ജല്ലിക്കെട്ട് ക്ലൈമാക്സിൽ യഥാർഥത്തിൽ എന്താണു സംഭവിച്ചത്?


ഒരു പോത്ത് കയറുപൊട്ടിച്ചോടുന്നതോടെ അതിനു പിന്നാലെ കയറു പൊട്ടിച്ചോടുന്ന ജനക്കൂട്ടം. പോത്തോടുന്ന വഴികളിലൂടെയെല്ലാം അവരും ഓടുന്നു. ഒടുവിൽ ഓടിയോടി പോത്തിന്റെയും മനുഷ്യരുടെയും കാലടികൾ പോലും ഒന്നാകുന്നു. ഓടുന്ന മൃഗവും ഓടിപ്പിക്കുന്ന മനുഷ്യരും ഒന്നായി മാറുന്നു... അവതരിപ്പിക്കാനെടുത്ത വിഷയം കൊണ്ടും അതിനു കൂട്ടുപിടിച്ച സാങ്കേതികത്തികവു കൊണ്ടും അസാധാരണമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം ജല്ലിക്കെട്ട്. ഒരൊറ്റ വരിയിൽ ചിത്രത്തിന്റെ കഥ പറയാം. വെട്ടാൻ കൊണ്ടുവന്ന ഒരു പോത്ത് കുതറിയോടുന്നു, അതിനു പിന്നാലെ ഒരു ഗ്രാമം മുഴുവനും ഓടുന്നു. ആരംഭത്തിൽ പോത്തിനെ പേടിയായിരുന്നു എല്ലാവർക്കും. സ്വൈരജീവിതത്തെ തകർക്കാൻ ഒരു പോത്തിറങ്ങിയിട്ടുണ്ടെന്നാണ് ഗ്രാമം മുഴുവനും നടത്തുന്ന മൈക്ക് അനൗൺസ്മെന്റ് തന്നെ. പക്ഷേ പതിയെപ്പതിയെ ആ പേടി മനുഷ്യന്റെ മറ്റു പല വികാരങ്ങൾക്കും വഴി മാറുന്നു. അതാണ് ഈ സിനിമയിലൂടെ സംവിധായകന്‍ പറയുന്നത്. ബീഫിന്റെ പേരിൽ ആൾക്കൂട്ടക്കൊലപാതകങ്ങൾ നടക്കുന്ന ഇക്കാലത്ത് ആൾക്കൂട്ട രാഷ്ട്രീയത്തിന്റെ കഥ പറയാൻ ലിജോ ഉപയോഗപ്പെടുത്തിയത് ഒരു പോത്തിനെയെന്നതും കൗതുകം പകരുന്ന കാര്യമാണ്. അത്രയേറെ രാഷ്ട്രീയം നിറഞ്ഞതാണ് ജല്ലിക്കെട്ട്, അതും രാഷ്ട്രീയം നേരിട്ടു പറയാതെ തന്നെ. അവിടെയാണ് ചിത്രത്തിലെ ബ്രില്യൻസും.


കാലൻ മത്തായി വെട്ടാൻ കൊണ്ടുവന്ന പോത്താണ് കുതറിയോടിയത്. കാലങ്ങളായി ഹൈറേഞ്ചിലെ ആ ഗ്രാമത്തിലുള്ളവരെ ഇറച്ചിയൂട്ടുന്നത് കാലൻ മത്തായിയാണ്. അതിന്റെ ഒരു സ്നേഹം നാട്ടുകാരിൽ പലർക്കും അയാളോടുണ്ട്. എങ്കിലും ഇറച്ചി വാങ്ങാന്‍ വരുന്ന പലരോടും മാടിന്റെ സ്വഭാവം പുറത്തെടുക്കുന്നതിനാൽ മത്തായിക്കു ശത്രുക്കളും കുറവായിരുന്നില്ല. പോത്ത് ആ ഗ്രാമജീവിതത്തെതന്നെ ബാധിക്കുന്ന പ്രശ്നമായതോടെ മത്തായിയെ ചീത്തവിളിച്ചിട്ടാണെങ്കിലും എല്ലാവരും പോത്തിനെ പിടിക്കാനിറങ്ങുന്നു. പോത്തിനു പിന്നാലെയുള്ള ആ യാത്രയിലാണ് കഥയുടെ ചുരുളഴിയുന്നത്. അതേ യാത്രയിൽ തന്നെയാണ് പാമ്പ് പടം പൊഴിക്കുന്നതു പോലെ ആ ആൾക്കൂട്ടത്തിലെ ഓരോ മനുഷ്യരുടെയും യഥാർഥ സ്വഭാവവും വെളിപ്പെടുന്നത്.


ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്നതിനേക്കാളും ജല്ലിക്കെട്ടിന്റെ കൺസെപ്റ്റ് നൽകിയ ആളെന്നാണ് എസ്. ഹരീഷിനെ ലിജോ വിശേഷിപ്പിക്കുന്നത്. നാട്ടിൽ പണ്ടു വെട്ടാൻ കൊണ്ടുവരുന്ന പോത്ത് കയറുപൊട്ടിച്ചോടുന്ന കാഴ്ചകളേറെ കണ്ട ഹരീഷ് അതിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ജല്ലിക്കെട്ടിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതെന്നു നേരത്തേ പറഞ്ഞിട്ടുണ്ട്. എന്നാൽ ഹരീഷും ജയകുമാറും ചേർന്നു തിരക്കഥ നിർവഹിച്ച ഈ ചിത്രത്തിൽ സംഭാഷണങ്ങൾ കുറവാണ്. പകരം ‘നിക്കടാ കൊല്ലടാ വെട്ടെടാ..’ തുടങ്ങിയ ആക്രോശങ്ങളാണു നിറയെ. സംഭാഷണങ്ങളേക്കാൾ കാഴ്ചകളും ശബ്ദവും സംഗീതവുമാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. അഭിനേതാക്കളുടെ ഇന്റിവിജ്വൽ പ്രകടനം എന്നതിനേക്കാൾ ആൾക്കൂട്ടത്തിന്റെ പ്രകടനത്തിനാണ് ലിജോ പ്രാധാന്യം നൽകിയിരിക്കുന്നത് അതിനാൽത്തന്നെ മോബ് വയലൻസ് അഥവാ ആൾക്കൂട്ട അതിക്രമങ്ങളാണ് ചിത്രം നിറയെ. ജെല്ലിക്കെട്ടിനെ വ്യത്യസ്തമാക്കുന്നതും ഈ ബഹളങ്ങളെയെല്ലാം ഒരൊറ്റച്ചരടിൽ ചേർത്ത് കൈവിട്ടു പോകാതെ ഒന്നര മണിക്കൂറില്‍ രസകരമായി അവതരിപ്പിച്ചു എന്നതാണ്. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ ലിജോയെ മാസ്റ്റർ ഓഫ് കേയോസ് എന്ന് അവതാരക വിശേഷിപ്പിച്ചത് വെറുതെയല്ലെന്നും ഓരോ ഫ്രെയിമും വ്യക്തമാക്കുന്നു.

ചിത്രത്തിലെ ശബ്ദവിന്യാസ മികവിനുള്ള കയ്യടി രംഗനാഥ് രവിക്കും പ്രശാന്ത് പിള്ളയ്ക്കും കണ്ണൻ ഗണപതിനും അവകാശപ്പെട്ടതാണ്. രാത്രിയും പകലുമില്ലാതെ ആൾക്കൂട്ടത്തോടൊപ്പം ഓടിയും കിണറ്റിൽ ചാടിയും കുന്നുകയറിയും ചെരിവുകളിൽ നിരങ്ങിയും ക്യാമറയ്ക്കൊപ്പം സഞ്ചരിച്ച് ഗിരീഷ് ഗംഗാധരൻ പകർത്തിയ കാഴ്ചകളെ ദൃശ്യവിസ്മയം എന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ.


