'ദി ക്വീൻസ് ഗാംബിറ്റ്' റിവ്യൂ | ചെസ് ഗെയിം പോരാട്ടം പോലൊരു സീരീസ് അനുഭവം

the queens gambit malayalam review
(Pictures Courtesy: Netflix)

വീണും വീഴ്‌ത്തിയും മുന്നോട്ടു പോകുന്ന ചെസ് ഗെയിം പോലെ ഒരു വെബ് സീരീസ്– ഒറ്റ വാചകത്തിൽ അതാണ് ‘ദി ക്വീൻസ് ഗാംബിറ്റ്’. നിങ്ങൾ ചെസ് ഇഷ്ടപ്പെടുന്നയാളാണോ? എങ്കിൽ ഈ സീരീസ് മസ്റ്റ് വാച്ചാണ്. ഇനി നിങ്ങൾക്ക് ചെസിനെപ്പറ്റി ഒന്നും അറിയില്ലേ (എന്നെപ്പോലെ)? എങ്കിലും നിങ്ങൾക്ക് ആസ്വദിക്കാം ഈ ത്രില്ലടിപ്പിക്കുന്ന അമേരിക്കൻ ഡ്രാമ സീരീസ്. എല്ലാ തരം പ്രേക്ഷകരെയും ചെസിന്റെ മാന്ത്രികക്കളത്തിൽ കുരുക്കിയിടും ‘ക്വീൻസ് ഗാംബിറ്റ്’. ചെസിലെ കരുക്കൾ പോലെയാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും സീരീസിനെ മുന്നോട്ടു കൊണ്ടു പോകുന്നത്. ചിലപ്പോഴൊക്കെ തളർന്നു വീണും, ചിലപ്പോഴൊക്കെ കുതിച്ചുയർന്നും...

the queens gambit child actress

അമേരിക്കൻ നോവലിസ്റ്റ് വാൾട്ടർ ടെവിസ് എഴുതിയ അതേ പേരിലുള്ള നോവലാണ് സ്കോട്ട് ഫ്രാങ്കും അലൻ സ്കോട്ടും ഏഴ് എപ്പിസോഡുകളുള്ള നെറ്റ്‌ഫ്ലിക്സ് സീരീസ് ആക്കി മാറ്റിയത്. സീരീസ് കണ്ടതിനു ശേഷം പലരും ഗൂഗിളിൽ സേർച്ച് ചെയ്തത് ഈ കഥ യഥാർഥത്തിൽ നടന്നതാണോ എന്നാണ്. അത്രമാത്രം റിയലിസ്റ്റിക്കാണ് ക്വീൻസ് ഗാംബിറ്റിന്റെ കഥയും അതിലെ കഥാപാത്രങ്ങളും. പക്ഷേ ഈ സീരീസ് പൂർണമായും ഫിക്‌ഷനാണ്. 1950–60കളിൽ അമേരിക്കയിലും റഷ്യയിലുമായാണ് കഥ നടക്കുന്നത്.

the queens gambit malayalam review

ബെത്ത് ഹാർമണാണ് ചിത്രത്തിലെ നായിക. ഒൻപതാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടയിടത്തുനിന്ന് ആരംഭിക്കുന്നു അവളുടെ പോരാട്ടത്തിന്റെ കഥ. അനാഥാലയത്തിലെ ജോലിക്കാരനായ ഷയ്‌ബേലാണ് അവളെ ആദ്യം ചെസ് കളത്തിലേക്കു നയിക്കുന്നത്. അനാഥാലയത്തിൽനിന്നു നൽകുന്ന വൈറ്റമിൻ ഡി ഗുളികകൾ കഴിച്ച്, ബെത്ത് കാണാത്ത കാഴ്ചകൾ കാണുന്ന കാലം കൂടിയായിരുന്നു അത്. രാത്രിയിൽ തന്റെ തലയ്ക്കു മുകളിൽ ചെസ് കരുക്കൾ നീങ്ങുന്നതായി അവൾക്കു തോന്നിത്തുടങ്ങി. ഓരോ ഗെയിമിന്റെയും മൂവ്‌മെന്റുകൾ അവൾ അങ്ങനെ മേൽച്ചുമരിലെ മായികക്കളങ്ങളിൽ ഓരോ രാത്രിയിലും കളിച്ചു തീർത്തു. ഷയ്ബേലിനെ തോൽപിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് പ്രാദേശിക ചെസ് ക്ലബിന്റെ തലവനെയും. രണ്ടു പേർ ചേർന്നു കളിച്ചു മടുത്തപ്പോൾ അവൾ ഒട്ടേറെ പേരോട് ഒരേസമയം ഒറ്റയ്ക്കു കളിച്ചു ജയിക്കാനും തുടങ്ങി. ഓരോ മൂവ്മെന്റും സസൂക്ഷ്മം മസ്‌തിഷ്കത്തിന്റെ അറികളിലോരോന്നിനും കരുതിവച്ചു അവൾ, അടുത്ത നീക്കത്തിനു വേണ്ടി... 

