ഹിറ്റ്‍‌ലറുടെ മരണയന്ത്രത്തെ തകർത്ത ജീനിയസ്; ക്രിസ്റ്റഫറിന്റെ പ്രിയപ്പെട്ടവൻ!


(Movie Spoilers Ahead) ‘ക്രിസ്റ്റഫർ, നിനക്കറിയാമോ... രണ്ടു പേർ സംസാരിക്കുമ്പോൾ അവർ മനസ്സിലെന്താണോ ഉദ്ദേശിച്ചത് അതല്ല പുറത്തുപറയുന്നത്, മറ്റെന്തൊക്കെയോ ആണ്. കേൾക്കുന്നവർ അതു ശരിയായ രീതിയിൽ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ...’

ഒരു മരത്തണലിൽ തൊട്ടുചേർന്നിരിക്കുമ്പോഴാണ് അലൻ ക്രിസ്റ്റഫറിനോട് അതു പറഞ്ഞത്. സത്യത്തിൽ അലൻ ബോർഡിങ് സ്കൂളിലെ തന്റെ സഹപാഠിക്ക് ഒരു സൂചന കൊടുത്തതാണ്. പലതും പറയണമെന്നുണ്ട് അവന്, പക്ഷേ അവനു ചുറ്റും വലകെട്ടിയിരിക്കുന്ന സാമൂഹിക വ്യവസ്ഥകൾ അതിനു സമ്മതിക്കുന്നില്ല. മനസ്സിലുള്ളത് പരസ്പരം തുറന്നുപറയാൻ അവർ കണ്ടെത്തിയ വഴിയായിരുന്നു രഹസ്യ സന്ദേശങ്ങൾ എഴുതുകയെന്നത്. ആ സന്ദേശങ്ങളിലെ രഹസ്യപ്പൂട്ട് തുറക്കുന്നതിലൂടെയായിരുന്നു അലന്റെ ഹൃദയത്തിലേക്ക് ആദ്യമായി ക്രിപ്റ്റോഗ്രഫി കുടിയേറുന്നത്. തലച്ചോറിലേക്കല്ല, ഹൃദയത്തിലേക്കാണ് എന്ന് എടുത്തുപറയാനുമുണ്ട് കാരണം. അലനെ ക്രിപ്റ്റോഗ്രഫിയിലേക്കു നയിക്കുന്നത് ക്രിസ്റ്റഫറാണ്. അവന്റെ ആദ്യത്തെ കാമുകൻ. ക്രിസ്റ്റഫർ മരിച്ചിട്ടും ആ പ്രണയം അലന്റെ നെഞ്ചിൽനിന്നിറങ്ങിപ്പോയതേയില്ല. നാസികളുടെ കുപ്രസിദ്ധ എൻക്രിപ്ഷൻ മെഷീനായ എനിഗ്‌മയെ തകർക്കാൻ ബ്രിട്ടിഷ് ഇന്റലിജൻസിനു വേണ്ടി ഒരു ബദൽ യന്ത്രം കണ്ടുപിടിച്ചപ്പോഴും അതിന് അലൻ പേരിട്ടത് ക്രിസ്റ്റഫറെന്നായിരുന്നു. 

അക്രമം ഇഷ്ടമായിരുന്നില്ല അലന്. അക്രമം മനുഷ്യന് ഏറെ സംതൃപ്തി പകരുന്ന ഒന്നാണ്. പക്ഷേ ആ സംതൃപ്തി ഇല്ലാതായാല്‍ പിന്നെ അക്രമവും നിഷ്ഫലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യങ്ങൾ പിടിച്ചെടുത്ത് മുന്നേറുകയായിരുന്നു ഹിറ്റ്‌ലർ. പിടിച്ചെടുക്കലിന്റെ സംതൃപ്തിയുണ്ടായിരുന്നു അയാളുടെ ഓരോ ആക്രമണത്തിലും. പക്ഷേ അതിനെ തന്റെ തലച്ചോറു കൊണ്ടു തകർക്കുകയായിരുന്നു അലൻ ട്യൂറിങ് എന്ന ഗണിത ശാസ്ത്രവിദഗ്ധൻ. ആ വിശേഷണത്തിൽ മാത്രമൊതുങ്ങുന്നില്ല അലൻ– ഇന്ന് ലോകം വാഴ്ത്തുന്ന ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ തുടക്കം എട്ടു പതിറ്റാണ്ടിനു മുൻപ് അദ്ദേഹം നിർമിച്ച ട്യൂറിങ് മെഷീനിൽനിന്നായിരുന്നു. ഇന്നത്തെ കംപ്യൂട്ടറുകളുടെ തലതൊട്ടപ്പൻ! 


