എപ്പോൾ, ഏതു തിയറ്ററിൽ കാണാം ബിനാ പോൾ സജസ്റ്റ് ചെയ്ത 12 ചിത്രങ്ങൾ? | IFFK Must Watch 2022 Suggested by Bina Paul


കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്ന, എഡിറ്റർ ബിനാ പോൾ ഇത്തവണ 12 ചിത്രങ്ങളാണ് സിനിമാപ്രേമികൾക്കായി സജസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ നാലെണ്ണം കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചു. അവയുടെ തുടർ പ്രദർശനങ്ങൾ ഇനിയുള്ള ദിവസങ്ങളിലുമുണ്ട്. ഏതെല്ലാമാണ് ആ സിനിമകൾ? മേളയിൽ ഇനി അവ എപ്പോഴെല്ലാമാണു പ്രദർശിപ്പിക്കുക? എന്താണ് അവയുടെ കഥ?


1) ടിറ്റെയ്ൻ | Titane | French | 1 മണിക്കൂർ 48 മിനിറ്റ് `

(നിശാഗന്ധിയിൽ മാർച്ച് 23ന് രാത്രി 8.30ന് ആദ്യ പ്രദർശനം. റിസർവേഷനില്ല. മാർച്ച് 24ന് അജന്തയിൽ ഇച്ചയ്ക്ക് 12.15ന് അവസാന പ്രദർശനം)

ജൂലിയാൻ ഡ്യുകോർണോയെ അത്ര പെട്ടെന്നൊന്നും സിനിമാ പ്രേമികൾക്കു മറക്കാനാകില്ല. 2016ൽ ആദ്യ ചിത്രമായ ‘റോ’യിലൂടെ നരഭോജിക്കഥ പറഞ്ഞ സംവിധായികയാണ്. നായികാ കഥാപാത്രങ്ങൾക്കു ‘അതിക്രൂരമാംവിധം’ പ്രാധാന്യം നൽകുന്ന സിനിമാ രീതി തന്റെ പുതിയ ചിത്രമായ ‘ടിറ്റെയ്നി’ലും ജൂലിയാൻ പരീക്ഷിക്കുന്നുണ്ട്. കാൻ മേളയിൽ പാം ദി ഓർ നേടിയ ചിത്രം ഹൊറർ കാറ്റഗറിയിലെ ത്രില്ലർ സിനിമയാണ്.  കാൻ മേളയുടെ ചരിത്രത്തിലാദ്യമായാണ് ഒറ്റയ്ക്കൊരു വനിതയ്ക്ക് പാം ദി ഓർ ലഭിക്കുന്നത്. 


ഒരു അപകടത്തിനു ശേഷം തലയ്ക്കു പിന്നിൽ മാരക മുറിവേറ്റിരുന്നു അലക്‌സിയയ്ക്ക്. എന്നാൽ മുതിർന്നു കഴിഞ്ഞപ്പോൾ അതിവിചിത്രമായ അവസ്ഥകളാണ് അവളെ കാത്തിരുന്നത്. കാറുമായി സെക്സിലേർപ്പെടുക, മറ്റുള്ളവരെ കൊലപ്പെടുത്തുക, അക്രമത്തിലേർപ്പെടുക... ദയയെന്ന വാക്കു പോലും അറിയാത്ത വിധമാണ് അവളുടെ പെരുമാറ്റം. മനുഷ്യമനസ്സിനെ യന്ത്രങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കാലത്തെപ്പറ്റിയുള്ള മുന്നറിയിപ്പും തരും ഈ ചിത്രം. അലക്സിയയെന്ന സീരിയർ കൊലയാളിയുടെ വ്യത്യസ്തതയാർന്ന കഥ പ്രേക്ഷകരെ ഓരോരുത്തരെയും ഞെട്ടിക്കാൻ പോന്നതാണ്.


