‘സിനിമയേതാ അന്റടുത്തുള്ളത്? കുട്ട്യോൾക്ക് കാണാനാ... കാർട്ടൂണൊന്നല്ലാത്ത ഒരു തനി സിനിമ...’ റഹീം സാഹിബ് തന്റെ സുഹൃത്ത് എഡിറ്റർ പയ്യന്റെയടുത്ത് ചോദിക്കുകയാണ്. അവൻ പറഞ്ഞ സിനിമ പ്രശസ്തമായ ഒരു ഇറാനിയൻ ചിത്രമായിരുന്നു– ചിൽഡ്രൻ ഓഫ് ഹെവൻ. സത്യം പറഞ്ഞാൽ ഇറാനിൽനിന്നുള്ള പല സിനിമകളും ചലച്ചിത്രമേളകളിൽ കാണുമ്പോൾ ആലോചിച്ചിട്ടുണ്ട്, ഇതുപോലൊന്ന് എന്നാണ് മലയാളത്തിലുണ്ടാവുകയെന്ന്. ഒന്ന് നേരത്തേ ഇറങ്ങിയിരുന്നു, പേര് സുഡാനി ഫ്രം നൈജീരിയ. ഇപ്പോഴിതാ അതേ ടീമിൽനിന്നുതന്നെ വീണ്ടുമൊരു ചിത്രം– ഹലാൽ ലവ് സ്റ്റോറി. മെയ്ക്കിങ്ങിലെ ലാളിത്യത്തിനൊപ്പം പ്രേക്ഷകമനസ്സുകളിലേക്ക് ആഴത്തിലിറങ്ങി പിടിച്ചുലയ്ക്കുന്നതാണ് ഇറാനിയൻ സിനിമകളുടെ രീതി. പെങ്ങളൂട്ടിയുടെ നഷ്ടപ്പെട്ട ചെരുപ്പിനു പകരം പുതിയ ചെരുപ്പ് തേടി ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന അലിയെപ്പോലുള്ള കഥാപാത്രങ്ങളാണ് ഇറാനിയൻ സിനിമകളുടെ നന്മ.
പക്ഷേ അതോടൊപ്പം മജീദ് മജീദിയെപ്പോലുള്ള സംവിധായകര്‍ സമകാലിക ഇറാനിയൻ ജീവിതത്തിന്റെയും രാഷ്ട്രീയാവസ്ഥകളുടെയും നേർച്ചിത്രം കൂടി തിരശ്ശീലയിലെത്തിക്കുമ്പോഴാണ് സിനിമ ഉള്ളുപൊളളിക്കുന്നത്. ഒറ്റക്കാഴ്ചയിൽ തമാശയെന്നു തോന്നിപ്പിക്കുകയും അതിനുള്ളിൽ വലിയ അർഥതലങ്ങൾ ഒളിപ്പിക്കുകയും ചെയ്യുന്ന സിനിമകളുടെ ശ്രേണിയിലേക്കാണ് സക്കരിയയുടെ ‘ഹലാൽ ലവ് സ്റ്റോറി’യുടെ വരവ്. പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കുന്നതല്ല സിനിമ– ഇതൊരു സിനിമക്കുള്ള സിനിമയാണ്. ഒരു ടിവിക്കാഴ്ചയിൽനിന്നു തുടങ്ങി മറ്റൊരു ടിവിക്കാഴ്ചയിൽ അവസാനിക്കുന്ന, ഒരു കൂട്ടം സാധാരണ ജീവിതങ്ങളുടെ അടയാളപ്പെടുത്തൽ.
