അവൾ പറഞ്ഞു: ‘എന്നെ ഇനി കൊല്ലാനാവില്ല, ഞാനൊരിക്കൽ മരിച്ചതാണ്...’ | Backtrack Movie Review

Backtrack Movie Review

മൈക്കേൽ പെട്രോണി സംവിധാനം ചെയ്ത ബാക്ക്‌ട്രാക്ക് (2015) എന്ന ചിത്രം ആരംഭിക്കുന്നത് വളരെ മിസ്റ്റീരിയസായ ചില വിഷ്വലുകളിലൂടെയാണ്. നിഴൽ പോലെ കുറേ മനുഷ്യരെ കാണാം, ഒപ്പം കുറേ പക്ഷികളെയും. ടൈറ്റിലിങ്ങിനു വേണ്ടി ഉപയോഗിച്ചിരിക്കുന്ന ആ കളർ ടോൺ തന്നെയാണ് പിന്നീടു നമുക്ക് ചിത്രത്തിലും കാണാനാവുക. ചിത്രത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്കിടയിൽ ഒരിടത്തു നമുക്ക് ആ ടൈറ്റിൽ കാഴ്ചകൾ വീണ്ടും കാണാനാകും. ഒരു പെയിന്റിങ്ങാണത്. ഡച്ച് ചിത്രകാരൻ പീറ്റർ ബ്രൂഹെൽ ദി യങ്ങർ വരച്ച ചിത്രം. സ്വന്തം പിതാവ് പീറ്റർ ബ്രൂഹെൽ ദി എൽഡറിന്റെ ചിത്രങ്ങൾ പലതും പകർത്തി വരച്ച് പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം. പക്ഷേ വെറും കോപ്പിയടിക്കാരനായല്ല കലാലോകം ബ്രൂഹെലിനെ കാണുന്നത്. തന്റേതായ ഐഡന്റിറ്റി പതിപ്പിച്ച ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്. അത്തരത്തിലൊന്നാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ Winter landscape with a bird trap എന്ന ചിത്രം (താഴെ)


ഈ ചിത്രത്തെ ത്രീ ഡയമെന്‍ഷനിലേക്കു മാറ്റി അതിന് ഇരുണ്ട പശ്ചാത്തലം പകർന്നാണ് പെട്രോണി ‘ബാക്ക്‌‌ട്രാക്കിന്റെ’ ടൈറ്റിലിങ്ങിൽ ഉപയോഗപ്പെടുത്തിയത്. പതിനാറാം നൂറ്റാണ്ടിൽ ബെൽജിയത്തിൽ വരച്ച ഒരു ചിത്രം എങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ യുഎസിൽ പ്രസക്തമാകുന്നത് എന്നതിന്റെ ഉത്തരമാണ് ബാക്ക്‌ട്രാക്കിൽ പ്രേക്ഷകർക്കായി സംവിധായകൻ കാത്തുവച്ചിരിക്കുന്നത്. 2015ൽ റിലീസ് ചെയ്തപ്പോൾ ‘ഹോളിവുഡ് റിപ്പോർട്ടറിലെ’ ഉൾപ്പെടെ പല നിരൂപകരും ശരാശരിയെന്നു വിലയിരുത്തിയ ചിത്രമാണിത്. ദി ഗാർഡിയൻ പോലുള്ള ചില മാധ്യമങ്ങൾ മാത്രമാണു ചിത്രത്തിന്റെ മികവിനെ പ്രകീർത്തിച്ചത്. സത്യത്തിൽ വെറുമൊരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ എന്ന ലേബലിൽ വിലയിരുത്തേണ്ടതാണോ ഈ ചിത്രം?