മൃഗത്തിനു പിന്നാലെയോടി പതിയെ മനുഷ്യന്റെ മൃഗീയ ചേതനകളും പുറത്തുവരികയും ഒടുവിൽ അവൻ പൂർണമായുമൊരു മൃഗമായി മാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടു കാലിൽ നടക്കുന്നെന്നേയുള്ളൂ. അവന്റെയുള്ളിൽ ഇന്നും ആദിമകാലത്തെ ഒരു മനുഷ്യൻ ഉറങ്ങിക്കിപ്പുണ്ട്. വിശക്കുമ്പോൾ മാത്രം വേട്ടയാടുന്ന പ്രാചീന മനുഷ്യനല്ല അത്. വിനോദത്തിനും പ്രതികാരത്തിനും വെല്ലുവിളിച്ചുമെല്ലാം മൃഗങ്ങളെ കൊന്നുനടന്ന മനുഷ്യക്കൂട്ടങ്ങളെയാണ് ലിജോ ഓർമിപ്പിക്കുന്നത്. വെട്ടാൻ കൊണ്ടുവന്ന പോത്ത് ഓടിയത് ജീവഭയം കൊണ്ടാണ്. അതിനു പിന്നാലെ ഓടാൻ പക്ഷേ ഓരോ മനുഷ്യനും ഓരോ കാരണങ്ങളുണ്ട്. അതിലൊരുത്തന് തന്റെ പെണ്ണിനു മുന്നിൽ വീറു കാണിക്കണം. വേറൊരുത്തന് പോത്തിനേക്കാളും വലുത് പണ്ടുമുതൽ തീർക്കാന്‍ കാത്തുവച്ചിരിക്കുന്ന പ്രതികാരമാണ്. അയൽഗ്രാമത്തിൽ നിന്നെത്തിയവർക്ക് അഹങ്കാരം കാണിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ വരത്തന്മാർ പിടിക്കും മുൻപ് പോത്തിനെ പിടിക്കുമെന്ന വാശിയിലാണ് മറ്റൊരു കൂട്ടർ. ഇങ്ങനെ ജീവഭയം കൊണ്ടോടുന്ന മൃഗത്തിനു പിന്നാലെ പലവിധ മൃഗീയ ചോദനകളുമായി ഓടുകയാണ് ഗ്രാമം. ഭാര്യയെയും സഹപ്രവർത്തകനെയും ബന്ധുവിനെയുമൊക്കെ പോത്തേയെന്നു ചിത്രത്തിൽ പലരും അഭിസംബോധന ചെയ്യുമ്പോഴും യഥാർഥ പോത്ത് ആരാണെന്നത് ലിജോയും സംഘവും പ്രേക്ഷകനു മുന്നിൽ കൃത്യമായി വരച്ചിടുന്നുണ്ട്.

തലമുറകൾ തമ്മിൽ പുതിയ കാലത്ത് ഉടലെടുത്തിരിക്കുന്ന ഐഡന്റിറ്റി പോരാട്ടവും ജല്ലിക്കെട്ടിൽ വിഷയമാകുന്നുണ്ട്. ഹൈറേഞ്ച് പണ്ട് കാടായിരുന്നുവെന്നു വിശ്വസിക്കാൻ ചെറുപ്പക്കാരിൽ പലർക്കും ഇന്നും സാധിച്ചിട്ടില്ല. അത്തരക്കാരെ ജീൻസിട്ടവരെന്നും പശതേച്ച മുടിയുള്ളവരെന്നും വിളിച്ചു കളിയാക്കുകയാണ് പഴയ തലമുറ. ചിത്രത്തിൽ പലയിടത്തും ഈ തലമുറപ്പോരാട്ടം ലിജോ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആള്‍ക്കൂട്ട ബലത്തിനു മുന്നിൽ നിയമം പോലും ഒന്നുമല്ലാതാകുന്നതെങ്ങനെയെന്നും ചിത്രം കാണിച്ചു തരുന്നു. പോത്തിനെ പിടിക്കാതെ നിസ്സഹായത കാണിച്ച പൊലീസിന്റെ ജീപ്പ് കത്തിച്ച് നാട്ടുകാർ പ്രതിഷേധിക്കുന്ന ഒരു രംഗമുണ്ട്. തൊട്ടടുത്ത സീനിൽ പാതിയൂണിഫോമും പാതി കള്ളിമുണ്ടുമെടുത്ത് നാട്ടുകാർക്കൊപ്പം പോത്തിനെ പിടിക്കാനിറങ്ങുന്ന പൊലീസുകാരനെയാണു കാണാനാവുക. നിയമം പോലും നിഷ്പ്രഭമാകുന്ന അവസ്ഥ. സമകാലിക ഇന്ത്യയിൽ നമ്മൾ കാണുന്നതും ഇതേ ആൾക്കൂട്ടരാഷ്ട്രീയമല്ലേയെന്നു ചോദിക്കുന്നു സിനിമയിലെ പല രംഗങ്ങളും.


പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവരാണ് മനുഷ്യർ. പക്ഷേ തങ്ങളുടെ പൂർവികർ കാടന്മാരാണെന്നു കേൾക്കാൻ അവർ ആഗ്രഹിക്കുന്നില്ല. കാടു വെട്ടിപ്പിടിച്ചവർ എന്നറിയപ്പെടാനാണ് അവരുടെ ആഗ്രഹം. ഹൈറേഞ്ചിൽ ഇതൽപം കൂടുതലാണ്. അതിനാലാണ് ചിത്രത്തെ ലിജോ അങ്ങോട്ടുതന്നെ പറിച്ചുനട്ടത്. കാടു കയ്യേറിയ തങ്ങളുടെ പൂർവികരിൽ അഭിമാനം കൊള്ളുന്ന മനുഷ്യന്റെ സ്വഭാവത്തിന് ഇന്നും മാറ്റമൊന്നും വന്നിട്ടില്ല. തന്റെ വയറ്റിൽ കുത്തിയത് മനുഷ്യനാണെന്നു പോലും പറയാനാകാത്ത വിധം അഹങ്കാരമുള്ളവരുമുണ്ട് കൂട്ടത്തിൽ. പോത്തു കുത്തിച്ചാകുന്നതാണ് അവരെ സംബന്ധിച്ചിടത്തോളം അഭിമാനം. ചിത്രത്തിലെ കുട്ടച്ചൻ അത്തരത്തിലൊരാളാണ്. സ്വന്തം വീറു കാട്ടാൻ എന്തു ചെറ്റത്തരവും കാണിക്കാൻ തയാറാകുന്ന ആന്റണിയെപ്പോലുള്ള കഥാപാത്രങ്ങളുമുണ്ട് കൂട്ടത്തിൽ.

അതിനിടയിൽ തങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങളെ പക്ഷേ ആരും കാണുന്നുമില്ല. സ്വന്തം മകൾ ഒളിച്ചോടി പോകുമ്പോഴും പെണ്ണുകാണാൻ വരുന്നവർക്ക്് അഭിമാനത്തോടെ വിളമ്പാനുള്ള ഭക്ഷണ വൈവിധ്യത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ജാഫർ ഇടുക്കിയുടെ കഥാപാത്രം തന്നെ ഉദാഹരണം. ആണുങ്ങളോളം ഉശിരോടെ ഹൈറേഞ്ചിനെ വെട്ടിപ്പിടിച്ച പെൺകഥാപാത്രങ്ങളുമുണ്ട് ചിത്രത്തിൽ, കാലൻ മത്തായിയുടെ അനിയത്തിയെപ്പോലെ. പരിശുദ്ധ പ്രണയത്തിലൊന്നും വിശ്വാസമില്ലാത്ത വിധം കാടിന്റെ പരുക്കൻ സ്വഭാവം ജീവിതത്തിൽ അതേപടി പകർത്തിയ പെണ്ണാണവൾ. തന്നെ കയറിപ്പിടിക്കുന്നവനെ ആദ്യം ചീത്തപറയുകയും നിമിഷങ്ങൾക്കകം അവനോട് പോത്തിന്റെ വാരിയെല്ലിനോടു ചേർന്ന ഇറച്ചി കൊണ്ടുവരണമെന്നു പറയുകയും ചെയ്യുന്നവൾ.