2) ദി ഇൻവിസിബിൾ ലൈഫ് ഓഫ് യൂരീഡിസി ഗുസ്‌മാവോ | Brazil | The Invisible Life of Eurídice Gusmão– 2019 | 2 മണിക്കൂർ 19 മിനിറ്റ്

(അജന്ത തിയേറ്ററിൽ മാർച്ച് 22ന് രാത്രി 8.45ന് അവസാന പ്രദർശനം)

ബ്രസീലിയൻ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ മാർത്ത ബറ്റാലയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കിയ സിനിമ. റിയോ ഡി ജനീറോയിലാണ് കഥ നടക്കുന്നത്. കാലം 1950. ഒരിക്കലും പിരിയാനാകാത്ത വിധം സ്നേഹിക്കുന്ന രണ്ട് സഹോദരിമാർ. പക്ഷേ പിതാവ് കാരണം ഇരുവർക്കും മാറിത്താമസിക്കേണ്ടി വന്നു. പേരെടുത്തൊരു പിയാനിസ്റ്റാകണമെന്നും നല്ലൊരു പ്രണയം വേണമെന്നുമൊക്കെയാണ് ഇരുവരുടെയും ആഗ്രഹം. അതിലേക്കുള്ള യാത്രയ്ക്കിടെ അവർക്കു മുന്നിൽ വരുന്ന പലതിനെയും ശക്തമായി നേരിടേണ്ടി വരുന്നുണ്ട്. 

കുടുംബം എന്ന വ്യവസ്ഥിതി തീർക്കുന്ന കുരുക്കിനെ മറികടക്കാൻ സഹോദരിമാർ നടത്തുന്ന ശ്രമങ്ങളും ചിത്രത്തിൽ കാണാം. മനോഹരമായ മെലോഡ്രാമ എന്ന് ‘ഗാർഡിയൻ’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രശംസിച്ച ചിത്രം. കരീം ഐനൂസിന്റെ ചിത്രം 2019ലെ കാൻ ചലച്ചിത്ര മേളയിലെ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിച്ച് പുരസ്കാരം നേടിയിരുന്നു. 92–ാം ഓസ്കർ മത്സരത്തിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിന് ബ്രസീലിൽനിന്നുള്ള എൻട്രിയായിരുന്നു. 

3) ബെർഗ്‌മാൻ ഐലന്റ് | French | Bergman Island | 1 മണിക്കൂർ 45 മിനിറ്റ്

(അജന്ത തിയറ്ററിൽ മാർച്ച് 21ന് വൈകിട്ട് 3.15ന് കാണാം. മാർച്ച് 23ന് ശ്രീപത്മനാഭ തിയറ്ററിൽ ഉച്ചയ്ക്ക് 12.30ന് അവസാന പ്രദർശനം)

പേരു പോലെത്തന്നെ ബെർഗ്‌മാൻ ദ്വീപിന്റെ കഥയാണിത്. സ്വീഡിഷ് തീരത്തോടു ചേർന്നുള്ള ഫറോ എന്ന ഈ ദ്വീപിലാണ് വിഖ്യാത ചലച്ചിത്രകാരൻ ബെർഗ്‌മാൻ ജീവിച്ചിരുന്നത്. ആ ദ്വീപ് ഇന്ന് അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. ദ്വീപിൽ ഒരു വീടു നിർമിക്കുന്നതിന്റെ ഭാഗമായി എത്തിയതാണ് ടോണി സാൻഡേഴ്സും ഭാര്യ ക്രിസും. ബെർഗ്‌മാന്റെ സിനിമകളുടെ വലിയ ആരാധകനാണ് ടോണി. ക്രിസിന് ബെർ‌ഗ്‌മാന്റെ സിനിമകൾ ഇഷ്ടമാണെങ്കിലും അദ്ദേഹം യഥാർഥ ജീവിതത്തിൽ സ്ത്രീകളോടു കാണിച്ചരുന്ന സമീപനത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. 


ദ്വീപിലെ ജീവിതത്തിനിടെ ക്രിസിന്റെയും ടോണിയുടെയും ജീവിതത്തിൽ ബെർഗ്‌മാനും ഇടപെട്ടു തുടങ്ങുകയാണ്. എന്താണ് യാഥാർഥ്യം എന്താണു ഫിക്ഷൻ എന്നറിയാത്ത വിധമുള്ള ഒരിടപെടൽ. ഐഎഫ്എഫ്കെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ മിയ ഹാൻസ്‌ലെൻ ലവിന്റെ ഏറ്റവും പുതിയ ചിത്രമാണിത്.