രണ്ടാം ലോകമഹായുദ്ധത്തിൽ ദശലക്ഷക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ കാരണക്കാരനായ ഈ ക്രിപ്റ്റ്‌അനലിസ്റ്റിനെ പക്ഷേ ജന്മദേശമായ ബ്രിട്ടൻ ഇഞ്ചിഞ്ചായി ഇല്ലാതാക്കുകയായിരുന്നു. സ്വവർഗലൈംഗികതയെ പാപമായി കരുതിയിരുന്ന ബ്രിട്ടന്റെ നിയമവും സാമൂഹികക്രമവുമായിരുന്നു ചെറുപ്രായത്തിൽത്തന്നെ ഈ ജീനിയസിനെ ലോകത്തിനോടു യാത്ര പറയിപ്പിച്ചത്. ആ കഥയാണ് മോർട്ടൻ ടിൽഡമിന്റെ ‘ദി ഇമിറ്റേഷൻ ഗെയിം’ എന്ന ചിത്രം. സ്വയം നേരിടേണ്ടതും ചുറ്റുപാടിൽനിന്നേറ്റുവാങ്ങേണ്ടി വന്നതുമായ ലോകമഹായുദ്ധങ്ങളെ ഒരു മനുഷ്യൻ നേരിട്ട കഥ. 

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമനിയുടെ തുറുപ്പുചീട്ടായിരുന്നു എനിഗ്മ മെഷീൻ. മരണയന്ത്രമെന്ന് ബ്രിട്ടൻ പേരിട്ടു വിളിച്ച എൻക്രിപ്ഷൻ യന്ത്രം. അതിൽനിന്നുള്ള റേഡിയോ സന്ദേശങ്ങൾ അന്തരീക്ഷത്തിലൂടെ ലോകം മുഴുവൻ പരക്കുന്നുണ്ട്. വിവിധ ഭാഗങ്ങളിലിരുന്ന് ജർമൻ സൈന്യത്തിലെ വിദഗ്ധർ ആ സന്ദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നു. അതിലുണ്ടാകും ഓരോ ദിവസവും എവിടെയെല്ലാം എങ്ങനെ വേണം ആക്രമണമെന്ന ഹിറ്റ്ലറുടെ സൈനികത്തലവന്മാരുടെ നിർദേശം. എനിഗ്മയിൽ നിന്നയയ്ക്കുന്ന സന്ദേശങ്ങള്‍ വിചിത്ര കോഡ് ഭാഷയായാണു പുറത്തെത്തുക. അതിന്റെ യഥാർഥ അർഥം മനസ്സിലാക്കാന്‍ അത് സ്വീകരിക്കുന്ന എനിഗ്മ മെഷീനിലൂടെ ജർമൻ വിദഗ്ധർക്കു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഓരോ എനിഗ്മ യന്ത്രവും പ്രത്യേക രീതിയിൽ കോൺഫിഗർ ചെയ്താൽ മാത്രമേ ആ സന്ദേശം വായിച്ചെടുക്കാനുമായിരുന്നുള്ളൂ. ഓരോ ദിവസവും ഓരോതരം കോൺഫിഗറേഷനായിരിക്കും. ഏതുവിധത്തിൽ യന്ത്രം കോൺഫിഗർ ചെയ്യണമെന്നും രഹസ്യ കോഡിലൂടെ ജർമൻ സൈന്യം നേരത്തേതന്നെ  ഓരോ സൈനിക ക്യാംപിലും അറിയിച്ചിട്ടുണ്ടാകും. ജർമനി നടത്തുന്ന ഓരോ ആക്രമണവും ഓരോ ബോംബിങ്ങും കടലിലെ ടോർപിഡോ ആക്രമണങ്ങളും എനിഗ്മയിലെ രഹസ്യസന്ദേശങ്ങളിലൂടെയായിരുന്നു. 


