ചോരക്കൊതിയോടെ ആ നരഭോജിപ്പെൺകുട്ടികൾ | Raw French Movie Explained


Raw French Movie

നീണ്ടു കിടക്കുന്ന റോഡ്. ഇരുവശത്തും മരങ്ങൾ. സമീപം പാഴ്‌നിലങ്ങൾ. ചെറിയ ഇലയനക്കങ്ങളുണ്ടാക്കുന്ന നേർത്ത കാറ്റ് മാത്രമുണ്ടവിടെ. അതിലേക്കാണ് മുരൾച്ചയോടെ ഒരു കാർ പാഞ്ഞെത്തുന്നത്. പെട്ടെന്ന് റോഡിന്റെ വശത്തുനിന്ന് ഒരു രൂപം കാറിനു മുന്നിലേത്തു ചാടി. കാർ വെട്ടിച്ച ഡ്രൈവർ വാഹനം കൊണ്ടിടിച്ചത് സമീപത്തെ മരത്തിലേക്കാണ്. നിർത്താതെ മുഴങ്ങിയ ഹോണടിയുടെ ശബ്ദം കേൾക്കാൻ പോലും പരിസരത്ത് ആരുമുണ്ടായിരുന്നില്ല. അതുവരെ റോഡിൽ അനങ്ങാതെ കിടന്ന ആ രൂപം പതിയെ കാറിനു സമീപത്തേക്കു നടക്കാൻ തുടങ്ങി...

Raw French Movie

2016ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രം ‘റോ’ ആരംഭിക്കുന്നത് ഈ സീനിൽനിന്നാണ്. ആ റോഡിലെ നിശബ്ദത പോലെ ശാന്തമായിരുന്നു ജസ്റ്റിൻ എന്ന പെൺകുട്ടിയുടെ ജീവിതവും. പരമ്പരാഗതമായി സസ്യാഹാരികളാണ് അവളുടെ കുടുംബം, അതിനാൽത്തന്നെ മാംസം കഴിക്കാൻ ഒരുതരത്തിലും അനുവാദമില്ല. പക്ഷേ ജസ്റ്റിൻ പഠിക്കാനെത്തിയത് മാതാപിതാക്കൾ നേരത്തേ പഠിച്ച വെറ്ററിനറി കോളജിലാണ്. ചേച്ചിയും അവിടെയാണു പഠിക്കുന്നത്. 

Raw Movie

ഒരു മുയൽക്കുട്ടിയെപ്പോലെ സുന്ദരിയായിരുന്നു അമ്മയും അച്ഛനും ജൂജു എന്നു വിളിക്കുന്ന ജസ്റ്റിൻ. പക്ഷേ കോളജിലെ ‘ട്രഡിഷന്റെ’ ഭാഗമായി സീനിയേഴ്സ് നടത്തിയ ഒരു പരിപാടിയിൽ അവൾക്ക് മുയലിന്റെ വൃക്കകൾ പച്ചയ്ക്കു തിന്നേണ്ടി വന്നു. ഓക്കാനം വന്ന് ഛർദിച്ചതാണ് അവൾ. പക്ഷേ അപ്പോഴും അവൾ ആലോചിച്ചത് ചേച്ചി അലക്സിയയെപ്പറ്റിയായിരുന്നു. ഒരു മടിയുമില്ലാതെയാണ് അവൾ ആ വൃക്കകൾ തിന്ന്, അതിനു മീതെ വോഡ്കയും കുടിച്ചത്. ‘ഇവളിതെപ്പോഴാണ് ഇങ്ങനെ മാറിയത്...?’

Raw French Movie
Add caption

വരുംനാളുകള്‍ ജസ്റ്റിനു മുന്നിൽ അതിന്റെ ഉത്തരം കാത്തുവച്ചിരുന്നു. മാംസത്തിന്റെ അലർജിയോ മറ്റോ ആകണം ആദ്യം ദേഹം മുഴുവൻ ചൊറിഞ്ഞ് തൊലി അടർന്നു പോകുന്ന ഒരു തരം രോഗം വന്നു. പിന്നാലെയാണ് തന്റെ ഉള്ളിലെ അടക്കാത്ത മാംസദാഹത്തെപ്പറ്റി ജസ്റ്റിൻ തിരിച്ചറിഞ്ഞത്. ഫ്രിഡ്ജിലെ പച്ചമാംസം വരെ കടിച്ചു പറിച്ച് തിന്നുന്ന അവസ്ഥ. റൂംമേറ്റ് ആയ ആഡ്രിയന്റെ പേശികൾ നിറഞ്ഞ ശരീരത്തിലേക്ക് കൊതിയോടെ നോക്കുമ്പോഴും മനസ്സുനിറയെ ആ മാംസം രുചിക്കുന്നതിനുള്ള കൊതിയായിരുന്നു അവൾക്ക്. ചേച്ചിയുമൊത്തുള്ള ഒരു രാത്രിയിൽ പക്ഷേ ആ ത്വര എല്ലാ കൂടും പൊട്ടിച്ച് പുറത്തുവന്നു. അലക്സിയയുടെ അറ്റുവീണ കൈവിരൽ അത്രയേറെ കൊതിയോടെയായിരുന്നു ജസ്റ്റിൻ തിന്നു തീർത്തത്.  

