സൂര്യയോ നയൻ താരയോ? ദീപാവലിച്ചിത്രങ്ങളിൽ ഏതാണ് മികച്ചത്?


ഇതാദ്യമായിട്ടായിരിക്കണം പ്രേക്ഷകർ ദീപാവലിക്ക് ക്യൂ നിൽക്കാതെ, അടിയുണ്ടാക്കാതെ ഒരു സിനിമ കണ്ടത്. കോവിഡ് കാരണം തിയറ്ററുകളെല്ലാം അടച്ചതോടെ മുൻനിര നായകന്മാരുടെയും നായികമാരുടെയും ചിത്രങ്ങൾ വരെ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തത്. ഇരുപതോളം ചിത്രങ്ങൾ പല ഭാഷകളിലായിറങ്ങി. എല്ലാം വീട്ടിലിരുന്ന് സ്വസ്ഥമായി കാണാം. നെറ്റ്‌ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്സ്റ്റാർ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത ദീപാവലി ചിത്രങ്ങളിൽ ഏതെല്ലാം വിജയിച്ചും? ചിത്രങ്ങൾ പ്രേക്ഷകർ എങ്ങനെ സ്വീകരിച്ചു?

നമ്പർ 1

സൂരറൈ പോട്ര് (Soorarai Pottru–Tamil-Amazon Prime Video)

ദീപാവലിക്ക് കോവിഡ് ഇല്ലായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്ന ചിത്രം. അത്രയേറെ തിയറ്റർ റിലീസിനു കൊതിപ്പിക്കുന്ന സിനിമയായിരുന്നു സൂര്യയുടെ ‘സൂരറൈ പോട്ര്’. ഇന്ത്യയിൽ സാധാരണക്കാരനും വിമാനയാത്ര സാധ്യമാക്കുന്ന എയർ ഡെക്കാൻ വിമാനക്കമ്പനിയുടെ സ്ഥാപൻ ജി.ഗോപിനാഥിന്റെ ജീവിതമാണ് സംവിധായിക സുധ കൊങ്കറ സിനിമയാക്കിയത്. 


സൂര്യയുടെ വെട്രിമാരൻ എന്ന കഥാപാത്രവും അപർണ ബാലമുരളിയുടെ സുന്ദരി എന്ന കഥാപാത്രവും ചിത്രം അവസാനിച്ചാലും മനസ്സിൽനിന്നിറങ്ങിപ്പോകാൻ മടിക്കും. വാരണം ആയിരത്തിനു ശേഷം, പ്രേക്ഷകർ ആഗ്രഹിക്കുന്ന തരം സൂര്യയുടെ പ്രകടനം സമ്മാനിച്ച ചിത്രം കൂടിയാണിത്. ഡെക്കാൻ എയർ എന്ന പേരിൽ സാധാരണക്കാർക്കായി വിമാനക്കമ്പനി ആരംഭിക്കാൻ വെട്രിമാരൻ നടത്തുന്ന ശ്രമങ്ങളും അതിനെ തകർക്കാൻ ഒട്ടേറെ പേർ അവസാനം വരെ ശ്രമിക്കുന്നതും അവയെ എങ്ങനെ മാരൻ മറികടക്കുമെന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

Click Here and Read Soorarai Pottru Review in Malayalam

നമ്പർ 2

ലുഡോ (Ludo–Hindi–Netflix)

നവംബർ 12ന് റിലീസ് ചെയ്ത ഈ ബോളിവുഡ് ചിത്രം ദീപാവലിയുടെ എല്ലാ ആഘോഷങ്ങളും ഉൾക്കൊണ്ടതായിരുന്നു. അത്രയേറെ കോമഡി പാക്ക്ഡ് ആയിരുന്നു സിനിമ. ഒപ്പം ഒട്ടും ഇഴയാതെ പ്രേക്ഷകനെ മുന്നോട്ടുകൊണ്ടു പോകുന്ന രീതിയും. അഭിഷേക് ബച്ചനും രാജ്കുമാർ റാവുവും പങ്കജ് ത്രിപാഠിയും ഫാത്തിമ സന ഷെയ്ഖും സാനിയ മൽഹോത്രയും ആദിത്യ കപൂറും പേളി മാണിയും ഉൾപ്പെടെ വൻതാരനിരയുടെ ഗുണവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. 