എനിഗ്മയുടെ ഈ രഹസ്യസ്വഭാവം തകർക്കുകയെന്നതായിരുന്നു അലന്റെയും (ബെനഡിക്‌ട് കംബർബാച്ച്) സംഘത്തിന്റെയും ലക്ഷ്യം. അലനെ സംബന്ധിച്ചിടത്തോളം എനിഗ്മ ഒരു ഗെയിം അല്ലെങ്കിൽ പസിൽ മാത്രമായിരുന്നു– ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഗെയിം. പോളിഷ് ഇന്റലിജൻസ് കടത്തിക്കൊണ്ടുവന്ന ഒരു എനിഗ്മ യന്ത്രം അവരുടെ കയ്യിലുണ്ട്. പക്ഷേ അതിലെ റോട്ടോറുകൾ പ്രത്യേക രീതിയിൽ കോൺഫിഗർ ചെയ്താൽ മാത്രമേ ഓരോ രഹസ്യ സന്ദേശവും അതുവഴി വായിച്ചെടുക്കാനാകൂ. എനിഗ്മ യന്ത്രത്തിലെ റോട്ടോറുകളുടെ കോൺഫിഗറേഷൻ 159 മില്യൻ മില്യൻ മില്യൻ തരത്തിൽ സെറ്റ് ചെയ്യാനാകുമെന്നതായിരുന്നു യാഥാർഥ്യം. അതായത് 159 കഴിഞ്ഞ് 18 പൂജ്യങ്ങൾ ചേർന്നാലുള്ളത്ര തവണ. ആ സെറ്റിങ്സ് ഏതാണെന്നു കണ്ടെത്തിയാൽ മാത്രമേ ജർമനി അയയ്ക്കുന്ന രഹസ്യ സന്ദേശം തിരിച്ചറിയാനാവുകയുള്ളൂ. 

പക്ഷേ വെല്ലുവിളി അതല്ല. അലന്റെ ഭാഷയിൽ പറഞ്ഞാൽ ജർമനിയുടെ ഒരൊറ്റ ആക്രമണം തടയാനുള്ള സന്ദേശം വായിച്ചെടുക്കാൻ ബ്രിട്ടന്റെ നിലവിലെ സൗകര്യങ്ങളുപയോഗിച്ച് രണ്ടു കോടി വർഷമെങ്കിലും വേണം. രാവിലെ ആറിന് ആദ്യ സന്ദേശം യുകെ വിമൻസ് റോയൽ നേവി അംഗങ്ങൾ പിടിച്ചെടുത്ത് തന്നാൽ അതിന്റെ അർഥം മനസ്സിലാക്കിയെടുക്കാൻ ആകെയുള്ളത് 18 മണിക്കൂറാണ്. രാത്രി 12 മണിക്ക് ജർമനിയുടെ എനിഗ്മ യന്ത്രം പുതിയ സെറ്റിങ്സിലേക്കു മാറും. അതോടെ അതുവരെ ചെയ്ത പണിയെല്ലാം വെറുതെ. സംഘത്തിലെ മറ്റുള്ളവർ മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് ഓരോ സന്ദേശവും ഡീക്രിപ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഒരു യന്ത്രം തയാറാക്കാനുള്ള ശ്രമത്തിലായിരുന്നു അലൻ. മനുഷ്യമസ്തിഷ്കത്തേക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്ന യന്ത്രം. ലക്ഷംകോടി സെറ്റിങ്സ് അഥവാ യാന്ത്രിക ചിന്താശേഷിയുള്ള എനിഗ്മയിലെ സന്ദേശങ്ങളെ വായിച്ചെടുക്കാൻ അത്തരമൊരു യന്ത്രത്തിനേ സാധിക്കൂവെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. 


മാസങ്ങൾ കടന്നുപോയി. യന്ത്രത്തിനുവേണ്ടിയുള്ള ഒറ്റയാൻ ശ്രമത്തിനിടെ ഒപ്പമുള്ളവർ പോലും അലനോട് ഇടഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം തികച്ചും അബ്നോർമലായ മനുഷ്യനായിരുന്നു അലൻ, മറ്റുള്ളവരോട് ഇടപെടാനറിയാത്ത ഒരു അരക്കിറുക്കൻ. എന്നാൽ ജൊവാൻ എലിസബത്ത് ക്ലാർക്ക് (കീറ നൈറ്റ്ലി) എന്ന പെൺകുട്ടിയുടെ വരവോടെ പതിയെ അലന്റെ മനസ്സിലെ പ്രണയത്തിന്റെ രഹസ്യപ്പൂട്ടും തുറക്കുകയായിരുന്നു. അപ്പോഴും ചുറ്റിലും യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയായിരുന്നു.  ബ്രിട്ടന് സഹായവുമായി അറ്റ്ലാന്റിക്കിലൂടെ വന്ന കപ്പലുകൾവരെ ജർമനി തകർത്തു, അതോടെ രാജ്യത്തു കൊടുംപട്ടിണി നിറഞ്ഞു. ഓരോ ദിവസവും സർപ്രൈസ് അറ്റാക്കുകളിലൂടെ ജർമനി ലോകത്തെ ഞെട്ടിച്ചുകൊണ്ടേയിരുന്നു. 