മകൾ ഈവി മരിച്ചതിനു പിന്നാലെ സിഡ്‌നിയിൽനിന്നു താമസം മാറ്റിയതാണ് പീറ്റർ ബവർ എന്ന സൈക്കോതെറാപ്പിസ്റ്റും ഭാര്യ കാരളും. തെരുവിലൂടെ മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ പീറ്ററിന്റെ കണ്ണൊന്നു തെറ്റിയതാണ്. പാഞ്ഞുവന്ന ട്രക്ക് സൈക്കിളിലിടിച്ചായിരുന്നു ഈവിയുടെ മരണം. എല്ലാ ഓർമകളെയും പറിച്ചെറിയാൻ വേണ്ടി പുതിയ നഗരത്തിലേക്കു താമസം മാറിയതാണ് പീറ്ററും കാരളും. പക്ഷേ ഈവിയുടെ ഓർമകളിൽനിന്ന് ഇതുവരെയും രക്ഷപ്പെടാൻ ഇരുവർക്കുമായിട്ടില്ല. അതിനിടെ ഒരു ആശ്വാസമെന്ന നിലയ്ക്കാണ് പീറ്ററിന്റെ അധ്യാപകനായ ഡംഗൻ അദ്ദേഹത്തിന്റെ ചില പേഷ്യന്റ്സിനെ കൗൺസലിങ്ങിനായി പീറ്ററിനു നിർദേശിക്കുന്നത്. അതിലൊരാൾ ഇപ്പോഴും 1987ലാണ് ജീവിക്കുന്നത്. ഒരു മുതിർന്ന വനിതയാകട്ടെ മരണത്തെക്കുറിച്ചു മാത്രം സംസാരിക്കുന്നു. അങ്ങനെ വിചിത്ര സ്വഭാവമുള്ള പലരും പീറ്ററിനെ കാണാൻ വരുന്നുണ്ട്. 


ഒരു രാത്രിയിൽ എലിസബത്ത് വലന്റൈൻ എന്ന പെൺകുട്ടിയും കയ്യിലൊരു പാവക്കുട്ടിയുമായി പീറ്ററിനെ തേടിയെത്തി. ഈവിയുടെ അതേ പ്രായമുള്ള ഒരു സുന്ദരിക്കുട്ടി. അവൾ പക്ഷേ ആരെയോ ഭയക്കുന്നുണ്ട്. ക്ലിനിക്കിനു സമീപത്തുകൂടി ട്രെയിൻ പാഞ്ഞു പോകുമ്പോൾ പുറത്തേക്കു നോക്കി ശ്വാസം കിട്ടാതെ, ഭീതിയോടെ വിറയ്ക്കുന്നതു കാണാം അവൾ. പക്ഷേ തൊട്ടടുത്ത നിമിഷം എലിസബത്തിനെ കാണാതാകും. പീറ്ററിന്റെ പിന്നീടുള്ള യാത്രകളിലെല്ലാം അദ്ദേഹത്തിന്റെ പേഷ്യന്റ്സ് പല പ്രേതരൂപങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ‘എന്തുകൊണ്ടാണ് ഞാൻ മരിക്കാൻ ആഗ്രഹിക്കാത്തതെന്നറിയാമോ, ഒരിക്കൽ ഞാൻ മരിച്ചതാണ്...’ എന്നു പറഞ്ഞുവരെ ട്രെയിനിലും റെയിൽവേ സ്റ്റേഷനിലുമെല്ലാം പ്രേതങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. എലിസബത്തും പ്രേതമാണോയെന്ന് പീറ്റർ സംശയിച്ചു. 