ലുഡോ ഗെയിമിലെപ്പോലെ നാലു കരുക്കൾ– നാലു കഥകൾ. കളി നിയന്ത്രിക്കുന്ന ‘ഡൈസിനെ’പ്പോലെ ഒരു ഗാങ്‌സ്റ്റർ–അതാണ് പങ്കജ് ത്രിപാഠിയുടെ കഥാപാത്രം. ലോജിക് നോക്കിയല്ലാതെ സിനിമ കാണാൻ ഇഷ്ടപ്പെടുന്നവരാണു നിങ്ങളെങ്കിൽ ലുഡോ മസ്റ്റ് വാച്ചാണ്. ഡൽഹി ബെല്ലി, അന്ധാധുൻ ശ്രേണിയിലെ സിനിമകളുടെ ആരാധകരാണെങ്കിൽ പ്രത്യേകിച്ച്. അനുരാഗ് ബസുവാണ് ഈ ആന്തോളജി ചിത്രത്തിന്റെ സംവിധാനം.

Click Here and Read Ludo Review in Malayalam

നമ്പർ 3

ഛലാങ്ക് (Chhalaang–Hindi)-Amazone Prime Video)

കുട്ടികൾക്കൊപ്പം കാണാവുന്ന ഒരു സാധാരണ ബോളിവുഡ് സ്പോർട്സ് സിനിമ. അതാണ് ഛലാങ്ക്. കുതിച്ചു ചാടുക എന്നാണ് ഈ വാക്കിന്റെ അർഥം. തിയറ്ററിലായിരുന്നെങ്കിൽ വമ്പൻ ബോക്സ് ഓഫിസ് കുതിച്ചു ചാട്ടമൊന്നും ചിത്രത്തിനു പ്രതീക്ഷിക്കാനാകില്ല. പക്ഷേ പടം പൊട്ടിപ്പോകില്ലെന്നത് ഉറപ്പ്. രാജ്കുമാർ റാവു–നുഷ്റത്ത് ബറുഷ കോംബിനേഷൻതന്നെ ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇൻസ്പിരേഷനൽ മൂവി ഗണത്തിലും ഛലാങ്കിനെ ഉൾപ്പെടുത്താം. 


ഹരിയാനയിലെ ഒരു സ്കൂളിലെ രണ്ട് പി.ടി. മാസ്റ്റർമാർ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ കഥ– മോണ്ടും സിങ് സാറും. രണ്ടും പേർക്കും ഓരോ ടീമുണ്ട്. അവർ തമ്മിൽ ഏറ്റുമുട്ടി കബഡിയിലും ബാസ്കറ്റ് ബോളിവും 4x100 മീറ്റർ റിലേയിലും ആരുടെ ടീം മുന്നിലെത്തുന്നോ അദ്ദേഹത്തിന് സ്കൂളിൽ തുടരാം. മോണ്ടുവിന് ഇത് അഭിമാനത്തിന്റെ മാത്രമല്ല ജീവിത പ്രശ്നം കൂടിയാണ്, കാരണം മത്സരത്തിൽ തോറ്റാൽ നഷ്ടമാവുക സ്വന്തം കാമുകിയെക്കൂടിയാണ്! ത്രില്ലടിപ്പിക്കുന്ന അവസാനത്തെ അരമണിക്കൂർ രംഗങ്ങൾ ഉൾപ്പെടെ onetime watchable സിനിമയാണ് ഛലാങ്ക്.