4) ഡ്രൈവ് മൈ കാർ | Drive my Car (2021) | Japan | 2 മണിക്കൂർ 59 മിനിറ്റ്

(നിശാഗന്ധിയിൽ മാർച്ച് 21ന് വൈകിട്ട് 8.30ന്. ഏരീസ്പ്ലെക്സ്–1ൽ മാർച്ച് 22ന് രാത്രി 8.30ന് അവസാന പ്രദർശനം)

ജാപ്പനീസ് എഴുത്തുകാരൻ ഹറുകി മുറകാമിയുടെ ഫാനാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കു വേണ്ടി ഐഎഫ്എഫ്കെയിൽ അദ്ദേഹത്തിന്റെ ഹ്രസ്വകഥയെ ആസ്പദമാക്കിയെടുത്ത ഒരു സിനിമയുണ്ട്–ഡ്രൈവ് മൈ കാർ (2021). കഥയുടെ പേരും ഇതുതന്നെയാണ്. 2008ലെ തന്റെ ഗ്വാജ്വേഷൻ സിനിമയിലൂടെത്തന്നെ (പാഷൻ) ശ്രദ്ധേയനായ റ്യുസുക്കെ ഹമാഗുചിയാണ് ചിത്രത്തിന്റെ സംവിധാനം. കാൻ ചലച്ചിത്ര മേളയിൽ പാം ദി ഓറിനു വേണ്ടി മത്സരിച്ച ഈ ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുൾപ്പെടെ 3 പുരസ്കാരം ലഭിച്ചു. മികച്ച വിദേശചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബും സ്വന്തമാക്കി. 

2021ലെ ഏറ്റവും മികച്ച ചിത്രമെന്നു പേരെടുത്ത ചിത്രം പേരു പോലെത്തന്നെ ഒരു റോഡ്–ഡ്രാമ മൂവിയാണ്. നടനും തിയേറ്റർ ഡയറക്ടറുമായ യുസുകെയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഭാര്യയുടെ മരണശേഷം ഹിരോഷിമയിലെ ഒരു തിയറ്റർ ഫെസ്റ്റിവലിനായി പോകുന്ന യുസുകെയെ കാത്തിരിക്കുന്നത് അയാളുടെ ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞുപോക്കാണ്. പ്രണയം, ലൈംഗികത, വിരഹം, ബന്ധങ്ങൾ, നഷ്ടം, സമാധാനം എല്ലാം വിഷയമാകുന്നു ‘ഡ്രൈവ് മൈ കാറി’ൽ.

5) പെറ്റിറ്റ് മമൻ | Petite Maman (2021) | France | 1 മണിക്കൂർ12 മിനിറ്റ്

(നിശാഗന്ധിയിൽ മാർച്ച് 21ന് വൈകിട്ട് 6.30ന്. മാർച്ച് 23ന് അജന്തയിൽ ഉച്ചയ്ക്ക് 12.30ന് അവസാന പ്രദർശനം. ചിത്രം MUBI ഒടിടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്യുന്നുണ്ട്)

രണ്ടു വർഷം മുൻപ്, ഐഎഫ്എഫ്കെയിലെ പ്രേക്ഷകമനസ്സുകളെ തീ പിടിപ്പിച്ച ‘പോർട്രെയ്റ്റ് ഓഫ് എ ലേഡി ഓൺ ഫയർ’ എന്ന ചിത്രം സിനിമാപ്രേമികളൊന്നും അത്ര പെട്ടെന്നു മറക്കാനിടയില്ല. ആ ചിത്രത്തിന്റെ സംവിധായിക സെലിൻ സിയാമ ഇത്തവണയും ഐഎഫ്എഫ്കെയിൽ തന്റെ ഗംഭീര ചിത്രവുമായി എത്തിയിട്ടുണ്ട്. പെറ്റിറ്റ് മമൻ (2021) എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ആദ്യ പ്രദർശനം ബെർലിൻ രാജ്യാന്തര മേളയിലായിരുന്നു. രാജ്യാന്തര തലത്തിൽത്തന്നെ ഇതിനോടകം ചിത്രം പേരെടുത്തു കഴിഞ്ഞു. 