അതിനിടെ അലന്റെയും സംഘത്തിന്റെയും പ്രവർത്തനം സർക്കാരിനു നഷ്ടമാണെന്നു പറഞ്ഞ് ഇന്റലിജൻസ്തന്നെ ബ്ലെച്ച്‌ലി പാർക്കിലെ അവരുടെ ഗവേഷണകേന്ദ്രം അടച്ചുപൂട്ടാനും ശ്രമമുണ്ടായി. എന്നാൽ അതുവരെ അലനെ എതിർത്തിരുന്ന സഹപ്രവർത്തകർ അദ്ദേഹത്തോടൊപ്പംനിന്നു. കാരണം അതിനോടകം അവർക്കു മനസ്സിലായിരുന്നു, അലനാണു ശരിയെന്ന്. ആ യന്ത്രമാണ് ജർമന്റെ രഹസ്യ സന്ദേശങ്ങളുടെ താക്കോലെന്ന്. ഒടുവിൽ അലന്റെ ക്രിസ്റ്റഫർ  എനിഗ്മയുടെ രഹസ്യാത്മകതയെ തകര്‍ക്കുക തന്നെ ചെയ്തു. ആ നിമിഷം അതിഗംഭീരവും വികാരനിർഭരവും ഒപ്പം ത്രില്ലിങ്ങുമായാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. 


ജർമൻ രഹസ്യ സന്ദേശങ്ങൾ പിടിച്ചെടുത്തതോടെ ബ്രിട്ടന്റെ നേതൃത്വത്തിൽ സഖ്യശക്തികൾ മുന്നേറ്റം തുടങ്ങി. അപ്പോഴും പരിപൂർണ വിജയമെന്നത് അതിദൂരെയായിരുന്നു. ജർമനിയുടെ എല്ലാ സന്ദേശങ്ങളും പിടിച്ചെടുത്തു മുന്നേറാൻ ബ്രിട്ടൻ തയാറായില്ല. അങ്ങനെ ചെയ്താൽ എനിഗ്മ മെഷീന്റെ രഹസ്യം തകർത്ത വിവരം ജർമനി തിരിച്ചറിയും. രണ്ടു വർഷത്തോളമെടുത്ത് നിർമിച്ച യന്ത്രം വെറുതെയായിപ്പോകും. അതിനാൽത്തന്നെ ആരെല്ലാം മരിക്കണം, മരിക്കേണ്ട എന്നു യുദ്ധകാലത്തു തീരുമാനമെടുക്കുന്ന ദൈവതുല്യമായ അവസ്ഥയിലേക്കും അലന്റെ യന്ത്രമുയർന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ രണ്ടാം ലോകമഹായുദ്ധം രണ്ടു വർഷമെങ്കിലും നേരത്തേ അവസാനിക്കാൻ‍ കാരണമായത് ട്യൂറിങ് മെഷീനായിരുന്നു. അതുവഴി രക്ഷപ്പെടുത്താനായതാകട്ടെ ഏകദേശം 1.4 കോടി ജനങ്ങളുടെ ജീവനും. 

പക്ഷേ ലോകമഹായുദ്ധത്തിനപ്പുറം ബ്രിട്ടന്റെ എംഐ6 ഇന്റലിജന്‍സ് വിഭാഗം അലന്റെ സംഘത്തെ പിരിച്ചുവിട്ടു. പരസ്പരം ഒരിക്കലും കാണാൻപോലും പാടില്ലെന്ന നിർദേശത്തോടെ. അതിനോടകം എലിസബത്തിനെ ജീവിതസഖിയാക്കാൻ തീരുമാനിച്ചിരുന്നു അലൻ. അവിടെയും പക്ഷേ ഭരണകൂടം അയാൾക്കു ഭീഷണിയുമായെത്തി. ഒരു ഘട്ടത്തിൽ എലിസബത്തിന്റെ ജീവൻ അപകടത്തിലാണെന്നുകണ്ട അലൻ പറഞ്ഞു: 

‘നീ ഇവിടെനിന്നു പോകണം..’