Click Here and Read Chhalaang Review in Malayalam

നമ്പർ 4

മൂക്കുത്തി അമ്മൻ (Mookuthi Amman - Tamil - Hotstar)

ദീപാവലിക്ക് ചുമ്മാ ഒരു ഫാന്റസി ചിത്രം കണ്ട് ചിരിച്ചിരിക്കാം–അത്രേയുള്ളൂ മൂക്കുത്തി അമ്മൻ. ചലച്ചിത്രപരമായി കൂടുതൽ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കരുത്. അതേസമയം തമാശകളിലൂടെയാണെങ്കിലും ചിത്രം പുറത്തുവിടുന്ന സന്ദേശങ്ങൾ പ്രസക്തമാണ്. ഒന്നും രണ്ടുമല്ല ഒട്ടേറെ സാമൂഹിക സന്ദേശങ്ങളുടെ ബാധ്യതയുമായാണ് മൂക്കുത്തി അമ്മൻ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഒരൊറ്റ വിഷയത്തിൽ ശ്രദ്ധയൂന്നാതെ ഒട്ടേറെ വള്ളങ്ങളിൽ ഒരുമിച്ചു കാലിട്ടത്തിന്റെ പ്രശ്നവുമുണ്ട് ഈ നയൻതാര ചിത്രത്തിന്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് സംവിധായകനും തിരക്കഥാകൃത്തും ചിത്രത്തിലെ നായക കഥാപാത്രവുമായ ആർജെ ബാലാജിയാണ്. ചിരിപ്പിച്ചുകൊല്ലുന്ന തരം കോമഡി രംഗങ്ങൾ തനിക്ക് ഒറ്റയ്ക്ക് അഭിനയിച്ചു പ്രതിഫലിപ്പിക്കാമെന്നു തെളിയിക്കുന്നതായിരുന്നു ബാലാജിയുടെ പ്രകടനം. പ്രത്യേകിച്ച്, പണക്കാരനായി മാറുന്ന നിമിഷം ബാലാജി കാണിച്ചുകൂട്ടുന്ന കാര്യങ്ങൾ! 


തിരക്കഥയിലും നർമ മുഹൂർത്തങ്ങൾ ഒട്ടേറെയുണ്ട്. പക്ഷേ അവയ്ക്കൊരു തുടർച്ചയില്ലാതെ പോയതാണ് മൂക്കുത്തി അമ്മന്റെ പ്രശ്നം. പഞ്ച് ഡയലോഗുകളും പ്രസക്തമായ സാമൂഹിക വിഷയങ്ങളും ഏറെയുണ്ട് ചിത്രത്തിൽ. നയൻതാരയെ മൂക്കുത്തി അമ്മനായി അവതരിപ്പിച്ച് ആൾദൈവങ്ങളുടെ യുക്തിയെ ചോദ്യം ചെയ്യുകയാണ് സംവിധായകൻ. കള്ളപ്പണം വെളുപ്പിക്കലും മതങ്ങളെ തമ്മിൽ അകറ്റലും റിയൽ എസ്റ്റേറ്റ് കച്ചവടവുമെല്ലാമാണ് യഥാർഥ ആൾദൈവങ്ങളുടെ ‘ജോലിയെന്നു’ പറഞ്ഞുവയ്ക്കുന്നു ചിത്രം. ആൾദൈവമായെത്തുന്ന ഭഗവതി ബാബയിൽ പക്ഷേ ദൈവിക അംശം കുറവാണ്. ചിത്രത്തിലുടനീളം വില്ലനായിത്തന്നെയാണ് അദ്ദേഹത്തിന്റെ പ്രകടനം. അജയ് ഘോഷാണ് ബാബയായെത്തിയത്. 