അമ്മൂമ്മയുടെ മരണത്തെത്തുടർന്ന് അവരുടെ വീട്ടിലെത്തിയതാണ് നെല്ലി എന്ന എട്ടു വയസ്സുകാരി. അമ്മയും അച്ഛനും കൂടി വീടെല്ലാം വൃത്തിയാക്കുന്ന തിരക്കിലാണ്. അതിനിടെ അവൾ സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലേക്കൊന്നു നടന്നു. അവിടെ അവളുടെ അതേപ്രായത്തിലൊരു പെൺകുട്ടി ഒരു ചെറിയ മരവീടുണ്ടാക്കുന്നുണ്ടായിരുന്നു. ഇരുവരും പരിചയപ്പെട്ടു. മാരിയോൺ എന്നായിരുന്നു അവളുടെ പേര്. അവളുമായി പതിയെപ്പതിയെ അടുത്തു കഴിഞ്ഞപ്പോഴായിരുന്നു താൻ എത്തിപ്പട്ട സ്ഥലം എത്രത്തോളം അമ്പരപ്പിക്കുന്നതാണെന്നു മനസ്സിലായത്. അവളുടെ മുന്നിലിരിക്കുന്ന മാരിയോണും അവളെ ഞെട്ടിച്ചു കളഞ്ഞു. ആ കഥയാണ് പെറ്റിറ്റ് മമൻ പറയുന്നത്.

6) ഹവ, മരിയം, ആയിഷ | Hava, Maryam, Ayesha (2019) | Afghan | 1 മണിക്കൂർ 26 മിനിറ്റ്

(മാർച്ച് 23ന് ഉച്ചയ്ക്ക് 12.15ന് ഏരീസ്പ്ലെക്സ്–5ൽ അവസാന പ്രദർശനം)

ലോകത്ത് എന്തു വലിയ മാറ്റം സംഭവിച്ചാലും അതിന്റെ പ്രതിഫലനം ഐഎഫ്എഫ്കെയിലുണ്ടാകും. അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതിന്റെ പ്രതിഫലനം ഇത്തവണത്തെ മേളയിലുള്ളതു തന്നെ ഉദാഹരണം. ‘ഫ്രെയിമിങ് കോൺഫ്ലിക്ട്’ വിഭാഗത്തിൽ അഫ്ഗാനിലെ അഞ്ചു ചിത്രങ്ങളാണുള്ളത്. അതിലൊന്നാണ് സാഹ്റാ കരീമിയുടെ ‘ഹവ, മരിയം, ആയിഷ’. പേരു പോലെത്തന്നെ 3 പെണ്ണുങ്ങളുടെ കഥയാണ്. അതിൽ ഹവ ഗർഭിണിയാണ്, വയറ്റിലേക്കു നോക്കി സ്വന്തം കുഞ്ഞിനോടു സൊറ പറയുന്നതാണ് അവളുടെ ഇപ്പോഴത്തെ ഹോബി. പിന്നൊരാൾ മരിയം. ടിവി ജേണലിസ്റ്റാണ്. വിശ്വാസവഞ്ചകനായ ഭർത്താവിൽനിന്ന് വിവാഹമോചനം തേടാനിരിക്കെയാണ് താൻ ഗർഭിണിയാണെന്ന് മരിയം തിരിച്ചറിയുന്നത്. മൂന്നാമതൊരാൾ ആയിഷ. അവൾ കസിനെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അവൾ ഗർഭിണിയാണെന്നറിഞ്ഞതോടെ ബോയ്ഫ്രണ്ട് മുങ്ങി. പിന്നെ ഈ വിവാഹത്തിനു സമ്മതിക്കാതെ വേറെ വഴിയില്ലായിരുന്നു ഈ പതിനെട്ടുകാരിക്ക്... മൂവരുടെയും കഥയാണ് ചിത്രം പറയുന്നത്. 

2019ൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അഫ്ഗാന്റെ ഓസ്കർ നോമിനേഷനായിരുന്നു ഈ ചിത്രം. പക്ഷേ അപേക്ഷ സമർപ്പിച്ച സമിതിയുടെ അംഗീകാരം സംബന്ധിച്ച ചർച്ച ഉയർന്നതോടെ ചിത്രം പിൻവലിക്കപ്പെട്ടു. 

