ഷാരനെ കൊന്ന ഹിപ്പികളോട് ടെറന്റിനോയുടെ ‘പ്രതികാരം’



ഔദ്യോഗിക ചരിത്രമനുസരിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലർ കൊല്ലപ്പെടുന്നത് ബെർലിനിലെ ഒരു ബങ്കറിൽ വച്ചാണ്. എന്നാൽ സിനിമാഭ്രാന്തന്മാർക്കു വിശ്വസിക്കാനിഷ്ടം ഹിറ്റ്ലറെ കൊന്നത് ലഫ്റ്റനന്റ് ആൾഡോയുടെ നേതൃത്വത്തിലുള്ള ‘ബേസ്റ്റഡ്‌സ്’ സായുധസംഘമാണെന്നാണ്. ഹിറ്റ്ലറുടെ മരണം സംബന്ധിച്ച് ഇന്നും പലതരം വാദങ്ങൾ ശക്തമാണ്. ആർക്കും വളച്ചൊടിക്കാവുന്ന വിധം ആ മരണം ചരിത്രത്താളുകളിൽ ഒരു ചോദ്യചിഹ്നമായി കിടപ്പുമുണ്ട്. അതു തന്നെയാണ് 2009ൽ ‘ഇൻഗ്ലോറിയസ് ബേസ്റ്റഡ്‌സ്’ സിനിമ ചെയ്തപ്പോൾ ആൾടോയുടെ സംഘത്തെ ഉപയോഗിച്ച് സംവിധായകന്‍ ക്വെൻടിൻ ടെറന്റിനോയും ആവർത്തിച്ചത്. ചരിത്രത്തെ വളച്ചൊടിക്കുന്നതിൽ മാത്രമല്ല സിനിമയുടെ പരമ്പരാഗതരീതികളെയെല്ലാം തകർക്കുന്നതിലും ടെറന്റിനോ ഈ സ്വാതന്ത്ര്യം പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ റിസർവോയർ ഡോഗ്സ് മുതലുള്ള ചിത്രങ്ങളെല്ലാം തന്നെ ഇതിന്റെ മികച്ച ഉദാഹരണങ്ങളുമാണ്. 

ലിയനാർഡോ ഡി കാപ്രിയോയെയും ബ്രാഡ് പിറ്റിനെയും മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒൻപതാം ടെറന്റിനോ ചിത്രം ‘വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡിലും’ സ്ഥിതി വ്യത്യസ്തമല്ല. ടെറന്റിനോയുടെ സിനിമാറ്റിക് രീതികളിൽ പലതും വൺസ് അപോൺ എ ടൈമിലും ആവർത്തിക്കുന്നുണ്ട്. അതുപോലും പക്ഷേ ആവർത്തന വിരസമാകാതിരിക്കാൻ കഥയോട് അദ്ദേഹം സ്വീകരിച്ച ട്രീറ്റ്മെന്റ് തന്നെ പ്രധാന കാരണം. ഒപ്പം, ചിത്രത്തിന്റെ പേരു സൂചിപ്പിക്കും പോലെത്തന്നെ ഹോളിവുഡിന്റെ സുവർണകാലത്തിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും, കാപ്രിയോയുടെയും ബ്രാഡ് പിറ്റിന്റെയും ഗംഭീര പ്രകടനവും. 


നിശബ്ദ സിനിമകളുടെ അവസാനമായ 1920കളുടെ അന്ത്യം മുതൽ 1960കൾ വരെയുള്ള കാലത്തെയാണ് ഹോളിവുഡിന്റെ സുവർണ കാലമായി വിശേഷിപ്പിക്കുന്നത്. സിനിമകൾക്കായി എത്ര പണം വേണമെങ്കിലും മുടക്കാൻ തയാറായിരുന്നവരുടെ കാലം. ചലച്ചിത്ര താരങ്ങളുടെ ഗ്ലാമറസ് ജീവിതത്തെപ്പറ്റി ലോകം ചർച്ച ചെയ്ത് അസൂയ പൂണ്ട നാളുകൾ. 1968–69 എല്ലാം ആയപ്പോഴേക്കും പുതിയൊരു ടിവി സംസ്കാരം അമേരിക്കയിൽ രൂപപ്പെട്ടു വന്നിരുന്നു. അതു ഹോളിവുഡിനു വലിയ തിരിച്ചടിയാവുകയും ചെയ്തു. 1969 ഓഗസ്റ്റ് ഒൻപതിനു നടന്ന മറ്റൊരു സംഭവവും ഹോളിവുഡിന്റെ ഗ്ലാമർ യുഗത്തിന് താൽക്കാലിക അന്ത്യം വരുത്താനും കാരണമായി. വിഖ്യാത സംവിധായകൻ റൊമാൻ പൊളാൻസ്കിയുടെ ഭാര്യ ഷാരൻ ടേറ്റ് ഉൾപ്പെടെ അഞ്ചു പേർ ഹോളിവുഡ് കുന്നുകൾക്കു സമീപത്തെ ആഡംബര വീട്ടിൽ കൊല്ലപ്പെട്ടതാണ് ആ സംഭവം. ‘വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡിൽ’ ടെറന്റിനോ ഉപയോഗിച്ചിരിക്കുന്നതും ആ കഥയാണ്. 