the queens gambit malayalam review

അനാഥാലയത്തിന്റെ നിലവറയിലെ ഇരുട്ടിൽവച്ച് ഷയ്‌ബേല്‍ പറഞ്ഞുകൊടുത്തതും പുസ്തകങ്ങളിൽ കണ്ടതും മാത്രമല്ല, ചെസിന്റെ പുതുനീക്കങ്ങൾ സ്വയം കണ്ടെത്തിയതും ബെത്ത് കളത്തിൽ പ്രയോഗിച്ചു. ചെറുപ്രായത്തിൽതന്നെ തന്നേക്കാൾ പ്രായമേറിയ കളിക്കാരെ തോൽപിച്ചുകൊണ്ടുതന്നെ അവൾ തുടങ്ങി. കൗമാരത്തിലെത്തിയ ബെത്തിനെ അൽമ വീറ്റ്‌ലിയും ഭർത്താവും ദത്തെടുക്കുന്നതിൽനിന്നു തുടങ്ങുന്നു ചിത്രത്തിന്റെ രണ്ടാം ഘട്ടം. ആദ്യമായൊരു ചെസ് ടൂർണമെന്റിൽ പങ്കെടുക്കാൻ അഞ്ച് ഡോളർ ഫീസ് വേണമായിരുന്നു. അവൾ ഷയ്‌ബേലിന് ഒരു കത്തെഴുതി– ‘എനിക്ക് ചെസ് മത്സരത്തിൽ പങ്കെടുക്കാൻ അഞ്ച് ഡോളർ അയച്ചുതന്നാൽ അതു പത്താക്കി ഞാൻ തിരിച്ചു തരാം..’ ദിവസങ്ങൾക്കുള്ളിൽ മറുപടിയായി പണമെത്തി. പക്ഷേ ഷയ്‌ബേലിന്റെ മരണം വരെ ആ പത്തു ഡോളർ ഒരു കടമായി ബാക്കിനിന്നുവെന്നു മാത്രം. 

the queens gambit actress anya taylor hot


ചെസിലൂടെ പണമുണ്ടാക്കാമെന്നു തിരിച്ചറിഞ്ഞ അൽമ ബെത്തിന് എല്ലാ പിന്തുണയും ഉറപ്പു നൽകി. കെന്റക്കിയിലെ പ്രാദേശിക ചെസ് ചാംപ്യൻഷിപ്പിൽ തുടങ്ങി വൈകാതെ തന്നെ യുഎസ് ച്യാംപ്യനായും ബെത്ത് മാറി. ഇനി ഒരേയൊരു ലക്ഷ്യം– ഗ്രാൻഡ് മാസ്റ്ററാവുക. അതിനു മുന്നിൽ വലിയൊരു എതിരാളിയുണ്ടായിരുന്നു. റഷ്യയുടെ ബോർഗോവ്. 1960കളിലെ ലോക ചാംപ്യനായിരുന്ന ബോർഗോവിനെ തോൽപിച്ചാൽ മാത്രമേ അവൾക്ക് ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കാനാവുകയുള്ളൂ. ചെസിലെ കരുത്തന്മാരെ ഓരോരുത്തരെയായി തോൽപിച്ചെങ്കിലും ബോർഗോവിനു മുന്നിൽ പലകുറി തോൽവി സമ്മതിക്കേണ്ടി വന്നു ബെത്തിന്. ഒടുവിൽ റഷ്യയിൽവച്ചു നടക്കുന്ന ലോക ചാംപ്യൻഷിപ്പിലേക്ക് ബെത്ത് എത്തുകയാണ്– മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്ററാവുക! 