7) എ ഹീറോ | A Hero (2021) | Iran | 2 മണിക്കൂർ 7 മിനിറ്റ്

(മാർച്ച് 23ന് വൈകിട്ട് 3.15ന് ഏരീസ്പ്ലെക്സ്–5ൽ. മാർച്ച് 24ന് രാവിലെ 11.45ന് നിളയിൽ അവസാന പ്രദർശനം)

കയ്യടിയോടെയല്ലാതെ അസ്ഗർ ഫർഹാദിയുടെ ഒരു സിനിമയും ഐഎഫ്എഫ്കെയിൽ അവസാനിച്ചിട്ടില്ല. ഇത്തവണയുമുണ്ട് അദ്ദേഹത്തിന്റെ ഇറാനിയൻ അദ്ഭുതം– ചിത്രത്തിന്റെ പേര് ‘എ ഹീറോ’. സെപറേഷനും ദ് സെയിൽസ്‌മാനും ശേഷം ഫർഹാദി സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് റഹിം സുൽത്താനി എന്ന യുവാവിന്റെ കഥയാണ്. കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനാകാതെ ജയിലിലായ റഹിം രണ്ടു ദിവസത്തെ പരോളിൽ പുറത്തിറങ്ങിയതാണ്. താൻ പണം തിരികെ കൊടുക്കാനുള്ള ആളെക്കൊണ്ട് എങ്ങനെയെങ്കിലും പരാതി പിന്‍വലിപ്പിക്കുകയാണു ലക്ഷ്യം. പക്ഷേ കാര്യങ്ങൾ അയാൾ കരുതിയതു പോലെയല്ല മുന്നോട്ടു പോയത്. 

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയിരുന്നു ഈ ചിത്രം. 2021ലെ ഏറ്റവും മികച്ച ലോകസിനിമകളിലൊന്നായും ഇതിനെ നിരൂപകർ വാഴ്ത്തുന്നു. ഇത്തവണത്തെ ഓസ്കറിൽ മികച്ച വിദേശഭാഷാ ചിത്രത്തിന് ഇറാനിൽനിന്നുള്ള എൻട്രിയും ‘എ ഹീറോ’യാണ്. 

8) ടാബു | Tabu (2012) |  | Portugal | 1 മണിക്കൂർ 58 മിനിറ്റ്

(ഏരീസ്പ്ലെക്സ്–1ൽ മാർച്ച് 23ന് രാവിലെ 9.30ന് അവസാന പ്രദർശനം)

പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ഒരു പഴയ കെട്ടിടം. അറോറ താമസിക്കുന്നത് അവിടെയാണ്. വയസ്സായി അവർക്ക്. പെൻഷൻകൊണ്ടാണ് ജീവിതം. അവരുടെ വേലക്കാരി സാന്റയും അതേ അപാർട്മെന്റിലാണ്. അയൽക്കാരി പിലറുമുണ്ട്. മൂവരും നല്ല കൂട്ടാണ്. അന്ധവിശ്വാസം, ദൈവവിശ്വാസം ഇതെല്ലാമാണ് മൂവരെയും പരസ്പരം ബന്ധിപ്പിക്കുന്ന വിഷയങ്ങൾയ അറോറയാകട്ടെ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഒരിക്കൽ അവർക്ക് തീരെ വയ്യാതാകുന്നു. അറോറയുടെ ഭൂതകാലം അന്വേഷിക്കുന്ന സാന്റയും പിലറും എത്തുന്നത് ആഫ്രിക്കയിലെ മണ്ട് ടാബുവിന്റെ അടിവാരത്തിലാണ്. യുവതിയായിരിക്കെ അവിടെയായിരുന്നു അറോറയുടെ ജീവിതം. അവൾക്കവിടെ ഒരു പ്രണയമുണ്ടായിരുന്നു, കൂട്ടിന് ഒരു മുതലയും..!

2012ൽ ബെർലിൻ മേളയിൽ ഗോൾഡൻ ബെയർ പുരസ്കാരം സ്വന്തമാക്കിയിരുന്നു ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. മിഗ്വേൽ ഗോമസിന്റെ സിനിമാറ്റിക് സ്റ്റൈലിലെ വ്യത്യസ്തത കൊണ്ടു പേരെടുത്ത ചിത്രം. ഐഎഫ്എഫ്കെയിൽ ‘ഫിലിംമേക്കർ ഇൻ ഫോക്കസ്’ വിഭാഗത്തിലാണ് മിഗ്വേലിന്റെ ചിത്രം പ്രദർശിപ്പിക്കുന്നത്.