നാഗർകോവിലിലെ 11000 ഏക്കർ ഭൂമി കൈക്കലാക്കാനുള്ള ബാബയുടെ ശ്രമത്തെ ചെറുക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഏംഗൽസ് രാമസ്വാമി (കമ്യൂണിസ്റ്റുകാരനായ മുത്തച്ഛൻ മാർക്സ്–ഏംഗൽസ് സഖ്യത്തിൽനിന്ന് കടമെടുത്തു കൊടുത്ത പേരാണത്. പക്ഷേ ബാലാജിയുടെ കഥാപാത്രമായ ഏംഗൽസ് തികഞ്ഞ ഭക്തനാണെന്നു മാത്രം) അമ്മയും മൂന്നു പെങ്ങന്മാരുമുണ്ട്. പിതാവ് ഉപേക്ഷിച്ചു പോയി. എങ്ങനെയൊക്കെയോ ജീവിച്ചു പോകുന്നതിനിടെയാണ് കുലദൈവമായ മൂക്കുത്തി അമ്മൻ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 



അമ്മൻ ഏംഗല്‍സിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. അത് ചെയ്തു കൊടുത്തപ്പോഴാണ് ബാബയുടെ പ്രശ്നമെത്തുന്നത്. ദൈവത്തിന്റെ വരങ്ങളൊന്നുമില്ലാതെതന്നെ ജീവിതത്തിലെ തിരിച്ചറിവുകളിലൂടെ മുന്നോട്ടു പോകാനുള്ള അവസരമാണ് അമ്മൻ ഏംഗൽസിനു നൽകുന്നത്. ചിത്രത്തിൽ നയൻ താര ദൈവിക സൗന്ദര്യമായി നിറഞ്ഞു നിൽപ്പുണ്ട്. മികച്ച അഭിനയവുമായി ഉർവശിയും. ബാലാജിക്കൊപ്പം എൻ.ജെ.ശരവണനും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം. ഒറ്റത്തവണ കണ്ടു ചിരിക്കാം എന്നതിൽ കവിഞ്ഞ് കാര്യമായൊന്നുമില്ല മൂക്കുത്തി അമ്മനിൽ. 

നമ്പർ 5

ലക്ഷ്മി (Laxmi -Hindi- Hotstar)

ഒൻപതു വർഷം മുൻപിറങ്ങിയ ഒരു തമിഴ് ചിത്രം പുതിയ കുപ്പിയിലാക്കി അതേ സംവിധായകൻതന്നെ ഹിന്ദിയിൽ പുറത്തിറക്കുമ്പോൾ എന്തു സംഭവിക്കും? അതിന്റെ ഉത്തരമാണ് ‘ലക്ഷ്മി’ എന്ന അക്ഷയ്കുമാർ ചിത്രം. ബോക്സ്‌ഓഫിസിൽ വൻ ഹിറ്റായിരുന്നു ലോറൻസിന്റെ കാഞ്ചന (2011) എന്ന ചിത്രം. അതേ കഥ തന്നെ പുതിയ കാലത്തിൽ അവതരിപ്പിക്കാനാണ് ലോറൻസ് ലക്ഷ്മിയിലൂടെയും ശ്രമിച്ചത്. പക്ഷേ തമിഴിലേതിനു സമാനമായി, ഒരാവശ്യവുമില്ലാത്തയിടത്ത് പാട്ടുകൾ തിരുകിക്കയറ്റി ഒരു ഹൊറർ ചിത്രത്തെ ഇല്ലാതാക്കിക്കളഞ്ഞു ‘ലക്ഷ്മി’യിൽ. 



കാഞ്ചനയിൽ ലോറൻസ്തന്നെ അഭിനയിച്ച പ്രധാന കഥാപാത്രത്തിന് പ്രേതങ്ങളെ പേടിയായിരുന്നു. പക്ഷേ ലക്ഷ്മിയിൽ അക്ഷയ് കുമാറിന്റെ ആസിഫ് ഖാൻ എന്ന കഥാപാത്രത്തിന് പേടി എന്താണെന്നറിയില്ലെന്നു മാത്രമല്ല, പ്രേതങ്ങള്‍ ഉൾപ്പെടെയുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്ന സംഘത്തിന്റെ തലവൻ കൂടിയാണ്. ബാക്കിയെല്ലാം കാഞ്ചനയിലും ലക്ഷ്മിയിലും വലിയ വ്യത്യാസമില്ല. 