പൊളാൻസ്കിയും ഷാരനും ഉൾപ്പെടെ അക്കാലത്തു ജീവിച്ചിരുന്ന എല്ലാവരെയും അതേ പേരോടെ തന്നെ ടെറന്റിനോ സിനിമയിൽ ഉപയോഗപ്പെടുത്തിയെങ്കിലും ചിത്രത്തിന്റെ നെടുംതൂണുകളായ രണ്ടു പേർ സാങ്കൽപിക കഥാപാത്രങ്ങളായിരുന്നു– റിക്ക് ഡാൽട്ടനും ക്ലിഫ് ബൂത്തും (അറുപതുകളിലെ സൂപ്പർസ്റ്റാർ ബർട് റെയ്നോൾഡ്സും അദ്ദേഹത്തിന്റെ സ്റ്റണ്ട്മാൻ ഹാൽ നീഡവുമാണ് കഥാപാത്രങ്ങൾക്കു പ്രചോദനമെന്നു വിശ്വസിക്കുന്നവരുമുണ്ട്) ഒരുകാലത്ത് സിനിമകളിലെ മികച്ച താരമായിരുന്നു റിക്ക്. പിന്നീട് ടിവി സീരീസുകളിലേക്കു മാറി അത്. അദ്ദേഹത്തിന്റെ ‘ബൗണ്ടി ലോ’ പോലുള്ള ടിവി സീരീസുകൾക്ക് ഇന്നും ആരാധകരേറെ. പക്ഷേ അവസാന നാളുകളിൽ വില്ലൻ വേഷങ്ങളിലേക്കു ചുരുങ്ങാനായിരുന്നു റിക്കിന്റെ വിധി. സ്ഥിരം കൗബോയ് വേഷങ്ങളിൽ കുടുങ്ങുകയും ചെയ്തു. വീണ്ടുമൊരു ഹീറോ വേഷം അദ്ദേഹത്തിന്റെ സ്വപ്നമാണ്. 


അഭിനേതാവെന്ന നിലയിൽ ഒന്നുമാകാതെ ചലച്ചിത്ര ചരിത്രത്തിൽ നിന്നു മാഞ്ഞുപോകുമോയെന്ന റിക്കിന്റെ ആശങ്കയോടെയാണ് ചിത്രത്തിന്റെ ആരംഭം. പക്ഷേ റിക്കിനെ ഏറെ ബഹുമാനിക്കുന്ന സ്റ്റണ്ട് ഡബിൾ ക്ലിഫ് ബൂത്ത് എല്ലായിപ്പോഴും ഒപ്പമുണ്ട്. റിക്കിനെ സംബന്ധിച്ചിടത്തോളം ‘more than a brother and little less than a wife’ ആണ് ക്ലിഫ്. റിക്കിന്റെ വീട്ടുകാര്യങ്ങൾ നോക്കാനും ഡ്രൈവറായുമെല്ലാം ഈ സ്റ്റണ്ട്മാൻ എല്ലായിപ്പോഴും ഒപ്പമുണ്ട്. ഇറ്റാലിയൻ വെസ്റ്റേൺ ചിത്രങ്ങളിൽ അഭിനയിക്കാൻ റിക്കിന് ക്ഷണം കിട്ടുമ്പോഴും ക്ലിഫ് ഒപ്പം പോയിരുന്നു. സിനിമ കഴിഞ്ഞ് ശബ്ദം നൽകുന്ന ഡബിങ് രീതിലുൾപ്പെടെ ഹോളിവുഡ് രീതിയിൽ നിന്നു തികച്ചും വ്യത്യസ്തമായ ഇറ്റാലിയൻ 1960 ആക്ഷൻ ചിത്രങ്ങളോട് പുച്ഛം പുലർത്തിയിരുന്നയാളാണ് റിക്ക് (ഡബ് ചെയ്തിറക്കുന്ന ഭാഷയ്ക്കനുസരിച്ച് ഓരോ വിളിപ്പേരും ഇറ്റാലിയൻ വെസ്റ്റേണുകളുടെ പ്രത്യേകതയായിരുന്നു. സ്പഗേട്ടി വെസ്റ്റേൺ എന്നായിരുന്നു ഇറ്റാലിയന്‍ വിളിപ്പേര്. ജാപ്പനീസ് ഭാഷയിലേക്കു മാറുമ്പോള്‍അത് മാക്രോണി വെസ്റ്റേണാകും) ഇത്തരം സിനിമകളെ ഏറെ കളിയാക്കിയെങ്കിലും ഒടുവിൽ സിനിമയിലെ നല്ലൊരു നായകവേഷം എന്ന സ്വപ്നം യാഥാർഥ്യമാക്കാന്‍ ഇറ്റലിയിലേക്കു വിമാനം കയറേണ്ടി വന്നു റിക്കിന്. അവിടെ നിന്നു പുതിയ ഭാര്യയുമായി തിരികെയെത്തുമ്പോഴും എല്ലായിപ്പോഴും നിരാശനും ഹതാശനുമാണ് റിക്ക്. അപ്പോഴും‘മറക്കരുത്, താങ്കൾ റിക്ക് ഡാൽട്ടനാണ്’ എന്ന കാര്യം ഓർമിപ്പിച്ച് ഒപ്പം നിന്നു കരുത്തു പകരുന്നുണ്ട് ക്ലിഫ്. 