9) ഫ്രാക്ചേഡ് | Fractured (2020) | Turkey | 1 മണിക്കൂർ 22 മിനിറ്റ്

(മാർച്ച് 23ന് ശ്രീപത്മനാഭ തിയറ്ററിൽ വൈകിട്ട് 3.15ന് അവസാന പ്രദർശനം)

ലോകത്തിലെ ഏറ്റവും സംഘർഷഭരിതമായ യുദ്ധഭൂമി ഏതാണെന്നു ചോദിച്ചാൽ അത് ഒരു വീടിന്റെ നാലു ചുവരുകൾക്കുള്ളിലാണെന്നു പറയാം. ഓരോ കുടുംബത്തിലും അത്രയേറെയാണ് പുകയുന്ന സംഘർഷങ്ങൾ. ഫിക്റെത് റെയ്ഹാന്റെ ‘ഫ്രാക്ചേഡ്’ എന്ന ചിത്രവും ഒരു കുടുംബ സംഘർഷത്തിന്റെ കഥയാണ്. യുകെയിൽ ഒരുമിച്ചു ജോലി നോക്കുകയാണ് ഫത്തീഹും അയ്ഹാനും. തുർക്കിയിലെ വീട്ടിലേക്ക് ഫത്തീഹ് പണം അയയ്ക്കുന്നത് ഇടയ്ക്കിടെ അയ്ഹാന്റെ കയ്യിൽനിന്നു കടം വാങ്ങിയാണ്. അതിനിടെ ഫത്തീഹ് തിരികെ തുർക്കിയിലേക്കു പോയി. അയ്ഹാനും തിരികെ നാട്ടിലെത്തി. 

ഒരു ദിവസം  ഫത്തീഹിന്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു. ആ കുടുംബത്തിൽ പുകഞ്ഞുകൊണ്ടിരുന്ന സംഘർഷങ്ങളെയെല്ലാം വലിയൊരു ‘യുദ്ധ’ത്തിലേക്കു നയിക്കാൻ പോന്നതായിരുന്നു അയ്ഹാന്റെ ആ വരവ്. ഐഎഫ്എഫ്കെയിൽ ക്രിട്ടിക്സ് ചോയിസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

10) പ്രെയേഴ്സ് ഫോർ ദ് സ്റ്റോളൻ | Prayers for the Stolen (2021) | Mexico | 1 മണിക്കൂർ 50 മിനിറ്റ്

(അജന്ത തിയറ്ററിൽ മാർച്ച് 24ന് രാവിലെ 8.45ന് അവസാന പ്രദർശനം)

സംഘർഷഭരിതമായ ഭൂമികകളുടെ കഥ പറയുന്ന ‍‍ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയയാണ് താത്തിയാ ഹ്യൂസോ എന്ന മെക്സിക്കൻ സംവിധായിക. അവരുടെ ആദ്യത്തെ ഫീച്ചർ ഫിലിമാണ് പ്രെയേഴ്സ് ഫോർ ദ് സ്റ്റോളൻ. മെക്സിക്കോയിലെ ഒരു വിദൂര ഗ്രാമത്തിലെ ജനം പേടിയോടെ മാത്രം ഓർക്കുന്ന ഒരു കൂട്ടരുണ്ട്. ലഹരി കടത്തുകാരും മനുഷ്യക്കടത്തുകാരും. രാത്രികളിൽ ഗ്രാമത്തിലേക്ക് ഇരച്ചെത്തുന്ന അവരുടെ വാഹനങ്ങളുടെ ശബ്ദത്തെപ്പറ്റിയുള്ള ഓർമ പോലും അവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. സംഘർഷങ്ങളും യുദ്ധങ്ങളും തകർത്ത യഥാർഥ പ്രദേശങ്ങളിലെ ഡോക്യുമെന്ററി അനുഭവങ്ങളിൽനിന്നാണ് താത്തിയാന സിനിമയ്ക്കു വേണ്ടിയുള്ള സാങ്കൽപിക ഗ്രാമത്തെ സൃഷ്ടിച്ചത്, അവിടുത്തെ മൂന്നു പെൺകുട്ടികളെയും. മൂവരും യൗവനത്തിലേക്കു കാലെടുത്തു വയ്ക്കുന്ന പ്രായം. അവരിലൂടെ ഗ്രാമത്തിന്റെ കഥ പറയുകയാണ് ചിത്രം. ഭരണകൂടവും മാഫിയയും തമ്മിലുള്ള പോരാട്ടം, മനുഷ്യാവകാശ ലംഘനങ്ങൾ, ലഹരിക്കച്ചവടം, സെക്സ് ട്രാഫിക്കിങ് ഇതെല്ലാം ചിത്രത്തിൽ വിഷയമാകുന്നു. ആയിരക്കണക്കിനു പേരെയാണ് നിന്നനിൽപിൽ കാണാതാകുന്നത്. പൊലീസാകട്ടെ എല്ലാറ്റിനും നേരെ കണ്ണടച്ചു. ആരും രക്ഷിക്കാനില്ലാത്ത ജനങ്ങളുടെ, സ്വപ്നങ്ങൾ തട്ടിയെടുക്കപ്പെട്ടവരുടെ പ്രാർഥനകൾ മുഴങ്ങിക്കേൾക്കും ചിത്രം നിറയെ. 


