്നതാണ് ഈ സ്റ്റൈൽ. അമോരെസ് പെരസ്, 21 ഗ്രാംസ്, ബാബേൽ എന്നീ ചിത്രങ്ങളിൽ അലയാന്ദ്രോ ഇനാരിറ്റു പ്രയോഗിച്ച രീതി. റോബർട്ട് ആള്‍ട്ട്മാന്റെ നാഷ്‌വിൽ (1975), ഷോട്ട് കട്ട്സ് (1993) എന്നീ ചിത്രങ്ങളിലും ഇതു കാണാം. സോഡെർബെർഗ് തന്നെ തന്റെ ട്രാഫിക് (2000) സിനിമയിലും ഇതു പ്രയോഗിച്ചിട്ടുണ്ട്. സിറ്റി ഓഫ് ഗോഡ്, സിറിയാന, നയൻ ലൈവ്സ് എന്നിവയും മൾട്ടി നരേറ്റീവ് ഹൈപ്പർ ലിങ്ക് സ്റ്റൈലിന്റെ ഉദാഹരണങ്ങളാണ്.



ഇന്നേവരെയില്ലാത്ത ഒരു സാംക്രമികരോഗത്തോട് സമൂഹവും ശാസ്ത്രവും എങ്ങനെ പ്രതികരിക്കുന്നു എന്നതായിരുന്നു സോഡെർബെർ‍‍‍‍‍‍‍‍‍‍‍‍‍‍ഗിന് അവതരിപ്പിക്കേണ്ടിയിരുന്നത്. ‘സാംക്രമിക രോഗ’മെന്നുതന്നെ പേരിട്ട്  ചിത്രമൊരുക്കുമ്പോൾ വെറുമൊരു മെഡിക്കൽ ആക്‌ഷൻ ത്രില്ലറിൽ ‘കണ്ടേജ്നെ’ ഒതുക്കിയില്ല സംവിധായകൻ.  രോഗബാധയെത്തുടർന്നു ജനത്തെ മൊത്തമായി ബാധിക്കുന്ന ഭയം, അതിനെത്തുടർന്നുണ്ടാകുന്ന സംഘർഷം, തകരുന്ന സാമൂഹിക ക്രമങ്ങളും ക്രമസമാധാനവും തുടങ്ങിയവയിലേക്കും പീറ്റർ ആൻഡ്രൂസിന്റെ ക്യാമറ ചലിക്കുന്നു. തനിക്കൊരു അൾട്രാ റിയലിസ്റ്റിക് ചിത്രം വേണമെന്നാണ് സോഡെർബെർഗിന്റെ മനസ്സിലുണ്ടായിരുന്നത്. അതിനാൽത്തന്നെ ഭാവനയ്ക്കു പരിമിതികളേറെയായിരുന്നു. പക്ഷേ ബാധിച്ചു മണിക്കൂറുകൾക്കകം അതിഭീകരമായി മനുഷ്യനെ കൊന്നൊടുക്കുന്ന എംഇവി 1 വൈറസ് വില്ലൻസ്ഥാനത്തു വന്നതോടെ ഭാവനയെയും വെല്ലുന്ന ത്രില്ലിങ് കാഴ്ചകളായിരുന്നു സംവിധായകനെ കാത്തിരുന്നത്.

ഇതോടൊപ്പം വേണമായിരുന്നു ഒരുപക്ഷേ വിരസമായേക്കാവുന്ന വൈറസിന്റെ ശാസ്ത്രവശവും അവതരിപ്പിക്കേണ്ടിയിരുന്നത്. പക്ഷേ എന്താണു സംഭവിക്കുന്നതെന്ന് പ്രേക്ഷകനെ മനസ്സിലാക്കിപ്പിക്കാൻ യഥാർഥ ശാസ്ത്രരീതികൾ തന്നെയാണു സോഡെൻബെർഗ് പ്രയോഗിച്ചത്. സ്കോട്ട് സെഡ്. ബേൺസിന്റെയാണു തിരക്കഥ. ഭൂമിയിൽ മനുഷ്യജീവന്റെ നിലനിൽപിന്റെതന്നെ അടിസ്ഥാനമായ പരസ്പര ബന്ധം ഒഴിവാക്കണമെന്ന ആവശ്യം ചിത്രത്തിൽ ഉയരുന്നതോടെയാണ് കഥ മുറുകുന്നതും ഒരു കോൺഫ്ലിക്ട് തലത്തിലേക്ക് ഉയരുന്നതും. പരസ്പരം മിണ്ടാതെ, കൈകൊടുക്കാതെ, യാത്ര ചെയ്യാതെ, എവിടെയും തൊടാൻ പോലുമാകാതെ പേടിച്ചരണ്ട് വീട്ടിലിരിക്കുന്ന ജനത ഒരു വശത്ത്. ആവശ്യത്തിനു മരുന്നോ ഭക്ഷണമോ ലഭ്യമല്ലാത്ത അവസ്ഥ മറുവശത്ത്. ഇതിനു നടുവിൽ പ്രചരിക്കുന്ന നുണകളും അതിനെ പ്രതിരോധിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും. ഭരണ–ഉദ്യോഗസ്ഥ സംവിധാനത്തിനു നേരെ ഇത്തരം ഘട്ടങ്ങളിൽ ഉണ്ടാകുന്ന ആക്രമണങ്ങളും മുടങ്ങാതെ നടക്കുന്നു. ഇതോടൊപ്പം സർക്കാർതലത്തിലെ പരിമിതികൾ, അതിന്റെ തിരിച്ചടികൾ.