കാഞ്ചനയിൽ വളരെ കൗതുകത്തോടെ കണ്ട കോമഡികളും ഞെട്ടിപ്പിച്ച രംഗങ്ങളും പക്ഷേ ലക്ഷ്മിയിൽ അത്രയെത്തുന്നില്ല. കാഞ്ചന കാണാതെ ലക്ഷ്മി കാണുന്നവരെയും ഈ ചിത്രം എത്രമാത്രം എന്റർടെയ്ൻ ചെയ്യിക്കുമെന്നതും സംശയമാണ്. ദീപാവലിക്ക് അൽപമെങ്കിലും നിരാശപ്പെടുത്തിയത് ലക്ഷ്മിയാണ്. പക്ഷേ അക്ഷയ് കുമാറിന്റെ തമാശ പ്രകടനങ്ങൾ ഇഷ്ടപ്പെടുന്നതരം ആരാധകരാണെങ്കിൽ ലക്ഷ്മിയും കാണാം. കിയാറ അധ്വാനി, രാജേഷ് ശര്‍മ, ശരദ് കേൽക്കർ, അയേഷ റാസ മിസ്‌റ തുടങ്ങിയ താരനിരയുമുണ്ട് ചിത്രത്തിൽ. തിയേറ്ററിലേതു പോലെ ഒറ്റയിരുപ്പിന് കാണേണ്ടല്ലോ, ഇടയ്ക്കിടെ എണീറ്റുപോകാനും അവസരമുള്ളതിനാൽ ലക്ഷ്മി ഒറ്റത്തവണ ട്രൈ ചെയ്യുന്നതിനും പ്രശ്നമില്ല. 

നമ്പർ 6

മിസ് ഇന്ത്യ (Miss India (Telugu)- Netflix 

ദേശീയ അവാർഡ് ജേതാവ് കീർത്തി സുരേഷ് ‘മഹാനടി’ക്കു ശേഷം വീണ്ടും തെലുങ്കിൽ എത്തുന്നുവെന്നതായിരുന്നു ‘മിസ് ഇന്ത്യ’ ചിത്രത്തിന്റെ പ്രത്യേകത. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ‘പെൻഗ്വിനു’ ശേഷം വീണ്ടുമൊരു ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്ന കീർത്തിയുടെ ചിത്രമെന്ന പ്രത്യേകതയുമുണ്ടായിരുന്നു മിസ് ഇന്ത്യയ്ക്ക്. സംവിധായകൻ നരേന്ദ്രനാഥിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. അതിന്റേതായ എല്ലാ പ്രശ്നങ്ങളും ഫ്രെയിമുകളിൽ വരെ കാണാമായിരുന്നു. ചിത്രത്തിന്റെ തുടക്കത്തിലെ പഴയകാല കാഴ്ചകൾ പലതും നാടക സെറ്റ് പോലെയും അഭിനയം തികച്ചും നാടകീയ ഡയലോഗുകളോടെയാകുന്നതുമെല്ലാം ഉദാഹരണം. 

മാനസ സംയുക്ത എന്ന പെൺകുട്ടി അവളുടെ വിവാഹജീവിതം പോലും മാറ്റിവച്ച് ലോകം അറിയപ്പെടുന്ന ഒരു ബിസിനസുകാരിയാകാൻ സ്വപ്നം കാണുന്നതാണ് ചിത്രത്തിന്റെ കഥ. മിസ് ഇന്ത്യയെന്നത് മാനസ പുറത്തിറക്കുന്ന ചായയാണ്. ചായ ലോകത്തിന്റെ മനസ്സു കീഴടക്കി, പക്ഷേ അതുണ്ടാക്കിയ സിനിമ അത്ര പോരാ! ഒറ്റയ്ക്കൊരു സിനിമയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശേഷി തനിക്കുണ്ടെന്ന് മഹാനടിക്കു ശേഷം കീർത്തി വീണ്ടു ‘മിസ് ഇന്ത്യ’യിലൂടെ തെളിയിക്കുന്നുണ്ട്. പക്ഷേ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടൊരുക്കിയ ചിത്രം പലയിടത്തും എങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ ഇടറിവീഴുന്നുണ്ട്. പ്രെഡിക്ടബിളാണ് പല രംഗങ്ങളും. 