കാൻ ചലച്ചിത്ര മേളയിൽ ‘Un Certain Regard’ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയിരുന്നു ചിത്രം. ഇത്തവണത്തെ ഓസ്കറിൽ മികച്ച വിദേശഭാഷാ ചിത്രത്തിന് മെക്സിക്കോയിൽനിന്നുള്ള എൻട്രിയും  ‘പ്രെയേഴ്സ് ഫോർ ദ് സ്റ്റോളൻ’ ആണ്. 


11) ദ് കിങ് ഓഫ് ഓൾ ദി വേൾഡ് | 1 മണിക്കൂർ 35 മിനിറ്റ്‌ | The King of all the World 2021 | Mexico

(നിളയിൽ മാർച്ച് 22ന് വൈകിട്ട് 3.30ന്. മാർച്ച് 24ന് വൈകിട്ട് 6ന് ടഗോർ തിയറ്ററിൽ അവസാന പ്രദർശനം)

ഒരു മ്യൂസിക് ഷോ ഒരുക്കുന്ന സംഘത്തെപ്പറ്റി ഒരു മ്യൂസിക് ഷോ–അതാണ് മാനുവലിന്റെ അടുത്ത സ്റ്റേജ് പ്രോജക്ട്. അതിന്റെ നൃത്തസംവിധാനത്തിനായി തന്റെ മുൻ ഭാര്യ സാറയുടെ സഹായമാണ് മാനുവൽ തേടുന്നത്. ഒരു യുവ നർത്തകിയെ മ്യൂസിക്കലിന്റെ ലീഡ് സ്ഥാനത്തേക്ക് അയാൾ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ പാട്ടു പോലെ അത്ര താളാത്മകമായിട്ടായിരുന്നില്ല ആ മ്യൂസിക്കലിന്റെ യാത്ര. അതിനിടെ പല ട്രാജ‍ഡി സംഭവങ്ങളുമുണ്ടാകുന്നു. യഥാർഥ്യമേത് ഫിക്ഷനേത് എന്നു തിരിച്ചറിയാനാകാത്ത വിധം സിനിമയിൽ ഉൾപ്പിരിവുകൾ സൃഷ്ടിക്കപ്പെടുന്നു. മെക്സിക്കൻ സംഗീതത്തിന്റെ ചടുലത പ്രേക്ഷകരിലേക്കും ആഴ്ന്നിറങ്ങും വിധമാണ് ഈ മ്യൂസിക്കൽ ഡ്രാമ ഒരുക്കിയിരിക്കുന്നത്. 

തന്റെ ആദ്യ ചിത്രമായ ‘ടാംഗോ’യിലൂടെ (1998) ഓസ്കർ നോമിനേഷൻ ലഭിച്ച കാർലോസ് സൗറയാണ് ചിത്രത്തിന്റെ സംവിധായകൻ. ഈ വിഖ്യാത ചലച്ചിത്രകാരനൊപ്പം ഛായാഗ്രാഹകൻ വിറ്റോറിയോ സ്റ്റൊറാറോ കൂടി ചേരുന്നതോടെ ദൃശ്യ–സംഗീത വിരുന്നാകുന്ന ദ് കിങ് ഓഫ് ദി വേൾഡ്. ‘അപോകാലിപ്സ് നൗ’ ഉൾപ്പെടെയുള്ള സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് വിറ്റോറിയോ.