അതിമാരകമായ ഒരു വൈറസിനെ നേരിടുന്നതിൽ മെഡിക്കൽ എത്തിക്സ് എന്നതും പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. നശിപ്പിക്കാൻ നൽകിയ വൈറസ് സ്ട്രെയിൻ കളയാതെ അതിന്മേൽ പരീക്ഷണം നടത്തി വൈറസ് കോശം വളർത്തിയെടുക്കുന്നതും സ്വന്തം ശരീരത്തിൽ മരുന്നു പരീക്ഷിക്കുന്നതുമെല്ലാം ഒരു എത്തിക്സിനും വിശദീകരിക്കാനാകാത്തതാണ്. വ്യക്തി താൽപര്യങ്ങളുടെയും പ്രഫഷണൽ ഉത്തരവാദിത്തങ്ങളുടെയും ഏറ്റമുട്ടലിനു മുന്നിൽ കുഴങ്ങുന്ന കഥാപാത്രങ്ങളുമുണ്ട് ചിത്രത്തിൽ. അതിനിടയ്ക്ക് താൻ മരിച്ചാലും ഒരു ജനത രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ ജോലി ചെയ്യുന്നവരുടെ നന്മമനുഷ്യരും. രാഷ്ട്രീയക്കാരുടെ സ്വജനപക്ഷപാതവും ബിസിനസുകാര്‍ക്കു വേണ്ടി ജനത്തിന്റെ ജീവൻ പണയംവച്ചുള്ള കളിയുമെല്ലാം ചിത്രത്തിൽ വ്യക്തമായിത്തന്നെ കാണാം. മരണം കാത്തുകിടക്കുന്ന ഡോ.എറിനെ യുഎസിലെത്തിക്കാനുള്ള വിമാനത്തിൽ രാഷ്ട്രീയക്കാരനെ കയറ്റിവിടേണ്ട അവസ്ഥയാണ് അതിലൊന്ന്. ക്രിസ്മസിനു മുന്നോടിയായുള്ള താങ്ക്സ് ഗിവിങ് സമയത്താണ് വൈറസ് പരക്കുന്നത്. അപ്പോഴും പക്ഷേ ഷോപ്പിങ് സീസണിനെ ക്ഷീണം ബാധിക്കാതിരിക്കാൻ ഷോപ്പിങ് മാളുകളും മറ്റും അടച്ചിടാനുള്ള തീരുമാനത്തെ വൈകിപ്പിക്കാൻ ശ്രമിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ വൃന്ദവുമുണ്ട്. ഒരു നല്ല സിനിമയെ പ്രേക്ഷകനു മുന്നിലെത്തിക്കാനുള്ള എല്ലാം ചേരുവകളും എംഇവി 1 വൈറസ് ഒരുക്കിയിരുന്നുവെന്നു ചുരുക്കം.


എന്നാൽ ജനത്തിന്റെ ഭീതിയെന്ന വികാരം സമൂഹത്തിലുണ്ടാക്കുന്ന മാറ്റത്തിന്റെ തിരയടി എപ്രകാരമായിരിക്കുമെന്ന ആലോചന സോഡെൻബെർഗ് ഗൗരവത്തോടെയെടുത്തതിനു കാരണം സാർസോ നിപ്പയോ ഒന്നുമായിരുന്നില്ല എന്നതാണു സത്യം. സെപ്റ്റംബർ 11, കത്രീന ചുഴലിക്കാറ്റ് തുടങ്ങിയവ വിതച്ച ഭീതിയാണ് സംവിധായകൻ ‘കണ്ടേജ്നി’ലൂടെ കൊയ്തത്. അപ്രതീക്ഷിതമായ ഒരു ഭീതിക്കു മുന്നിൽ ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രം, ആൾക്കൂട്ടത്തിന്റെ സ്വഭാവം, മാസ് ഹിസ്റ്റീരിയ എന്നറിയപ്പെടുന്ന കൂട്ടഭ്രാന്ത് തുടങ്ങിയ എങ്ങനെയായിരിക്കുമെന്നും അത് സമൂഹത്തെ, ലോകത്തെ എങ്ങനെ ബാധിക്കുമെന്നും ‘കണ്ടേജ്ൻ’ കാട്ടിത്തരുന്നു. കൊറോണ (കോവിഡ് 19) ഭീതി ലോകത്തു പടർന്ന ഇക്കാലത്തുതന്നെ ആമസോൺ പ്രൈം ഈ ചിത്രം പ്രേക്ഷകർക്കായി എത്തിച്ചതും ഭീതിയുടെ ആ മനുഷ്യ മനഃശാസ്ത്രം തിരിച്ചറിഞ്ഞുതന്നെയാണ്. ഈ സമയം ചിത്രത്തിനു കാഴ്ചക്കാരേറെയുണ്ടാകുമെന്നത് പകൽപോലെ വ്യക്തമായ കാര്യവും.

Keywords: Contagion Movie Online Watch, Contagion Movie Review, Contagion Movie Cast, Contagion Movie Covid, Hollywood Movie Reviews in Malayalam, Contagion Movie Review in Malayalam, Contagion Movie Actors, Contagion Movie Kate Winslet, Malayala Movie Virus Inspiration, Movies to Watch in the time of Pandemic Covid19

അഭിപ്രായങ്ങള്‍