പക്ഷേ എലിസബത്ത് വാലന്റൈന്‍ എന്ന പേരിലെ ആദ്യ അക്ഷരങ്ങളെടുത്താല്‍ ഈവിയെന്നാണു വായിക്കുക. പീറ്ററിന്റെ മനസ്സിൽ കെടാതെ കിടക്കുന്ന മകളുടെ ഓർമകളാണ് ഉപബോധമനസ്സിൽ എലിസബത്തായി മാറിയതെന്ന് ഡംഗൻ ഓർമിപ്പിച്ചെങ്കിലും അദ്ദേഹം വിശ്വസിച്ചില്ല. അതിനിടെ എലിസബത്ത് ഒരു കടലാസിൽ എഴുതി നൽകിയ 12787 എന്ന സംഖ്യയും പീറ്ററിനെ കുഴക്കി. തന്റെ പേഷ്യന്റ്സിന്റെയും എലിസബത്തിന്റെയും വിവരങ്ങൾ തേടിയുള്ള യാത്രയിലാണ് അദ്ദേഹത്തിന് ഞെട്ടിക്കുന്ന ആ വിവരം ലഭിച്ചത്– തന്നെ കാണാനെത്തിയവരെല്ലാം വർഷങ്ങൾക്കു മുൻപേ ഒരു ട്രെയിനപകടത്തിൽ മരിച്ചവരാണ്. പീറ്ററിന്റെ നാട്ടിലുണ്ടായ ആ അപകടത്തിൽ 47 പേരാണു മരിച്ചത്. 12787 എന്നത് 12 ജൂലൈ 1987 എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു. അന്നാണ് ഫോൾസ് ക്രീക്ക് എന്ന പ്രദേശത്തെ ഞെട്ടിച്ച ട്രെയിനപകടം ഉണ്ടായതും. 


എന്തുകൊണ്ടാണ് ആ ആത്മാക്കളെല്ലാം തന്നെ പിന്തുടരുന്നതെന്ന് പീറ്ററിന് അതോടെ മനസ്സിലായി. പീറ്ററിന്റെ യൗവന കാലത്തു നടന്ന ആ ട്രെയിനപകടവുമായി ബന്ധപ്പെട്ട് അവനെ ഇന്നും പിന്തുടരുന്ന ഒരു ഞെട്ടിക്കുന്ന ഓർമയുണ്ടായിരുന്നു. റെയിൽവേ ട്രാക്കിനു സമീപത്ത് സിഗ്നൽ മാറ്റാനായുള്ള ആ സ്വിച്ച് ടവറും അതിനു സമീപത്തു കൂടി പായുന്ന ട്രെയിനും ഇന്നും അയാളുടെ മനസ്സിന്റെ ഇരുമ്പുപാളങ്ങളെ ഞെരിച്ചമർത്തുന്നുണ്ട്. തന്നെ പിന്തുടരുന്ന ആത്മാക്കളുടെ കരച്ചിൽ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ഫോൾസ് ക്രീക്കിലേക്കു മടങ്ങുകയാണ് പീറ്റർ. അവിടെ അദ്ദേഹത്തിന്റെ പിതാവ് വില്യമുണ്ട്. ഒപ്പം കോൺസ്റ്റബിൾ ബാർബറയും. ഇനി കഥയിലെ അവർ മൂന്നു പേരുമാണ് കഥാപാത്രങ്ങൾ. ചിത്രത്തിലെ നിഗൂഢതയുടെ കുരുക്കഴിയുന്നത് ഈ മൂന്നു പേരിലൂടെയാണ്. അതുവരെയുള്ള നിഗമനങ്ങളെല്ലാം തെറ്റിച്ചുകൊണ്ടാണ് പിന്നീട് പീറ്ററിനു മുന്നിൽ സത്യം തെളിയുന്നത്. സത്യത്തിലേക്കുള്ള പീറ്ററിന്റെ ആ തിരിഞ്ഞുനടത്തമാണ് ‘ബാക്ക്ട്രാക്ക്’ എന്ന പേരിലൂടെ സംവിധായകൻ വ്യക്തമാക്കുന്നത്.