12) രെഹാന മരിയം നൂർ | Rehana Maryam Noor 2021 | Bangladesh | 1 മണിക്കൂർ 47 മിനിറ്റ്

(ടഗോർ തിയറ്ററിൽ മാർച്ച് 21ന് രാത്രി 8.45ന്. മാർച്ച് 23ന് അജന്തയിൽ വൈകിട്ട് 3.15ന് അവസാന പ്രദർശനം)

തന്റെ പ്രിയപ്പെട്ടവർക്ക് സങ്കടം വരുന്ന എന്തെങ്കിലും സംഭവിച്ചാൽ വെറുതെ വിടുകയില്ല രെഹാന. ധാക്കയിലെ ഒരു മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണവൾ. കുട്ടികൾക്കോ സഹപ്രവർത്തകർക്കോ ഒന്നും അത്ര കാര്യമായ അടുപ്പമില്ല. അവളുടെ മുരടൻ സ്വഭാവം തന്നെ കാരണം. എന്നാൽ പ്രൊഫ. അർഫിനെ സ്കൂളിലുള്ള എല്ലാവർക്കും ഇഷ്ടമാണ്. അയാളുടേത് എല്ലാവരും ഇഷ്ടപ്പെടുന്ന ‘നല്ല’ പെരുമാറ്റവും. പക്ഷേ ഒരിക്കൽ രെഹാന അയാളുടെ യഥാർഥ സ്വഭാവം തിരിച്ചറിയുന്നു. കോളജിലെ ആനി എന്ന പെൺകുട്ടിയെ അയാൾ ലൈംഗികപീഡനത്തിനു വിധേയയാക്കുന്നത് അവൾ നേരിട്ടു കാണുന്നു. നേരത്തേ മിമി എന്ന കൂട്ടുകാരിക്കു വേണ്ടി പരീക്ഷയ്ക്കിടെ രെഹാനയോടു വാദിച്ചിട്ടുണ്ട് ആനി. മിമിയുടെ കോപ്പിയടി രെഹാന കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അത്. എന്നാൽ ആനി കുടുങ്ങിയിരിക്കുന്നത് വലിയൊരു പ്രതിസന്ധിയിലാണെന്നറിഞ്ഞപ്പോൾ അവളരെ സഹായിക്കാനാണ് രെഹാന ശ്രമിച്ചത്. ആനിയുടെ മറുപടി  പക്ഷേ ഞെട്ടിക്കുന്നതായിരുന്നു– പീഡനവിവരം പുറത്ത് ആരെങ്കിലും അറിഞ്ഞാൽ കെട്ടിടത്തിനു മുകളിൽനിന്നു താൻ ചാടി ജീവനൊടുക്കുമെന്നായിരുന്നു അവൾ പറഞ്ഞത്. കാരണം അതോടെ അവളുടെ മെഡിക്കൽ പഠനം അവസാനിക്കും. ജീവിതം തന്നെ അവസാനിക്കും. പ്രൊഫസർ അർഫിൻ പീഡിപ്പിച്ചെന്നു പറഞ്ഞാൽ ഒരാളും വിശ്വസിക്കുക പോലുമില്ല. പക്ഷേ, ഇതൊന്നും രെഹാന കേൾക്കുന്നില്ല, ആനിക്ക് നീതി നേടിക്കൊടുക്കേണ്ടത് അവളുടെ ആവശ്യമാണ്. അതിനായി ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് അവൾ ചെയ്യുന്നത്. അതോടെ ഒരു ത്രില്ലർ സ്വഭാവത്തിലേക്കു ചിത്രം മാറുന്നു. 

ഡാർക്ക് ടോണിലാണ് സംവിധായകൻ അബ്ദുല്ല മുഹമ്മദ് സാദ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കാഴ്ചകളും സംഭാഷണങ്ങളും ശബ്ദവിന്യാസവും പോലും പല രീതിയിൽ പ്രേക്ഷകന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കും. കാൻ ഫിലിം ഫെസ്റ്റിവലിൽ Un Certain Regard വിഭാഗത്തിൽ ആദ്യമായി പ്രദർശിപ്പിച്ച ബംഗ്ലദേശ് ചിത്രമാണ് ‘രെഹാന മരിയം നൂർ’. ഇത്തവണ ഓസ്കറിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ബംഗ്ലദേശിന്റെ ഔദ്യോഗിക എൻട്രിയുമാണു ചിത്രം.

IFFK 2022 Must Watch Movies Synopsis in Malayalam, Trailers, IFFK Movie Stills, IFFK 2022, iffk 2022, iffk registration, iffk 2022 films, iffk in, iffk reservation, iffk must-watch movies, iffk schedule download, iffk registration 2022, iffk 2022 inauguration, iffk Bina Paul Suggested Must Watch Movies, Beena Paul Recommended Movies, Iffk movies to watch


അഭിപ്രായങ്ങള്‍