2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്ററിനു നേരെ പാഞ്ഞുവരുന്ന വിമാനത്തിന്റെ ടിവി ദൃശ്യത്തിൽനിന്നാണ് ഹലാൽ ലവ് സ്റ്റോറിയുടെ തുടക്കം. പശ്ചാത്തലത്തിൽ അമേരിക്കൽ അധിനിവേശത്തിനെതിരെയുള്ള ഘോരഘോര പ്രസംഗം കേൾക്കാം. ക്യാമറയുടെ സഞ്ചാരത്തിനനുസരിച്ച് സയണിസവും ഭീകരവാദവും, ആഗോളസമാധാനവും ഇസ്‌ലാമും തുടങ്ങിയ വിഷയങ്ങൾ നിറഞ്ഞ നോട്ടിസ് ബോർഡുമുണ്ട്. ജോർജ് ബുഷിന്റെ സാമ്രാജ്യത്വ നയങ്ങൾക്കെതിരെ കേരളത്തിലും പ്രതിഷേധം ഏറ്റവും ശക്തമായ നാളുകളാണ് ചിത്രത്തിന്റെ കഥാപരിസരം. കഥ നടക്കുന്നത് കോഴിക്കോട്–മലപ്പുറം അതിർത്തിയിലെ മനോഹരമായ നാട്ടിൻപുറത്തും. അവിടത്തെ ഒരു കൂട്ടം ഇസ്‌ലാമിത പുരോഗമന സംഘടന പ്രവർത്തകർ കലാവേദിയുടെ നേതൃത്വത്തിൽ ഒരു സിനിമ പിടിക്കാനുള്ള തീരുമാനത്തിലാണ്. അതിനു കാരണവുമുണ്ട്– കലാവേദിയുടെ സജീവ പ്രവർത്തകനായ റഹീം സാഹിബ് ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ഒരു ദിവസം കണ്ടത് ‘ഡാർലിങ്’ സിനിമയുടെ പോസ്റ്ററായിരുന്നു. ‘തനിസിനിമകൾക്കു’ പകരം ഇക്കിളിതരംഗം കേരളത്തെ കീഴടക്കിയ നാളുകൾ കൂടിയായിരുന്നു അത്. മൊബൈലുകൾ കീ പാഡ് ടോണുകൾ മാത്രം പൊഴിച്ചുതുടങ്ങിയ നാളുകൾ. ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനുമെല്ലാം മുൻപേ ടിവി ചാനലുകൾ ജനമനസ്സുകളെ സ്വാധീനിച്ചു തുടങ്ങിയ കാലം. ജനങ്ങളുടെ കാഴ്ചാശീലത്തെ മാത്രമല്ല വേൾഡ് ട്രേഡ് സെന്റർ ആക്രമണ പശ്ചാത്തലത്തിൽ കേരളത്തിലും പടർന്ന ഇസ്‌ലാമോഫോബിയയും മാറ്റാൻ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് റഹീമിനും തോന്നിയത് അങ്ങനെയാണ്.
റഹീമിനെപ്പോലുള്ള നേതാക്കൾ മുൻകയ്യെടുക്കാത്തതു കാരണമാണ് ഇപ്പോഴും തെരുവുനാടകങ്ങളും കളിച്ചു നടക്കേണ്ടി വരുന്നതെന്നതാണ് ഷെരീഫിനെപ്പോലുള്ളവരുടെ അഭിപ്രായം. അദ്ദേഹവും ഭാര്യ സുഹ്റയും സംഘടനയുടെ സജീവ പ്രവർത്തകരാണ്. പുരോഗമന സംഘടന ഏതെന്നു ചിത്രം പറയുന്നില്ലെങ്കിലും ഒരേ സമയം ദൈവത്തിലും പുരോഗമനത്തിലും വിശ്വസിക്കുന്നവരാണ് ഈ സംഘടനയിലുള്ളവർ. പുരോഗമനം നടപ്പാക്കണമെന്നുണ്ട് അവർക്ക്, അതും ഒരു സിനിമ പിടിച്ച്. അതുപക്ഷേ ദൈവത്തിനു നിരക്കുന്ന വിധത്തിലുള്ളതായിരിക്കാം. അങ്ങനെയാണ് ദൈവത്തിന് അനുവദനീയമായത്, അഥവാ ഒരു ‘ഹലാൽ’ ലവ് സ്റ്റോറിക്ക് അരങ്ങൊരുങ്ങുന്നത്.