the queens gambit malayalam review

ആരുമില്ലാത്തവളാണു താനെന്ന തോന്നലാണ് ബെത്തിന് എപ്പോഴും. അതിനാൽത്തന്നെ ചെസ് കരുക്കളെ തന്റെ കുടുംബത്തെപ്പോലെയാണ് അവൾ കണ്ടത്. തന്റെ കരുക്കൾ നഷ്ടപ്പെടുത്തുന്നതിനേക്കാളും എതിരാളിയുടെ കരുക്കളെ വീഴ്ത്തുന്നതിനുള്ള കരുത്ത് അവൾക്ക് ലഭിച്ചതും അങ്ങനെയാണ്. പക്ഷേ മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തി പലപ്പോഴും അവളെ തളർത്തി, ലക്ഷ്യത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴും സുഹൃത്തുക്കൾ അവളെ ഉപേക്ഷിച്ചില്ല. അവരിൽ പലരെയും അവൾ ചെസിൽ നിര്‍ദാക്ഷിണ്യം തോൽപിച്ചതുമാണ്. കുട്ടിക്കാലത്ത് പാതിവഴിയിൽ അവൾ ഉപേക്ഷിച്ചിട്ടു പോന്നവർ പോലും ഒടുവിൽ കൂട്ടായി എത്തുന്നുണ്ട്. അനാഥാലയത്തിൽനിന്നു പോന്നതോടെ അവൾ മറന്ന ജോലിൻ തന്നെ ഉദാഹരണം. റഷ്യയിലേക്കു പോകാൻ അവൾക്കു വേണ്ട പണം നൽകുന്നത് ജോലിനാണ്. അതും ഭാവിയിലേക്കു വേണ്ടി കരുതിവച്ച പണം. 

the queens gambit malayalam review

ഹാരി ബെൽറ്റിക്, ടൗൺസ്, ബെന്നി വാട്സ് എന്നിവരൊക്കെ പലപ്പോഴായി ബെത്തിനോട് അടിയറവ് പറഞ്ഞതാണ്. പക്ഷേ റഷ്യയിലെ നിർണായക മത്സരത്തിൽ അവളെ സഹായിക്കാനെത്തുന്നത് ഇവരാണ്. ബെത്തിന്റെ ആദ്യ ടൂർണമെന്റ് മുതൽ അവൾക്കൊപ്പമുള്ള മാറ്റ്, മൈക്ക് എന്നീ ഇരട്ടകളാണ് മറ്റു രണ്ടു പേർ. ചെസ് മത്സരത്തിനിടെ ബെത്തിന് ആദ്യമായി ആർത്തവമുണ്ടായപ്പോള്‍ സഹായിച്ച പെൺകുട്ടി മുതൽ കൊച്ചുകൊച്ചു ‘താരങ്ങളും’ സീരീസിലുടനീളമുണ്ട്. ബെത്തിനെ ദ്രോഹിച്ചവർ കുറവായിരുന്നു, സഹായിച്ചവർ ഏറെയും. പക്ഷേ പലരെയും അവൾ തിരിച്ചറിയാൻ വൈകിയെന്നു മാത്രം. ബെത്തിന്റെ പോസിറ്റിവ് വശം മാത്രമല്ല, അവളുടെ സ്വഭാവത്തിലെ ഏറ്റവും നെഗറ്റിവ് വശം ഉൾപ്പെടെ സീരീസിൽ പ്രകടമായി അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ സ്കോട്ട് ഫ്രാങ്ക്. എല്ലാം തികഞ്ഞ നായികയല്ല ബെത്ത് എന്നു ചുരുക്കം.