ഭാര്യയെ കൊന്നവനെന്ന ചീത്തപ്പേരുമുണ്ട് ക്ലിഫിന്. എന്നാൽ റിക്ക് അതു വിശ്വസിക്കുന്നില്ല. ഹോളിവുഡിലെ പ്രമുഖർ താമസിക്കുന്ന ലോസാഞ്ചലസിലെ ആഡംബര ഭവനങ്ങളിലേറെയും സ്ഥിതി ചെയ്യുന്ന സിയേലൊ ഡ്രൈവിലാണ് റിക്കിന്റെ താമസം. ക്ലിഫ് ആകട്ടെ പ്രിയപ്പെട്ട പിറ്റ്ബുളായ ബ്രാന്റിക്കൊപ്പം ഒരു ട്രെയിലറിലും. രണ്ടു വഴികളിലൂടെയാണ് ക്ലിഫിന്റെയും റിക്കിന്റെയും സഞ്ചാരം. പൊളാൻസ്കിയെപ്പോലൊരു സംവിധായകനൊപ്പമൊരു സിനിമ റിക്കിന്റെ സ്വപ്നമാണ്. ക്ലിഫിനാകട്ടെ ഓരോ ദിവസവും ചുമ്മാതങ്ങനെ കഴിഞ്ഞുപോയാൽ മതി. ആ സിനിമാ സഞ്ചാരങ്ങൾക്കിടെ നാം ഷാരൻ ടെയ്റ്റും പൊളാൻസ്കിയും ബ്രൂസ്‌ലിയും ഉൾപ്പെടെയുള്ള ഒരു കാലത്തെ ഹോളിവുഡിന്റെ വൈവിധ്യ ലോകത്തെ പരിചയപ്പെടുന്നു. 


റിക്കിന്റെ വീടിനു തൊട്ടപ്പുറത്താണ് പൊളാന്‍സ്കി ഭാര്യ ഷാരനൊപ്പം താമസിക്കുന്നത്. ഇടയ്ക്കെപ്പോഴോ ടെറന്റിനോ നമ്മെ ഷാരന്റെ ലോകത്തേക്കും കൊണ്ടു പോകുന്നുണ്ട്. ഒരു ഘട്ടത്തിൽ ക്ലിഫിനൊപ്പം നാം ചാൾസ് മാൻസന്റെ ‘കുടുംബത്തെ’യും പരിചയപ്പെടുന്നു. മാൻസൻ ഫാമിലി എന്നറിയപ്പെടുന്ന ഈ ഹിപ്പി സംഘത്തിലെ നാലു പേരാണ് ഷാരന്റെ കൊലപാതകത്തിനു പിന്നിൽ. പുസി ക്യാറ്റ് എന്നു വിളിപ്പേരുള്ള ഹിപ്പി പെണ്‍കുട്ടിക്കൊപ്പമാണ് ക്ലിഫ് മാൻസന്റെ കുടുംബത്തെ കാണാനെത്തുന്നത്. ഹിപ്പികൾ കൂട്ടത്തോടെ താമസിക്കുന്ന ആ മേഖലയുടെ ഉടമയായ ജോർജിനെത്തേടി ക്ലിഫ് പോകുന്ന രംഗം ടെറന്റിനോ ഫാൻസിനുള്ള വിരുന്നാണ്. 