സിനിമ പിടിക്കാനായി സംഘടന സഹായം തേടുന്നത് പ്രഭാഷകനും എഴുത്തുകാരനും അധ്യാപകനുമായ തൗഫീഖിനോടാണ്. അദ്ദേഹമാകട്ടെ ഇസ്‌ലാമിൽ അടിയുറച്ചു വിശ്വസിക്കുന്ന, എന്നാൽ പുരോഗമന ചിന്തയുടെ കാര്യത്തിൽ അൽപമേറെ പിന്നോട്ടുനിൽക്കുന്ന വ്യക്തിയും. ഏറെ കഷ്ടപ്പെട്ടാണെങ്കിലും സിനിമയ്ക്കുള്ള സംവിധായകനായി, തിരക്കഥയായി, ലൊക്കേഷനായി, നടീനടന്മാരും ബജറ്റുമായി. ഷെരീഫിന്റെയും സുഹ്റയുടെയും വീട്ടിലാണ് ഷൂട്ടിങ്. ഭാര്യാഭർത്താക്കന്മാരായതിനാൽത്തന്നെ അഭിനയത്തിനിടെ മറ്റു‘ പ്രശ്ന’ങ്ങളൊന്നും വരാതിരിക്കാൻ ഷെരീഫും സുഹ്റയുംതന്നെ നായകനും നായികയുമായി. സിറാജ് എന്ന സംവിധായകന്റെ കൂടി വരവോടെ ഹലാൽ ലവ് സ്റ്റോറിയും പുതുട്രാക്കിലേക്കു മാറുന്നു. പരമ്പരാഗത വിശ്വാസങ്ങളിൽ അടിയുറച്ചുനിന്ന് പുരോഗമന സിനിമയെടുക്കുന്നവരുടെ നർമമാണ് സിനിമയുടെ ആണിക്കല്ല്. അതോടൊപ്പം കുടുംബമെന്ന വ്യവസ്ഥിതിയിലും ബന്ധങ്ങളിലുമുണ്ടാകുന്ന കല്ലുകടികളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
മികച്ചൊരു അഭിനേതാവാണ് താനെന്നാണ് ഷെരീഫ് കരുതുന്നത്. എന്നാൽ ഭാര്യയ്ക്കു തന്നേക്കാളും കഴിവുണ്ടെന്നു തിരിച്ചറിയുന്നത് അദ്ദേഹത്തിന് നേർത്ത അസ്വസ്ഥയുണ്ടാക്കുന്നു. അതോടൊപ്പമാണ് ചിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ സുഹ്റ ചില തുറന്നു പറച്ചിലുകൾ നടത്തുന്നത്. അതിനുള്ള മറുപടിയായി സ്വയം ന്യായീകരിക്കാൻ ഷെരീഫിനാകുന്നുണ്ടെങ്കിലും അത് സുഹ്റയെ പറഞ്ഞു ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന്റെ ഈഗോ സമ്മതിക്കുന്നില്ല. മറുവശത്താകട്ടെ ഷൂട്ടിങ്ങിനിടയിലെ പ്രശ്നങ്ങൾക്കൊപ്പം കുടുംബ പ്രശ്നങ്ങളിലും പെട്ടുഴലുകയാണ് സിറാജ്. പക്ഷേ ഹലാൽ ലവ് സ്റ്റോറിയുടെ ഒരു ഘട്ടത്തിൽപ്പോലും പ്രേക്ഷകനെ കാര്യമായി ഇമോഷണലാകാൻ സമ്മതിക്കുന്നില്ല സംവിധായകൻ. മാത്രവുമല്ല ചില നേരങ്ങളിൽ ശുദ്ധനർമത്തിനു മുന്നിൽ മനസ്സു തുറന്ന് പൊട്ടിച്ചിരിച്ചു പോവുകയും ചെയ്യുന്നു.
കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം സുഹ്റയായെത്തിയ ഗ്രേസ് ആന്റണിയുടേതായിരുന്നു. ഹാപ്പി വെഡിങ്ങിലെ കോമഡിക്കും കുമ്പളങ്ങി നൈറ്റ്സിലെ കയ്യൊതുക്കമുള്ള അഭിനയത്തിനുമെല്ലാം പിന്നാലെ ഹലാൽ ലവ് സ്റ്റോറിയിലെ താരം സുഹ്റയാണ്. വൈകാരിക രംഗങ്ങളിലും തമാശ രംഗങ്ങളിലും അത്രയേറെ അനായാസമായാണ് ഗ്രേസ് അഭിനയിച്ചത്. ചിത്രത്തിന്റെ തുടക്കത്തിൽ അൽപനേരം വന്ന് ചിരിപ്പിച്ചു തിരിച്ചു പോവുകയാണ് സൗബിൻ. സ്ക്രീൻ അദ്ദേഹമുള്ള സമയത്തെല്ലാം ചിരിക്കാനുള്ള വകയുണ്ട്. ഷൂട്ടിങ് ആരംഭിക്കുന്നതിനു തൊട്ടുപിന്നാലെ ആ ഗ്രാമത്തിൽ സംഭവിക്കുന്ന കാര്യങ്ങളും അതീവ രസകരമാണ്. സിങ്ക് സൗണ്ടിൽനിന്ന് തുണിയലക്കുന്ന ശബ്ദവും കോഴി കൂവുന്നതും കുക്കറിന്റെ വിസിലടിക്കുന്ന ശബ്ദവുമെല്ലാം ഇല്ലാതാക്കുന്നതിനു വേണ്ടി പ്രൊഡക്‌ഷൻ സംഘം നടത്തുന്ന പെടാപ്പാടുകൾ ചിത്രത്തിലെ നല്ല ചിരി നിമിഷങ്ങളാണ്.