‘കാരണം..?’ അവൾ തിരിച്ചു ചോദിച്ചു.

‘ഞാൻ..ഞാൻ.. ഹോമോസെക്ഷ്വലാണ്...’ അലന്റെ മറുപടി.

‘അതിന്...നാം പരസ്പരം സ്നേഹിക്കുന്നത് നമ്മുടേതായ വഴികളിലൂടെയല്ലേ..മറ്റുള്ളവരെപ്പോലെയാണോ നമ്മൾ..’

എലിസബത്തിന് അലനെ പിരിയാനാകില്ലായിരുന്നു. 

അപ്പോഴാണ് അലന്റെ നെഞ്ചിൽ നിന്ന് ആ വാക്കുകൾ ഉതിർന്നത്. 

‘സത്യത്തിൽ എനിക്ക് നിന്നെ ഇഷ്ടമില്ലായിരുന്നു അലൻ. ഈ യന്ത്രം കണ്ടുപിടിക്കാൻ എനിക്കു നിന്റെ സഹായം വേണമായിരുന്നു. അതിനാണു ‍ഞാൻ നിന്നെ പ്രേമിക്കുന്നതായി നടിച്ചത്...’

കണ്ണുചുവപ്പിച്ച്, അലന്റെ കരണം പുകച്ച ഒരടിയായിരുന്നു എലിസബത്തിന്റെ മറുപടി.

അവിടെ, ആ നിമിഷം. അലന്റെ മനസ്സു പറഞ്ഞത് മനസ്സിലാക്കാൻ മാത്രം എലിസബത്തിനു സാധിച്ചില്ല. അത്രമാത്രം എൻക്രിപ്റ്റഡായിരുന്നു അദ്ദേഹത്തിന്റെ ആ നുണപറച്ചിൽ. ഒരുപക്ഷേ ആ നിമിഷം അയാൾക്കു തോന്നിയിട്ടുണ്ടാകണം–

‘യഥാർഥത്തിൽ താൻ പറഞ്ഞതെന്താണെന്ന് എന്റെ പ്രിയപ്പെട്ടവൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ...’


വർഷങ്ങൾക്കപ്പുറം പക്ഷേ എലിസബത്ത് അതു തിരിച്ചറിഞ്ഞിട്ടുണ്ടാകണം.

പിരിഞ്ഞ് ഒരു ദശാബ്ദക്കാലത്തിനപ്പുറം അലനെ കാണാൻ അവൾ വീട്ടിലെത്തി. അലന്റെ ഹോമോസെക്ഷ്വാലിറ്റി കണ്ടെത്തിയ പൊലീസ് അദ്ദേഹത്തെ രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ച സമയമായിരുന്നു. അലൻ പക്ഷേ അപ്പോഴും വീട്ടിലുണ്ടായിരുന്നു. പണ്ട് ചുട്ടെരിച്ചുകളഞ്ഞ ക്രിസ്റ്റഫറെന്ന മനസ്സുവായിക്കുംയന്ത്രത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്റലിജൻസ് രഹസ്യമായതിനാൽത്തന്നെ അലന്റെ കണ്ടെത്തൽ ഭരണ തലപ്പത്തെ വിരലിലെണ്ണാവുന്ന ചിലർക്കല്ലാതെ ബ്രിട്ടനിൽ ആർക്കും അറിയില്ലായിരുന്നു. അതിനാൽത്തന്നെ പൊലീസിനും കോടതിക്കുമെല്ലാം ഹോമോസെക്ഷ്വലായ പ്രതി മാത്രമായിരുന്നു അലൻ. തെറ്റുകാരനെന്നു തെളിഞ്ഞ അലന് കോടതി രണ്ട് ഓപ്ഷനുകളാണു നൽകിയത്. ഒന്നുകിൽ രണ്ടു വർഷത്തെ തടവുശിക്ഷ. അല്ലെങ്കിൽ ഹോർമോൺ ചികിത്സയ്ക്കു വിധേയനാവുക. 