Raw French Movie

കോളജിലേക്കു വരും മുൻപ് മൃഗങ്ങളോടു പോലും സ്നേഹമുള്ള പാവമായിരുന്നു ജസ്റ്റിൻ. സ്വപ്നങ്ങളിൽ പോലും അവയുടെ ദൈന്യത നിറഞ്ഞ കണ്ണുകളായിരുന്നു. പിന്നീടെപ്പോഴോ അത് പച്ചമാംസത്തോടുള്ള കൊതിയിലേക്കു വഴിമാറി. ക്ലാസിൽ പഠനത്തിന്റെ ഭാഗമായി ഒരു നായയെ കീറി മുറിക്കുമ്പോൾ പോലും അവളുടെ കണ്ണുകളിൽ ആഡ്രിയൻ കണ്ടത് ആ മാംസദാഹമായിരുന്നു. പതിയെ അതു കൈവിട്ടു പോകുന്ന അവസ്ഥയായി. പച്ചമാംസത്തോടുള്ള സ്നേഹം പോലെ തികച്ചും അപരിഷ്കൃതമായ ജീവിതരീതിയുമായി അവളുടേത്. ചേച്ചിക്കൊപ്പം മദ്യപിച്ച് ആണുങ്ങളെപ്പോലെ മൂത്രമൊഴിക്കുക, മദ്യപിച്ചു ലക്കുകെട്ട് ശവശരീരത്തിന്റെ കൈ കടിച്ചു തിന്നാൻ കൊതിയോടെ നാക്കുനീട്ടുക...തുടങ്ങി ജസ്റ്റിൻ ആളാകെ മാറുകയായിരുന്നു. ചേച്ചിക്കൊപ്പം മനുഷ്യനെ ചോരയ്ക്കു വേണ്ടി റോഡരികിൽ കാത്തിരുന്നു വേട്ടയാടാൻ വരെ അവൾ പഠിച്ചു. 

അപ്പോഴും അവളെ എന്തൊക്കെയോ പിന്നിലേക്കു വലിക്കുന്നുണ്ടായിരുന്നു. പക്ഷേ അവസാനം അബോധമനസ്സിൽ അവൾ പോലും അറിയാതെ അരുതാത്തതു സംഭവിച്ചു. ആ കാഴ്ചയ്ക്കു മുന്നില്‍ ആദ്യം അവൾ അലറിക്കരഞ്ഞു. പിന്നെ എങ്ങനെയോ ധൈര്യം സംഭരിച്ചു. സിനിമയുടെ പേരു പോലെത്തന്നെ തികച്ചും പരുക്കനാവുകയായിരുന്നു അവളുടെ ജീവിതവും. എന്തുകൊണ്ടാണ് അവൾക്കിതു സംഭവിച്ചത്? മുയലിന്റെ വൃക്കകൾ രുചിച്ചതാണോ അവളിലെ മാംസക്കൊതി ഉണർത്തിയത്? അതോ അതിനു പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോ? ചിത്രത്തിന്റെ അവസാനത്തെ ഒരൊറ്റ ഷോട്ടിൽ അതിനുള്ള ഉത്തരം നൽകുന്നുണ്ട് സംവിധായിക ജൂലിയ ജുകോർണോ (Julia Ducournau) 

Raw French Movie

ഫ്രഞ്ച് സിനിമയിലെ ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായാണ് ‘റോ’ (Raw (French: Grave) വിശേഷിപ്പിക്കപ്പെടുന്നത്. ഡോക്ടർമാരായിരുന്നു ജൂലിയയുടെ മാതാപിതാക്കൾ. അതിനാൽത്തന്നെ മനുഷ്യശരീരത്തെ കലാപരമായി മാത്രമല്ല ശാസ്ത്രത്തിന്റെ കണ്ണിലൂടെയും അവർ കണ്ടിരുന്നു. കൃത്യമായിപ്പറഞ്ഞാൽ പച്ചമാംസത്തോടുള്ള സംവിധായികയുടെ സമീപനമാണ് ജസ്റ്റിനിലൂടെയും അലക്സിയയിലൂടെയും പ്രേക്ഷകനു കാണാനാവുക. എത്രയെല്ലാം മറയ്ക്കാൻ ശ്രമിച്ചാലും ചില സ്വഭാവങ്ങൾ നമ്മളിൽ ഓരോരുത്തരിലും അടിച്ചേൽപ്പിക്കപ്പെടുന്നതെങ്ങനെയെന്നും ചിത്രം വിശദീകരിക്കുന്നു. 