ഹിറ്റ്ലറിന്റെ ഡിറ്റക്ടീവ് ആയ കേണൽ ഹാൻസ് ലാന്ദ ഫ്രാന്‍സിലെ കുന്നിൻചെരിവിലുള്ള കർഷകന്റെ വീടു തേടിയെത്തുന്ന രംഗം ഇൻഗ്ലോറിയസ് ബേസ്റ്റഡ്സ് കണ്ടവർക്കു മറക്കാനാകില്ല. ഹാൻസും കർഷകനും തമ്മിലുള്ള അതീവസാധാരണമായ സംഭാഷണം സൃഷ്ടിക്കുന്ന അതേ പിരിമുറുക്കം വൺസ് അപോൺ എ ടൈമിലെ മേൽപ്പറഞ്ഞ രംഗത്തിലും അനുഭവിക്കാം. പൾപ് ഫിക്ഷനിലെ ഒാപണിങ് സീനിലും ഇതു കണ്ടിട്ടുണ്ട് (ജാങ്കോ അൺചെയിൻഡിെല അത്താഴരംഗങ്ങളും മറക്കുന്നില്ല) പക്ഷേ മുൻകാലങ്ങളിൽ പല സീനുകളിലെയും പിരിമുറുക്കങ്ങൾ അവസാനിച്ചിരുന്നത് അതിഭീകര പൊട്ടിത്തെറികളിലായിരുന്നു. എന്നാൽ ടെറന്റിനോയിൽ നിന്നു പ്രതീക്ഷിക്കാവുന്ന ഗ്രാഫിക് വയലൻസ് വൺസ് അപോൺ എ ടൈമിൽ വളരെ കുറവാണ്. അവസാനം ലഭിക്കുന്നതാകട്ടെ പ്രേക്ഷകന് അതുവരെ കാത്തിരുന്നതിനുള്ള മികച്ച പ്രതിഫലവും.  


പഴയകാല സിനിമാ തിയറ്ററുകളും പോസ്റ്ററുകളും സ്റ്റുഡിയോകളും റോഡും കാഡിലാക്, ഫോക്സ്‌വാഗൻ വാഹനങ്ങളുടെ മുരുൾച്ചയും എൻഫീൽഡിന്റെ ഇരമ്പലും കോസ്റ്റ്യൂമുകളും പ്ലേബോയ് മാൻഷനും ഹിപ്പികളും മാത്രമല്ല ഛായാഗ്രഹണത്തിൽപ്പോലും വിന്റേജ് ഫീൽ കൊണ്ടുവന്നിട്ടുണ്ട് ടെറന്റിനോ. അതും ഗോൾഡൻ ഏജിലെ റോക്ക് ‘ൻ’ റോള്‍ സംഗീതത്തിന്റെ അകമ്പടിയോടെ. റോബർട്ട് റിച്ചാഡ്സന്റെയാണ് ഛായാഗ്രഹണം. എഡിറ്റിങ് ഫ്രെജ് റാസ്കിൻ. സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ തിരക്കഥയും ടെറന്റിനോയാണ്. സംഭവങ്ങളേക്കാള്‍ വ്യക്തികളിലൂന്നിയാണ് ചിത്രത്തിന്റെ കഥ പറച്ചിൽ. തന്റെ ‘ദ് റെക്കിങ് ക്രൂ’ എന്ന 1968ലെ സിനിമ തിയറ്ററിൽ കാണാനെത്തുന്ന ഷാരൻ ടെയ്റ്റിനെ അവതരിപ്പിച്ച രീതി തന്നെ ഉദാഹരണം. സിനിമയെ അത്രയേറെ സ്നേഹിച്ച ഒരാൾ നമ്മെ അകാലത്തിൽ വിട്ടുപോയല്ലോയെന്നു തോന്നിപ്പിക്കും വിധം ഷാരനെ സ്നേഹിപ്പിക്കും ആ രംഗം. ഷാരനായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത് മാർഗോ റോബിയാണ്.  