പുരുഷൻ മറ്റൊരു പുരുഷനെ സ്നേഹിക്കുന്നതു തലച്ചോറിന്റെ രതിവൈകൃതമാണെന്നു കണ്ടെത്തിയ കോടതി ആ ‘വൈകൃതത്തിന്റെ’ നാഡീഞരമ്പുകളെ തളർത്താനുള്ള ചികിത്സയാണ് അലന് നിർദേശിച്ചത്. അതാണ് അലൻ ചോദിച്ചുവാങ്ങിയ ശിക്ഷ. ജയിലിലായാൽ അയാൾക്ക് ക്രിസ്റ്റഫറിനെ പിരിയേണ്ടി വരും. പക്ഷേ ഒരേസമയം അലന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർക്കുകയായിരുന്നു ആ വിഷചികിത്സ. 


‘അലൻ, ഇത് ശരിയാവില്ല...ഇതൊന്നും ഒറ്റയ്ക്ക് നേരിടാൻ നിന്നെക്കൊണ്ടാകില്ല...’ എലിസബത്ത് മുന്നറിയിപ്പ് നൽകിയതാണ്.

പതിയെ ആ യന്ത്രത്തിനരികിലേക്കു നടന്ന അലൻ പറഞ്ഞു. 

‘ഞാനൊറ്റയ്ക്കല്ല... ഞാനൊരിക്കലും ആയിരുന്നില്ല. കണ്ടില്ലേ, ക്രിസ്റ്റഫര്‍ സ്മാർട്ടായി വരികയാണ്. അവനുണ്ട് എന്റെയൊപ്പം. ഞാനിപ്പോൾ മരുന്നെടുത്തില്ലെങ്കിൽ അവർ ക്രിസ്റ്റഫറിനെ കൊണ്ടുപോകും. അതു സമ്മതിക്കാന്‍ എനിക്കാകില്ല. എനിക്ക് ഒറ്റയ്ക്കാകേണ്ട...’

അലന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. 

ഇത്രയേറെ സ്നേഹത്തോടെ ഒരു കാമുകനെ മുൻകാമുകി ആശ്വസിപ്പിക്കുന്നത് ‍ഞാനിതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ല. ആ കാഴ്ചയായിരുന്നു പിന്നീടങ്ങോട്ട്.

‘നമുക്കൊരു പസിൽ കളിക്കാം... അല്ലെങ്കിൽ വേണ്ട ഒരു ക്രോസ്‌വേഡ് പൂരിപ്പിച്ചാലോ...?’

എലിസബത്ത് പത്രത്തിലെ പദപ്രശ്നമെടുത്തു. ഒരു കുട്ടിയെപ്പോലെ അവളെ അനുസരിച്ച് പെൻസിൽ കയ്യിലെടുത്തു അലൻ. പക്ഷേ..ആ കൈകള്‍ വിറയ്ക്കുകയായിരുന്നു. അതിസങ്കീര്‍ണമായ ഗണിതസൂത്രങ്ങള്‍ വരെ ഇഴവേർതിരിച്ചെടുത്ത മസ്തിഷ്കമാണ്. കണ്മുന്നിലെ ചെറുപദപ്രശ്നത്തിനു മുന്നിൽ ഒരു മഹാസമസ്യയോടേറ്റുമുട്ടുന്നതു പോലെ അയാൾ നിസ്സഹായനായി ഇരിക്കുന്നു എലിസബത്തിന്റെ മനസ്സു വിറയ്ക്കുന്നത് അറിയാനാകുമായിരുന്നു ആ നിമിഷം. പകപ്പോടെയിരുന്നു അവൾ. അപ്പോഴാണ് അലൻ അവളുടെ കൈവിരലിലെ മോതിരം കണ്ടത്. 

‘ഒരിക്കൽ ഞാൻ നൽകിയതിനേക്കാളും മനോഹരം..’ അയാൾ ചിരിക്കാൻ ശ്രമിച്ചു. 

‘ഭർത്താവ്, ജോലി.. നിന്റെ ജീവിതം വളരെ നോർമലായല്ലേ...?’ അലൻ പിന്നെയും ചോദിച്ചു.