ഹോളിവുഡ് താരം ആഡ്രിയൻ ബ്രോഡിയാണ് പീറ്ററെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ പീറ്ററിന്റെ സാന്നിധ്യമില്ലാത്ത മൂന്നോ നാലോ സീൻ മാത്രമേ കാണാനാവുകയുള്ളൂ. കഥയെ മുന്നോട്ടു നയിക്കുന്നതിൽ അത്രയേറെ പ്രാധാന്യമുണ്ട് അദ്ദേഹത്തിന്. മനുഷ്യ മനസ്സ്, ആത്മാക്കൾ എന്നിവയിലാണ് ചിത്രത്തെ കെട്ടിയിട്ടിരിക്കുന്നത്. ഇവിടെയാണ് ആദ്യം പറഞ്ഞ ‘വിന്റർ ലാൻഡ്‌സ്കേപ് വിത്ത് എ ബേഡ് ട്രാപ്’ എന്ന പെയിന്റിങ്ങിന്റെ പ്രസക്തി. എന്താണ് ഈ പെയിന്റിങ്ങിന്റെ അർഥമെന്ന് പലരും വിവക്ഷിച്ചിട്ടുണ്ട്. അതിൽ വളരെ പ്രശസ്തമായ ഒരു വിശദീകരണം ഇങ്ങനെയാണ്: ചിത്രത്തിൽ കാണുന്ന പക്ഷികൾ ആത്മാക്കളാണ്. കാക്കകളെ ആത്മാക്കളുടെ പ്രതീകമായി കാണുന്ന രീതി ഇന്ത്യയിലും ഉണ്ടല്ലോ! പെയിന്റങ്ങിലും കാക്കകളാണ് ഏറെയും. അവ ഒരു പക്ഷിക്കെണിയുടെ സമീപത്താണ് കൂട്ടം കൂടിയിരിക്കുന്നത്. ഏതു നിമിഷവും കെണിയിൽ പെട്ടുപോയേക്കാവുന്ന ആത്മാക്കളെപ്പോലെ! 



സമാനമായാണ് മഞ്ഞിൽ സ്കേറ്റിങ് നടത്തുന്ന മനുഷ്യർ. എപ്പോൾ വേണമെങ്കിലും കാലിടറി വീണേക്കാവുന്ന മനുഷ്യരുടെ പ്രതീകങ്ങളാണവർ. ചഞ്ചലമായ മനസ്സിന്റെ ഉടമകളെന്നും നമുക്കു ചിത്രത്തില്‍നിന്നു വായിച്ചെടുക്കാം. ബാക്ക്ട്രാക്ക് സിനിമയിൽ പീറ്ററിന്റെ കഥാപാത്രവും സ്കേറ്റിങ് നടത്തുന്ന ആ മനുഷ്യരെപ്പോലെയാണ്. ഏതു നിമിഷവും ഒരു കരച്ചിലിലേക്ക് ഇടറിവീഴാവുന്ന, ഈവിയെന്ന പേരു കേട്ടാൽ മനസ്സിടറുന്ന ഒരു പാവം പീറ്റർ. അദ്ദേഹത്തിനു ചുറ്റുമുളള ആത്മാക്കൾ പരലോകത്തേക്കു മടങ്ങിപ്പോകാനാകാത്ത വിധം, അശാന്തിയുടെ കെണിയിൽപ്പെട്ടിരിക്കുകയാണ്. സിനിമയിൽ ആത്മാക്കൾക്ക് അവരുടെ മരണത്തിന്റെ യഥാർഥ കാരണം ലോകത്തോടു വിളിച്ചു പറയണം. അതിനവർ സഹായം തേടുന്നത് പീറ്ററിന്റെയാണ്. മനസ്സിടറി നടക്കുന്ന പീറ്ററിനെയും വിധിയൊരുക്കിയ കെണിയിൽപ്പെട്ട ആത്മാക്കളെയും ഈ പെയിന്റിങ്ങിലൂടെയല്ലാതെ ഇതിലും മനോഹരമായി എങ്ങനെ അവതരിപ്പിക്കാനാകും? 