ചിത്രത്തിലെ കുട്ടിക്കഥാപാത്രമായ ജൂലിയ ബട്‌ലേഴ്സ് ഒരു ഘട്ടത്തിൽ റിക്കിന്റെ അഭിനയം കണ്ടു പറയുന്നുണ്ട്– ‘ഞാനെന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച അഭിനയം’ എന്ന്. സിനിമ കഴിഞ്ഞിറങ്ങുന്ന ഓരോ പ്രേക്ഷകനും അതു തന്നെ പറയും. ബ്രാഡ് പിറ്റാകട്ടെ തനിക്ക് സെക്സ് ഓഫർ ചെയ്യുന്ന പെൺകുട്ടിയോടു പോലും വയസ്സ് ചോദിക്കുന്നത്ര ‘മാന്യനായ’ കഥാപാത്രവും. ബ്രൂസ്‌ലിയും ക്ലിഫും തമ്മിലുള്ള സംഘട്ടനം പോലെ ചിരിയുണർത്തുന്ന ക്ലിഫ് മുഹൂർത്തങ്ങളും ഏറെ. ക്ലൈമാക്സ് രംഗത്തിൽ ക്ലിഫ് കാണിച്ചു കൂട്ടുന്ന അക്രമങ്ങളും ആസ്വദിക്കാനേറെ വക തരുന്നു. ഹോളിവുഡിലെ മായക്കാഴ്ചകൾക്കിടെ ചിത്രത്തിൽ ഏറ്റവും റിയലിസ്റ്റിക്കായി നമുക്കു തോന്നുക ക്ലിഫിനെയായിരിക്കും. അയാൾ ഭൂതകാലം മറക്കുന്നവനല്ല. ഭാവിയെക്കുറിച്ച് ആശങ്കകളുമില്ല. അതിനാൽത്തന്നെ ജീവിക്കുന്ന ഓരോ നിമിഷവും ആശങ്കകളൊന്നുമില്ലാതെ അനായാസം ജീവിച്ചുതീർക്കുകയും ചെയ്യുന്നു. 


ക്ലിഫിനെപ്പോലെത്തന്നെ കോംപ്ലിക്കേഷനുകളൊന്നുമില്ലാതെയാണ് അവസാനം വരെ സിനിമയുടെ പോക്ക്. 1960കളിലെ ഹോളിവുഡ് ഓർമകള്‍ക്ക് ടെറന്റിനോ നൽകിയ ട്രിബ്യൂട്ടാണു ചിത്രമെന്നു നിസ്സംശയം പറയാം. ഹോളിവുഡിന്റെ ആ സുവർണകാലത്തെ വെളിച്ചം താൽക്കാലികമായെങ്കിലും കെടുത്തിയ ഹിപ്പി ഫാമിലിയോടുള്ള അദ്ദേഹത്തിന്റെ അതിക്രൂരമായ പ്രതികരണം കൂടിയാണ് ചിത്രം. ഷാരനെയും സുഹൃത്തുക്കളെയും കൊന്ന് വാതിലിൽ ‘പന്നി’ എന്നെഴുതി വച്ച മാൻസൻ ഫാമിലിയുടെ കഥയറിയാവുന്നവരാണെങ്കിൽ ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലെ ആസ്വാദനത്തിന് ഏറെ ഉപകാരപ്രദമാകും. കാരണം, ഹിറ്റ്ലറെ കൊന്നതു പോലെ ഒരു ട്വിസ്റ്റ് ടെറന്റിനോ ക്ലൈമാക്സിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. 


ലാസ്റ്റ് കട്ട്: ടെറന്റിനോ ഫാൻസിനു വിരുന്നാണ് ഈ ചിത്രം. പക്ഷേ ചരിത്രത്തെ ചരിത്രമായിത്തന്നെ കാണാനാഗ്രഹിക്കുന്ന റിയലിസ്റ്റിക് ചിന്താഗതിക്കാർക്കു ദഹിക്കാൻ ഏറെ പാടുപെടേണ്ടി വരും (ബ്രൂസ്‌ലിയെ സ്നേഹിക്കുന്നവരും സങ്കടപ്പെടാനൊരുങ്ങുക)

Keywords: Hollywood Movie Reviews in Malayalam, Once Upon a time in hollywood Review, Once Upon a time in Hollywood Cast, Once Upon a time in Hollywood Malayalam Review, Quentin Tarantino Best Movies, Leonardo Dicaprio Best Movies, Brad Pitt Best Movies, Manson Family Murders of 1969, Mysterious Hollywood Murders

അഭിപ്രായങ്ങള്‍