റിയലിസ്റ്റിക് എന്നല്ല അതീവ റിയലിസ്റ്റിക്കായി അതിസൂക്ഷ്മമായ നിരീക്ഷണങ്ങളോടെ ചിത്രത്തെ കൊണ്ടുപോയ ലിജോ ഒടുവിൽ ചിത്രത്തിന്റെ ക്ലൈമാക്സ് കൊണ്ടുപോയി കെട്ടുന്നത് റിയലോ അതോ തോന്നലോ എന്നു പറയാനാകാത്ത ഒരവസ്ഥയിലേക്കാണ്. അഭിമാനവും  ആഗ്രഹങ്ങളും ആർത്തിയും ആസക്തിയുമെല്ലാം കൊണ്ടു തീർത്ത കൂറ്റൻ സ്തംഭമായി മനുഷ്യൻ മാറുന്ന കാഴ്ചയാണ് ക്ലൈമാക്സ്. അതിൽ നിന്നു രക്ഷപ്പെടാനാകുമോ എന്നു പോലുമറിയാതെ നിലവിളിക്കുന്ന മനുഷ്യരും. അതുപക്ഷേ കെട്ടിപ്പൊക്കിയത് ഓരോ നിമിഷവും താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു ചതുപ്പിലാണെന്നു മാത്രം അവനു മനസ്സിലാകുന്നില്ല. ഒന്നിനു മീതെ ഒന്നായി പിന്നെയും മനുഷ്യർ ആ സ്തംഭത്തിലേക്കു വലിഞ്ഞു കയറുകയാണ്. ഉയരം കൂടുന്തോറും തകർന്നുവീണു കൊണ്ടിരിക്കുന്ന ദുരഭിമാനസ്തംഭം. അതിനിടയിൽ അവർ തങ്ങൾ ഓടിച്ചുകൊണ്ടുവന്ന പോത്തിനെക്കുറിച്ച് ഓർക്കുന്നതു പോലുമില്ല.


മൃഗീയത ഉച്ചസ്ഥായിയിലെത്തുന്നതോടെയാണ് മനുഷ്യൻ മനുഷ്യനല്ലാതായി മാറുന്നത്. അപ്പോൾ അവിടെ ബുദ്ധിക്കോ ചിന്താശേഷിക്കോ സ്ഥാനമില്ല. അവൻ ചെയ്യുന്നതെന്താണെന്ന് അവനു പോലും പിടിയില്ല. അവനു കീഴെ ആരെല്ലാം ഞെരിഞ്ഞമരുന്നെന്നു നോക്കാൻ പോലും അവനാകുന്നില്ല. ചിന്താശേഷിയില്ലാത്ത മൃഗമായി മനുഷ്യൻ മാറുന്ന ഭീതിദമായ കാഴ്ചയാണ് ജെല്ലിക്കെട്ടിന്റെ ക്ലൈമാക്സിൽ കാത്തിരിക്കുന്നത്. അതുവരെ നാം കണ്ട റിയാലിറ്റിയിൽ നിന്ന് അയാഥാർഥ്യത്തിലേക്കുള്ള ആ വഴുതിമാറ്റം പക്ഷേ എല്ലാ പ്രേക്ഷകര്‍ക്കും ദഹിക്കണമെന്നില്ല.

മനുഷ്യനും മൃഗവും പോരാടുന്നു എന്നതിൽക്കവിഞ്ഞ് ജല്ലിക്കെട്ട് എന്ന കായികവിനോദവുമായി ചിത്രത്തിനു യാതൊരു ബന്ധവുമില്ല. യഥാർഥ ജല്ലിക്കെട്ടിൽ മനുഷ്യൻ മൃഗത്തെയാണ് കീഴ്പ്പെടുത്തുന്നത്. എന്നാൽ ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിൽ ഒരു മൃഗം മനുഷ്യനെ കീഴ്പ്പെടുത്തുകയാണ്. അതും നല്ല സിനിമയുടെ മായക്കാഴ്ചകൾ സമ്മാനിച്ചുകൊണ്ട്...

ചിത്രം കാണാൻ: Watch Jallikattu Movie Online

Keywords: Lijo Jose Pellissery Best Movies, jallikattu movie where to watch, Director Lijo Jose, Jallikattu Malayalam Movie Review, Jallikattu Climax Explained, Latest Malayalam Movie Reviews, Chemban Vinod, Jallikkettu Real Story, Jallikattu Movie Actors and Actress

അഭിപ്രായങ്ങള്‍