ചിത്രത്തിന്റെ ആരംഭത്തിൽത്തന്നെ സക്‌സസ്‌ഫുള്ളായ പെൺകുട്ടിയായുള്ള കീർത്തിയുടെ അവതരണത്തിലൂടെ, ‘ഇനിയെന്ത് പോരാട്ടം കാണാനാണ്?’ എന്ന ചോദ്യം പ്രേക്ഷകനിലുണ്ടാകുന്നതും സ്വാഭാവികം.! കാപ്പി കുടിക്കുന്ന അമേരിക്കക്കാതെ ഇന്ത്യയുടെ ചായ പരിചയപ്പെടുത്തുകയാണ് കീർത്തി ചിത്രത്തിൽ. അതിനിടെ കോഫി ചെയിൻ മുതലാളി ബാബുവും വില്ലനായി അവതരിക്കുന്നുണ്ട്. കീർത്തിയുടെ മികച്ച അഭിനയം ഇഷ്ടപ്പെടുന്ന പ്രേക്ഷകർ അതിന് മികച്ചൊരു പശ്ചാത്തലം ഒരുക്കുന്ന സിനിമയാണ് ‘മിസ് ഇന്ത്യ’യിൽ പ്രതീക്ഷിച്ചത്. നിർഭാഗ്യവശാൽ സംവിധാനത്തിലെയും തിരക്കഥയിലെയും പിഴവ് വില്ലനായെത്തിയെന്നു മാത്രം. കോഫി കുടിക്കുന്നവർ അതുതന്നെ തുടരുക. ‘മിസ് ഇന്ത്യ’ ചായ നിങ്ങളെ കൊതിപ്പിക്കാനിടയില്ല! (കീർത്തിയുടെ കടുത്ത ആരാധകരാണെങ്കിൽ ഒരു കൈ നോക്കാമെന്നു മാത്രം)

Summary: Big Diwali releases on OTT platform Netflix, Amazon Prime Video, and Hotstar in November 2020; Which are the best to watch?

Keywords: Latest Movie Reviews, Diwali OTT Releases, November Netflix Releases, November Amazon Prime Video Releases, November Hotstar Releases, November Zee5 Releases, Soorarai Pottru Movie Review, Soorarai Pottru soorya, laxmi movie review in malayalam, chhalaang movie review in malayalam, miss india movie review in malayalam, ludo movie review in malayalam, mookkuthi amman movie review in malayalam, latest tamil movie news, latest bollywood movie news, latest telugu movie news, malayalam movie reviews, diwali releases 2020, diwali movie hits 2020, which is best diwali release to watch in 2020 november, ott movies 2020, ott movies list, ott movies for diwali, ott movies telugu, ott movies hindi, ott movies list tamil, ott movie release, ott movie release dates, mookuthi amman review, mookuthi amman full movie, mookuthi amman review, mookuthi amman imdb, mookuthi amman movie download in tamilrockers, mookuthi amman release date, mookuthi amman temple, mookuthi amman movie download isaimini, mookuthi amman hotstar, mookuthi amman cast, mookuthi amman amazon prime, mookuthi amman audio file download, mookuthi amman nayan thara, mookuthi amman r balaji, mookuthi amman actresses, mookuthi amman urvashi, mookuthi amman full movie in tamilrockers, mookuthi amman box office, mookuthi amman malayalam movie review, latest tamil movie reviews

അഭിപ്രായങ്ങള്‍