the queens gambit review

അമ്മ ബെത്തിനോടു പറഞ്ഞിട്ടുണ്ട്– ആണുങ്ങൾ സഹായിക്കുമ്പോൾ ശ്രദ്ധിക്കണം. അവര്‍ സ്വന്തം കരുത്ത് പ്രകടിപ്പിക്കാനാണ് പെണ്ണുങ്ങളെ സഹായിക്കുന്നതെന്ന്. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള അമ്മയുടെ തീരുമാനം പോലും തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു ബെത്തിന്റെ ജീവിതം. വെറുതെ കളഞ്ഞു കുളിക്കാതെ പോരാടിത്തന്നെ ജീവിതത്തെ നേരിടാനായിരുന്നു അവളുടെ തീരുമാനം. അതിൽ അവളെ സഹായിക്കാനെത്തിയ ആണുങ്ങളാകട്ടെ ഒരിക്കലും അവരുടെ കരുത്ത് കാണിക്കാനല്ല, ബെത്തിന്റെ മനഃക്കരുത്ത് നശിക്കാതെ കാത്തുരക്ഷിക്കാനാണ് ശ്രമിച്ചത്. കളിച്ചു കളിച്ച് ബെത്തിന്റെ ജീവിതം തന്നെ ഒരു ചെസ് ഗെയിം ആയി മാറുകയായിരുന്നു. സ്വന്തം ജീവിതംവച്ചായിരുന്നു ചിലപ്പോഴെല്ലാം അവളുടെ ഗെയിം. ജീവിതാനുഭവങ്ങളാണ് ചില മത്സരങ്ങളെങ്കിലും ജയിക്കാൻ അവളെ സഹായിച്ചത്. 

the queens gambit anya taylor costume

ബെത്തിന്റെ കുട്ടിക്കാല കഥാപാത്രം എലിസബത്തായി ഐല ജോൺസ്റ്റനാണ് എത്തുന്നത്. മുതിർന്ന ബെത്ത് ആയി അന്യ ടെയ്‌ലർ ജോയും. ഐലയും അന്യയും അസാധ്യ പ്രകടനമാണ് സീരീസിൽ. ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയതിന്റെ ദേഷ്യം മുഴുവൻ മുഖത്ത് കടുകട്ടിയായി പ്രകടിപ്പിക്കുന്ന ‘കുട്ടി എലിസബത്ത്’ കഥാപാത്രം ഐലയുടെ കയ്യിൽ ഭദ്രമായിരുന്നു. കൗമാരക്കാരിയുടെ കൗതുകങ്ങളും പോരാട്ടവീറും പ്രണയവും സങ്കടവും ദേഷ്യവും നിസ്സഹായതയും നിറഞ്ഞ മനസ്സുമെല്ലാം ഉൾക്കൊണ്ട ബെത്ത് ആയി അന്യ ടെയ്‌ലർ നിറഞ്ഞു നിൽക്കുകയാണ് ക്വീൻസ് ഗാംബിറ്റിൽ. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും കൃത്യമായ ഐഡന്റിറ്റി നൽകിയിട്ടുണ്ട് സംവിധായകൻ. ബെത്തിനെ ചെസ് പഠിപ്പിക്കുന്ന ഷയ്ബേലിനു മുതൽ റഷ്യൻ ‘വില്ലൻ’ ബോർഗോവിനു വരെ. ഓരോ കഥാപാത്രങ്ങളുടെയും പ്രകടനത്തിലെ മാസ്മരികത കണ്ടുതന്നെ ആസ്വദിക്കണം.