French Movie Raw Review

അസാധാരണമായ ബിൽഡപ്പുകളാണ് റോയിലെ മിക്ക സീനുകളുടെയും ആരംഭത്തിൽ സംവിധായിക നൽകുന്നത്. അതിഭീകരമായതെന്തോ നടക്കാൻ പോകുന്നുവെന്നു കാണിച്ചതിനു ശേഷം അതിനെ ഒരു ആഘോഷത്തിലേക്കു നയിക്കുക. തികച്ചും നോർമലായ എന്തോ ആണ് നടക്കാന‍്‍‍ പോകുന്നതെന്നു വിശദീകരിച്ച ശേഷം സിനിമയുടെ ഗതി തന്നെ മാറിപ്പോകുന്ന അവസ്ഥയിലേക്കു മാറ്റുക. ഇതെല്ലാമാണ് ജൂലിയയുടെ രീതി. 

Raw French Movie Malayalam Review

അതോടൊപ്പം യാതൊരു മയവുമില്ലാത്ത വിധം മനുഷ്യനും മാംസവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക എന്ന ദൗത്യവും ഏറ്റെടുക്കുന്നുണ്ട് സംവിധായിക. അവിടെ ചോര ചീറ്റിത്തെറിച്ചാലോ മാംസം മുറിഞ്ഞു വീണാലോ ഒന്നും സംവിധായികയ്ക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ പ്രേക്ഷകർ കുഴങ്ങിപ്പോകും. ചിലപ്പോഴൊക്കെ തിരശീലയിലെ കാഴ്ചകണ്ടു തളർന്നു പോകും. അത്രയേറെ പച്ചയാണ് ‘റോ’യിലെ മാംസരംഗങ്ങൾ. ഗരോസ് മാരിലിയെയാണ് ചിത്രത്തിൽ ജസ്റ്റിനായെത്തുന്നത്. എല്ല റംഫ് ആണ് അലക്സിയയുടെ വേഷത്തിൽ. ആഡ്രിയനായി റാബ ഊഫെല്ലയുമെത്തുന്നു. മൂവരുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. 

Raw French Movie Malayalam Review

Climax Call: ചീറ്റിത്തെറിക്കുന്ന ചോരയും പച്ചമാംസം തിന്നുന്നതുമൊന്നും നിങ്ങളുടെ മനസ്സു മടുപ്പിക്കില്ലെങ്കില്‍ ‘റോ’ തീർച്ചയായും കാണാം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് സിനിമ കാണുന്നതെങ്കിലും ‘സൂക്ഷിക്കുക’. ഭംഗിയുള്ള കഥാപാത്രങ്ങളാണ് ചിത്രം നിറയെ– ഭംഗിയുള്ള കാഴ്ചകളുമാണ്. പക്ഷേ അവയുടെയെല്ലാം സ്വഭാവം തികച്ചും അപരിഷ്കൃതമാണ്. അതെല്ലാം പ്രതീക്ഷിച്ചു വേണം ചിത്രത്തെ സമീപിക്കാൻ. ഹൊറർ സിനിമകളിലെ വേറിട്ട പരീക്ഷണമാണ് ഈ ചിത്രമെന്നു നിസ്സംശയം പറയാം. ഒട്ടേറെ പുരസ്കാരങ്ങളും നോമിനേഷനുകളും ലഭിച്ചിട്ടുണ്ടെങ്കിലും ‘കാനിബാളിസം’ പച്ചയായി കാണിച്ചതിന് ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു ‘റോ’യ്ക്ക്.

Direction & Screenplay: Julia Ducournau

Actors: Garance Marillier, Ella Rumpf, Laurent Lucas, Rabah Naït Oufella

Music: Jim Williams

Cinematography: Ruben Impens

Editor: Jean-Christophe Bouzy

Release date: 14 May 2016 (Cannes Film festival)

Running time: 1 Hour 39 Minutes

Country: France, Belgium

Language: French

Keywords: Raw movie explained, Raw movie review in Malayalam, Horror Movie Reviews in Malayalam, Cannibalism Movies, Raw Movie Netflix, Raw Movie Cast, Hollywood Horror Movies, French Movie Reviews in Malayalam, Latest Movie Reviews, Classic Movies to Watch, Top Horror Movies to watch

Click and Read Rollingstone Review Here: ‘Raw’ Review: Cannibal Coming-of-Age Movie Is a Modern Horror Masterpiece

https://www.rollingstone.com/movies/movie-reviews/raw-review-cannibal-coming-of-age-movie-is-a-modern-horror-masterpiece-126800/

Click and Read Guardian Review Here: Cannibal fantasy makes for a tender dish

Read rogerebert.com Review Here

Click and Read Rollingstone Review Here: ‘Raw’ Review: Cannibal Coming-of-Age Movie Is a Modern Horror Masterpiece



അഭിപ്രായങ്ങള്‍