‘ചളി’ ഡയലോഗ് വാരിവിതറാതെ, കനപ്പെട്ട സംസാരവുമായി ജീവിക്കുന്നവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. അവർക്ക് സംഘടനയിലെ ജീവിത രീതി സമ്മാനിച്ചതാകണം, കടിച്ചാൽപ്പൊട്ടാത്ത വാക്കുകൾ കൊണ്ടുള്ള സംസാരരീതി. അതിനിടയിൽ അലക്കുന്ന ചേച്ചിയുൾപ്പെടെയുള്ള തനി നാട്ടിൻപുറത്തുകാരുടെ ഇടപെടൽ കൂടിയാകുന്നതോടെ പലയിടത്തും രസകരമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട് സക്കരിയയുടെയും മുഹ്‌സിൻ പരാരിയുടെയും തിരക്കഥ. ‘സെക്സിനു വേണ്ടി മാത്രമാണോ കെട്ടിപ്പിടിത്തം..’ എന്നതു പോലുള്ള ചില ചോദ്യങ്ങൾ നേരിട്ട് ഉന്നയിക്കുന്നുണ്ട് ചിത്രത്തിൽ. അമേരിക്കയെന്നാൽ മുതലാളിത്തം അബുവെന്നാൽ സിനിമയ്ക്കു കാശ് മുടക്കുന്ന മുതലാളി–രണ്ടും രണ്ടാണ് എന്ന മട്ടിലുള്ള പുരോഗമനചിന്താഗതിയിലെ വഴുതിമാറലുകളും പ്രകടമാക്കുന്നുണ്ട് ചിത്രത്തിൽ.
നിലവിലെ സാഹചര്യത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്‌ലാമിന്റെ ജീവിതമാണ് സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് തൗഫീക്ക് ഒരു ഘട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ സുഹ്റയെ സംബന്ധിച്ചിടത്തോളം എപ്പോഴും താനാണു ശരിയെന്നു വിശ്വസിക്കുന്ന ഷെരീഫിനെ തിരുത്താൻ കിട്ടിയ അവസരമാണിത്. അത്രയേറെ സന്തോഷത്തോടെ ജീവിക്കുന്നതായി തുടക്കത്തിൽ പ്രേക്ഷകനു തോന്നുന്ന ഒരു കുടുംബത്തിൽ എത്ര അനായാസമണ് പ്രശ്നങ്ങൾ തലപൊക്കുന്നതെന്നും ചിത്രം കാണിച്ചു തരും. സിനിമയിലെ ചില ഡയലോഗുകൾ മാറ്റിയെഴുതി കഥാപാത്രത്തെത്തന്നെ സ്വാധീനിക്കാനും തൗഫീഖ് ശ്രമിക്കുന്നുണ്ട്. അതേ തന്ത്രം തന്നെയാണ് സക്കരിയയും മുഹ്‌സിനും പ്രയോഗിച്ചിരിക്കുന്നതും. അവർ പക്ഷേ കഥാപാത്രങ്ങളെയല്ല പ്രേക്ഷക മനസ്സുകളെയാണു സ്വാധീനിക്കാൻ ശ്രമിച്ചതെന്നു മാത്രം.