പീറ്റർ ബ്രൂഹെല്‍ ദി യങ്ങറിനെത്തന്നെ എന്തുകൊണ്ട് സംവിധായകൻ തിരഞ്ഞെടുത്തു എന്ന ചോദ്യവും പ്രസക്തമാണ്. പിതാവിന്റെ വരകളെ പകർത്തിയാണ് ബ്രൂഹെൽ പ്രശസ്തനായത്. പിന്നീട് തന്റേതായ ഒരു ശൈലി രൂപപ്പെടുത്തി അച്ഛന്റെ നിഴലി‍ൽനിന്നു വഴിമാറി നടക്കുകയും ചെയ്തു അദ്ദേഹം. ബാക്ക്ട്രാക്കിലെ പ്രധാന കഥാപാത്രത്തിനു പീറ്റർ ബ്രൂഹെലിൽനിന്നെടുത്ത പീറ്റർ എന്ന പേരു തന്നെ നൽകാനുമുണ്ട് കാരണം. പിതാവിന്റെ ജീവിതവുമായി അത്രയേറെ ബന്ധപ്പെട്ടിരുന്നു സിനിമയിലെ പീറ്ററിന്റെ ഭാവി. മകൻ–അച്ഛൻ ബന്ധത്തിനു പിന്നിലെ ആ നിഗൂഢതയും ട്രെയിനപകടത്തിനു പിന്നിലെ രഹസ്യവും ആത്മാക്കളുടെ പ്രതികാരം ആരെ ലക്ഷ്യമിട്ടായിരുന്നുവെന്നുമെല്ലാം മനസ്സിലാക്കാൻ ബാക്ക്ട്രാക്ക് അവസാനം വരെ കണ്ടേ മതിയാകൂ. അപ്പോൾ മാത്രമേ പെയിന്റിങ്ങുും സിനിമയും തമ്മിലുള്ള ബന്ധത്തിനു പിന്നിലെ രഹസ്യവും വ്യക്തമാവുകയുള്ളൂ. 

നിശബ്ദതയിൽ പൊടുന്നനെയുണ്ടാകുന്ന ‍ഞെട്ടലുകളും അലറുന്ന ആത്മാക്കളും രാത്രിയിലെ പേടിപ്പെടുത്തുന്ന കാഴ്ചകളുമെല്ലാമായി ഒരു ടിപ്പിക്കൽ പ്രേതചിത്രത്തിന്റെ രൂപം സ്വീകരിക്കുന്നുണ്ട് ബാക്ക്ട്രാക്ക് പലപ്പോഴും. പ്രേക്ഷകന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം ക്ലൈമാക്സിൽ നൽകുന്ന ചിത്രവുമല്ല ഇത്. പല സംശയങ്ങളും ബാക്കിനിൽക്കുകയും ചെയ്യും. പക്ഷേ മോശം വിലയിരുത്തലിലൂടെ അണ്ടർ‌റേറ്റഡ് എന്ന ലേബൽ നൽകി ഒഴിവാക്കേണ്ട ചിത്രമല്ല ബാക്ക്ട്രാക്കെന്നത് ഉറപ്പ്.

ചിത്രം നെറ്റ്‌ഫ്ലിക്സിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Watch Backtrack (2015) Movie on Netflix by Clicking Here

Keywords: Hollywood Movie Backtrack (2015) Review in Malayalam, Where to Watch Backtrack Movie Online, Backtrack movie watch online at netflix, backtrack movie download from telegram, Top psychological thriller movies, mystery thriller movies, Pieter Brueghel the Younger, winter landscape with a bird trap painting

Directed by Michael Petroni

Written by Michael Petroni

Starring Adrien Brody, Bruce Spence, Sam Neill, Robin McLeavy, Malcolm Kennard, Jenni Baird

Music by Dale Cornelius

Cinematography Stefan Duscio

Edited by Martin Connor, Luke Doolan

Released on 18 April 2015 (Tribeca Film Festival), 29 January 2016 (United Kingdom)

Running time 1 Hour 30 Minutes

Language English


അഭിപ്രായങ്ങള്‍