അന്നേരമാണ് അലന്റെ തൊട്ടുമുന്നിൽ, അയാളുടെതന്നെ കണ്ണുകളിലേക്ക് നോക്കി എലിസബത്ത് ആ വാക്കുകൾ പറഞ്ഞത്:

‘അലൻ, എന്താണു നീ ജീവിതത്തെ നോർമൽ എന്നതുകൊണ്ടുദ്ദേശിക്കുന്നത്? ഇന്നു രാവിലെ ഞാനിങ്ങോട്ട് ട്രെയിനിൽ വരുമ്പോൾ ഒരു നഗരം കണ്ടു. ഒരുപക്ഷേ നീയില്ലായിരുന്നെങ്കിൽ ആ നഗരം അവിടെ കാണുമായിരുന്നില്ല. എനിക്കു ടിക്കറ്റ് തന്നെ ചെറുപ്പക്കാരൻ..അയാളും ഒരുപക്ഷേ നീയുണ്ടായിരുന്നില്ലെങ്കിൽ അവിടെ കാണുമായിരുന്നില്ല... നീ അബ്നോർമലായതുകൊണ്ടാണ് ലോകം ഇന്ന് യുദ്ധമൊഴിഞ്ഞ് ഇങ്ങനെ നോർമലായിരിക്കുന്നത്...’

അലന്റെ കണ്ണുകളിൽ ഇതാദ്യമായൊരു തിളക്കം.

‘ഒന്നുമല്ലെന്നു നാം കരുതുന്ന ചിലരുണ്ട്. ഒന്നും ചെയ്യാനാകില്ലെന്നും ഒരു ഗുണവുമില്ലെന്നുമൊക്കെ നാം കരുതുന്ന ചിലർ. പക്ഷേ അലൻ, ചിലപ്പോഴൊക്കെ അവരാണ് നമുക്കൊന്നും മനസ്സിൽപ്പോലും കാണാൻ പറ്റാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ടാവുക...’ നൈരാശ്യത്തിന്റെ ആഴങ്ങളിലേക്കാണ്ടു പോയ ഒരാളെ ഒരു കാമുകിക്ക് ഇതിലും മനോഹരമായി എങ്ങനെ തിരികെക്കൊണ്ടു വരാനാകും...? പക്ഷേ അപ്പോൾ അലൻ കണ്ണുകൾകൊണ്ടു സംസാരിച്ച വാക്കുകൾ എലിസബത്തിനും മനസ്സിലായിട്ടുണ്ടാകില്ല. മനസ്സിലായിരുന്നെങ്കിൽ അയാളെ അവൾ രക്ഷിച്ചെടുത്തേനെ...

എലിസബത്തിനെ കണ്ട് മാസങ്ങൾക്കിപ്പുറം അലൻ ആത്മഹത്യ ചെയ്തു.


രണ്ടാം ലോകമഹായുദ്ധത്തിൽ ദശലക്ഷങ്ങളെ രക്ഷിച്ച അലന്റെയും സംഘത്തിന്റെയും കണ്ടെത്തലുകളെ 50 വര്‍ഷത്തോളമാണ് ബ്രിട്ടിഷ് സർക്കാർ രഹസ്യമാക്കിവച്ചത്. ഒടുവിൽ അതുപുറത്തെത്തിയപ്പോൾ 2009ൽ അന്നത്തെ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ അലനോടു മാപ്പു പറയുന്നതായി പ്രഖ്യാപിച്ചു. ഹോമോസെക്ഷ്വൽ കേസുകളിൽ പണ്ടു താക്കീതോ ശിക്ഷയോ നൽകപ്പെട്ടവർക്ക് മാപ്പു നൽകുന്ന നിയമം 2017ൽ ബ്രിട്ടൻ പാസാക്കിയിരുന്നു. ഇന്നും അതറിയപ്പെടുന്നത് ‘അലൻ ട്യൂറിങ് നിയമം’ എന്നാണ്.

ജീവിതമെന്ന പസിലിൽ തോറ്റുപോയെങ്കിലും ആ മനുഷ്യൻ തന്റെ ചുറ്റിലുമുള്ളവരോട് പറയാൻ ആഗ്രഹിച്ചിരുന്ന ഭാഷ ഒടുവിൽ ലോകവും ഡീക്രിപ്റ്റ് ചെയ്തെടുക്കുകയായിരുന്നു!!

Watch Imitation Game in Netflix

Keywords: The Imitation Game Movie Online, The Imitation Game Review in Malayalam, The Imitation Game Real Story, Hollywood Movie Reviews in Malayalam, Allan Turing Machine, Allan Turing Death, keira knightley imitation game character

അഭിപ്രായങ്ങള്‍