116 മിനിറ്റുള്ള ചിത്രത്തിൽ ഇന്ദ്രജിത്ത്, ജോജു ജോർജ്, പാർവതി തെരുവോത്ത് ഷറഫുദീൻ, മാമുക്കോയ, സീനത്ത് എന്നീ പരിചിത മുഖങ്ങൾക്കൊപ്പം സിനിമയുടെ ആരംഭത്തിലെ എഡിറ്റർ പയ്യനും അഭിറാം പൊതുവാളും മുതൽ നാസർ കറുത്തേനി വരെയുള്ള അത്രയേറെ പരിചിതമല്ലാത്ത മുഖങ്ങളും നിറയെയുണ്ട്. അവരാണു പലപ്പോഴും ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതു തന്നെ. മലപ്പുറത്തെ ഭംഗിയുള്ള കാഴ്ചകള്‍ ഭംഗിയേറിയ ഫ്രെയിമുകളിലാക്കി സമ്മാനിച്ചിട്ടുണ്ട് ഛായാഗ്രാഹകൻ അജയ് മേനോൻ. സൈജു ശ്രീധരനാണ് എഡിറ്റിങ്. ബിജിബാലും ഷഹബാസ് അമനും റെക്സ് വിജയനും ചേർന്നൊരുക്കിയ സംഗീതവും ചിത്രത്തിന്റെ ടൈറ്റിൽ മുതൽ അവസാനം വരെയുള്ള ഫീല്‍ നിലനിർത്താൻ വഹിച്ച പങ്ക് ചെറുതല്ല.
തിയറ്റർ റിലീസായിരുന്നെങ്കില്‍ ‘ഹലാൽ ലവ് സ്റ്റോറി’ ഒരു വിജയമാകുമായിരുന്നോയെന്നതിൽ സംശയമുണ്ട്. പണം കായ്ക്കുന്ന സിനിമാ ഫോർമുലകൾക്കനുസരിച്ചുള്ള ഒരു നേട്ടം അതു സ്വന്തമാക്കുമായിരുന്നോയെന്നും സംശയമുണ്ട്. എന്നാൽ ഒടിടി പ്ലാറ്റ്ഫോമിലെ കാഴ്ചയിൽ ചിത്രം പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സുരക്ഷിതമാണ്, ആസ്വദിച്ചു കാണാം. ഒരു ടെലി സിനിമ എടുക്കാനാണ് ചിത്രത്തിൽ തൗഫീഖും സംഘവും ശ്രമിച്ചത്. അതിനാൽത്തന്നെ ബിഗ് ബജറ്റ് സിനിമാക്കാഴ്ചകൾ ചിത്രത്തിൽ പ്രതീക്ഷിക്കരുത്. ‘ഹലാൽ ലവ് സ്റ്റോറി’യുടെ ട്രെയിലറിൽ കണ്ട ആ ബഹളമില്ലായ്മയുടെ സൗന്ദര്യം ചിത്രത്തിലും കാണാം. എന്തായാലും ദൈവത്തിന് ‘അനുവദനീയമായ’ മട്ടിൽത്തന്നെ ചിത്രം അണിയറ പ്രവർത്തകർ അവസാനിപ്പിക്കുന്നുണ്ട്. അതും വളരെ ലളിമതമായിത്തന്നെ. ആ ലാളിത്യമേ സിനിമ കാണുമ്പോഴും പ്രതീക്ഷിക്കാവൂ. അമിത പ്രതീക്ഷകളുടെ ഭാരം ഒരുപക്ഷേ ‘ഹലാൽ ലവ് സ്റ്റോറി’ക്ക് താങ്ങാനാകില്ല. റഹീമെന്ന കഥാപാത്രം പറയുന്നതുപോലെ ‘ആണെന്നു പറഞ്ഞാൽ അടിയും പെണ്ണെന്നു പറഞ്ഞാൽ പ്രേമവും മാത്രമാകുന്ന’ സിനിമയല്ല ഇതെന്നതും മറക്കരുത്.
ആമസോൺ പ്രൈമിൽ ചിത്രം കാണാം: Watch Halal Love Story in Amazon Prime Video
Keywords: Halal Love Story Review in Malayalam, Halal Love Story Release date, Halal Love Story Full Movie, Halal Love Story Malayalam Movie Review, Halal Love Story Cast, Grace Antony, Halal Love Story Trailer, Malayalam Movies in Amazon Prime Release, Zakariya Mohammed, Muhsin Parari, Aashiq Abu, Indrajith Sukumaran, Joju George, Parvathy Thiruvothu, Sharaf U Dheen, Grace Antony, Soubin Shahir, Bijibal, Shahabaz Aman, Rex Vijayan, Latest Malayalam Movie Reviews Amazon, Netflix
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