the queens gambit anya taylor hot sex

ഓപണിങ്സ്, എക്സ്ചേഞ്ചസ്, ഡബിൾഡ് പോൺസ്, മിഡിൽ ഗെയിം, ഫോർക്ക്, അഡ്ജോൺമെന്റ്, എൻഡ് ഗെയിം എന്നിങ്ങനെ ചെസുമായി ബന്ധപ്പെടുത്തിയ പേരുകളുള്ള ഏഴ് എപ്പിസോഡുകളാണ് സീരീസിനുള്ളത്. 46-67 മിനിറ്റാണ് ഓരോ എപ്പിസോഡിന്റെയും ദൈർഘ്യം. മുൻ വേൾഡ് ചെസ് ചാംപ്യൻ ഗാരി കാസ്പറോവ് ഉൾപ്പെടെയാണ് ഈ മിനി സീരീസിന്റെ കൺസൽട്ടന്റായി പ്രവർത്തിച്ചത്. 1950–60കളിലെ സെറ്റ് തയാറാക്കാൻ വേണ്ടി മാത്രം കോടിക്കണക്കിനു ഡോളറാണ് ചെലവഴിച്ചത്. അതിന്റെ ഫലവും ഇതിനു ലഭിച്ചിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ പേർ കണ്ട നെറ്റ്‌ഫ്ലിക്സ് സീരീസ് എന്ന അംഗീകാരവും 2020 ഒക്ടോബർ 28ന് ചിത്രത്തിനു ലഭിച്ചു. 

the queens gambit review

ചെസിലെ നിർണായക നീക്കങ്ങളിലൊന്നാണ് ക്വീൻസ് ഗാംബിറ്റ്. എതിരാളിക്ക് അനുകൂലമാണെന്നു തോന്നിപ്പിച്ച് തൊട്ടടുത്ത നീക്കത്തിൽ തലയരിയുന്ന രീതി. ബെത്തിന്റെ ജീവിതവും അങ്ങനെയായിരുന്നു. ചെസ് കളത്തിലാണെങ്കിലും അതിനു പുറത്താണെങ്കിലും ആർക്കും എന്തും പറയാവുന്ന, കളിയാക്കാവുന്ന ഒരാളെന്ന മട്ടിലായിരുന്നു ബെത്തിന്റെ ജീവിതം. എന്നാൽ അവർ പോലുമറിയാതെ, അവരുടെ കണ്മുന്നിൽവച്ചുതന്നെ ഗെയിം ചേഞ്ചർ ആയി മാറുന്ന ബെത്തിനെ കാണാം സീരീസിൽ ഉടനീളം. ഒരിക്കൽ തള്ളിപ്പറഞ്ഞവർ പോലും അവളെ മുഖ്യാതിഥിയായി വീട്ടിലേക്കു വരെ ക്ഷണിക്കുന്നതും കാണാം. ഈ കൊച്ചുപെണ്ണാണോ എന്നെ തോൽപിക്കാനെത്തിയിരിക്കുന്നത് എന്നു ചിരിച്ചവരെ പിന്നീട് ‘ദൈവമേ ഇവളുടെ മുന്നിൽത്തന്നെ ചെന്നു പെട്ടല്ലോ’ എന്നു ചിന്തിപ്പിക്കുന്ന കാഴ്ചയും കാണാം ക്വീൻസ് ഗാംബിറ്റിൽ. ഓരോ എപ്പിസോഡിനപ്പുറവും ‘സ്റ്റോപ്’ ബട്ടൻ ഞെക്കാതെ മുന്നോട്ടു നയിക്കാൻ പാകത്തിൽ ത്രില്ലിങ് എലമെന്റ്സുണ്ട് ക്വീൻസ് ഗാംബിറ്റിൽ. തീർച്ചയായും കാണാണം, ആസ്വദിക്കണം.

the queens gambit review

Story Highlights: The Queen's Gambit Netflix Series Malayalam Review

Keywords: The Queen's Gambit Malayalam Review, The Queen's Gambit cast, the queen's gambit web series netflix, the queen's gambit cast, the queen's gambit review, the queen's gambit season 2, the queen's gambit movie, the queen's gambit netflix, the queen's gambit episodes, the queen's gambit imdb, the queen's gambit townes, the queen's gambit book, the queen's gambit meaning, the queen's gambit download, the queen's gambit watch free, anya taylor joy chess, netflix movies, netflix series, netflix series English, netflix sign up, latest netflix series reviews, queen's gambit child actress, the queens gambit explained, the queens gambit chess explained

അഭിപ്രായങ്ങള്‍